8 May 2024, Wednesday

Related news

March 23, 2024
February 7, 2024
August 2, 2023
February 15, 2023
January 22, 2023
January 17, 2023
December 12, 2022
November 28, 2022
August 26, 2022
August 20, 2022

സി എ ജിയുടെ കണക്കെടുപ്പ് ; പിന്നിലും രാഷ്ട്രീയമുതലെടുപ്പോ?

Janayugom Webdesk
November 14, 2021 12:10 pm

2018ലെ മഹാപ്രളത്തെ അതിജീവിച്ച് നവകേരളം സൃഷ്ടിപ്പെടുത്തുന്നതില്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അംഗീകരിച്ചിരിക്കുന്നു. മഹാപ്രളയത്തിലും 2019–-20 മികച്ച ധനവർഷമാണെന്ന്‌ ബോധ്യപ്പെട്ടിട്ടും കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ വസ്‌തുതകൾ വളച്ചൊടിച്ചു. സിഎജി റിപ്പോർട്ടിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 9.34 ശതമാനമാണ്‌. രാജ്യത്തിന്റേത്‌ 7.21 ഉം. കേരളത്തിന്റെ ധനകമ്മി മുൻവർഷത്തെ 3.5ൽനിന്ന്‌ 2.8 ശതമാനമായി. റവന്യൂകമ്മി 2.2ൽനിന്ന്‌ 1.7 ശതമാനവും. 2016–17ൽ ധനകമ്മി 4.2ഉം റവന്യൂകമ്മി 2.4ഉം ശതമാനവുമായിരുന്നു. പ്രകടമായ ഈമാറ്റം മറയ്‌ക്കാനാണ്‌ ‘പോസ്റ്റ്‌ ഓഡിറ്റ്‌ കണ്ടെത്തലാ’യി കിഫ്‌ബിയുടെയും പെൻഷൻഫണ്ടിന്റെയും വായ്‌പകൾ കൂട്ടിച്ചേർത്ത്‌ കേരളത്തെ കടക്കെണിയിലാക്കിയത്‌. ഇവുടെയാണ് ഇരട്ടത്താപ്പ് നയം. പ്രളയ പ്രവചന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു. 

കേന്ദ്ര ജലകമീഷൻ 2017വരെ 217 പ്രളയ പ്രവചന കേന്ദ്രം രാജ്യത്ത്‌ സ്ഥാപിച്ചപ്പോൾ ഒന്നുപോലും കേരളത്തിൽ ഇല്ലെന്ന്‌ സിഎജി റിപ്പോർട്ട്‌. ‘കേരളത്തിലെ പ്രളയങ്ങൾ–-മുന്നൊരുക്കവും പ്രതിരോധവും’ സിഎജി റിപ്പോർട്ടിലാണ്‌ ഈ വിവരം.2018ലെ പ്രളയങ്ങൾക്കുശേഷമാണ്‌ മൂന്ന്‌ ജലനിരപ്പ്‌ പ്രവചന കേന്ദ്രവും രണ്ട്‌ നീരൊഴുക്ക്‌ പ്രവചന കേന്ദ്രവും സംസ്ഥാനത്ത്‌ സ്ഥാപിക്കുന്നത്‌. പ്രളയസമതല മേഖല തിരിക്കാനുമുള്ള നിയമ നിർമാണം വേണമെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. ഇത്‌ പ്രളയത്തിലെ നാശനഷ്ടങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. പ്രളയ സമതല മേഖല തിരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സംസ്ഥാനം കേന്ദ്ര ജലവിഭവ മന്ത്രാലയത്തെ 2013ൽ അറിയിച്ചിരുന്നു. നിയമ നിർമാണത്തിന്‌ വെല്ലുവിളിയുണ്ടാകാമെങ്കിലും 44 പ്രധാന നദികളുമായി ബന്ധപ്പെട്ട പ്രളയ സമതല മേഖലകൾ നിർണയിക്കുന്നതിനും നഗരവൽക്കരണത്തിനും വികസന പ്രവർത്തനങ്ങൾക്കുമായുള്ള തലം നിശ്ചയിക്കുന്നതിന്‌ നടപടി തുടങ്ങമെന്നും റിപ്പോർട്ടിൽ പറയുന്നു. 2008ൽ തയ്യാറാക്കിയ സംസ്ഥാന ജലനയം പിന്നീട്‌ പുതുക്കിയില്ല. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ജലനയത്തിൽ ഇല്ലായിരുന്നു.

പെരിയാറിലെ മഴമാപിനിയുടെ കുറവ്‌, മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കൽ, അണക്കെട്ടുകളും സർക്കാർ ഓഫീസുകളും ഉൾപ്പെട്ട മേഖലകളിൽ ആശയ വിനിമയത്തിനുള്ള സൗകര്യങ്ങളുടെ അപര്യാപ്‌തതയും റിപ്പോർട്ടിന്റെ ഭാഗമാണ്‌. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ ജലസംഭരണികളിൽ എക്കൽ അടിഞ്ഞിട്ടുണ്ട്‌. അരുവിക്കരയിൽ 43 ശതമാനം, മംഗലത്ത്‌ 21.98, പേപ്പാറയിൽ 21.70 ശതമാനവും എക്കലുണ്ട്‌. മംഗലത്ത്‌ മണ്ണ്‌ നീക്കം ചെയ്യാൻ തുടങ്ങി. മറ്റിടങ്ങളിൽ ഇത്‌ ആരംഭിക്കണമെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. പ്രളയവുമായി ബന്ധപ്പെട്ട കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ നിരീക്ഷണങ്ങളിൽ ദുരൂഹതയേറെ. 2018ൽ മഹാപ്രളയമുണ്ടാകുമെന്ന്‌ സംസ്ഥാന സർക്കാർ മുൻകൂട്ടി കണ്ടില്ലെന്ന വിചിത്രവാദമാണ്‌ ‘കേരളത്തിലെ പ്രളയങ്ങൾ–- മുന്നൊരുക്കവും പ്രതിരോധവും’ റിപ്പോർട്ടിൽ സിഎജി ഉയർത്തിയത്‌. 2018ലെ പ്രളയത്തിന്റെ മുന്നൊരുക്കവും പ്രതികരണങ്ങളും പര്യാപ്‌തവും സംയോജിതവുമായിരുന്നോ എന്ന പരിശോധനയാണ്‌ ഓഡിറ്റിന്റെ ഉദ്ദേശ്യമായി പറയുന്നത്‌. ഇത്‌ ഭരണഘടന നിശ്ചയിച്ചിട്ടുള്ള അധികാരങ്ങൾക്കുള്ളിൽനിന്നാണോ സിഎജി നിർവഹിച്ചതെന്ന സംശയവും ഉയർത്തുന്നു.

2005ലെ കേന്ദ്ര ദുരന്തനിവാരണ നിയമം, പ്രളയ പരിപാലനത്തെക്കുറിച്ച്‌ ദേശീയ ദുരന്തനിവാരണ അതോറിറ്റി 2008ൽ പുറത്തിറക്കിയ മാർഗരേഖ, 2007ലെ സംസ്ഥാന ദുരന്തനിവാരണ ചട്ടങ്ങൾ, 2010ലെ ദുരന്തനിവാരണ നയം, 2002ലെയും 2012ലെയും ദേശീയ ജലനയം, 2016ലെ ദേശീയ, സംസ്ഥാന ദുരന്തനിവാരണ നയങ്ങൾ എന്നിവയാണ്‌ മാനദണ്ഡ നിർണയത്തിന്‌ ഉപയോഗിച്ചത്‌. ഇവയിലൊന്നും 2018ൽ കേരളം നേരിട്ടതുപോലെയുള്ള മഹാപ്രളയത്തിന്റെ സാധ്യത കാണുന്നില്ല. പ്രളയം ബാധിച്ചതിൽ നാലു ജില്ലയിലെ എട്ടു താലൂക്കിനെമാത്രം ഉൾപ്പെടുത്തിയുള്ള പഠനത്തിലൂടെയും പ്രളയബാധിതരായ 800 പേരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ്‌ നിഗമനങ്ങൾ. പ്രളയാനന്തരം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ നടത്തിയ ‘പ്രളയം കൃത്രിമമായി സൃഷ്ടിക്കൽ’ പഠനമാണ്‌ സാങ്കേതിക ഉപാധിയായി ഉപയോഗിച്ചത്‌. ഇതിൽ സർക്കാർ ആശങ്ക സിഎജിയെ അറിയിച്ചിരുന്നു.ദുരന്തനിവാരണ അതോറിറ്റിയുടെ പ്രളയസാധ്യതാ മാപ്പ്‌ കേന്ദ്ര ജലകമീഷൻ മാനദണ്ഡങ്ങൾക്ക്‌ അനുസൃതമല്ലെന്നാണ്‌ മറ്റൊരു കണ്ടെത്തൽ.‌ എന്നാൽ, 2016ലെ സംസ്ഥാന ദുരന്തനിവാരണ പ്ലാൻ അംഗീകരിച്ച കേന്ദ്ര ഭൗമശാസ്‌ത്ര പഠനകേന്ദ്രം പഠനത്തിന്‌ 70 ശതമാനം കൃത്യതയുണ്ടെന്ന്‌ വിലയിരുത്തിയത്‌ സിഎജി തള്ളുന്നുമില്ല.മുപ്പത്തിരണ്ട്‌ മഴമാപിനി ആവശ്യമായ പെരിയാർ തടത്തിൽ ആറെണ്ണംമാത്രമാണ്‌ പ്രളയകാലത്തുണ്ടായിരുന്നതെന്നതും സംസ്ഥാനത്തിന്റെ ചുമലിലേറ്റി. എന്നാൽ, ഇവ സ്ഥാപിക്കേണ്ടത്‌ കേന്ദ്ര കാലാവസ്ഥാവകുപ്പാണ്‌. ഹൈഡ്രോളജി ഇൻഫർമേഷൻ സിസ്റ്റം നവീകരിക്കാൻ കരാർ നൽകിയതും പൂർത്തിയാകുംമുമ്പേ പണം നൽകിയതും കഴിഞ്ഞ യുഡിഎഫ്‌ സർക്കാരാണെന്നതും റിപ്പോർട്ട്‌ മറച്ചുവച്ചു. 

പ്രളയ സമതലമേഖല തിരിച്ചില്ലെന്ന കുറ്റപത്രം കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിനെതിരെ ഉപയോഗിക്കാനാണ്‌ പ്രതിപക്ഷമടക്കം ശ്രമിക്കുന്നത്‌. ഇതിനായുള്ള നിയമനിർമാണത്തിന്റെ മാതൃകാ കരട്‌ 1975ലാണ്‌ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക്‌ നൽകിയത്‌. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കേരളത്തിൽ മേഖല തിരിക്കൽ അസാധ്യമാണെന്ന്‌ 2013ൽ യുഡിഎഫ്‌ സർക്കാർ കേന്ദ്ര ജലവിഭവ വകുപ്പിനെ അറിയിച്ചു. മണിപ്പുർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങൾമാത്രമാണ്‌ നിയമം നിർമിച്ചത്‌. ഗംഗ, യമുന, ബ്രഹ്മപുത്രാ തടങ്ങളിലെ സംസ്ഥാനങ്ങൾപോലും നിയമം നിർമിച്ചില്ല.കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ അനുവിറ്റി പദ്ധതി മാതൃകയാണ്‌ കിഫ്‌ബിയുടെ അടിസ്ഥാനം. പദ്ധതിനിർവഹണത്തിന്‌ കരാറുകാരൻ വായ്‌പയെടുക്കും. അടങ്കലും പലിശയും നിശ്ചിത വർഷത്തിനുള്ളിൽ കരാറുകാരന്‌ ഗഡുക്കളായി നൽകുന്ന അനുവിറ്റിയിൽ പൂർണബാധ്യത സർക്കാരിനാണ്. 2019 അവസാനം കേന്ദ്രസർക്കാരിന് ഒരുലക്ഷം കോടിരൂപയുടെ 93 അനുവിറ്റി പദ്ധതിയുണ്ടായിരുന്നു. സംസ്ഥാന സർക്കാരുകൾക്കെല്ലാംകൂടി പതിനായിരത്തിൽപ്പരം കോടിയുടെ പദ്ധതികളും. ഇതൊന്നും ബജറ്റ്‌ കണക്കിന്റെ ഭാഗമല്ല. സിഎജി വിമർശം ഉന്നയിച്ചിട്ടുമില്ല. ബജറ്റിലെ 70,000 കോടിയുടെ പദ്ധതികളാണ്‌ അനുവിറ്റി മാതൃകയിൽ കിഫ്‌ബിയെ ചുമതലപ്പെടുത്തിയത്‌. വായ്‌പാതിരിച്ചടവിന്‌ മോട്ടോർവാഹന നികുതിയുടെ പകുതിയും പെട്രോൾസെസ്‌ തുകയും നിയമംവഴി ഉറപ്പാക്കി‌‌. കരാറുകാർക്ക് കൊടുക്കാനുള്ള തുക കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പ്രത്യക്ഷ ബാധ്യതയാകുന്ന അനുവിറ്റി പദ്ധതികളെ എതിർക്കാത്ത സിഎജി, കിഫ്‌ബിയെമാത്രം വിമർശിക്കുന്നതിലെ ചേതോവികാരം ഏവര്‍ക്കും ബോധ്യമാകുംകിഫ്ബിയുടെ 25 ശതമാനത്തിലധികം പദ്ധതികൾ വരുമാനദായകമാണ്. വൈദ്യുതി ബോർഡ്‌, കെ ഫോൺ, വ്യവസായാവശ്യത്തിന്‌ ഭൂമി എന്നിവയ്‌ക്ക്‌ നൽകുന്ന വായ്‌പ കിഫ്‌ബിക്ക് മടക്കിലഭിക്കും‌. നികുതിവിഹിതത്തോടൊപ്പം ഇതുകൂടി ചേരുമ്പോൾ കടക്കെണിയിലുമാകില്ല. സാമൂഹ്യക്ഷേമ പെൻഷനുകൾക്കാണ്‌ പെൻഷൻ ഫണ്ട്‌ കമ്പനി കടമെടുക്കുന്നത്‌. 

ബജറ്റിനു പുറത്ത്‌ ഇത്തരത്തിൽ കേന്ദ്രസർക്കാരും കടമെടുക്കുന്നുണ്ട്‌, സിഎജി ഇത്‌ ചോദ്യം ചെയ്‌തിട്ടുമില്ല.സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം അഞ്ചുവർഷത്തിൽ 31 ശതമാനം ഉയർന്നതായി ‘സംസ്ഥാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ്‌ റിപ്പോർട്ട്‌’ പറയുന്നു. 2015–-16ൽ 69,033 കോടി രൂപയായിരുന്നത്‌ 2019–-20ൽ 90,225 കോടിയായി. നികുതി വരുമാനം റവന്യൂ വരുമാനത്തിന്റെ 56 ശതമാനമായി. റവന്യൂ ചെലവ്‌ 33 ശതമാനം ഉയർന്നു.2015–-16ൽ 78,690 കോടിയായിരുന്നത്‌ 2019–-20ൽ 1,04,720 കോടി രൂപയായി. ആകെ ചെലവിന്റെ 89 മുതൽ 92 ശതമാനംവരെ റവന്യൂ ചെലവായി. മൂലധന ചെലവും ഉയർന്നു. 2015–-16ൽ 7,500 കോടി. 2019–-20ൽ 8,455 കോടിയും. സാമൂഹ്യസുരക്ഷാ പെൻഷൻ ബോർഡുവഴി പെൻഷൻ വിതരണത്തിനായി സമാഹരിച്ച 6844 കോടിരൂപയും കിഫ്‌ബിവഴി സമാഹരിച്ച 1930 രൂപയും ബജറ്റിനുപുറത്തുള്ള കടമെടുപ്പായാണ്‌ സിഎജി കാണുന്നത്‌.അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തെ കൈപിടിച്ചുയർത്താൻ എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ആണ്. 1999 നവംബർ 11 നാണ്‌ കിഫ്ബി രൂപീകൃതമായത്‌. 

2016ലെ ഭേദഗതി നിയമത്തിലൂടെ സർക്കാർ ഇതിനെ ശാക്തീകരിച്ചു. 22 വർഷ ചരിത്രത്തിനിടയിൽ, അഞ്ചുവർഷമായി കിഫ്‌ബിയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുകയാണ്‌‌. സമാനതകളില്ലാത്ത വികസനമുന്നേറ്റത്തിനാണ്‌ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 64,338 കോടി രൂപയുടെ 918 പദ്ധതിക്ക്‌ ധനാനുമതിയായി. ദേശീയ പാതാ വികസനം, വ്യവസായ ഇടനാഴികൾ, വ്യവസായ പാർക്കുകൾ എന്നിവയ്‌ക്ക്‌ സ്ഥലമേറ്റെടുക്കാൻ 20,000 കോടി രൂപയുണ്ട്‌. 18,146 കോടി രൂപയുടെ 392 മരാമത്ത്‌ പദ്ധതികളിൽ 211 റോഡുകൾ, 87 പാലങ്ങൾ, 20 മലയോര ഹൈവേ സ്‌ട്രെച്ചുകൾ, 53 റെയിൽവേ മേൽപ്പാലങ്ങൾ, ആറ്‌ തീരദേശ ഹൈവേ സ്‌ട്രെച്ചുകൾ, ഒരു അടിപ്പാത, 14 ഫ്ലൈ ഓവറുകളും ഉൾപ്പെടുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത്‌ 2871 കോടിയാണ്‌ നിക്ഷേപം. സർവകലാശാലകളിലും കോളേജുകളിലുമായി ‌ 1093 കോടിയുടെ നവീകരണ പദ്ധതികൾ നടപ്പാക്കുന്നു. ടൂറിസം മേഖലയ്‌ക്ക് 331.68 കോടിയുണ്ട്‌. 44 സ്‌റ്റേഡിയം ഉൾപ്പെടെ 773.01 കോടി കായിക മേഖലയ്‌ക്കാണ്‌‌. പൊതുജനാരോഗ്യത്തിന്‌ 4,458.51 കോടി രൂപയുമുണ്ട്‌. 15000 കോടി രൂപയോളം ഇതുവരെ വിനിയോഗിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയെ ശാക്തീകരിച്ചു. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കേരളത്തെ താറടിച്ചു കാണിക്കുവാനുള്ള ബോധപൂര്‍വമായ സമീപനമാണ് സ്വീകരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നേട്ടങ്ങള്‍ ജനങ്ങള്‍ കണ്ണുകൊണ്ടു കാണുന്നതാണ്. പ്രളയകാലത്തും, കോവിഡ് വ്യാപനത്തിന്‍റെ കാലത്തും ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍.

ENGLISH SUMMARY:politics behind cag report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.