അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്കാരം കഴിഞ്ഞദിവസം പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദി ഉള്‍പ്പെടെ മറ്റ് ഭാഷാചിത്രങ്ങള്‍ക്ക് മുമ്പില്‍ മലയാളത്തിന്റെ മഹത്വം ഒട്ടും കുറഞ്ഞില്ല എന്ന് അഭിമാനിക്കാന്‍ വകയുമുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമുള്‍പ്പെടെ എട്ട് അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചത്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനുള്ള ജൂറിയുടെ പരാമര്‍ശത്തിനും അര്‍ഹനായി. അവാര്‍ഡുകള്‍ ഒരു കലയുടെയും അന്തിമ വിധിയെഴുത്തല്ലെങ്കിലും അതിലൊരു അംഗീകാരത്തിന്റെ നിറവുണ്ട്. അതുകൊണ്ടു തന്നെ ദേശീയപുരസ്കാരം ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുമുണ്ട്. രണ്ടു കോണുകളിലാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. ഒന്ന് വാണിജ്യ സിനിമകള്‍ പുരസ്കൃതമാകുന്നത്, രണ്ട് പുരസ്കാര നിര്‍ണയത്തിലെ രാഷ്ട്രീയം. മികച്ച നടനുള്ള പുരസ്കാരം പുഷ്പ എന്ന വാണിജ്യ സിനിമയില്‍ അഭിനയിച്ച തെലുങ്ക് നടന്‍ അല്ലു അര്‍ജുനാണ്. ആര്‍ആര്‍ആര്‍ പോലുള്ള ചിത്രങ്ങളും അവാര്‍ഡ് പട്ടികയിലുണ്ട്. ജൂറി പരാമര്‍ശം നേടിയ ഇന്ദ്രന്‍സ്, മലയാളത്തിലെ തന്നെ ബിജു മേനോന്‍, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട റോക്കട്രിയിലെ മാധവന്‍, ദേശീയോദ്ഗ്രഥന പുരസ്കാരം നേടിയ കശ്മീര്‍ ഫയല്‍സിലെ അനുപം ഖേര്‍ എന്നിവരെ മറികടന്ന് മികച്ച നടനുള്ള പുരസ്കാരം തെലുങ്കിലേക്ക് എത്തിച്ചത് കലാമൂല്യത്തെക്കാള്‍ രാഷ്ട്രീയം മുന്നില്‍ക്കണ്ടാണെന്ന് വ്യക്തം. കേന്ദ്രഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രചരണം തന്നെയാണ് അവാര്‍ഡ് പങ്കുവയ്ക്കലിലെ മാനദണ്ഡമെന്ന് പട്ടിക പരിശോധിച്ചാല്‍ മനസിലാകും. 69 വര്‍ഷത്തിനിടയില്‍ ആദ്യമായി തെലുങ്കിലേക്ക് മികച്ച നടനുള്ള പുരസ്കാരമെത്തുന്നതും തെലങ്കാനയില്‍ ആസന്നമായ തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് കരുതാനാകില്ല.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരസ്യപ്രചരണം എന്ന് കുപ്രസിദ്ധമായ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനാണ് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡ്. ഇതിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ താല്പര്യമാണെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് സിനിമാ നിരൂപകർ ഒന്നടങ്കം തള്ളിക്കളഞ്ഞ ഒരു ചിത്രത്തിനാണ് ദേശീയ അവാർഡ് നൽകിയത്, അതും ദേശീയോദ്ഗ്രഥനത്തിനുള്ളത്. ഗോവ ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങില്‍ ഇസ്രയേൽ സംവിധായകനും ഐഎഫ്എഫ്ഐ ജൂറി അധ്യക്ഷനുമായ നദാവ് ലാപിഡ് രൂക്ഷമായി വിമർശിച്ച ചിത്രമാണിത്. മത്സരവിഭാഗത്തിൽ കശ്മീർ ഫയ ൽസ് ഇടം പിടിച്ചത് ഞെട്ടിച്ചെന്നും ഇത്തരം സിനിമകൾ മേളകളിൽ ഉൾക്കൊള്ളിക്കാൻ പാടില്ലെന്നുമായിരുന്നു ലാപിഡിന്റെ പരാമർശം. കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള ആർഎസ്എസ് ഭാഷ്യങ്ങളെ സജീവമാക്കുകയെന്നതായിരുന്നു സിനിമയുടെ ലക്ഷ്യം. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പ്രസ്തുത സിനിമയെ നികുതി വിമുക്തമാക്കിയപ്പോള്‍ മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ ഒരു ദിവസത്തെ അവധിയും അസം സർക്കാർ അര ദിവസത്തെ അവധിയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ എല്ലാവരും കശ്മീർ ഫയൽസ് എന്ന ചിത്രം കാണണമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്തിന് സംഘ്പരിവാർ അനുകൂലിയായ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. ചിത്രത്തിൽ അനുപം ഖേര്‍ അവതരിപ്പിക്കുന്ന കഥാപാത്രം, കശ്മീർ സംഘർഷങ്ങളുടെ കാരണമായി ആർട്ടിക്കിൾ 370 ചൂണ്ടിക്കാണിക്കുകയും സംഘർഷം പരിഹരിക്കാൻ പ്രസ്തുത വകുപ്പ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയം വ്യക്തമാണല്ലോ.
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും വൻ സ്വീകാര്യത ലഭിക്കുകയും ചെയ്ത ജയ് ഭീം എന്ന തമിഴ് ചിത്രം പരിഗണനയില്‍ പോലും ഉണ്ടായിരുന്നില്ല എന്നത് ജൂറിയെ നിയന്ത്രിച്ച വികാരം വെളിപ്പെടുത്തുന്നു. നിരാലംബരായ ഒരുപറ്റം മനുഷ്യർ, പിറന്നുവീണ ജാതിയുടെ പേരിൽ അധികാരികളിൽ നിന്ന് നേരിടുന്ന വിവേചനങ്ങളുടെയും, കൊടിയ ക്രൂരതകളുടെയും കഥയായിരുന്നു ഈ ചിത്രം. ജാതിവിവേചനങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ഭരണഘടനാ ശില്പി ഭീം റാവു അംബേദ്കറുടെ ആശയങ്ങളോടുള്ള ഐക്യദാർഢ്യമായിട്ടാണ് സംവിധായകൻ ചിത്രത്തിന് ‘ജയ് ഭീം’ എന്ന പേരിട്ടത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിലും ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. ദളിത് ജീവിതം വിഷയമാക്കുകയും അംബേദ്കറെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന സിനിമയെ അവഗണിച്ചതിന് രാഷ്ട്രീയമല്ലാത്ത കാരണം തേടേണ്ടതില്ല. സംഘ്പരിവാര്‍ അനുഭാവിയായ ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച മലയാള ചിത്രം മേപ്പടിയാന്‍ നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയതും ഹിന്ദുത്വ പ്രചരണം പ്രമേയമായതുകാണ്ടു തന്നെയാണ്. ഇവിടെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേറിട്ടു നില്‍ക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന അരാഷ്ട്രീയ ചിത്രത്തിനായിരുന്നു സംസ്ഥാന പുരസ്കാരം. ‘റോഡിലെ കുഴി’ പരാമർശം ഉൾപ്പെട്ട പരസ്യവുമായി സംസ്ഥാന സർക്കാരിനെ വിമര്‍ശിക്കുന്നതായിരുന്നു ചിത്രം. രാഷ്‌ട്രീയവും സിനിമയും കൂട്ടിക്കുഴയ്ക്കാത്ത അവാർഡ് പ്രഖ്യാപനം നടത്താനുള്ള സ്വാതന്ത്ര്യം ഗൗതം ഘോഷ് നേതൃത്വം നൽകിയ ജൂറിക്ക് ലഭിച്ചിരുന്നു. പക്ഷെ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴം പ്രതീക്ഷിക്കുന്നത് പോലെയാണല്ലോ കേന്ദ്ര ഭരണകൂടത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.