23 November 2024, Saturday
KSFE Galaxy Chits Banner 2

പോരേ പൂരം…

സി.എൽ.ജോയി
May 8, 2022 7:28 am

1798‑ൽ ശക്തൻ തന്വുരാൻ തുടങ്ങി വച്ചതാണ് തൃശൂർ പൂരം. അതായതീ അത്യാർഭാടമായ ആഘോഷം 224-ാം വർഷത്തിലെത്തി നിൽക്കുന്നു. അങ്ങിനെ പൂരങ്ങളുടെ നാടായി തൃശുവാപേരൂർ. ആനകളുടെ നാടായി പൂരപ്പറമ്പ്. പൂരം കൊടി കയറിയാൽ കൊട്ടും മേളവും തിരുതകൃതി. ആളുകളേയും ആനകളേയുമാണ് പൂരത്തിന് ആധികാരികമായി ക്ഷണിക്കപ്പെടുന്നത്. പൂരം കണ്ടല്ല തൊട്ടറിയണമെന്നു അനുഭവസ്ഥരുടെ പഴമൊഴി. പൂരം ഓണം പോലെ തൃശൂക്കാർ സർവ്വം മറന്നാഘോഷിക്കുന്ന മതേതര ഉത്സവമാണ്. കൊട്ടും, വെളിച്ചാലങ്കാരവും, വെടിക്കെട്ടും സിൽബന്ദികൾ. പൂരപ്പറന്വും, സ്വരാജ് റൗണ്ടും അരങ്ങേറ്റ സ്ഥലങ്ങൾ. പാറമേക്കാവും, തിരുവന്വാടിയും തമ്മിലാണ് പൂര മത്സരം. ഇഞ്ചുക്കിഞ്ച് പൂരം കമനീയമാക്കുക സന്തുഷ്ട ലക്ഷ്യം. എക്സിബിഷൻ മറ്റൊരു പൂര പൊലിമ. ഉപ്പു തൊട്ട് കർപ്പൂരം വരെ നിരക്കുന്ന സ്റ്റോളുകളിൽ നിന്നും വിലപേശി വാങ്ങാം. പുസ്തക ചന്തയും, ഫയർ ഫോഴ്സു വക ബോധവൽക്കരണം. മെഡിക്കൽ കോളേജ് എയ്ഡ് സെല്ലിൽ നിന്നു അടിയന്തര രോഗ പ്രതിവിധികളും ശ്രദ്ധ ചൊലുത്തിയാൽ പഠിക്കാം. പോരാഞ്ഞ് അർദ്ധരാത്രി വരെ നാടകം,കഥകളി തുടങ്ങി കലാപരിപാടികളും.

പൂരപ്പറമ്പ് വിപണി മൊബൈൽ ഗെയിമുകൾ നടമാടിയിട്ടും കളിക്കോപ്പുകാർക്കും കുപ്പിവളക്കാർക്കും തെല്ലും കുറവില്ല. മെഷിൻ ഗണ്ണിൻെറ വലുപ്പം കണ്ടാൽ ആന ഭയക്കും. തണ്ണിമത്തൻ സ്റ്റോളുകളുടെ സുലഭത ദാഹം ഇരട്ടിപ്പിക്കും. കരിന്വും, മോരു സന്വാരവും പൊരിയുന്ന ഉഷ്ണത്തിനുള്ള മറുമരുന്ന്. ഹലുവയും പൊരിയും മുറുക്കും മോതിരവടയും ഈന്തപ്പഴവും മധുര സേവയും വായ രുചികളായ പൂര പലഹാരങ്ങൾ. പൂരപ്പറമ്പ് പാതിമുക്കാലും കച്ചവടക്കാർ കയ്യേറിയിരിക്കും. പോരാഞ്ഞ് മാജിക് ഷോകളും.

 

ആനച്ചന്തം

തൃശൂർ പൂരം വിശ്വ പ്രശസ്തമായത് ആനകളുടെ എണ്ണ കൂടുതലുകൊണ്ടെന്ന് പഴമക്കാർ പറയും. ഒരു പരിധി വരെ പരമാർത്ഥം. ഇക്കൊല്ലം എത്ര ആനയുണ്ടെന്നാണ് ഉൽക്കണ്ഠഭരിതമായ വരവുകാരുടെ ആദ്യത്തെ ചോദ്യം. കാട്ടിലെ ഏറ്റം വലിയ സസ്യ ജീവി കാടുവിട്ട് ഉന്മാദത്തിൽ കുണുങ്ങി കുണുങ്ങി നാട്ടിലിറങ്ങുന്നത് പൂരങ്ങൾക്കാണ്. ചരിത്ര ഗ്രന്ഥശേഖരങ്ങൾ മുഖാന്തിരം ഈ വസ്തുത വെളിപ്പെടുന്നു. ആനകളെ പൂരങ്ങളുടെ മഹാരാജാവായി എഴുന്നുള്ളിച്ച് വാഴിച്ചിരുന്നു. നാടുവാഴികൾ ഗജവീരന്മാരെ ഭഗവാന് തിരുമുൽക്കാഴ്ച്ചയായി നടയിരുത്തിയിരുന്ന പതിവുമുണ്ട്. പൂജാരി, ശ്രേഷ്ഠ തിരുക്കുറി തൊടുവിച്ചാൽ ഈശ്വരനെ പ്രണമിക്കുന്ന ശീലമുണ്ട് ബുദ്ധി തിരുമാലകളായ ചൊല്ലൊള്ളി ആനകൾക്കും. തലമുറകളായി കൊണ്ടാടുന്ന പൂര തിരക്കിന്റെ കാരണം ആനയും അന്വാരിയും തന്നെ. സമൃദ്ധമായി കൊന്വന്മാരില്ലാത്ത പൂരം തൃശൂർക്കാർ കഴിഞ്ഞ രണ്ടു വർഷം കൊവിഡു മൂലം കൊണ്ടാടാതെ വിട്ടു. ഇക്കൊല്ലാം പിഴുക്കു തീർക്കണമെന്ന തീവ്ര ഉത്സാഹങ്ങളാണ് ഇരു ചേരിയും പ്രഖ്യാപിച്ചിട്ടുള്ളത്. അനുകൂലമായ സർക്കാരനുമതികൾ ദേവസക്കാർ കൈപ്പറ്റി കഴിഞ്ഞു. അതു കൊണ്ടു തന്നെ തലയെടുപ്പുള്ള പ്രധാന കരിം വീര പേരുകളും പുറത്തു വിട്ടു. കൊച്ചിൻ ദേവസ്വം വക എറണാകുളം ശിവകുമാർ പാറമേക്കാവ് ഗജവീരൻ. കുട്ടൻകുളങ്ങര അർജുനൻ തിരുവന്വാടിക്ക്. തിരുവന്വാടി ചന്ദ്രശേഖരൻ തിടന്വാന. ഗൂരുവായൂർ സിദ്ധാർത്ഥനും തിരുവന്വാടിക്കു വേണ്ടി അണി നിരക്കും.

വരവുകാരുടെ ബഹളം പുരുഷാര പൊലിമ. തമിഴരും, തെലുങ്കരും, കന്നഡക്കാരും പൂരപ്പറന്വിൽ തന്വടിക്കും. ഇപ്പോൾ ലേബർ ലോബി ബംഗാളിക്കും ആസാമീസിനും പൂരം കണ്ണിനും തലക്കും ഹരംപിടിച്ച മത്ത്. വിദേശീയരുടെ ഉറക്കമൊഴിച്ചുള്ള പരക്കം പാച്ചിലും. അവർക്ക് തിക്കിലും തിരക്കിലും ചാടി വീണ് കാഴ്ചകൾ ക്യാമറ പകർത്താനുള്ള ജ്വരം. തൃശൂർ പൂരം, ശീർഷകമിട്ട് ഏഴാംകടലിനക്കരെ പാശ്ച്യാത്ത്യ നാട്ടിലും സൂത്രത്തിൽ ലൈവായി വാണം വിടണം. ലക്ഷകണക്കിന് വർണ്ണശബള ലൈക്കടിക്കാം. പൂര പ്രേമികളുടെ ഭ്രമം ലോകമെന്വാടും പരക്കുന്നു. ആന വലുപ്പത്തിൽ വടക്കും നാഥന്റെ ഗമയും പ്രത്യക്ഷവും അയൽനാടുകളിൽ ഭക്തിമയ പാട്ടാണ്.

 

കുടമാറ്റം

നെറ്റിപ്പട്ടം വച്ച ഗജരാജന്മാങ്ങിനെ നിര നിര കുണുങ്ങും. ആൾക്കൂട്ടം അസാരം. ആനപ്പുറത്ത് മഹായുദ്ധം. വിവിധ തരം വെഞ്ചാമരം, താലവട്ടം വീശുന്നവർ ആനമേൽ സ്ഥാനം പിടിച്ചിരിക്കും. പോരാഞ്ഞ് പട്ടു കുട പേറുന്നവരും. താഴെ മേളക്കാരുടെ മത്സരിപ്പ് മുറക്ക്. ചെണ്ട, ചേങ്ങല, ജിയംക്കാരുടെ താളലയം ഒപ്പിച്ചാണ് ആനപ്പുറം ശോഭിക്കുക. ഇടക്കിട്ട് പെപ്പരപെരപ്പെരപേ കൊന്വു വിളി. കുഴലൂത്ത്. പാഞ്ചാരി. എല്ലാത്തിനും കഥകളി ചേലുള്ള ചില മുഖമുദ്രകളുണ്ട്. വെഞ്ചാമരം വീശി പട്ടു കുട പന്വരം കറക്കുന്ന മികവ് കാണാം. കൊട്ടിക്കൊട്ടി കേറി ഉച്ച സ്ഥായിൽ എത്തും. മാനത്ത് അമിട്ടുപ്പൊട്ടി കുട വിരിയന്ന നാനാവർണ്ണ ഭംഗി! അപ്പുറത്തെ ആനപ്പുറത്തുകാർ പട്ടു കുടകൾ പരസ്പരം മാറുന്ന വർണ്ണ ഭംഗി. ആനപ്പുറത്തും മാനത്തും മിന്നൽ തിളക്കം. ഇലഞ്ഞിത്തറ മേളം മുറുകും. ആളുകളുടെ ഇന്വമാർന്ന കോലാഹലം. ആനകളുടെ സഹിക്കെട്ട ഞെരുക്കം. തഞ്ചം പിഴച്ച ചിന്നം വിളി. കാരണം പലതാണ്. ഒച്ച. ലവലു തെറ്റിയ അസാധാരണ ആൾക്കൂട്ട ലഹരി. പുറത്തെ വാരി എല്ലുകളിലെ ചവട്ടി കൂട്ട് ദുസഹം. മാത്രവുമല്ല കൊട്ടും കുട മാറ്റവും പിന്വിരി കൊള്ളുന്ന തക്കത്തിൽ ആനവാല് വലിച്ചു പൊട്ടിച്ചെടുക്കുന്ന മുശ്ശട ശല്യം. എല്ലാം കൂടി ഒരു വീർപ്പുമുട്ടിലായ ആന ഏനക്കേട് കാട്ടും. ആന മദിച്ചേന്നുള്ള കൂക്കു വിളി ഉയരും. പാപ്പാന്മാർ തൃശ്ശങ്കുവിൽ. ചങ്ങല കൂച്ചിട്ട കരി വീരന്മാർ എങ്ങിനെ ഓടും? ഓടാൻ ഇടമില്ല. പാപ്പാന്റെ കണ്ണു വെട്ടിച്ച് വയറു കൊണ്ട് കുത്തു കൂടി കളിക്കാം. എവിടെ തിരിഞ്ഞാലും പനന്വട്ടയും ആനപ്പിണ്ടവുമാണ്. സ്വരാജ് റൗണ്ട് വാഹന രഹിതമെങ്കിലും ജനനിബിഡം. എംഒ റോഡും, കുറുപ്പം റോഡും ഷൊർണ്ണൂർ റോഡുമൊക്ക നിറഞ്ഞു കവിയുന്ന അസാധാരണ കാഴ്ച!

പൂരക്കമ്പത്തിന്റെ മഹിമയെ മാറ്റുരയ്ക്കലാണെല്ലാം. തെക്ക് വടക്ക് പ്രതിധ്വനിക്കുന്ന എനൗൺസുമെൻറുകൾ മഴങ്ങുകയായി. പോലീസും പൂര കമറ്റിയും മാറി മാറി സുരക്ഷാ വിളംബരം. എന്തെന്ത് പൊടിപ്പൂരച്ചന്തം!

 

പൂരവാതിൽ പന്തലുകൾ

തൃശൂരിന് പട്ടു കുടയുടെ ഭംഗിയും പൊലിമയും നൽകുന്ന ഇടങ്ങളിലൊന്നാണ് വടക്കുംനാഥ ക്ഷേത്രം. വട്ടമെന്നു പറയുന്വോൾ കുടയ്ക്ക് ശീലയും നെടുംതൂണും മുഖ്യം. അതാണ് ശിവ പ്രതിഷ്ഠയുള്ള ആസ്ഥാനം. പ്രത്യക്ഷത്തിൽ മൂന്നു നടകളായി തിരിച്ചിരിക്കുന്നു. രാപകൽ അന്തേവാസികളായി രണ്ടു തരം മിണ്ടാ പ്രാണികൾ. കഴുക്കോൽ കൂടുകളിൽ ശ്ലോകോച്ഛാരണങ്ങൾ കുറുകുന്ന മാടപ്രാവുകൾ. ആന കൊട്ടിലിൽ തളക്കുന്ന വന്യമൃഗവും. പൂര ഭക്തരാണ്. വാതു വച്ച വാശിയേറിയ പൊരുതലാണ് നട പന്തലുകളുടെ വലുപ്പത്തിലും അലങ്കാരത്തിലും. എട്ടും പത്തും നിലകളുള്ള പന്തലുകളാണ് കമനീയ കലവിരുതോടെ കെട്ടിപ്പൊക്കുക. മണികണ്ഠനാലും, നായ്ക്കനാലും, നടുവിലാലും വിശേഷാൽ സന്ധ്യാ രത്ന പ്രകാശത്തിൽ തിളങ്ങി കണ്ണഞ്ചിക്കും. സ്വരാജ് റൗണ്ടിലെ മർമ്മ പ്രധാന ഭാഗങ്ങളാണവ. വൈദ്യുതിയുടെ മാസ്മര ഒഴുക്ക് മായാപ്രപഞ്ചമാക്കും. കൊട്ടുകാർക്കും തുള്ളലിനും വെളിച്ച മിന്നായിപ്പാണ് അളവുകോൽ.

 

ചെറുപൂരങ്ങളുടെ സംഗമവും വെടിക്കെട്ടും

പൂരനാൾ ചെറുപൂരങ്ങളുടെ കൈലാസമാണ് വഴി നീളെ. കൂർക്കഞ്ചേരി, കണിമംഗലം, വെളിയന്നൂർ, നടചുറ്റിയെത്തുന്ന ചെറുപൂരങ്ങൾ വടക്കുംനാഥനിൽ വന്നിവ യഥാവിധി ലയിക്കുന്നതാണ് ആചാരനുഷ്ടാനം. സമീപവാസികളായ ദേവീദേവന്മാരുടെ അസുലഭ സംഗമ മുഹൂർത്തം. പുലർച്ച സമാപന വെട്ടിക്കെട്ട്. മേലെ നിന്നും പൂഴി താഴെയിട്ടാൽ നിലം തൊടാത്തത്ര പുരുഷാരം തിങ്ങി നിറയുന്ന വേള. കതിനയും അമിട്ടും ഗുണ്ടും ആകാശം കത്തിപ്പിടിക്കും വിധം പ്രകാശിക്കും. കണ്ണു ചിന്നും. ചവിട്ടി നിൽക്കുന്ന ഭൂമി തെറന്വും. ഭൂഗർഭ പൊട്ടുകൾ കിടിലം കൊള്ളിക്കും. കലാശകൊട്ടിൽ ഒരു ഭൂകന്വ പര്യവസാനം. തീർന്നാൽ അടുത്ത ചേരി വക കത്തിക്കൽ. അതിലും വീറും വാശിയിലും. പാറേമക്കാവോ തിരുവന്വാടിയോ കെങ്കേമൻ? അഭിപ്രായ വ്യത്യാസമോടെ കാഴ്ചക്കാർ ആവേശമൊതുങ്ങതെ പിരിയുന്നു. പൊട്ടു നിലച്ചാലും പുലർ കാലം വരെ അമിട്ടുകൾ വർണ്ണ കുടവിരിച്ച് മാനത്തു നിന്നും ഉതിരുന്ന ഭംഗി വാൽനക്ഷത്രമായി അനുഗമിക്കും. ചരിത്രമായും ഐതിഹ്യമായും പൂരം സൃഷ്ടിച്ചവർ ഹരമറിയുന്നു. ആനയില്ലാത്ത പൂരം വിഭാവനം ചെയ്യാനാവില്ല. കണ്ടുപിടുത്തങ്ങൾ എത്ര നടന്നാലും ബദൽ സംവിധാനങ്ങളില്ലതിന്. അതുകൊണ്ട് തന്നെ ആനക്കാര്യം പൂരം പോലെ ശ്രേഷ്ഠമായി നിലകൊള്ളുന്നു. തലമുറകളുടെ അഭിരുചികളിലെ വൈവിധ്യങ്ങൾ നീന്തി കടന്ന്!

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.