ഒരു ഗ്രാമത്തിന്റെ അഭിമാനമായിരുന്ന പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവാതെ കണ്ണീരണിയുകയാണ് പുത്തുർ പൊന്നുക്കര നിവാസികൾ. കഴിഞ്ഞ ദിവസം ഊട്ടിയിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വാറന്റ് ഓഫീസർ അറക്കൽ രാധാകൃഷ്ണന്റെ മകൻ പ്രദീപിന്റെ വിയോഗം ഒരു നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയിലെവിടെയായിരുന്നാലും എന്നും മാതാപിതാക്കളുമായും ഏക സഹോദരൻ പ്രസാദുമായും സംസാരിക്കുകയും നാട്ടുവിശേഷങ്ങളടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മകൻ ദക്ഷിണ്‍ദേവിന്റെ പിറന്നാളാഘോഷവും പിതാവ് രാമകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ പ്രദീപ് നാല് ദിവസം മുമ്പാണ് തിരികെ പോയത്. കഴിഞ്ഞ രണ്ട് വർഷമായി കിടപ്പ് രോഗിയായ പിതാവ് രാധാകൃഷ്ണന്റെ കാര്യത്തിൽ വലിയ ഉൽകണ്ഠ പ്രദീപിനുണ്ടായിരുന്നു. മകന്റെ മരണ വാർത്ത കിടപ്പ് രോഗിയായ ഭർത്താവിനെ അറിയിക്കാതിരിക്കുകയാണ് മാതാവ് കുമാരി.
മകൻ പട്ടാള ഉദ്യോഗസ്ഥനായിട്ടും മാതാവ് കുമാരി ഇപ്പോഴും തൊഴിലുറപ്പ് തൊഴിലാളിയാണ്. സഹോദരൻ പ്രസാദ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനും. പ്രദീപിന്റെ പ്രാഥമിക വിദ്യാഭ്യാസം മതിക്കുന്ന് സ്കുളിലും തുടർന്ന് പുത്തുർ സ്കുളിലുമായിരുന്നു. തൃശൂർ ജെടിസി, ചാലക്കുടി ഐടിഐ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് 2004ല്‍ എയർമാനായി ജോലിയിൽ പ്രവേശിക്കുന്നത്. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷിണ്‍ദേവ്, ദേവപ്രകാശ്.
പ്രദീപിന്റെ വീട് റവന്യുമന്ത്രി കെ രാജൻ സന്ദർശിച്ചു. രാജ്യത്തിന് ധീരസൈനികനെയാണ് നഷ്ടമായതെന്ന് മന്ത്രി പറഞ്ഞു. സംസ്കാര ചടങ്ങുകൾ പൂർണബഹുമതിയോടെയായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം വീട് സന്ദർശിച്ചു.
ENGLISH SUMMARY:Pradeep’s demise saddens the country
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.