29 February 2024, Thursday

Related news

October 22, 2022
October 22, 2022
October 21, 2022
October 21, 2022
October 18, 2022
June 29, 2022
June 12, 2022
March 11, 2022
March 11, 2022
January 5, 2022

അഞ്ച് വര്‍ഷത്തിനിടെ ആകാശ ദുരന്തങ്ങളില്‍ പൊലിഞ്ഞത് 50 സൈനികരുടെ ജീവന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2022 8:52 pm

ആകാശ ദുരന്തങ്ങളില്‍ അഞ്ച് വര്‍ഷത്തിനിടെ സൈന്യത്തിന് നഷ്ടമായത് 50 സൈനികരെ. 2017 മുതല്‍ 20 ഹെലികോപ്റ്റര്‍ അപകടങ്ങളാണ് സൈന്യത്തിലുണ്ടായത്. 40 കരസേന ഉദ്യോഗസ്ഥര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 25ലധികം പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് മുതലുള്ള കണക്കുകളെടുത്താല്‍ ഒറ്റ എന്‍ജിനുള്ള മൂന്ന് ചീറ്റ ഹെലികോപ്റ്ററുകള്‍ തകര്‍ന്നുവീണു. 1960ലെ വിന്റേജ് രൂപകല്പനയിലുള്ള ഇവയില്‍ ന്യൂതന ഏവിയേഷന്‍ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും ഇല്ല.
പുതിയ ഹെലികോപ്റ്ററുകള്‍ എത്തിക്കുന്നതില്‍ കാലതാമസം വരുത്തുന്നു എന്നത് മാത്രമല്ല പഴയ സാങ്കേതിക വിദ്യയുള്ള ചീറ്റ, ചേതക്, സൂപ്പര്‍സോണിക് മിഗ് 21 വിമാനങ്ങളാണ് ഇപ്പോഴും സൈന്യത്തിനായി പറക്കുന്നത്.
പുതിയ റഷ്യന്‍ നിര്‍മ്മിത എഎല്‍എച്ച് ഹെലികോപ്റ്ററുകളും സമീപ വര്‍ഷങ്ങളില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. 2017 മുതല്‍ ഏഴ് എഎല്‍എച്ചുകളാണ് തകര്‍ന്നത്. മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തടസം ഒഴിവാക്കാനുള്ള കഴിവും എഎല്‍എച്ചുകള്‍ക്ക് ഉണ്ടായിരിക്കണം. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഇത്തരം ഹെലികോപ്റ്ററുകള്‍ അപകടത്തില്‍പ്പെട്ടതും അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടിവന്നതും സാങ്കേതിക തകരാറുകള്‍ മൂലമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌‌‌നാട്ടിലെ കുനൂരില്‍ മിഗ്- 17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്ന് പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സൈന്യത്തില്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന ഹെലികോപ്റ്റര്‍ അപകടങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് നാവികസേനയിലെ മുന്‍ വൈമാനികനായ കമാന്‍ഡര്‍ കെ പി സഞ്ജീവ് പറയുന്നു. വിമാന സുരക്ഷയും അപകട അന്വേഷണവുമായി ബന്ധപ്പെട്ട അർത്ഥവത്തായ ഒരു വിവരവും സായുധ സേന പുറത്തുവിടാറുമില്ല.
മാനുഷിക, സാങ്കേതിക പിഴവുകളാണ് 90 ശതമാനം അപകടങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടുന്നത്. പക്ഷികള്‍ ഇടിക്കുന്നതും മറ്റുമാണ് ബാക്കി അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പഴയ സാങ്കേതിക വിദ്യ, പൈലറ്റുമാർക്കും സാങ്കേതിക വിദഗ്ധർക്കും ലഭിക്കുന്ന പരിശീലനത്തിലെ അപര്യാപ്തത, എന്‍ജിനുകളുടെ കാലപ്പഴക്കം, മോശം അറ്റകുറ്റപ്പണികൾ ഇവ അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
മിഗ് 21 പോലെ പഴയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററുകള്‍ എപ്പോഴും അപകട മുനമ്പിലാണെന്നു വേണം പറയാന്‍. റഫാല്‍, മിറാഷ് 2000 തുടങ്ങിയ പുതിയ യുദ്ധ വിമാനങ്ങൾക്ക് മികച്ച സുരക്ഷാ സവിശേഷതകൾ ഉണ്ട്. 

14 വര്‍ഷത്തിനിടെ അരുണാചലില്‍ കൊല്ലപ്പെട്ടത് 92 പേര്‍

അരുണാചല്‍പ്രദേശില്‍ മാത്രം 2009 മുതല്‍ 90 പേരാണ് ആകാശ ദുരന്തങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ മാസം തന്നെ രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളിലായി ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് 2011 ലാണ്. പവന്‍ഹാന്‍സിന്റെ രണ്ട് ഹെലികോപ്റ്റര്‍ അപകടങ്ങളിലായി 24 പേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്.
2010 എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 19 പേരാണ് മരിച്ചത്. 2009ല്‍ 13 പേരും (എഎന്‍32) 2015 (പവന്‍ഹാന്‍സ്) ല്‍ മൂന്ന് പേരും കൊല്ലപ്പെട്ടു. 2017ലും 2019ലും 13 പേര്‍ വീതം കൊല്ലപ്പെട്ടു. എംഐ17, എഎല്‍എച്ച് ഹെലികോപ്റ്ററുകളും സുഖോയ്, എഎന്‍32 വിമാനങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിനും വിമാനാപകടത്തിലാണ് ജീവന്‍ നഷ്ടമായത്. 

Eng­lish Sum­ma­ry: 50 sol­diers lost their lives in aer­i­al dis­as­ters in five years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.