20 April 2024, Saturday

ആർത്തവം ആണോ വില്ലൻ?

Janayugom Webdesk
November 17, 2022 8:49 pm

സൗമ്യ പ്രകൃതയായ സ്ത്രീ-ഭാര്യയോ, സഹോദരിയോ, അമ്മയോ, മകളോ കാമുകിയോ, ആരു വേണമെങ്കിലുമാകാം, പെട്ടെന്നു തന്നെ ദേഷ്യപ്പെടുന്ന, പൊട്ടിത്തെറിക്കുന്ന അവസ്ഥ പലപ്പോഴും പല പുരുഷന്മാരെയും അമ്പരപ്പിക്കാറുണ്ട്. ഇവർക്കിതെന്തു പറ്റി എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? ആർത്തവം ആണോ വില്ലൻ? കൂടുതൽ അറിയൂ… സ്ത്രീ ആരോഗ്യത്തിൽ ഇന്ന് PMS/Pre men­stru­al syn­drome (പിഎംഎസ്) ആർത്തവത്തിന് അഞ്ചോ ആറോ ദിവസം മുമ്പ് അനുഭവപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് പിഎംഎസ് അഥവാ പ്രീമെൻസ്ട്ര്വൽ സിൻഡ്രം. ആർത്തവസ്രാവത്തോടു കൂടി ഇത് ശമിക്കുന്നതായും കാണാം.

ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ നിലയിൽ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ കാരണങ്ങളിലൊന്ന്. Sero­tonin എന്ന neu­ro trans­mit­ter ന്റെ ഏറ്റക്കുറച്ചിലുകൾ, ജീവിതശൈലിയിലെ താളപ്പിഴകൾ, പാരമ്പര്യം എന്നിവയും പിഎംഎസിനു കാരണം ആവുന്നു. കുടുംബത്തിൽ വിഷാദം/ഉന്മാദം തുടങ്ങിയ മാനസിക രോഗങ്ങൾ ഉള്ളവർക്കും മുൻപ് എപ്പോഴെങ്കിലും ഇത്തരത്തിൽ മാനസിക രോഗം ഉണ്ടായിട്ടുള്ളവർക്കും ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതൽ ആണ്. മാനസികവും ശാരീരികവുമായ പല മാറ്റങ്ങളും പിഎംഎസ് ലക്ഷണമായി വരാറുണ്ട്.

1) അകാരണമായ ദേഷ്യം, സങ്കടം, കരച്ചിൽ.

2) ഉറക്കക്കുറവ്, അലസത, ജോലി ചെയ്യാൻ തോന്നാത്ത അവസ്ഥ, എപ്പോഴും കിടക്കണം എന്ന ചിന്ത എന്നിവ

3) ദേഷ്യം നിയന്ത്രിയ്ക്കാൻ ആകാതെ വരിക, 4)ഏകാഗ്രതക്കുറവ്5)ലൈംഗികപരമായ താൽപര്യക്കുറവ്

6) ഒറ്റയ്ക്കിരിക്കാനുള്ള തോന്നൽ, അമിത ശബ്ദത്തോടും വെളിച്ചത്തോടും അസഹിഷ്ണുത

7) ഭക്ഷണത്തോടുള്ള ആർത്തി

8) സ്തനത്തിന് നീർക്കെട്ട് അഥവാ വേദന അനുഭവപ്പെടുക

9) തലവേദന, കൈകാൽ വേദന, നടു വേദന

10) മുഖക്കുരു

11) വയർ സ്തംഭനം/Bloating

12) ഛർദി എന്നിവയാണ് ലക്ഷണങ്ങൾ.

ഓർക്കുക — ഈ എല്ലാ ബുദ്ധിമുട്ടുകളും ഒരേ സമയം കാണണം എന്നില്ല, അതുപോലെ ഓരോ ആർത്തവത്തിന്റെ സമയത്തും ബുദ്ധിമുട്ടുകൾ മാറി മാറി വരാം. പിഎംഎസ് എന്ന അവസ്ഥയെന്ന് തിരിച്ചറിഞ്ഞ് അവർക്കു നൽകുന്ന ശാരീരിക, മാനസിക പിൻതുണയാണ് വലിയൊരു പരിഹാരം. ഇതു പോലെ തങ്ങളുടെ ഈ അവസ്ഥയെക്കുറിച്ച് പെൺകുട്ടികൾ/സ്ത്രീകൾ തന്നെ ബോധവതികളാകണം. മാസമുറ കൃത്യമായി ഒരു ഡയറിയിൽ രേഖപ്പെടുത്തി ഈ ദിവസങ്ങളിൽ ശ്രദ്ധിക്കുക. കൃത്യമായ വ്യായാമവും പോഷക ഗുണമുള്ള ആഹാരവും നല്ല ജീവിതശൈലി പാലിക്കുന്നതും ഒരു പരിധി വരെ ഈ അവസ്ഥ മെച്ചപ്പെടാൻ സഹായകമാണ്.

കട്ടൻകാപ്പി, കട്ടൻചായ എന്നിവ പരമാവധി കുറയ്ക്കുക. ശ്വസനവ്യായാമങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുന്നത് വളരെ പ്രയോജനകരമാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, നാരടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുക. ഇത് പിഎംഎസ് ലക്ഷണങ്ങളും അമിത വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ആളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ സാരമായി ബാധിക്കുമ്പോൾ ചികിത്സ അത്യാവശ്യം ആണ്. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി ഉണ്ടാകുകയും, ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ വിദഗ്ദ്ധ ചികിത്സ തേടണം. മരുന്ന് ചികിത്സയും, മനഃശാസ്ത്ര ചികിത്സ, ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ വഴി അവസ്ഥയെ ചികിൽസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.