27 April 2024, Saturday

ക്ഷീരകർഷകർക്ക് ഉല്പാദന ബോണസ്: കേന്ദ്ര സര്‍ക്കാരെപ്പോലെയല്ല, അക്കൗണ്ടില്‍ പണം വന്നിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
August 14, 2022 10:21 pm

കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് ഉല്പാദന ബോണസ് നൽകുന്നതിനുവേണ്ടിയുള്ള നടപടികൾ സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തി. ആദ്യപടി എന്ന നിലയിൽ ക്ഷീരശ്രീ പോർട്ടലിൽ എല്ലാ ക്ഷീരകർഷകരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ക്ഷീര വികസന വകുപ്പ് ആരംഭിച്ചു.
ഇന്ന് മുതൽ 20 വരെ ആറ് ദിവസമായി സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ് വിജയിപ്പിക്കണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അഭ്യർത്ഥിച്ചു. ക്ഷീരകർഷകർക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheeras­ree. ker­ala. gov. in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് ക്ഷീര കർഷകർ അവരുടെ ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവയും ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ എന്നിവയും ആവശ്യമാണ്.
ഇത് സംബന്ധിച്ച സംശയങ്ങൾക്ക് പോർട്ടലിൽ തന്നെ ലഭ്യമായ ഹെൽപ്പ് ഡെസ്ക് നമ്പറുകളിലും, അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും, ക്ഷീരസഹകരണ സംഘങ്ങളിലും, ക്ഷീരവികസന ഓഫീസുകളിലും ബന്ധപ്പെടാവുന്നതാണ്.
സംഘങ്ങളിൽ പാലൊഴിക്കുന്നതും അല്ലാത്തതുമായ എല്ലാ ക്ഷീരകർഷകർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും പാലൊഴിക്കാൻ എത്തുന്ന ക്ഷീരകർഷകരുടെ രജിസ്ട്രേഷൻ അവിടെ വച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് 20നുള്ളിൽ തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐഡി കരസ്ഥമാക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ക്ഷീരവികസന വകുപ്പ് മുഖേന നൽകുന്ന എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കാനും ക്ഷീരശ്രീ പോർട്ടൽ വഴി കഴിയും. ഇതേ ഐഡി ഉപയോഗിച്ചു തന്നെ ഭാവിയിൽ മറ്റ് വകുപ്പുകളുടെ ആനുകൂല്യങ്ങളും ഏകജാലക സംവിധാനം വഴി കർഷകർക്ക് ലഭ്യമാക്കാനും ആലോചനയുണ്ട്. 

Eng­lish Sum­ma­ry: Pro­duc­tion Bonus for Dairy Farm­ers: Unlike the cen­tral gov­ern­ment, the state gov­ern­ment says that the mon­ey will be in the account

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.