25 April 2024, Thursday

Related news

April 8, 2024
March 14, 2024
March 8, 2024
March 2, 2024
February 13, 2024
February 5, 2024
January 12, 2024
December 23, 2023
November 28, 2023
November 25, 2023

സ്ത്രീകളുടെ വിലക്ക്; സന്നദ്ധസേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി യുഎന്‍

Janayugom Webdesk
ജനീവ
December 29, 2022 9:31 pm

വനിതാ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ സന്നദ്ധ സേവനങ്ങള്‍ താല്കാലികമായി അവസാനിപ്പിക്കുന്നതായി യുഎന്‍. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട സേവനങ്ങള്‍ ജീവനക്കാരുടെ അഭാവത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് യുഎന്നിന്റെ വിശദീകരണം. സ്വദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ വനിതാ ജീവനക്കാരെ നിയോഗിക്കുന്നത് താലിബാന്‍ വിലക്കിയിരുന്നു. 

സന്നദ്ധസേവനങ്ങളുടെ അടിയന്തര വിതരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ഒഴിവാക്കാന്‍ കഴിയാത്തതും തുടരേണ്ടതുമാണെന്ന് യുഎന്‍ ഏജന്‍സികളുടെയും സന്നദ്ധഗ്രൂപ്പുകളുടെയും തലവനായ മാര്‍ടിന്‍ ഗ്രിഫിത്‌സ് പറ‍ഞ്ഞു. വനിതാ ജീവനക്കാരെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ നിന്ന് താലിബാന്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്ത്രീകളെ വിലക്കുന്ന നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭവിഷത്ത് എല്ലാ അഫ്ഗാന്‍ പൗരന്മാരും അനുഭവിക്കേണ്ടിവരുമെന്നും യുഎന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ ശനിയാഴ്ചയാണ് സ്ത്രീകളെ ജോലികളില്‍ നിന്ന് വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവിട്ടത്. സര്‍വകലാശാല വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം. പെണ്‍കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന് മാര്‍ച്ച് മാസം മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ സംഭാവനയില്ലാതെ ഒരു രാജ്യത്തിന് ശരിയായ രീതിയില്‍ നീങ്ങാന്‍ കഴിയില്ലെന്നും യുഎന്‍ പ്രസ്താവനയില്‍ പറയുന്നു. യുണിസെഫ്, ലോക ഭക്ഷ്യപദ്ധതി, ലോകാരോഗ്യസംഘടന, യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം എന്നീ നാല് യുഎന്‍ ഏജന്‍സികളും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ക്കാണ് നാല് സംഘടനകളിലൂടെ സേവനങ്ങള്‍ എത്തിക്കുന്നത്. ദാരിദ്ര്യം, സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, അതിശൈത്യം എന്നിവയെ മറികടക്കാന്‍ അഫ്ഗാനിസ്ഥാന് സന്നദ്ധസംഘടനകളുടെ സേവനങ്ങള്‍ ആവശ്യമാണ്. 

Eng­lish Summary;Prohibition of women; UN to End Volunteering
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.