22 December 2024, Sunday
KSFE Galaxy Chits Banner 2

ഗാന്ധിജിക്കെതിരായ കുപ്രചരണവും വസ്തുതകളും

സിബി കെ ജോസഫ്
സേവാഗ്രാം ആശ്രമം, വാര്‍ധ
June 27, 2024 4:30 am

1930ൽ ഒരു രാഷ്ട്രീയത്തടവുകാരനെന്ന നിലയില്‍ ഗാന്ധിജിയെ പരിപാലിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ച അലവൻസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം വീണ്ടും ശക്തിപ്രാപിക്കുന്നു. സാധാരണയായി ഇത്തരം പ്രചരണങ്ങൾ ഗാന്ധിജയന്തിദിനത്തോടോ രക്തസാക്ഷിദിനത്തോടോ ചേര്‍ന്നാണ് വ്യാപകമാവുക. ഗാന്ധിയൻ സംഘടനയുമായി വളരെക്കാലമായി ബന്ധമുള്ള ഒരാളിൽ നിന്ന് കുറച്ചുനാള്‍ മുമ്പ് എനിക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. സന്ദേശം പലതവണ ഫോർവേഡ് ചെയ്യപ്പെട്ടതായും ശ്രദ്ധയില്‍പ്പെട്ടു. “അവസാനം, ആ കത്ത് ദേശീയ രേഖകളിൽ കണ്ടെത്തി. 1930ൽ മഹാത്മാ ഗാന്ധിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് വ്യക്തിഗത ചെലവുകൾക്കായി പ്രതിമാസം 100 രൂപ ലഭിച്ചിരുന്നു. അന്ന് 10 ഗ്രാം സ്വർണത്തിന്റെ വില 18 രൂപയായിരുന്നു. അന്നത്തെ 100 രൂപയുടെ ഇപ്പോഴത്തെ മൂല്യം 2.88 ലക്ഷമാണ്. എന്തിനാണ് അവർ ഗാന്ധിക്ക് പണം നൽകിയത്? യഥാർത്ഥ സ്വാതന്ത്ര്യസമര സേനാനികളെ തകർക്കാൻ ബ്രിട്ടീഷുകാരെ സഹായിക്കാനോ? അക്കാലത്ത് നിസഹകരണ പ്രസ്ഥാനം അതിന്റെ പാരമ്യത്തിലെത്തിയിരുന്നുവെന്ന് ഓർക്കണം” — ഇതായിരുന്നു സന്ദേശം.
ഇതുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ഒരു കത്ത് ഞാൻ പങ്കുവച്ചതോടെ വിഷയത്തിൽ കൂടുതൽ തെളിച്ചമുണ്ടാക്കണമെന്ന ആഗ്രഹം അയാള്‍ പ്രകടിപ്പിച്ചു. ഈ സന്ദേശം ആദ്യത്തേതും അവസാനത്തേതുമല്ല. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും അത് തുടരുന്നു. 2022 ഒക്ടോബർ മുതലാണിത് വ്യാപകമായിത്തുടങ്ങിയത്. ‘വിവാദ അലവൻസി‘നെക്കുറിച്ച് രേഖ എന്ന പേരില്‍ ഒരു കത്ത് സവർക്കറുടെ ജീവചരിത്രകാരനായ വിക്രം സമ്പത്ത് തന്റെ എക്സ് പ്രൊഫെെലില്‍ പങ്കുവച്ചിരുന്നു. ഗാന്ധിജിക്കുള്ള പെൻഷൻ എന്നൊക്കെയാണ് ആ പോസ്റ്റ് പിന്‍തുടര്‍ന്നവര്‍ വിശേഷിപ്പിച്ചിരുന്നത്. “അയാൾക്ക് (ഗാന്ധിജി) എന്തിനാണ് പണം ലഭിച്ചത്? ബ്രിട്ടീഷുകാരെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാൻ? തീർച്ചയായും. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഒരു ബ്രിട്ടീഷ് ഏജന്റായിരുന്നു അദ്ദേഹം” എന്നാണവര്‍ ആരോപിച്ചത്. 

1937വരെ രത്നഗിരി ജില്ലയിൽ വീട്ടുതടങ്കലിലായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി ഡി സവർക്കറിന് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് 5,000 രൂപയും അലവൻസായി 60 രൂപയും ലഭിച്ചിരുന്നുവെന്നത് അടുത്തകാലത്ത് വിവാദമായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് ഗാന്ധിജിയെക്കുറിച്ച് ഈ വൃത്തികെട്ട ആരോപണം ഉന്നയിച്ചത് എന്ന വെെരുധ്യവുമുണ്ട്.
1818ലെ ബംഗാൾ സ്റ്റേറ്റ് പ്രിസണേഴ്സ് റെഗുലേഷൻ അനുസരിച്ച്, തടങ്കലിൽ കഴിയുന്ന ‘സംസ്ഥാന തടവുകാരുടെ’ ചെലവിലേക്കായി ജയില്‍ വകുപ്പിന് സർക്കാർ അലവൻസ് നൽകുകയെന്നത് നടപടിക്രമമായിരുന്നു. 1827 മേയില്‍ ദണ്ഡിക്കടുത്തുള്ള കരാഡിയിൽ വച്ച് ഉപ്പ് നിയമം ലംഘിച്ചതിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് യെര്‍വാഡാ ജയിലിലേക്ക് അയച്ചത് വിചാരണയോ ശിക്ഷയോ കൂടാതെയായിരുന്നു. നിസഹകരണ പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുകയും ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ദണ്ഡിയാത്ര ലോകശ്രദ്ധ നേടുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ ശക്തമായ പോരാട്ടമായിരുന്നു അത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്കാരോടുള്ള അനീതിയുടെ പേരിൽ പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു. അതിനാൽ, തടവുകാരനെന്ന നിലയിൽ ഗാന്ധിജിയോടുള്ള പെരുമാറ്റത്തില്‍ ബ്രിട്ടീഷ് സർക്കാർ പ്രത്യേക ജാഗ്രത പുലർത്തി.
1930 ജൂൺ 15ന് ബോംബെ സര്‍ക്കാര്‍ സെക്രട്ടറി ജിഎഫ്എസ് കോളിൻസ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് അലവന്‍സ് സംബന്ധിച്ച പരാമര്‍ശമുള്ളത്. ’29 രാഷ്ട്രീയ കേന്ദ്ര അഭയാർത്ഥികളും സംസ്ഥാന തടവുകാരും-മറ്റ് അഭയാർത്ഥികളും സംസ്ഥാന തടവുകാരും’ എന്ന തലക്കെട്ടോടെയുള്ള കത്തില്‍ ഗാന്ധിജിയെ മാത്രമായി പരാമര്‍ശിച്ചിട്ടില്ല. തടവുകാരുടെ കൂട്ടത്തില്‍ ഗാന്ധിജിയും ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് വിമര്‍ശകര്‍ തെറ്റായ പ്രചരണം നടത്തുന്നത്. സര്‍ക്കാര്‍ അനുവദിച്ച അലവൻസ് ഗാന്ധിജിക്ക് മാത്രമായിരുന്നില്ല, നിരവധി രാഷ്ട്രീയ തടവുകാർക്കും വിപ്ലവകാരികൾക്കും വേണ്ടി ഉപയോഗിക്കാനുള്ളതായിരുന്നു. അതിനെ പെൻഷൻ എന്നും ഗാന്ധിയുടെ സ്വകാര്യ ചെലവുകൾ വഹിക്കാനെന്നും വിശേഷിപ്പിക്കുന്നത് പരിഹാസ്യവും അപലപനീയവുമാണ്.

1930 മേയ് 10ന് മേജർ ഇ ഇ ഡോയലിന് എഴുതിയ കത്തിൽ സര്‍ക്കാര്‍ തനിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. പകരം ദി ബോംബെ ക്രോണിക്കിൾ, ദി ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ സോഷ്യൽ റിഫോർമർ, മോഡേൺ റിവ്യൂ, യങ് ഇന്ത്യ, നവജീവൻ (ഹിന്ദി, ഗുജറാത്തി) എന്നീ പ്രസിദ്ധീകരണങ്ങള്‍ അനുവദിക്കണമെന്ന് അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ മാസികകളും പത്രങ്ങളും സർക്കാർ അലവൻസിൽ നിന്നാകരുതെന്നും ഗാന്ധി വ്യക്തമാക്കി.
ജയിലിലെ ചികിത്സയെക്കുറിച്ചും തടവുകാരുടെ വർഗീകരണത്തെക്കുറിച്ചും പോലും സമഗ്രമായ കാഴ്ചപ്പാടുകളായിരുന്നു ഗാന്ധിജി പുലർത്തിയത്. “അടുത്തിടെ ഇവിടെ നടത്തിയ വർഗീകരണത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. മറ്റേതൊരു തടവുകാരനെയും പോലെ ഒരു കൊലപാതകിയും തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അർഹനാണെന്ന് ഞാൻ വിശ്വസിക്കുന്നു. വേണ്ടത് താൽക്കാലിക ക്രമീകരണമല്ല, മറിച്ച് മാനവികക്രമീകരണമാണ്.” കത്തിൽ അദ്ദേഹം ആവശ്യപ്പെട്ട മറ്റൊരു കാര്യം തന്നോടൊപ്പം തടവിലാക്കപ്പെട്ട സത്യഗ്രഹികളുമായി സമ്പർക്കം പുലർത്താനുള്ള അനുമതിയാണ്. “ഈ ജയിലിൽ കഴിയുന്ന സത്യഗ്രഹ തടവുകാരുമായി ബന്ധപ്പെടേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. അവരിൽ നിന്ന് എന്നെ ഒറ്റപ്പെടുത്തുന്നത് തികച്ചും അനാവശ്യവും ക്രൂരവുമാണ്.”
ഗാന്ധി ദക്ഷിണാഫ്രിക്കൻ കാലത്ത് ബ്രിട്ടീഷ് സർക്കാരിനോട് സഹകരിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ 1922ലെ മഹത്തായ വിചാരണയിലെ രേഖാമൂലമുള്ള പ്രസ്താവനയിൽ, വിശ്വസ്തനും സഹകാരിയും എന്നതിൽ നിന്ന് വിട്ടുവീഴ്ചയില്ലാത്ത നിസഹകരണക്കാരനായി താനെങ്ങനെ മാറിയെന്ന് ഗാന്ധി വിശദീകരിക്കുന്നുണ്ട്. ‘എന്റെ പൊതുജീവിതം ദക്ഷിണാഫ്രിക്കയിലെ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തില്‍ ആരംഭിച്ചു. ആ രാജ്യത്ത് ബ്രിട്ടീഷ് അധികാരിയുമായി ഞാൻ ആദ്യമായി ബന്ധപ്പെടുന്നത് സന്തോഷകരമായ അനുഭവമായിരുന്നില്ല. ഒരു മനുഷ്യനെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും എനിക്ക് അവകാശങ്ങളൊന്നുമില്ലെന്ന് ഞാൻ കണ്ടെത്തി. കൃത്യമായിപ്പറഞ്ഞാൽ, ഞാൻ ഒരു ഇന്ത്യക്കാരനായതിനാൽ ഒരു വ്യക്തിയെന്ന നിലയിൽ യാതൊരു അവകാശവുമുണ്ടായിരുന്നില്ല. എനിക്ക് ഒരു ഭരണാധികാരിയോടും വ്യക്തിപരമായ വിരോധമില്ല. എന്നാല്‍ ഇന്ത്യക്ക് മൊത്തത്തിൽ ദോഷം ചെയ്ത ഒരു സര്‍ക്കാരിനോട് എതിര്‍പ്പ് കാണിക്കുന്നത് ഒരു പുണ്യമായി ഞാൻ കരുതുന്നു.’

തന്റെ ശിക്ഷ ഇളവുചെയ്യാന്‍ ജഡ്ജിയുടെ മുമ്പാകെ യാചിക്കുകയായിരുന്നില്ല ഗാന്ധിജി, മറിച്ച്, “നിയമത്തിൽ മുമ്പിലെ കുറ്റകൃത്യത്തിന്, ഒരു പൗരന്റെ ഏറ്റവും ഉയർന്ന കടമയായി എനിക്ക് തോന്നിയത് ചെയ്യുന്നതിന് ചുമത്താവുന്ന ഏറ്റവും ഉയർന്ന ശിക്ഷയെ സന്തോഷത്തോടെ സ്വീകരിക്കാന്‍ ഞാൻ ഇവിടെയുണ്ട്” എന്ന് ഉറക്കെപ്പറയുകയായിരുന്നു. ഈ സമീപനം മരണം വരെ അദ്ദേഹം തുടർന്നു. ഉപ്പ് സത്യഗ്രഹത്തിലൂടെ ഗാന്ധി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ അക്ഷരാർത്ഥത്തിൽ തകർത്തു. 1930 മേയ് 21ന് ന്യൂയോർക്ക് ടൈംസിനായി ജോർജ് സ്ലൊകോംബ്, യെർവാഡ സെൻട്രൽ ജയിലിൽ വച്ച് ഗാന്ധിയുമായി അഭിമുഖം നടത്തി. ടൈം മാഗസിൻ 1930ൽ മഹാത്മാഗാന്ധിയെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.
1930ൽ, ടൈം എഴുതി, “കൃത്യമായി പന്ത്രണ്ട് മാസം മുമ്പാണ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. മാർച്ചിലാണ് ഉപ്പ് നികുതി ലംഘിക്കാന്‍ അദ്ദേഹം കടല്‍ക്കരയിലേക്ക് മാർച്ച് ചെയ്തത്.” മേയ് മാസത്തില്‍ ബ്രിട്ടൻ ഗാന്ധിജിയെ തടവിലാക്കി. അദ്ദേഹത്തോടൊപ്പം പങ്കടുത്ത 30,000 അംഗങ്ങളെയും തടവിലിട്ടു. “അർധനഗ്നനായ, ഇരുണ്ടനിറത്തിലുള്ള ഈ മനുഷ്യന്റെ ലോകചരിത്രത്തിലെ അടയാളം നിസംശയം മാറ്റാരെക്കാളും വലുതായിരിക്കും” — ബ്രിട്ടീഷ്‌രാജിനെതിരായ ഗാന്ധിയുടെ പോരാട്ടത്തെ ലോകമാധ്യമങ്ങൾ കണ്ടത് ഇങ്ങനെയായിരുന്നു. എന്നിട്ടും ഗാന്ധി ബ്രിട്ടീഷുകാരെ സഹായിച്ചെന്നും അദ്ദേഹം ബ്രിട്ടീഷ് ഏജന്റാണെന്നും പ്രചരിപ്പിക്കുന്ന ‘പുതിയ ആഖ്യാനം’ അസത്യമാണ്, അശ്ലീലമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.