23 April 2024, Tuesday

Related news

December 20, 2022
December 20, 2022
December 19, 2022
December 18, 2022
December 14, 2022
December 10, 2022
December 4, 2022
December 1, 2022
November 28, 2022
November 28, 2022

ആദ്യ പകുതിയില്‍ ജയസാധ്യത 0.5 ശതമാനം മാത്രം: അട്ടിമറി ആഘോഷിക്കാൻ സൗദിയില്‍ ഇന്ന് പൊതു അവധി

Janayugom Webdesk
November 23, 2022 12:47 pm

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് കളി തുടങ്ങിയപ്പോള്‍ മുതല്‍ അര്‍ജന്റീന‑സൗദി അറേബ്യ ലോകകപ്പ് മത്സരത്തിലെ വിജയ സാധ്യത ഏതാണ്ട് പൂര്‍ണ്ണമായി തന്നെയും അര്‍ജന്റീനയ്ക്കായിരുന്നു. ഫിഫയുടെ സൈറ്റില്‍ ആദ്യ പകുതി വരെയും 97 ശതമാനം വിജയ സാധ്യത അവര്‍ക്ക് നല്‍കിയിരുന്നു. സൗദിക്കാകട്ടെ വെറും 0.5 ശതമാനവും. ബാക്കിയുള്ളത് സമനില സാധ്യതയായിരുന്നു.

എന്നാല്‍ 48-ാം മിനിറ്റ് മുതല്‍ ചെറിയ മാറ്റം വന്നു തുടങ്ങി. അപ്പോഴും സൗദിയുടെ സാധ്യത കൂടിയില്ല. സമനില സാധ്യതയാണ് വര്‍ധിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ സാധ്യത 75 ശതമാനത്തില്‍ താഴെ പോയതുമില്ല. എല്ലാവര്‍ക്കും അത്ര ഉറപ്പായിരുന്നു അവരുടെ വിജയം. 53-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വീണിട്ടും അര്‍ജന്റീനന്‍ സാധ്യതകള്‍ 50 ശതമാനത്തില്‍ താഴെ പോയില്ല. ഏകദേശം അറുപത് മിനിറ്റ് പിന്നിട്ടതിന് ശേഷം മാത്രമാണ് സൗദിയുടെ സാധ്യത അര്‍ജന്റീനയ്ക്ക് ഒപ്പമെത്തിയത്. അപ്പോഴും സമനില സാധ്യതയായിരുന്നു മുന്നില്‍.

എന്നാല്‍ അപ്പോഴേക്കും സൗദി ക്യാമ്പ് വിജയാഘോഷം ആരംഭിച്ചിരുന്നു. ഒരു സമനില പോലും അവര്‍ക്ക് കപ്പടിച്ചതിന് തുല്യമായിരുന്നു. കാരണം, എതിരാളികള്‍ ലോക ഫുട്ബോളിലെ തന്നെ സുല്‍ത്താന്മാരായ അര്‍ജന്റീനയാണല്ലോ. അധികമായി കിട്ടിയതിന്റെ അവസാന നിമിഷം വരെ ഒരു സമനില ഗോളെങ്കിലും എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ സൗദിയുടെ പോരാളികള്‍ തയ്യാറായിരുന്നില്ല. അവരുടെ പ്രതിരോധവും അത്ര ശക്തമായിരുന്നു. അര്‍ജന്റീന ആറ് തവണ ലക്ഷ്യത്തിലേക്ക് പന്ത് അടിച്ചു കയറ്റിയെങ്കിലും ഒന്നുപോലും വിജയിച്ചില്ല. എന്നാല്‍ സൗദിയുടെ ആകെയുണ്ടായ മൂന്ന് ഷോട്ടുകളില്‍ രണ്ട് ഷോട്ടുകള്‍ ലക്ഷ്യം കണ്ടു. പന്ത് കൈവശമിരുന്ന സമയം നോക്കിയാലും അര്‍ജന്റീനയ്ക്കായിരുന്നു മേല്‍ക്കൈ. 70 ശതമാനവും പന്ത് അവരുടെ കാലുകളിലായിരുന്നു. 9 കോര്‍ണറുകള്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചപ്പോള്‍ സൗദിക്ക് ലഭിച്ചത് രണ്ടെണ്ണം മാത്രം. 

അതേസമയം അപ്രതീക്ഷിതമായ ഈ വിജയം ആഘോഷമാക്കുകയാണ് സൗദി ജനത. വിജയം ആഘോഷിക്കാൻ സല്‍മാൻ രാജാവ് ഇന്ന് രാജ്യത്തിന് പൊതു അവധി നല്‍കിയിരിക്കുകയാണ്. അതായത് ലോകകപ്പ് നേടിയ പ്രതീതിയാണ് ഈ വിജയത്തോടെ സൗദിക്കുള്ളത്. ഈ ഹാംഗ് ഓവര്‍ അടുത്തകാലത്തൊന്നും അവരെ വിട്ടൊഴിയില്ലെന്നും ഉറപ്പ്. 

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ഈ വിജയം അവധിയിലൂടെ സൗദി ജനത ആഘോഷിക്കുകയാണ്. സൗദിയിലെ തെരുവുകളില്‍ വലിയ വിജയാഘോഷമാണ് ഇന്ന് നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളി കാണാനായി അവധി നല്‍കിയിരുന്നു. തെരുവുകള്‍ ഏതാണ്ട് വിജനമായിരുന്നു. രാജ്യത്ത് പതിവില്ലാത്ത വിധം സ്ത്രീകളും പുരുഷന്മാര്‍ക്കൊപ്പം ഭക്ഷണശാലകളിലിരുന്ന് കളി കാണുന്നുണ്ടായിരുന്നു. 

കളിക്ക് ശേഷം കഥ മാറി. തെരുവുകള്‍ ആളുകളെ കൊണ്ട് നിറഞ്ഞു. വിജയം ആഘോഷിക്കുന്നവരുടെ ആര്‍പ്പു വിളികളായിരുന്നു എങ്ങും. ആ ആഘോഷം രാത്രിയിലേക്കും നീണ്ട് ഇന്ന് പകലിലേക്കും വ്യാപിച്ചിരിക്കുകയാണ്. അതേസമയം വിജയാഘോഷത്തിനിടെയിലും ഒരു ദേശീയ ദുഃഖവും ഇന്നലത്തെ ദിവസം സൗദിക്ക് സമ്മാനിച്ചു. ഗോളി മുഹമ്മദ് അല്‍ ഒവൈസുമായി കൂട്ടിയിടിച്ച പ്രതിരോധ നിരയിലെ യാസര്‍ അല്‍ സഹ്റാനിക്ക് പരിക്കേറ്റതാണ് ദുഃഖത്തിന് കാരണം. അര്‍ജന്റീനയുടെ മുന്നേറ്റങ്ങളൊന്നും ഫലം കാണാത്തതില്‍ സഹ്റാനിക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. ഒരു ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയാണ് ഇരുവരും കൂട്ടിയിടിച്ചത്. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്, ഇടതു മുഖത്തെ എല്ലും ഒടിഞ്ഞു. ഇദ്ദേഹത്തെ പ്രത്യേക വിമാനത്തില്‍ ജര്‍മ്മനിയില്‍ കൊണ്ടുപോയി ചികിത്സിക്കാൻ സല്‍മാൻ രാജാവ് ഉത്തരവിട്ടു.

Eng­lish Sum­mery: Pub­lic Hol­i­day in Sau­di Ara­bia for Vic­to­ry Celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.