20 December 2024, Friday
KSFE Galaxy Chits Banner 2

ഹയ്യ ഹയ്യ ഹയ്യ.….

അഡ്വ. കെ കെ സമദ്
November 20, 2022 7:00 am

“മനുഷ്യ ജീവിതത്തിലെ ധാർമികതയെക്കുറിച്ചും കടമയെക്കുറിച്ചും എനിക്ക് അറിയാവുന്നതിനെല്ലാം ഞാൻ ഫുട്ബോളിനോട് കടപ്പെട്ടിരിക്കുന്നു.” വിശ്വസാഹിത്യത്തിലെ ഉജ്വല നക്ഷത്രമായ ആൽബെർട്ട് കാമുവിന്റെ വിഖ്യാതമായ വാക്കുകളാണിത്. കാറ്റ് നിറച്ച ഒരു പന്ത് വളർന്നുവളർന്ന് ഭൂഗോളത്തെ നിയന്ത്രിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഫുട്ബോളിന്റെ കഥ പറയുമ്പോൾ മനുഷ്യന്റെ അതിജീവനത്തിന്റെ കഥകൾ കൂടി ചേർക്കണം. അവിടെ ദരിദ്രന്റെയും അരികുവൽകരിക്കപ്പെട്ടവന്റെയും കിനാവും കണ്ണീരും പ്രതീക്ഷകളുമുണ്ട്. പ്രബലന്റെ വീഴ്ചയും അടിച്ചമർത്തലും പ്രലോഭനങ്ങളും പ്രകോപനങ്ങളുമുണ്ട്. ആജ്ഞകളും ആക്രോശങ്ങളും കല്പനകളും വിരോധാഭാസങ്ങളും ആഘോഷങ്ങളും ആരവങ്ങളും ആനന്ദവുമുണ്ട്. മനുഷ്യ മസ്തിഷ്കത്തിന്റെ സർവതലങ്ങളെയും ഇത്രമേൽ സ്പർശിക്കുന്ന മറ്റൊരു കായികവിനോദവും ഭൂലോകത്ത് ഇല്ല. അതിർവരമ്പുകളില്ലാത്ത വിവേചനങ്ങളില്ലാത്ത തുല്യതയുടെ തുലാസിലാണ് ഫുട്ബോളിന്റെ സ്ഥാനം. വിശ്വമാനവികതയാണ് അതിന്റെ ഭാഷ. അതിർവരമ്പുകളില്ലാത്തതാണ് ഫുട്ബോളിന്റെ സാമ്രാജ്യം. 

തീവ്രദേശീയത അരങ്ങുവാഴുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വിഭജിക്കാൻ കാരണങ്ങൾ കണ്ടെത്തുന്നതാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയം ഇന്ത്യയിൽ, നമുക്ക് തൊട്ടടുത്ത് പാകിസ്ഥാനിൽ, ലിബറൽ രാഷ്ട്രീയത്തിന്റെ കുത്തകപേറുന്ന യൂറോപ്യൻ രാജ്യങ്ങളിൽ, അമേരിക്കയിൽ,എവിടെയും തീവ്രദേശീയവാദികൾ അരങ്ങുതകർക്കുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന ഒറ്റ മുദ്രാവാക്യംകൊണ്ട് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ വന്നത് ആരും മറന്നുകാണില്ല. ആ ലോകത്താണ് അതിരുകളില്ലാത്ത ചിന്തയുമായി ഈ കുഞ്ഞുപന്ത് ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്നത്. കളി നടക്കുമ്പോഴെല്ലാം ആഗോള പൗരന്മാരായി രൂപാന്തരപ്പെടുന്ന അസംഖ്യം മനുഷ്യരെ മലപ്പുറത്തും മാരക്കാനയിലും റൊസാരിയോയിലും ഒരുപോലെ കാണാം. ഇന്നുവരെ നേരിൽക്കണ്ടിട്ടില്ലാത്ത ടെലിവിഷൻ സ്ക്രീനിൽ മാത്രം കണ്ടുപരിചയമുള്ള മെസിക്കും ക്രിസ്ത്യാനോയ്ക്കും നെയ്മറിനും വേണ്ടി ആർത്തുവിളിക്കാൻ ഈ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഫുട്ബോൾ എന്ന ഒറ്റ വികാരമാണ്. അവർ തട്ടുന്ന പന്തിലെ കാറ്റ് അവരുടെ ഓരോരുത്തരുടെയും ജീവനാണ്. അതുകൊണ്ടാണ് ആ ജീവന്റെ അധിപന്മാർ അവർക്ക് ദൈവങ്ങളാകുന്നത്. പെലെയും മറഡോണയും ആരാധനാമൂർത്തികളായ ഫുട്ബോൾ വിശ്വാസികൾ ഈ ലോകത്ത് തീർത്ത സമത്വവും മാനവികതയും ഒരു മതത്തിനും ആധുനിക കാലത്ത് അവകാശപ്പെടാനില്ല. കോഴിക്കോട് ചാത്തമംഗലത്തെ ചെറുപുഴയുടെ തലോടലേറ്റ് നെയ്മറും, റൊണോൾഡോയും, മെസിയുമൊക്കെ തലയുയർത്തി നിൽക്കുന്നത് ഫുട്ബോളിന്റെ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ പശ്ചാതലത്തിലാണ്. 

ഫുട്ബോളിനെ യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന എഴുത്തുകാരുണ്ട്. ആ പ്രയോഗം പക്ഷെ വൈകാരിക തലത്തിൽ മാത്രം ഫുട്ബോളിനെ പ്രതിഫലിപ്പിക്കുന്ന പദമാണ്. അതേ ഫുട്ബോളിനെ തന്നെ സംഗീതമെന്ന് വിശേഷിപ്പിച്ച ചിന്തകരും ചരിത്രത്തിൽ കടന്നുപോയിട്ടുണ്ട്. ഇനി യുദ്ധമാണെങ്കിൽ പോലും ഇന്നും നിയമങ്ങളും നീതിയും എഴുതപ്പെട്ട അതേ പോലെ നടക്കുന്ന ഏക യുദ്ധമാണ് പച്ചപ്പുല്ല് നിറഞ്ഞ ദീർഘചതുരാകൃതിയുള്ള പോർക്കളത്തിൽ നടക്കുന്നത്. മൈതാനത്ത് നിന്നും നടത്തിയ ഒരൊറ്റ ആഹ്വാനത്തിലൂടെ ആഭ്യന്തര യുദ്ധങ്ങളെ ഒറ്റ നിമിഷം കൊണ്ട് അവസാനിപ്പിച്ച കഥ കൂടി പറയാനുണ്ട് ഫുട്ബോളിന്. 2005 ൽ ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റ് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്നു. ആ ചരിത്ര നിമിഷം ആഘോഷിക്കാൻ കഴിയാത്ത വിധം ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയിലായിരുന്നു ആ കുഞ്ഞുരാജ്യം. നാല് വർഷമായി പരസ്പരം പോരടിക്കുന്ന ജനത. അവർക്ക് മുന്നിലേക്ക് ലോകകപ്പ് പ്രവേശനത്തിലൂടെ ഹീറോയായി മാറിയ ദിദിയർ ദ്രോഗ്ബ ടിവി സ്ക്രീനിലൂടെ പ്രത്യക്ഷപ്പെടുന്നു. വെടിയൊച്ചകളും നിലവിളികളും നിറഞ്ഞ ചോരചിന്തിയ തെരുവുകളോട് ഈ ചരിത്ര നിമിഷം ഒരുമിച്ചാഘോഷിക്കാൻ അയാൾ ആഹ്വാനം ചെയ്തു. ജനത അതേറ്റെടുത്തു. പരസ്പരം ആക്രോശിച്ചവർ ഒരിറ്റ് ചോര ചിന്താതെ പുതിയ ഭരണകൂടത്തെ തെരഞ്ഞെടുത്തു. 

ലാറ്റിനമേരിക്കയ്ക്ക് ഫുട്ബോൾ ഒഴിവുസമയത്തെ വിനോദമല്ല, അവരുടെ ജീവിതത്തിന്റെയും നിലനിൽപ്പിന്റെയും അവസാന ശ്വാസമാണ്. അവിടുത്തെ കലയും സംസ്കാരവും രാഷ്ട്രീയവുമെല്ലാം ഫുട്ബോളുമായി കൂടിക്കുഴഞ്ഞിരിക്കുന്നു. ചെഗുവേരയും മറഡോണയും നമുക്ക് പ്രിയങ്കരന്മാരായത് എന്തുകൊണ്ടാകും. രണ്ടുവഴികളിലൂടെ മനുഷ്യന്റെ നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രതീകങ്ങളായത് കൊണ്ടാകാം. അല്ലെങ്കിൽ സ്വശരീരത്തിൽ ജീവിക്കാതെ സമൂഹത്തിന്റെ പരിച്ഛേദമായി മാറിയത് കൊണ്ടാകാം. മറഡോണയുടെ വിശ്വവിഖ്യാതമായ ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോളിനുപോലും മാനവികതയുടെ മാനമുണ്ടായിരുന്നു. ഫുട്ബോളിനെ തലകൊണ്ട് കാണുന്നവർക്ക് അത് ചതിയും വഞ്ചനയും കള്ളവുമാണ്. ഹൃദയം കാണുന്നവർക്ക് അത് അധിനിവേശവിരുദ്ധതയും പ്രതികാരവുമാണ്. ഫോക്ലാൻഡ് ദ്വീപിൽ അധിനിവേശം നടത്തിയ ബ്രിട്ടനോടുള്ള പ്രതിഷേധമായിരുന്നു മറഡോണയുടെ ഗോളാഘോഷം. 

കറുത്തവന്റെ ആത്മാഭിമാനം ഉയർത്തുന്നതിൽ ഫുട്ബോൾ വഹിച്ച പങ്ക് ചെറുതല്ല, ഇക്കാര്യത്തിൽ രാഷ്ട്രീയ പോരാട്ടം നയിച്ചവർക്കൊപ്പം തന്നെ ചേർത്ത് വെക്കേണ്ട പേരാണ് ഫുട്ബോൾ ഇതിഹാസം പെലെയുടേത്. യൂറോപ്യൻമാരുടെ അടിമകളായിരുന്ന ആഫ്രിക്കയിലെ കറുത്ത മനുഷ്യർക്ക് വിമോചനത്തിന്റെ ശബ്ദമായിരുന്നു പെലെ. പെലെയുടെ ഓരോ ഗോളും പോസ്റ്റുകളിലേക്ക് തുളച്ചുകയറുമ്പോൾ കാതങ്ങളകലെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കറുത്ത മനുഷ്യർ അവരുടെ മനസിലെ ചങ്ങലകൾ പൊട്ടിച്ചെറിയുകയായിരുന്നു. വെളുത്തവന്റെ ലോകം ഒരു കറുത്തമനുഷ്യന്റെ കാലുകളിലേക്ക് കണ്ണുംനട്ടിരിക്കുന്നത് അവരിൽ ആത്മഹർഷമുണ്ടാക്കി. ബ്രസീലിലെ ഫവേലകളിൽ അയാൾ വിമോചനത്തിന്റെ ശബ്ദമായി മാറി. മാനസിക അടിമത്തത്തിൽ കറുത്തവനെ മോചിപ്പിച്ച് മഹാവിപ്ലവമാണ് പെലെ കളിക്കളത്തിൽ നടത്തിയത്. വെളുത്തവന്റെ കളിയിലേക്ക് കറുത്തവന് പാസ് നൽകി ആദ്യ വിപ്ലം നടത്തിയത് ഉറുഗ്വായാണ്.

worldcup

യുവാൻ ഡെൽഗാഡോയെയും ഇസബെലിനോ ഗ്രാഡിനെയും അറിയാത്ത ഫുട്ബോൾ ആരാധകനുണ്ടാവില്ല. ഫുട്ബോൾ ചരിത്രത്തിലെ കറുത്ത വംശജരായ ആദ്യ ഫുട്ബോൾ താരങ്ങളാണ് ഇരുവരും അടിമത്തത്തിൽ നിന്നും ആരാധനാമൂർത്തികളിലേക്ക് ഇരുവരെയും കൈപ്പിടിച്ചുയർത്തിയത് ഫുട്ബോളിന്റെ വിശാലതയാണ്. 106 വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ ചരിത്ര നിമിഷം. ഫുട്ബോൾ ഭൂമിയിലെ അതിർത്തിയും മനസിലെ അതിർത്തിയും മായ്ച്ചുകളഞ്ഞ കഥകൾ ഏറെയുണ്ട്.
അടിസ്ഥാനപരമായി ഫുട്ബോൾ സാങ്കേതികമായും വൈകാരികമായും ഒരു ടീം ഗെയിമാണ്. പരസ്പരധാരണയും ഐക്യവുമാണ് കളിയുടെ ആത്മാവ്. അത് ചോർന്നാൽ ടീം പരാജയപ്പെടും. നെയ്മറിനോ മെസിക്കോ ഒറ്റയ്ക്ക് ഗോളടിക്കാനാവില്ല. അതിന് സഹതാരങ്ങളുടെ പിന്തുണവേണം. ദേശത്തിന്റെയോ ഭാഷയുടെയോ നിറത്തിന്റെയോ വൈജാത്യങ്ങളുടെ പേരിൽ ഒരാൾ പാസ് ചെയ്യാതിരുന്നാൽ അവിടെ തോൽക്കുന്നത് ആ ടീമിലെ 11 പേരുമാണ്. അവർ മാത്രമല്ല അവരെ സ്നേഹിക്കുന്ന ലോകമൊട്ടാകെയുള്ള ആരാധകരാണ്. പാരസ്പര്യവും സഹകരണവും ചേർത്ത് നിർത്തലുമാണ് ശക്തിയെന്ന മാനവിക തത്വം തന്നെയാണ് ഫുട്ബോളിന്റെയും ആത്മാവ്. ലോകത്തിൽ എല്ലായിടത്തുമുള്ള മനുഷ്യരെ സാർവ ദേശീയതയിലേക്ക് ഉയർത്തുകയാണ് ഫുട്ബോൾ. ലോകത്തിലെ ഏത് കോണിലെയും മനുഷ്യരുടെ വേദനകളെ തന്റേത് കൂടിയായി കാണണമെന്ന ഇടത് സാർവദേശീയ മാനവിക ആശയത്തിന്റെ മാരിവില്ലുകൂടിയാണ് ലോക ഫുട്ബോളിന്റെ കളിക്കളങ്ങൾ അന്വർത്ഥമാക്കുന്നത്. 

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.