15 November 2024, Friday
KSFE Galaxy Chits Banner 2

പെരുങ്കളിയാട്ടം

നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ദുരന്ത നായകരായി ഈ ലോകകപ്പിനോട് വിടപറഞ്ഞപ്പോൾ പുല്ലാവൂർ പുഴയിൽ കഴിഞ്ഞ കുറച്ചു ദിവസമായി മെസി മാത്രമാണുള്ളത്. മെസി ഇതിഹാസം കുറിയ്ക്കുമോ? ഉത്തരം അൽ ലു സൈൽ സ്റ്റേഡിയം തരും. ഇന്ന് രാത്രി
സി പ്രകാശ്
December 18, 2022 7:15 am

പെരുങ്കളിയാട്ടങ്ങളിലും നാലാണ്ട് കളിയാട്ടങ്ങളിലും ഇതു പോലെയാണ്. മറ്റ് കോലങ്ങളെല്ലാം മുടിയഴിച്ച് അണിയറയിലേക്ക് മടങ്ങിയ ശേഷം മുറ്റം അടിച്ചുതളിച്ച് ശുദ്ധിയാക്കി പ്രധാന കോലത്തിന്റെ പുറപ്പാടിനായുള്ള നിശബ്ദമായ, അതീവഭക്തി നിർഭരമായ കാത്തിരിപ്പ്. ലോകം അങ്ങനെയൊരു കാത്തിരിപ്പിലാണ്. ഇന്ന് രാത്രി ഖത്തറിലെ അൽ ലുസൈൽ സ്റ്റേഡിയത്തിൽ രണ്ട് പ്രധാന ദൈവക്കോലങ്ങളിറങ്ങും. ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഫുട്ബാൾ ദൈവം ലയണൽ മെസിയാണ് ഒരാൾ. മറ്റത് കിലിയൻ എംബെപെ.
അതെ, ആ കാത്തിരിപ്പിന്റെ ഉദ്വേഗവും നിശ്ശബ്ദതയും ഭക്തി നിർഭരതയും മാത്രം നമുക്കിങ്ങോട്ട് കടമെടുക്കാം. നാം സംസാരിക്കുന്നത് കാൽപന്തുകളിയെക്കുറിച്ചാണ്. പന്തുകളിയും ഒരു ആത്മീയ ലഹരിയായിരിക്കുന്നു. വ്രതമായിരിക്കുന്നു. മതമായിരിക്കുന്നു. ആരാധകർ വ്രതം നോറ്റിരുന്ന പത്തിരുപത്തെട്ടു ദിനരാത്രങ്ങളുടെ പരിസമാപ്തി ദിനം കൂടിയാണിന്ന്.
കളിയുടെ മഴവില്ലഴക് വിരിയിക്കുന്ന പന്തടക്കത്തിന്റെ ഇന്ദ്രജാല രാജകുമാരനും
സകല രഥവേഗങ്ങളെയും അതിശയിപ്പിച്ച് കുതിക്കുന്ന കളിക്കളത്തിലെ യാഗാശ്വവും നേർക്കുനേർ വരുമ്പോൾ ആരാവും വിജയരഥമേറുകയെന്നത് രാശി നോക്കി ഗണിച്ചുപറയാനാവില്ല. 

പന്തുകളിയിലെ രണ്ട് വൻശക്തികളുടെ പ്രതീകങ്ങൾ. മെസിയും എംബെപ്പേയും, അവർ തനിച്ചല്ല. ഒപ്പമുള്ളത് പടനായകരുടെ ചങ്കുറപ്പിൽ വിശ്വസിച്ച് കൂടെ കൂടിയ വെറും കൂട്ടമല്ല, സുസജ്ജമായ അക്ഷൗഹിണികളാണ്. പ്രതിരോധത്തിലും മധ്യനിര തന്ത്രങ്ങളിലും അതീവ കരുതലോടെ കരുക്കൾ നീക്കുകയും എന്നാൽ അവസരങ്ങൾ തുറന്നു കിട്ടുമ്പോൾ ചീറ്റപ്പുലികളെ പോലെ എതിർ ഗോൾ മുഖത്തേക്ക് ആർത്തലച്ചെത്തുകയും ചെയ്യുന്ന കളിക്കാർ. ഏതെങ്കിലുമൊരു കളിക്കാരനെ അമിതമായി ആശ്രയിക്കുന്നില്ല. മെസിയെ പൂട്ടാൻ ശ്രമിക്കുമ്പോഴാകും മറുവശത്ത് അൽവാരസ് കുതിക്കുക. എംബെപെയെ വരിയാൻ ശ്രമിക്കുമ്പോഴാകും അന്റോണിയോ ഗ്രീസ്മാൻ കയറി വരിക. കോട്ട കാക്കാൻ ഭൂതങ്ങളായി എമിലിയാനോ മാർട്ടിനസും ഹ്യൂഗോ ലോറിസും. നെഞ്ചുവിരിച്ച് കൈകൾ വിരിച്ച് അവർ മുന്നിൽ നിൽക്കുമ്പോൾ ഏത് മുന്നേറ്റനിരക്കാരനും പതറും. ഓരോ കളിക്കും മുൻകൂട്ടി ഗൃഹപാഠം ചെയ്ത് കൃത്യമായ ഗെയിം പ്ലാനുമായാണ് ഇരു ടീമുകളുമെത്തുന്നത്. പ്രത്യേകിച്ച് അർജന്റീന, പരിശീലകൻ ലയണല്‍ സ്കലോണിയുടെ തന്ത്രങ്ങൾ തന്നെയാണ് അവരുടെ ആക്രമണത്തിന്റെ മുന കൂർപ്പിച്ചത്. തേച്ചുമിനുക്കിയ ആയുധങ്ങളും പടക്കോപ്പുകളും തയ്യാർ. അന്തിമ യുദ്ധത്തിന് ലോകം കാതോർക്കുകയാണ്. 

നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും പടക്കളത്തിൽ നിന്ന് പരാജിതരായി മടങ്ങിപ്പോയിരിക്കുന്നു. ബ്രസീലും പോർച്ചുഗലും തുടക്കത്തിൽ പ്രതീക്ഷകളുണർത്തി പിന്നീട് തളർന്നു വീണപ്പോൾ ജർമ്മനിയുടെ പൊടിപോലുമില്ല. ഇംഗ്ലണ്ടും ഒടുവിൽ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി. ബാക്കിയാവുന്നത് അർജന്റീനയും ഫ്രാൻസും. ഇരുകൂട്ടരും രണ്ടു തവണ ലോക ചാമ്പ്യൻമാരായവർ. അർജന്റീന മറഡോണയുടെ പിൻഗാമിയായ അവരുടെ മിശിഹ ലയണൽ മെസിക്ക് മറ്റെല്ലാം തികഞ്ഞു വന്നിട്ടും ഒരു ലോകകപ്പ് നേടാൻ കഴിഞ്ഞില്ലെന്ന ദു: ഖം ബാക്കിയായവർ. ഫ്രാൻസാകട്ടെ നിലവിലുള്ള ചാമ്പ്യൻമാരും. ഇതിലൊരാൾ ജയിക്കട്ടെ. പട്ടാഭിഷേകം നടക്കട്ടെ. പക്ഷേ ഖത്തർ നമുക്ക് തരാനുള്ളത് തന്നു കഴിഞ്ഞു. എന്തെന്ത് കൊട്ടിക്കയറ്റങ്ങളും കൊട്ടിയിറക്കങ്ങളും വെടിക്കെട്ടുകളും കുടമാറ്റങ്ങളുമാണ് അന്തിമ യുദ്ധത്തിലേക്കുള്ള വഴിയിലുടനീളം ഖത്തർ വാരിവിതറിയതെന്ന് നോക്കൂ. വമ്പൻമാരുടെ വീഴ്ചകൾ, ആഫ്രിക്കയുടെയും ഏഷ്യയുടെയും കുതിപ്പുകൾ, അട്ടിമറികൾ, മാറ്റിയെഴുതേണ്ടി വന്ന കണക്കു പുസ്തകങ്ങൾ, ലോകം യവനനായകരെ പോലെ നെഞ്ചേറ്റിയ വീരനായകരിൽ ചിലരുടെ ഏറ്റവും ദുരന്ത ഭരിതമായ പടിയിറക്കങ്ങൾ. കപ്പ് ഫേവറിറ്റുകളായി കൊട്ടിഘോഷിച്ച ചിലരുടെ വമ്പൻ തോൽവികൾ… അങ്ങനെ എന്തെല്ലാം.
എത്ര അഭിമാനഭരിതരായാണ് ഫ്രാൻസിന് മുന്നിൽ വീരോചിതമായി പൊരുതി വീണ ആഫ്രിക്കൻ കരുത്തായ മൊറോക്കോ മടങ്ങുന്നത്. സെമിയിൽ തോറ്റെങ്കിലും ചരിത്രമെഴുതിച്ചേർത്തുകൊണ്ടാണ് ആ മടക്കം. ആഫ്രിക്കയിൽ നിന്ന് ആദ്യമായൊരു ടീം ലോകകപ്പ് സെമി കണ്ട് മടങ്ങുന്നു. അതും വമ്പൻമാരെ വിറപ്പിച്ചുകൊണ്ട്. അതു മതി. അത്ഭുതമാണത്. അവസാനകളിയിലെ ഫിനിഷിംഗ് പിഴവുകളും ഭാഗ്യക്കേടുമൊഴിച്ചാൽ എന്തൊരു ടീമാണത്. എന്തൊരു ഭയമില്ലായ്മയും ആത്മവിശ്വാസവുമായിരുന്നു.
കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയ്ക്കും വലിയ ദുഃഖം വേണ്ട. ക്വാർട്ടറിൽ കാനറികളുടെ ചിറകരിഞ്ഞ് സെമിവരെ അവർ പൊരുതിക്കയറി. സെമിയിലാവട്ടെ ഉജ്ജ്വല ഫോമിലേക്കുയർന്ന അർജന്റീനയോട് നിരുപാധികം തോറ്റുപോയി. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടെന്ന വിഷാദം വേണ്ട. പെനാൽറ്റിയുടെ പേരിൽ തർക്കിച്ചെങ്കിലും ലൂക്കാ മോഡ്രിച്ചിന്റെയും കൂട്ടരുടെയും കളി കഴിഞ്ഞുള്ള ശരീരഭാഷയും അത് തന്നെയായിരുന്നു. എങ്കിലും ക്രൊയേഷ്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ലൂക്ക മോഡ്രിച്ച് ഇനിയൊരു ലോക കപ്പിനുണ്ടാവില്ലെന്ന സങ്കടം ബാക്കിയാകുന്നു. 

ഖത്തറിൽ അമ്പു കൊള്ളാത്തവരുണ്ടായിരുന്നില്ല ഗുരുക്കളിൽ. വമ്പൻമാരായ ടീമുകൾക്കെല്ലാം ഏതെങ്കിലും ഒരു ഘട്ടത്തിൽ അട്ടിമറി തോൽവി പിണഞ്ഞു. കുഞ്ഞൻ ടീമുകൾ ഗോലിയാത്തുകളെ വീഴ്ത്തി. സൗദി അറേബ്യ അർജന്റീനയെ. ജപ്പാൻ ജർമ്മനിയെയും സ്പെയിനിനെയും. വെയിൽസിനെ ഇറാൻ. മൊറോക്കോ ബെൽജിയത്തെ. ടുണീഷ്യ ഫ്രാൻസിനെ. ദക്ഷിണ കൊറിയ പോർച്ചുഗലിനെ. കാമറൂൺ ബ്രസീലിനെ. ലീഗ് റൗണ്ട് അട്ടിമറികളുടെ പൊടിപൂരമായി. വിൻസന്റ് അബൂബക്കറിന്റെ ഇൻജ്വറി ടൈം ഗോളിലാണ് കാമറൂണിനെതിരെ ബ്രസീലിന് അടിപതറിയത്. ഒരു ആഫ്രിക്കൻ രാജ്യത്തിനെതിരെ ലോകകപ്പിൽ ബ്രസീൽ വീഴുന്നതാദ്യം.
സ്പെയിനിനെ ഷൂട്ടൗട്ടിൽ തുരത്തി ക്വാർട്ടറിലേക്ക് കുതിച്ച മൊറോക്കോ അവിടെ പോർച്ചുഗലിനെ കീഴടക്കി അട്ടിമറി തുടർന്നു. കൂട്ടത്തിൽ കോസ്റ്റാറിക്കയാവട്ടെ സ്പെയിനിനും ജർമ്മനിക്കും ഷൂട്ടിംഗ് പ്രാക്ടീസിനുള്ള ഇടമൊരുക്കി. 2014 ൽ ഉൾപ്പെടെ നാലുതവണ ലോക ചാമ്പ്യൻമാരും അത്ര തന്നെ തവണ റണ്ണറപ്പുകളുമായ ചരിത്രമുള്ള ജർമനി കഴിഞ്ഞ ലോകകപ്പിലെന്ന പോലെ ഇത്തവണയും ലീഗ് റൗണ്ടിൽ തന്നെ പുറത്തായി.
ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിന്റെ വിധിയിൽ ക്രൊയേഷ്യയ്ക്ക് മുന്നിൽ കാനറികൾ ചിറകു തളർന്ന് വീണപ്പോൾ പൊലിഞ്ഞു പോയത് നെയ്മറുടെ അവസാനമെന്ന് കരുതാവുന്ന ലോകകപ്പ് സ്വപ്നങ്ങൾ കൂടിയാണ്. ബ്രസീൽ അർഹിച്ചിരുന്നു. പക്ഷേ അത് ദൈവത്തിന്റെ തീരുമാനം അല്ലായിരിക്കാം എന്നാണ് അതേ പറ്റി നെയ്മർ തന്നെ പറഞ്ഞത്. 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടക്കം ഈ ലോകകപ്പിന്റെ ഏറ്റവും വലിയ ദുരന്ത കാഴ്ചയായി. ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റുകൊണ്ടാണ് പോർച്ചുഗൽ പുറത്തേക്ക് യാത്രയായത്. തൊട്ടുമുമ്പുള്ള കളിയിലും മൊറോക്കൊയ്ക്കെതിരെയും റൊണാൾഡോയെ ആദ്യ ഇലവനിൽ കളത്തിലിറക്കാതിരുന്ന പരിശീലകൻ തന്നെയാണ് പ്രതിക്കൂട്ടിലായത്. തോറ്റ കളിക്ക് ശേഷം മുഖം കുനിച്ച് കനത്ത കദനഭാരത്താല്‍ കണ്ണീരൊലിപ്പിച്ചു കൊണ്ട് റൊണാൾഡോ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. രണ്ടു പതിറ്റാണ്ട് നീണ്ട ലോകകപ്പ് പടയോട്ടങ്ങളുടെ അവസാനം. സ്വന്തം രാജ്യത്തിന് ഒരു ലോകകിരീടം നേടിക്കൊടുക്കാൻ കഴിയാതെ പോയ ദുരന്ത നായകൻ. തീർച്ചയായും ഈ കപ്പിത്താൻ അർഹിച്ചിരുന്നു, വീരോചിതമായ ഒരു മടക്കം. അതുണ്ടായില്ല. വല്ലാത്തൊരു ദൗർഭാഗ്യ മുഹൂർത്തം..
ശിശുക്കളായ സൗദിയോട് ആദ്യകളി തോറ്റപ്പോൾ തങ്ങളെ അമ്പേ എഴുതിത്തള്ളിയവരോട് മധുര പ്രതികാരം വീട്ടിയാണ് അർജന്റീന പിന്നീട് ഓരോ കളിയിലും വർദ്ധിത വീര്യത്തോടെ പൊരുതിക്കയറിയത്. മെക്സിക്കോ, പോളണ്ട്, ആസ്ട്രേലിയ, നെതർലണ്ട്, ഒടുവിൽ പോയതവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യ. ആ രഥവേഗത്തിന് മുന്നിൽ കാലിടറി വീണവർ. മറഡോണയുടെ മാന്ത്രിക മികവിൽ കിരീടമുയർത്തിയ 1986 ആവർത്തിക്കാനാവുമോ എന്നതാണ് ചോദ്യം. അത്തവണ മറഡോണയിൽ തെളിഞ്ഞു കണ്ട അതേ അത്ഭുത തേജസ് ഇത്തവണ മെസിയിലും കാണുന്നതായി ആരാധകർ. ഗോളടിക്കുക മാത്രമല്ല അടിപ്പിക്കുകയും ചെയ്യുന്നു. സെമിയിൽ ക്രൊയേഷ്യക്കെതിരെ പെനാൽറ്റിയിലൂടെ ടീമിനെ മുന്നിലെത്തിച്ച മെസിക്ക് തന്നെയാണ് അൽവാരിസടിച്ച രണ്ടാം ഗോളിന്റെ മുഴുവൻ ക്രെഡിറ്റും. മെസിയുടെ പാസു സ്വീകരിച്ച് മധ്യവരയ്ക്കിപ്പുറം നിന്ന് പന്തുമായി കുതിച്ച് അൽവാരസ് നേടിയ രണ്ടാം ഗോളാകട്ടെ 86 ൽ ഇംഗ്ലണ്ടിനെതിരെ നേടിയ മറഡോണയുടെ ഗോളിനെ ഓർമ്മിപ്പിച്ചു. അന്ന് ദൈവത്തിന്റെ കൈ കൊണ്ട് നേടിയ ആദ്യ ഗോളിന് ശേഷം അഞ്ച് ഇംഗ്ലീഷുകളിക്കാരെ ഒന്നൊന്നായി വെട്ടിച്ച് അറുപത് മീറ്റർ ഓടി നേടിയ മറഡോണയുടെ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയാണ് വിശേഷിപ്പിക്കപ്പെട്ടത്. 

ബ്രസീലിനെ നിലംപരിശാക്കിയ ലൂക്ക മോഡ്രിച്ചും കൂട്ടരും സെമിയിൽ അർജന്റീനയ്ക്ക് കടുത്ത എതിരാളികളാകുമെന്നാണ് പ്രതീക്ഷിച്ചത്. ആദ്യ മുപ്പത് മിനുട്ട് ഒപ്പത്തിനൊപ്പം നിന്നെങ്കിലും മെസ്സിയുടെ പെനാൽറ്റി ഗോൾ വീണതോടെ കളി ക്രൊയേഷ്യയുടെ കൈവിട്ടു. കളിയുടെ സമസ്ത മേഖലകളിലും സർവാധിപത്യം സ്ഥാപിച്ച് അനിഷേധ്യമായ വിജയമാണ് അർജന്റീന നേടിയത്. പ്രതിരോധത്തിലും മിഡ് ഫീൽഡിലും കരുതലോടെ നിന്ന് തരം കിട്ടുമ്പോൾ കുതിച്ചുകയറുകയെന്ന തന്ത്രമാണ് അർജന്റീന പയറ്റിയത്. എത്രയൊക്കെ പൂട്ടാൻ ശ്രമിച്ചിട്ടും മെസി തരം കിട്ടുമ്പോൾ അവസരം തുറന്നെടുത്തു. സ്വന്തം ഹാഫിൽ നിന്ന് പന്തുമായി പാർശ്വത്തിലൂടെ കുതിച്ച് പ്രതിരോധ ഭടൻമാരുടെ കത്രികപ്പൂട്ടിൽ പെട്ട് ഒരു മൂലയിൽ നിഷ്ഫലമായിപ്പോകുമായിരുന്ന ഒരു നീക്കം… തനിക്കു മാത്രം സാധിക്കുന്ന മാജിക്കോടെ വെട്ടിത്തിരിഞ്ഞ് മൈതാന വരയോട് ചേർന്ന് വീണ്ടും മുന്നേറി ഗോൾ മുഖത്തേക്ക് തളികയിലെന്നോണം വച്ചുകൊടുത്ത അളന്നു മുറിച്ച ആ പാസ് നോക്കൂ. അൽവാരസിന് അത് കണക്ട് ചെയ്താൽ മാത്രം മതിയായിരുന്നു. അപാരമായ ഫോമിലെത്തിനിൽക്കുന്ന മെസ്സി ക്ക് ഇതിഹാസ രചനയിലേക്ക് ഇനി ഒരു ചുവട് മാത്രം.
അഞ്ചു കളികളിൽ ഒരു സെൽഫ് ഗോളല്ലാതെ മറ്റൊരു ഗോളും വഴങ്ങാതിരുന്ന മൊറോക്കൻ ടീമിന്റെ വല അഞ്ചാം മിനുട്ടിൽ തന്നെ ചലിപ്പിച്ചു കൊണ്ടാണ് സെമിയിൽ ഫ്രാൻസ് പടയോട്ടം തുടങ്ങിയത്. ഗ്രീസ്മാനും എംബാപെയും ചേർന്ന നീക്കത്തിൽ നിന്ന് തട്ടിത്തെറിച്ചു വന്ന പന്ത് തിയോ ഹെർണാണ്ടസ് വലയിലാക്കി. മുവാനിയുടെ രണ്ടാം ഗോളിനുമുണ്ടായിരുന്നു എംബാപെ സ്പർശം.
ലോകം ഒരു പന്തായി മാറിയ നാളുകൾ അവസാനിക്കുകയാണ്. ഇങ്ങ് കേരളത്തിൽ പാവം പിടിച്ച പുല്ലാവൂർ പുഴയിലുയർന്ന കളിവീരൻമാരുടെ കൂറ്റൻ കട്ടൗട്ടുകൾ പോലും ലോകത്തിന്റെ ക്യാമറക്കണ്ണിൽ പതിഞ്ഞിരുന്നു… ലോകം ചേരിതിരിഞ്ഞ് ബ്രസീലിനും അർജന്റീനയ്ക്കും പോർച്ചുഗലിനും, മെസിക്കും നെയ്മറിനും റൊണാൾഡോയ്ക്കും വേണ്ടി വാദിക്കുകയും കലഹിക്കുകയും ചെയ്തു. വിജയങ്ങളും വീഴ്ചകളും ആഘോഷിച്ചു. 

നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും ദുരന്ത നായകരായി ഈ ലോകകപ്പിനോട് വിടപറഞ്ഞപ്പോൾ പുല്ലാവൂർ പുഴയിൽ കഴിഞ്ഞ കുറച്ചു ദിവസമായി മെസി മാത്രമാണുള്ളത്. ഇതിഹാസത്തിലേക്ക് കയറിപ്പോകാനുള്ള ഏകാന്ത തപസ്. ഇതിഹാസം, ഐതിഹാസികം തുടങ്ങിയ വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും നാം പ്രയോഗിക്കാറുണ്ട്. കുഞ്ഞു ജാഥകൾ കടന്നുപോകുമ്പോൾ പോലും. ഒരാൾ യഥാർത്ഥത്തിൽ ഇതിഹാസത്തിലേക്ക് നടന്നു നീങ്ങുന്നതെങ്ങനെയാണ്? ഖത്തറിൽ ഇന്നത്തെ കലാശപ്പോരാട്ടത്തിൽ അർജന്റീന ജയിച്ചാൽ ലയണൽ മെസി എന്ന ഫുട്ബാൾ മാന്ത്രികൻ ഇതിഹാസ നായകനാകുന്നത് കാണാം. പെലെയ്ക്ക് പിന്നാലെ, മറഡോണയ്ക്ക് പിന്നാലെ… അത് സംഭവിക്കുമോ? അതോ ഫ്രാൻസിന്റെ ഗർജിക്കുന്ന തോക്കുകൾക്ക് മുന്നിൽ അവർ തകർന്നടിയുമോ? അതാണ് ചോദ്യം. മറുപടി അൽ ലു സൈൽ സ്റ്റേഡിയം തരും. ഇന്ന് രാത്രി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.