കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന് അപമാനമായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വീണ്ടും വാർത്തകളിൽ നിറയുമ്പോൾ പൊതുസമൂഹത്തിൽ അത് വലിയ ആശങ്ക പടർത്തുന്നുണ്ട്. 2005ലെ എസ്എസ്എൽസി പൊതു പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ചോദ്യപേപ്പർ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചതും അത് ഇപ്പോഴും തുടരുന്നതും നമുക്കറിയാം. എന്നാൽ ഇപ്പോൾ പൊതു പരീക്ഷയുടെയല്ല, ക്രിസ്മസ് പരീക്ഷയുടെ എസ്എസ്എൽസി, പ്ലസ് വൺ ചോദ്യങ്ങളാണ് ചോർന്നിരിക്കുന്നത്. ഓണം, ക്രിസ്മസ് തുടങ്ങിയ ടേം പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയെപ്പറ്റി സമാനമായ ആക്ഷേപം കഴിഞ്ഞ വർഷങ്ങളിലും ഉയർന്നിട്ടുണ്ട്. പൊതു പരീക്ഷയ്ക്കുനൽകുന്ന പ്രാധാന്യം ടേം പരീക്ഷകൾക്കില്ലാത്തതുകൊണ്ടാകാം പരാതികൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടാകുന്നത്. കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തുന്ന ഏതോ യുട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾ ചോർന്നതെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ചോദ്യങ്ങൾ ചോർന്നു കിട്ടിയാൽ, പരീക്ഷക്ക് വിധേയമാകേണ്ട പാഠഭാഗങ്ങളത്രയും പഠിക്കാതെ തന്നെ കുട്ടികൾക്ക് ഉയർന്ന വിജയം നേടാനാകും. അപ്പോൾ നിർദിഷ്ട ചോദ്യങ്ങൾക്കുത്തരം മാത്രം പഠിച്ചാൽ മതിയാകും. ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ, അവർക്ക് ഉയർന്ന സ്കോർ നേടുകയും ചെയ്യാം. സ്വകാര്യ ട്യൂഷൻകാരോ, വരിക്കാരുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി നവ മാധ്യമങ്ങളോ ചെയ്യുന്ന പണിയാണിത്. വിദ്യാഭ്യാസത്തെ കച്ചവടം ചെയ്യുന്നതെങ്ങനെയെന്നതിന്റെ പുതിയ രൂപമാണിത്. ചോദ്യപേപ്പർ നിർമ്മാണ ശില്പശാലകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ഇതിൽ ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കണം.
ഈ പരീക്ഷാ ചോദ്യപേപ്പർ വിവാദം കേരളത്തിലെ വിദ്യാഭ്യാസ ഗുണ നിലവാരത്തിലേക്കുള്ള ചർച്ചയായി പരിണമിക്കുന്നുണ്ട്. അതൊരു നല്ല കാര്യമാണ്. നിലവിലുള്ള പരീക്ഷാരീതിയുടെ പൊളിച്ചെഴുത്തിലേക്കാണ് ഈ ചർച്ചകൾ വിരൽ ചൂണ്ടുന്നത്. പരീക്ഷ ഏതു പ്രകാരമാണോ അതിനനുസരണമായിട്ടാകും പഠനവും ബോധനവും നടക്കുക. അതുകൊണ്ടാണ് വിദ്യാഭ്യാസം നന്നാകാൻ പരീക്ഷകൾ നന്നാകണമെന്ന് പറയുന്നത്. കുട്ടികളുടെ നിലവാരം അളക്കുന്ന മികച്ച പരീക്ഷാ സംവിധാനമുണ്ടെങ്കിൽ, പഠനവും ബോധനവും മികവുറ്റതാകാതെ തരമില്ല. പക്ഷേ, നമ്മുടെ നിലവിലുള്ള പരീക്ഷകൾ ആ നിലയിൽ മികച്ച നിലവാരം പുലർത്തുന്നവയല്ല. പാഠപുസ്തക കേന്ദ്രീകൃതമായതും കേവല വിജ്ഞാനത്തെ അളക്കുന്നതുമായ ചോദ്യങ്ങൾക്കു മാത്രമാണ് മുൻതൂക്കം. ബഞ്ചമിൻ ബ്ലൂമിന്റെ ടാക്സോണമിയുടെ പേരിലാണ് ചോദ്യ നിർമ്മിതിയെങ്കിലും ഉയർന്ന ചിന്താശേഷി അളക്കും വിധത്തിൽ സാമൂഹിക യാഥാർത്ഥ്യമുൾക്കൊള്ളുന്ന ചോദ്യങ്ങൾ ഉണ്ടാകുന്നില്ല. പാഠപുസ്തകത്തിലൂടെ നേടുന്ന വിജ്ഞാനം തന്റെ ചുറ്റുപാടുമുള്ള സാമൂഹിക പ്രശ്നങ്ങളുടെ തിരിച്ചറിവിനും, അതിന്റെ നിർദ്ധാരണത്തിനും കുട്ടിയെ പ്രാപ്തമാക്കുന്നതാകണം. പാഠപുസ്തകത്തിലെ അറിവ് കേവലം മനഃപാഠം പഠിച്ചു വയ്ക്കാനുള്ളതല്ല. നേടുന്ന അറിവുകൾ സാമൂഹിക പ്രശ്നങ്ങളുമായി ചേർത്ത് വിശകലനം ചെയ്യാനും തന്റേതായ നിലപാട് സ്വീകരിക്കാനും കുട്ടിയെ പ്രാപ്തമാക്കുന്ന പഠനമാണ് ആധുനിക ക്ലാസ് മുറികൾ ലക്ഷ്യം വയ്ക്കുന്നത്. ഈ തിരിച്ചറിവോടെയുള്ള ചോദ്യങ്ങൾ പരീക്ഷകളിൽ, പക്ഷേ ഉണ്ടാകുന്നില്ല. പ്രശ്നങ്ങളെ വിലയിരുത്തുന്നതിലും നിഗമനം രൂപീകരിക്കുന്നതിലും ഓരോ കുട്ടിയുടെയും ചിന്താശേഷിയുടെ വൈവിധ്യം ഉണ്ടായേക്കാം. ഈ വൈവിധ്യത്തെ മറികടക്കാനും ഉയർന്ന ചിന്താ നിലവാരത്തിലേക്ക് കുട്ടിയെ നയിക്കാനുമുള്ള പരിശീലനമാണ് ക്ലാസ് മുറിയിൽ അധ്യാപകർ അവരുടെ അധ്യാപനത്തിലൂടെ നിർവഹിക്കേണ്ടതെന്ന് പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പറഞ്ഞുതരുന്നുണ്ട്.
കുട്ടിയുടെ ചിന്താശേഷിയെ അളക്കുന്ന വിധമുള്ള ചോദ്യങ്ങളാണെങ്കിൽ, പാഠപുസ്തകങ്ങളിലെ അറിവുകൂടി പരിശോധിച്ച് കുട്ടി അതിന് ഉത്തരം കണ്ടെത്തട്ടെ. പാഠപുസ്തകം അവർക്ക് ഉത്തരത്തിലേക്കുള്ള ഒരു വഴികാട്ടിയായി മാറണം. പരീക്ഷകളെ ഈ വിധം ക്രമീകരിക്കുകയാണ് ആധുനിക കാലത്ത് അഭികാമ്യം. അല്ലാതെ മനഃപാഠം പഠിച്ച കാര്യങ്ങൾ പകർന്നുവയ്ക്കുന്ന വിധമുള്ള പരീക്ഷണങ്ങളല്ല. ഈ രൂപത്തിൽ പരീക്ഷകൾ മാറുംവിധം മികച്ച ചോദ്യനിർമ്മാണം നടക്കണം. വിദ്യാർത്ഥി പ്രസ്ഥാനവും എത്രയോ നാളായി ആവശ്യപ്പെടുന്നത് കാണാപ്പാഠം പഠിക്കുന്ന പരീക്ഷകളല്ല. ഇപ്പോഴത്തെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആ വശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ യഥാർത്ഥ അറിവ് അളക്കുന്നതിന് സഹായിക്കും വിധം പരീക്ഷകൾ മാറണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്. ഓപ്പൺ ടെക്സ്റ്റ് പരീക്ഷകളെപ്പറ്റി 1970 കളിൽ തന്നെ എഐഎസ്എഫ് മുദ്രാവാക്യമുയർത്തിയ കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
എഴുത്തു പരീക്ഷയെ ക്കാൾ നിരന്തര മൂല്യനിർണയത്തിന് പ്രാധാന്യം നൽകുന്ന പരീക്ഷകൾക്ക് ഊന്നൽ നൽകാനാണ് കേരളം ശ്രമിക്കുന്നത്. പക്ഷെ, ശാസ്ത്രീയമായി നിരന്തര മൂല്യനിർണയത്തെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വാഭാവിക അന്തരീക്ഷത്തിൽ, കുട്ടിയുടെ വ്യത്യസ്ത ബൗദ്ധിക നിലവാരത്തെ അളക്കാനാവും വിധം നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തുന്നതിനുള്ള അന്വേഷണം നടക്കണം. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്ന വിധം നിലവിലുള്ള ടേം, വാർഷിക എഴുത്തു പരീക്ഷകൾ മാറാൻ എളുപ്പമല്ലെന്ന് കേരളം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.