5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 17, 2023
September 11, 2023
July 26, 2023
June 22, 2023
December 5, 2022
November 10, 2022
October 14, 2022
October 5, 2022
September 27, 2022
September 15, 2022

പേവിഷബാധ; പ്രതിവര്‍ഷം 56,000 മരണങ്ങള്‍

സെപ്റ്റംബർ 28 ലോക റാബീസ് ദിനം
അനി എസ് ദാസ്
September 27, 2022 8:22 pm

സെപ്റ്റംബർ 28 ലോക റാബീസ് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുകയാണ്. 2007 മുതലാണ് ലോകാരോഗ്യ സംഘടന ഇതിന് തുടക്കമിട്ടത്.
“വണ്‍ ഹെല്‍ത്ത് സീറോ ഡെത്ത്” (പൊതുവായ ആരോഗ്യവും റാബിസിലൂടെ മരണമില്ലായ്മയും) എന്നതാണ് ഈ വർഷത്തെ തീം. 2030 ഓടെ റാബീസ് പൂർണമായി നിയന്ത്രിക്കപ്പെടുക എന്നതാണ് ഡബ്ല്യുഎച്ച്ഒ (ലോകാരോഗ്യ സംഘടന) ഒഐഇ (ഓർഗനൈസേഷൻ ഓഫ് ഇന്റർനാഷണൽ എപിസൂട്ടീസ്) എന്നിവ ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് റാബിക്സ് (യുആര്‍ആര്‍) റാബിസിനെതിരായി ഒന്നിക്കുക എന്ന പദ്ധതി.
റാബ്ഡോ വൈറിഡേ എന്ന കുടുംബത്തിലുള്ള ലിസാ വൈറസ് എന്ന RNA വൈറസാണ് കാരണമാകുന്നത്. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന തരത്തിലുള്ള സൂനോട്ടിക് രോഗമാണ് റാബീസ്. അതിനാലാണ് വണ്‍ ഹെല്‍ത്ത് (ഐക്യ ചികിത്സാ രീതി) യുടെ ക്രമത്തിൽ ഇത് നിയന്ത്രിക്കപ്പെടുന്നത്.
പ്രതിവർഷം 56,000 മരണങ്ങളാണ് റാബീസ് വഴി സംഭവിക്കുന്നത്. ഇതിൽ 80 ശതമാനവും ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ്. അതിൽ 40 ശതമാനവും 15 വയസിൽ താഴെയുള്ള കുട്ടികളിലും.
വവ്വാലുകൾ, ചെന്നായ്ക്കൾ റക്കൂണുകൾ തുടങ്ങിയ വന്യ മൃഗങ്ങൾ റാബീസിനു കാരണമാകുന്നെങ്കിലും 99 ശതമാനം റാബീസ് കേസുകളും നായ കടിയുടെ ഭാഗമായാണ്. 300 മില്യൺ ഡോളറാണ് അമേരിക്കൻ ഐക്യനാടുകൾ പ്രതിവർഷം റാബീസ് നിയന്ത്രണത്തിനായി ചെലവഴിക്കുന്നത്. 1900 ത്തിനു മുൻപ് പ്രതിവർഷം 100 ലേറെ മരണങ്ങളായിരുന്നത്, പ്രതിവർഷം ഒന്നോ പൂജ്യമോ എന്ന നിലയിലേക്ക് അമേരിക്കയിൽ എത്തിയിരിക്കുന്നു.
2019ൽ മെക്സിക്കയാണ് പൂജ്യം റാബീസ് എന്ന രാജ്യമായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. മനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി ഇവയുടെ സന്തുലനം എന്നീ മൂന്നുമായും റാബീസ് നിയന്ത്രണം ബന്ധപ്പെട്ടിരിക്കുന്നു. റാബീസ് വന്നാൽ ചികിത്സ ഇല്ല എന്നിരുന്നാലും റാബീസ് പൂർണമായും നിയന്ത്രിക്കാൻ ആകും എന്നതാണ് ആശ്വാസം.


ഇതുകൂടി വായിക്കൂ: പൊതു ആരോഗ്യരംഗം തളരുന്നു


എന്നാൽ ഈ നിയന്ത്രണ പ്രക്രിയ വളരെ സങ്കീർണവും ആളും, അർത്ഥവും, വിപുലമായ സംഘാടനവും, ജനപങ്കാളിത്തവും വേണ്ടതാണ്. മെഡിക്കൽ, വെറ്ററിനറി, പാരാ മെഡിക്കൽ, പാരാ വെറ്ററിനറി വിദഗ്ധർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വോളണ്ടറി സംഘടനകൾ എന്നിവരെ പരിശീലിപ്പിക്കുകയും അവർക്ക് പ്രൊഫൈലാറ്റിക് വാക്സിനേഷൻ നൽകുകയും ചെയ്യുക എന്നതാണ് ആദ്യ നടപടി.
ചുവന്ന സോണിലുള്ള കുട്ടികൾക്കും പ്രൊഫൈലാറ്റിക് വാക്സിനേഷൻ നൽകാവുന്നതാണ് 0, 7 എന്ന രണ്ട് ഡോസ് പ്രോട്ടോകോൾ ആണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് വർഷമാണ് സുരക്ഷ. ഒരു വർഷത്തിന് ശേഷമുള്ള ഒരു ബൂസ്റ്ററും ഇപ്പോൾ പരിഗണിക്കപ്പെടുന്നുണ്ട്. രക്തത്തിലെ ആന്റി ബോഡി ടൈറ്റർ വാല്യൂ 0.5 ഇക്വവലന്റ് യൂണിറ്റ്/എംഎല്‍ എന്ന അളവിൽ താഴരുതെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. പദ്ധതിയിൽ പങ്കാളികളായുള്ളവർക്ക് നിർബന്ധമായും ഇത് നൽകേണ്ടതാണ്.
മാലിന്യ സംസ്കരണ, പരിസ്ഥിതി സംരക്ഷണ വിഷയമാണ് രണ്ടാമത്തേത്. രക്തം കലർന്ന മാംസ മാലിന്യം വ്യാപകമായി പൊതു സ്ഥലത്ത് നിക്ഷേപിക്കപ്പെടുകയും അത് ഭക്ഷിക്കുന്ന നായ്ക്കൾ ഉഭയഭോജികളിൽ നിന്നും മാംസഭോജികളായി പരിവർത്തനം പ്രാപിക്കുകയും, മാംസ ഭക്ഷണത്തിനായി മറ്റു മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നു.
തെരുവുകളിലെ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും, ഈ അസന്തുലിതാവസ്ഥ മറ്റ് മൃഗങ്ങളുമായും, മനുഷ്യനുമായുള്ള സംഘട്ടനങ്ങളിൽ എത്തുകയും ചെയ്യുന്നതായും കാണപ്പെടുന്നു. അതിനാൽ ശാസ്ത്രീയ മാലിന്യ സംസ്കരണമാണ് രണ്ടാമത്തെ പ്രധാന കർമ്മ പരിപാടി.
അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) നായ്ക്കളുടെ ജനസംഖ്യ നിയന്ത്രണമാണ് മൂന്നാമത്തെ പ്രധാന വിഷയം. 2022 ഓഗസ്റ്റ് 25ൽ പ്രസിദ്ധീകരിക്കപ്പെട്ട എബിസി മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആണ് ഇതിന്റെ ചുമതലക്കാർ. അവർക്കു സ്വന്തം ഗവൺമെന്റ് വെറ്ററിനറി ഡോക്ടറെ കൊണ്ടോ, അംഗീകൃത നടപ്പാക്കൽ സംഘടന വഴിയോ ഇത് പ്രാവർത്തികമാക്കാവുന്നതാണ്. പക്ഷേ നടപ്പാക്കുന്ന സംഘടനക്ക് പ്രത്യേക നിഷ്കര്‍ഷിത സൗകര്യങ്ങളും, പരിശീലനവും, മൃഗക്ഷേമ ബോർഡിന്റെ (കേന്ദ്ര സംസ്ഥാനത്തിന്റെ) അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ഇല്ലാത്തതിനാലാണ് കുടുംബശ്രീ വഴിയുള്ള ജനസംഖ്യ നിയന്ത്രണ പദ്ധതി തടസ്സപ്പെട്ടത്.


ഇതുകൂടി വായിക്കൂ: കാത്തിരിക്കുന്നു ലോകം,ഒരു വാക്സിനു വേണ്ടി


മൃഗക്ഷേമ ബോർഡ് മൃഗങ്ങളെ രണ്ടായി തിരിക്കുന്നു. 1. ഉടമസ്ഥനുള്ള ഓമനമൃഗങ്ങൾ (നായ / പൂച്ച) 2. തെരുവിലുളള അനാഥരായ നായ്ക്കൾ.
ആദ്യത്തെ വിഭാഗത്തെ പൂർണമായും വാക്സിൻ നൽകി, മൈക്രോചിപ്പ് ഘടിപ്പിച്ച് നമ്പർ നൽകി, ലൈസൻസ് നൽകണം. രണ്ടാമത്തെ വിഭാഗത്തെ എസ്‌പിസിഎ നിബന്ധനകൾക്കനുസരിച്ച് ‘V’ ലൂപ്പ് കൊണ്ട് പിടിച്ച് നിർദ്ദിഷ്ട സൗകര്യങ്ങളുള്ള നായ വളർത്തു കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടതാണ്. അവയ്ക്ക് മൂന്നടി നാലടി ചതുരശ്ര സ്ഥല പരിഗണന ഉറപ്പാക്കണം. പിടിക്കുന്ന സ്ഥലവും സമയവും രേഖപ്പെടുത്തുകയും, ആൺ പെൺ നായ്ക്കളെ പ്രത്യേകം പാർപ്പിക്കുകയും വേണം.
നിർദ്ദിഷ്ട സൗകര്യങ്ങളുള്ള ശസ്ത്രക്രിയ മുറിയോ, സഞ്ചരിക്കുന്ന ശസ്ത്രക്രിയ ശാലയോ, സജ്ജമാക്കേണ്ടതാണ്. ഇവയിൽ സിസിടിവി സൗകര്യവും നൽകേണ്ടതാണ്. പിടിക്കുന്ന നായ്ക്കളെ വന്ധ്യംകരിച്ച്, വാക്സിനേഷൻ നൽകി, അവയെ പിടിച്ച സ്ഥലത്തു തന്നെ തിരിച്ചു വിടുകയും അത് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്തതോ, അമിതമായി മുറിവേറ്റതോ ആയ നായ്ക്കളെ തദ്ദേശ വെറ്ററിനറി ഡോക്ടർ, പ്രോജക്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, മൃഗക്ഷേമ ബോർഡിന്റെ പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശപ്രകാരം ദയാവധത്തിന് വിധേയമാക്കാവുന്നതാണ്.
നായ ജനസംഖ്യ നിയന്ത്രണം പ്രാവർത്തികമാക്കുമ്പോൾ പെൺ നായ്ക്കളുടെ വന്ധ്യംകരണത്തിനു പ്രാധാന്യം നൽകിയാൽ ജനന നിയന്ത്രണം കൂടുതൽ വേഗത്തിലാകും. ശൗര്യമുള്ള ആക്രമണകാരികളായ നായ്ക്കൾ പട്ടിപിടുത്തതിൽ നിന്ന് പൊതുവെ രക്ഷപെടുകയും അവയുടെ എണ്ണം കൂടുകയും ചെയ്യുമെങ്കിലും പെൺ നായ്ക്കളെ പൂർണമായി വന്ധ്യകരിക്കാനായാൽ ജനന നിയന്ത്രണത്തിന് വേഗത കൂടും. ആൺ നായ്ക്കളിലും കാസ്ട്രേഷനു പകരം വാസക്ടമി നടപ്പിലാക്കിയാൽ ആൺ നായ്ക്കളുടെ ആണത്വം നഷ്ടപ്പെടുന്നത് തടയാൻ കഴിയും എന്നതും, ഇണയെ തേടി പെൺ നായ്ക്കൾ അന്യ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് തടയാന്‍ കഴിയും എന്നതും പഠനങ്ങൾ കാണിക്കുന്നു.


ഇതുകൂടി വായിക്കൂ: ഉൻമൂലനം ചെയ്യേണ്ടത് തെരുവ് നായ്ക്കളെയല്ല അതിന് കാരണമാകുന്ന സാഹചര്യങ്ങളെയാണ്


തെരുവ് നായ്ക്കളെ നായ സ്നേഹികൾ ഏറ്റെടുത്തു വീട്ടിൽ വളർത്തുന്നത് പ്രോത്സാഹിപ്പിച്ച നെതർലാൻഡ് മോഡൽ വളരെ ഫലവത്തായിരുന്നു
നാല് ഡോസ് വാക്സിനും വില കൂടിയ ഇമ്മ്യൂണോ ഗ്ലോബുലിനും പകരം രണ്ട് ഡോസ് പ്രൊഫൈലാക്സിസ് വാക്സിൻ, മനുഷ്യനും, മൃഗങ്ങൾക്കും നൽകി. ആളും അർത്ഥവും ലാഭിച്ച നെതർലൻഡ് മോഡൽ വളരെ വിജയകരമായിരുന്നു.
പൊതുജനങ്ങളെ റാബീസിനെക്കുറിച്ചും പ്രാഥമിക ചികിത്സയെക്കുറിച്ചും അവബോധരാക്കുക എന്നതാണ് അടുത്ത്. റാബീസ് ബാധിച്ചാൽ മൂന്ന് ആഴ്ച മുതൽ മൂന്ന് മാസം വരെ സമയംകൊണ്ട് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. എങ്കിലും ഒരാഴ്ച മുതൽ ഒരു വര്‍ഷം വരെ ഇതിനു സാധ്യതയുണ്ട്.
കടിയേറ്റു കഴിഞ്ഞാൽ കടിയേറ്റ ഭാഗത്ത് സോപ്പ് വെള്ളമോ, അയോഡിൻ ലായനിയോ, ഇഥനോളോ ധാരയായി ഒഴിച്ച് വൃത്തിയാക്കേണ്ടതാണ്. ഇത് 15 മിനിറ്റോളം തുടരാം. ഈ പ്രക്രിയ വൈറസിന്റെ അളവിനെ വളരെയധികം കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗ്നമായ കൈകൊണ്ട് മുറിവ് തൊടാൻ പാടില്ല.
ചികിത്സയായി അഞ്ച് ഡോസ് പ്രോട്ടോക്കോളും നാല് ഡോസ് പ്രോട്ടോകോളും വാക്സിനേഷൻ പ്രക്രിയയിൽ നൽകുന്നുണ്ട്.
കഴുത്തിന് മുകളിൽ കടിയേറ്റാലോ വ്യാപകമായ മുറിവുള്ള കടിയേറ്റാലോ, Immunng­in­folin നൽകേണ്ടതാണ് ഇക്യേൻ അടിസ്ഥാനപരമായ ഇമ്മ്യൂണോ ഗ്ലോബലിൻ (ഇആര്‍ഐജി) 4010 കിലോഗ്രാം എന്ന അളവിലോ ഹ്യൂമൻ ഇമ്മ്യൂണോ ഗ്ളോബലൈൻ (എച്ച്ആര്‍ഐജി) 2010 കിലോഗ്രാം എന്ന അളവിലോ നൽകേണ്ടതാണ്. അനാഫിലാറ്റിക് റിയാക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇന്റെൻസീവ് കെയർ യൂണിറ്റ് ഉള്ള സ്ഥാപനങ്ങളിൽ മാത്രമേ ഇആര്‍ഐജി നൽകാൻ സാധിക്കുകയുള്ളു. അതിനാൽ, എച്ച്ആര്‍ഐജി പൊതുവിതരണ സംവിധാനത്തിൽ ലഭ്യമാകാൻ പടിപടിയായി ശ്രമിക്കാവുന്നതാണ്. ഇത് റാബീസ് മൂലമുള്ള മരണങ്ങൾ ഏറെക്കുറെ ഇല്ലാതാക്കും.
മനുഷ്യരും അവരുടെ അരുമയായ നായ്ക്കളും ഒത്തിണങ്ങിയ പൊതു ഇടങ്ങളുള്ള പരിസ്ഥിതി സൃഷ്ടിക്കാനും മനുഷ്യ, മൃഗരാശിയെ റാബീസിൽ നിന്നും പൂർണമായി വിമുക്തമാക്കാനുമാണ്.
“വണ്‍ ഹെല്‍ത്ത് സീറോ ഹെല്‍ത്ത്” എന്ന 16-ാം റാബീസ് ദിനാഘോഷ പരിപാടി സെപ്റ്റംബർ 28 ലക്ഷ്യമിടുന്നത്.

പ്രൊഫ. ഡോ. അനി എസ് ദാസ്
ഡയറക്ടർ സെന്റർ ഫോർ ബയോ റിസോഴ്സസ് ആൻഡ് അഗ്രികൾച്ചർ സർവീസസ് കണ്ണൂർ

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.