28 May 2024, Tuesday

ഉൻമൂലനം ചെയ്യേണ്ടത് തെരുവ് നായ്ക്കളെയല്ല അതിന് കാരണമാകുന്ന സാഹചര്യങ്ങളെയാണ്

ഡോ.എം കെ നാരായണന്‍
September 28, 2021 4:15 am

സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനം പേവിഷത്തിനെതിരെ വാക്സിൻ കണ്ടു പിടിച്ച മഹാനായ ശാസ്ത്രജ്ഞൻ ലൂയി പാസ്റ്ററുടെ ചരമദിനം. 2021ലെ ലോക പേവിഷ ദിനാചരണത്തിന്റെ സന്ദേശം “പേവിഷബാധ ഒരു യാഥാർത്ഥ്യമാണ് പക്ഷെ ഭയപ്പാട് വേണ്ട” എന്നതാണ്. പേവിഷബാധയെപ്പറ്റി നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളും പകർച്ചവ്യാധി കണക്കെ പരക്കുമ്പോൾ യാഥാർത്ഥ്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്നതാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
1796 ലാണ് ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള വാക്സിൻ നിർമ്മാണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. വസൂരിക്കെതിരെ എഡ്വേഡ് ജന്നറാണ് ലോകത്ത് ആദ്യമായി വാക്സിൻ കണ്ടുപിടിച്ചത്.

1885ൽ ലൂയി പാസ്റ്ററാണ് പേവിഷബാധക്കെതിരായ ഏറ്റവും മഹത്തായ റാബീസ് വാക്സിൻ കണ്ടുപിടിച്ചത്. വാക്സിൻ കണ്ടുപിടിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സമൂഹത്തിൽ പേവിഷബാധയെക്കുറിച്ചുള്ള കെട്ടുകഥകൾ വിശ്വസിക്കുന്നവരുടെ എണ്ണം കുറയുകയല്ല മറിച്ച് നാൾക്കു നാൾ കൂടിവരികയാണ്. രോഗബാധിതരായ ആളുകൾ പ്രകടിപ്പിക്കുന്ന ദാരുണമായ രോഗലക്ഷണങ്ങൾ, രോഗം പിടിപെട്ട മൃഗങ്ങളെ കാണുമ്പോഴും രോഗാവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ ജീവിക്കുന്നതുമൂലമുണ്ടാകുന്ന ഭീതിജനകമായ അന്തരീക്ഷം ഇവയെല്ലാം ഇതിന് കാരണങ്ങളാണ്. പ്രതിവർഷം ലോകത്ത് 50,000 ത്തിൽപരം ആളുകൾ മരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ 20,000 ആളുകൾ ഇന്ത്യയിലാണ്.


ഇതുകൂടി വായിക്കു: പട്ടിയുടെ കടിയേറ്റ കുട്ടിക്ക്‌ ബാധയെന്ന് കരുതി മന്ത്രവാദിയുടെ അടുക്കലെത്തി, ഒടുവിൽ പേ ബാധിച്ച്‌ കുട്ടിക്ക്‌ ദാരുണാന്ത്യം


രോഗം വന്നാൽ 99 മുതൽ 100 ശതമാനം മരണം ഉറപ്പാണ് എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെ പ്രതിരോധ കുത്തിവയ്പ് വഴി 100 ശതമാനം പേവിഷബാധയും തടയാൻ കഴിയും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
രോഗനിയന്ത്രണം പ്രധാനമായും മനുഷ്യരേയും മൃഗങ്ങളേയും കേന്ദ്രീകരിച്ചാണ് നടത്തേണ്ടത്. കടിയേറ്റാൽ പ്രഥമശുശ്രൂഷയും പ്രതിരോധ കുത്തിവയ്പുകളുമാണ് ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവയ്പ് നിർബന്ധമാക്കുക വഴി അവയുടെ ശരീരത്തിൽ നിന്ന് വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നത് തടയാൻ സാധിക്കും. വന്യജീവികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രദ്ധിക്കണം.

 

രോഗ നിയന്ത്രണത്തിൽ ഏറ്റവും ശ്രദ്ധയൂന്നേണ്ട കാര്യം തെരുവുനായ നിയന്ത്രണമാണ്. തെരുവുനായ്ക്കളുടെ വര്‍ധന നമ്മുടെ ശുചിത്വബോധത്തിന്റെ കുറവും ആസൂത്രണത്തിന്റെ പിഴവും അളക്കുന്ന സൂചകങ്ങളായി ഇനിയും മാറിയിട്ടില്ല എന്നത് ഏറെ നിർഭാഗ്യകരമാണ്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക ശ്രദ്ധയും ഇടപെടലും ആവശ്യമാണ്. രാജ്യത്ത് വിവിധതരത്തിലുള്ള തെരുവുനായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മാലിന്യങ്ങളും കൃത്യവും ശാസ്ത്രീയവുമായ സംസ്കരണമാണ് ഏറ്റവും പ്രധാനം.
ഖരമാലിന്യങ്ങളുടെ ഉപോല്പന്നമാണ് തെരുവുനായകൾ തെരുവിൽ ഭക്ഷണമില്ലെങ്കിൽ തെരുവുനായയുമില്ല.
പേവിഷബാധ തടയാൻ ഉന്മൂലനം ചെയ്യേണ്ടത് നായ്ക്കളെയല്ല മറിച്ച് നിലനിൽക്കുന്ന സാഹചര്യങ്ങളെയാണ് എന്ന് മാത്രം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.