20 September 2024, Friday
KSFE Galaxy Chits Banner 2

ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കല്‍ രാജ്യദ്രോഹം; രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഭരണഘടനകൊണ്ട് ചെറുക്കണം: കാന്തപുരം

Janayugom Webdesk
ന്യൂഡല്‍ഹി
February 26, 2022 10:35 am

ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമം രാജ്യദ്രോഹപരമാണെന്നും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഭരണഘടനയ്ക്കുണ്ടെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എസ്എസ്എഫ് ദേശീയ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് കലാപത്തിനെതിരെയും ബാബരി മസ്ജിദ് വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിയുന്നു അദ്ദേഹം ഉയര്‍ത്തിയത്. ഗുജറാത്ത് കലാപത്തെ കുറിച്ച് കാന്തപുരം ശക്തമായ ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കുന്നില്ല എന്ന നിരന്തര വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കാന്തപുരം ഇക്കാര്യം പറഞ്ഞത്.ഗുജറാത്ത് ഗാന്ധിയുടെ നാടാണ്. ഇവിടെ ഒരു വിദ്യാലയത്തില്‍ ഗാന്ധി ഘാതകനെ മഹത്വപ്പെടുത്തുന്ന വിഷയം നല്‍കി മത്സരം സംഘടിപ്പിച്ചത് രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹവും ദേശാഭിമാനവും വളര്‍ത്തുന്നതിന് പകരം അവരില്‍ കുറ്റവാളികളോട് ആഭിമുഖ്യവും ആദരവും ജനിപ്പിക്കുന്നത് ഭാവിതലമുറയെ വഴി തെറ്റിക്കലാണ്.ഗാന്ധിയെയും നെഹ്‌റുവിനെയും മൗലാനാ മുഹമ്മദലിയെയും പോലുള്ള ധീരദേശാഭിമാനികളുടെ ഓര്‍മകളെ നിന്ദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നുമുണ്ടായിക്കൂടാ. ഒരു ആരാധനാലയം കൈയേറി തകര്‍ക്കുകയെന്നത് നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇന്ത്യയില്‍ 1992ല്‍ അത് സംഭവിച്ചുഅന്നും പിന്നീടും വിശാലമായ രാജ്യതാത്പര്യം മുന്‍നിര്‍ത്തി ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിം സമുദായം കൈക്കൊണ്ട പക്വമായ നിലപാട് എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ടതാണ്.

ആ വിട്ടുവീഴ്ച ദൗര്‍ബല്യമായി കരുതി കൂടുതല്‍ പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കാനുള്ള വര്‍ഗീയതാല്പര്യങ്ങള്‍ രാജ്യം അനുവദിച്ചുകൊടുക്കരുത്.മഥുരയിലെ ഷാഹി മസ്ജിദ് ഒരു മുസ്‌ലിം ആരാധനാലയം എന്നതിനൊപ്പം ഇന്ത്യയുടെ മതസാഹോദര്യത്തിന്റെ ഏടുകളിലൊന്നുമാണ്. അത് പൊളിച്ചുനീക്കണമെന്ന് ചില സംഘടനകള്‍ ആവശ്യമുന്നയിക്കുന്നത് ആ സാഹോദര്യം തകര്‍ക്കാനുള്ള മനഃപൂര്‍വമായ പ്രകോപനമാണ്.ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണമെന്ന് മുസ്‌ലിങ്ങള്‍ ബോധവാന്മാരാണ്.

ആയുധത്തെ ആയുധം കൊണ്ട് നേരിടുകയല്ല പോംവഴി. പ്രശ്‌നകലുഷമായ അന്തരീക്ഷത്തെ വിശ്വാസദാര്‍ഢ്യത കൊണ്ട് മറികടക്കാന്‍ സാധിക്കുമെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്,’ കാന്തപുരം പറയുന്നു.2002ലെ ഗുജറാത്ത് കലാപത്തില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്തുപിടിക്കാനും അവര്‍ക്ക് ജീവിതം വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പകരാനുമാണ് സുന്നി പ്രസ്ഥാനം ശ്രമിച്ചതെന്നും കലാപത്തിലെ ഇരകള്‍ക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നേറാനും ആത്മീയമായി കരുത്തു നല്‍കാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പ്രതികാരബുദ്ധി വളര്‍ത്തിയല്ല ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്.

വൈകാരികമായ പ്രതികരണങ്ങള്‍ പ്രശ്‌നം സങ്കീര്‍ണമാക്കുകയേ ഉള്ളൂ.അതുകൊണ്ടുതന്നെ വിവേകപൂര്‍വം ഭരണഘടനയ്ക്ക് അകത്തുനിന്നു കൊണ്ട് പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും ജനങ്ങളെ പാകപ്പെടുത്തുകയാണ് മതനേതൃത്വങ്ങള്‍ ചെയ്യേണ്ടത്.ഗുജറാത്തിലും ദല്‍ഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വര്‍ഗീയകലാപങ്ങള്‍ ഉണ്ടായപ്പോള്‍ സുന്നി-സൂഫി സംഘടനകള്‍ ഈ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്,’ അദ്ദേഹം പറയുന്നു.വംശഹത്യകളും വര്‍ഗീയ പ്രചാരണങ്ങളും നടത്തുന്നവര്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് നടത്തുന്നത്.

നിരപരാധികളെ കൊന്നൊടുക്കുന്ന കലാപങ്ങളും യുദ്ധങ്ങളും ലോകത്തെ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.‘വിവിധ മതങ്ങള്‍ ഒരുമയോടെ നിലകൊള്ളുന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. ഓരോ മതസമൂഹങ്ങള്‍ക്കുമിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈവിധ്യം അങ്ങനെത്തന്നെ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടത്.നിസാരമായ തര്‍ക്കങ്ങളുയര്‍ത്തി ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന പാതകമാണ്. മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്ടിക്കുന്നവര്‍ ഇന്ത്യയുടെ വൈവിധ്യം തകര്‍ക്കുകയാണ്

വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പുകളെ നേരിടുന്നതിനു പകരം വര്‍ഗീയതയിലൂടെ അധികാരം കൈയിലൊതുക്കാമെന്നു ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുകയാണ്. ഹിജാബിനെ പോലും അതിനുവേണ്ടി ദുരുപയോഗിക്കുകയാണ്. ഇത് ഭരണഘടനയോടുള്ള അക്രമമാണ്,’ അദ്ദേഹം പറഞ്ഞു.

ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചുനില്‍ക്കണന്നെും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞ ലവ് ജിഹാദ് പോലുള്ള ആരോപണങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു എന്നത് നമ്മുടെ നിയമസംവിധനത്തിന്റെ പോരായ്മയാണ് വെളിപ്പെടുത്തുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Racial seg­re­ga­tion of peo­ple is trea­son; Attempts to desta­bi­lize the coun­try should be resist­ed by the Con­sti­tu­tion: Kanthapuram

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.