27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 20, 2024
July 18, 2024
July 17, 2024
July 10, 2024
July 7, 2024
July 4, 2024
July 3, 2024
June 30, 2024
June 22, 2024

ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനം, ആം ആദ്മി കോണ്‍ഗ്രസിന് ബദല്‍ ആകുന്നുവെന്ന് രാഘവ് ഛദ്ദ

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2022 11:00 am

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ലീഡിലേക്ക് കുതിക്കവെ തകര്‍ന്നടിയുന്നത് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട. കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് ആം ആദ്മി ലീഡ് നില ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവില്‍ 117 സീറ്റില്‍ 80 സീറ്റിലും ആം ആദ്മി മുന്നേറുകയാണ്. അതേസമയം കോണ്‍ഗ്രസിന് ബദലായി ആം ആദ്മിയെ ജനങ്ങള്‍ തെരഞ്ഞെടുത്തുവെന്ന് ആം ആദ്മിയുടെ പഞ്ചാബ് ചുമതലയുള്ള നേതാവായ രാഘവ് ഛദ്ദ പറഞ്ഞു.

നമ്മള്‍ ‘ആം ആദ്മി’ ആണ്. ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ്, ആം ആദ്മി ഒരു സംസ്ഥാനം കൂടി വിജയിച്ചത് കൊണ്ടു മാത്രമല്ല ചരിത്ര ദിനമാണിന്ന് എന്ന് പറയുന്നത്. ആം ആദ്മി പാര്‍ട്ടി ഒരു ദേശീയ ശക്തിയായി മാറിയിരിക്കുകയാണ്. ആം ആദ്മി കോണ്‍ഗ്രസിന്റെ പകരക്കാരനാകും, രാഘവ് ഛദ്ദ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 

ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക് കുതിക്കുന്നതോടെ, പഞ്ചാബില്‍ അടുത്ത മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ എത്തുകയാണ്. അതേസമയം പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭാഗവന്ത് സിംഗ് മാന്റെ വീട്ടില്‍ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭാഗവന്ത് മന്നിന്റെ വസതി മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിതരണത്തിനുള്ള ജിലേബി അടക്കമുള്ള മധുര പലഹാരങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്.

അതേസമയം ആം ആദ്മി തരംഗത്തില്‍ ഇതര പാര്‍ട്ടികളിലെ മുന്‍നിര നേതാക്കളെല്ലാം പിന്നിലാണ്. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു, ശിരോമണി അകാലിദള്‍ നേതാക്കളായ പ്രകാശ് സിംഗ് ബാദല്‍, സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ പിന്നിലേക്ക് പോയിട്ടുണ്ട്. രണ്ട് സീറ്റില്‍ നിന്ന് മത്സരിച്ച ചരണ്‍ജിത് ചന്നി രണ്ടിടത്തും പിന്നിലാണ്. ചൗംകര്‍ സാഹിബ്, ബദൗര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായിരുന്നു ചരണ്‍ജിത് ചന്നി ജനവിധി തേടിയത്.

അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് മത്സരിച്ച പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്താണ് നിലവില്‍. ആം ആദ്മിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. ശിരോമണി അകാലിദളിന്റെ ബിക്രം സിംഗ് മജിതിയ ആണ് രണ്ടാമത്. ജലാലാബാദില്‍ നിന്ന് മത്സരിച്ച സുഖ്ബീര്‍ സിംഗ് ബാദലും പിന്നിലാണ്.

സ്വന്തം തട്ടകമായ ലംബിയില്‍ പ്രകാശ് സിംഗ് ബാദലും പിന്നിലാണ്. ബി ജെ പി- അമരീന്ദര്‍ സിംഗ് (പഞ്ചാബ് ലോക് കോണ്‍ഗ്രസ്) സഖ്യവും ശിരോമണി അകാലിദള്‍-ബി എസ് പി സഖ്യവും ലീഡ് നില രണ്ടക്കം പോലും കടന്നിട്ടില്ല. 2017 ല്‍ ആകെയുള്ള 117 സീറ്റില്‍ 77 ലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ആം ആദ്മിയായിരുന്നു മുഖ്യ പ്രതിപക്ഷം.

Eng­lish Summary:Raghav Chad­ha says Aam Aad­mi Par­ty is an alter­na­tive to the Con­gress, an impor­tant day in the his­to­ry of India

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.