മലയാള ഭാഷയില്‍ എത്രയേറെ വാക്കുകളാണ് വിസ്മൃതിയിലേക്ക് മാഞ്ഞത്. ഒരു ഗ്രാമത്തിലെ തന്നെ ഒരേ സമൂഹത്തിലുള്ള ഭാഷാപ്രയോഗത്തില്‍ ഒരു വാക്കിനുപോലും വ്യത്യസ്തത. താഹ മാടായി ഇക്കഴിഞ്ഞ ദിവസം എഴുതിയ ഒരു ലേഖനത്തില്‍ കണ്ണൂരിലെ കുഞ്ഞിമംഗലം എന്ന കുഞ്ഞു പ്രദേശത്തെക്കുറിച്ച് പറയുന്നു. തൊട്ടടുത്ത മാടായിയിലെ ഇക്ക കുഞ്ഞിമംഗലത്തുകാര്‍ക്ക് ഇച്ചയാണ്. മാടായിയിലെ ഹംസക്ക കുഞ്ഞിമംഗലത്തുകാരുടെ ഹസംച്ചയാവും. ‘നെയ്ച്ചോറു തിന്നാതെ ചുണ്ടില് നെയ്യ് പുരട്ടി നെയ്ച്ചോറ് തിന്നെന്ന് വീമ്പുപറയുന്ന ജാതി’ എന്നു കണ്ണൂര്‍ മുസ്‌ലിം പറഞ്ഞാല്‍ ആ ജാതിയില്‍ ജാതിയുമില്ല മതവുമില്ല. ഇവിടെ ജാതി എന്ന വാക്കിനര്‍ത്ഥം ഇനം, ഗണം, ജനുസ് എന്നിങ്ങനെ മാത്രം. തിരുവിതാംകൂറില്‍ ‘കൊമ്മണ്ടിക്ക’ എന്ന പ്രയോഗമുണ്ട്. അര്‍ത്ഥം ചുരയ്ക്ക. പക്ഷേ ഇവിടെ ഒരു കോപ്പും നടക്കില്ലെന്നു പറയാന്‍ കോപ്പിനു പകരം കൊമ്മണ്ടിക്ക എന്ന് പ്രയോഗിക്കുന്ന തെക്കന്‍ തിരുവിതാംകൂറുകാരുടെ കുറ്റിതന്നെയറ്റുപോയി. പാചകവാതക സിലിണ്ടറിനു വില ആയിരം കടന്നപ്പോള്‍ ഇന്നലെ പാറശാലയിലെ ഒരു യുവവീട്ടമ്മ ചാനലുകളോട് പറയുന്നത് കേട്ടു. ‘ഇതെന്തൊരു ഭീകരമായ വിലക്കയറ്റമാണ്’. അവരുടെ അമ്മയാണെങ്കില്‍ പറയുമായിരുന്നു, ‘തള്ളേ ഇതെന്തൊരു പൊളപ്പന്‍ പണിയായിപ്പോയി’!
മലയാളത്തില്‍ ഈയിടെ ട്രെന്‍ഡായ ഒരു വാക്കാണ് ചാമ്പിക്കോ! മമ്മൂട്ടിയുടെ ഭീഷ്മപര്‍വം സിനിമയിലെ ഒന്നാണ് ചാമ്പിക്കോ. ഒരുക്കിനിര്‍ത്തിയിട്ട് തുടങ്ങിക്കോ എന്നു പറയുന്നതാണ് ചാമ്പിക്കോ. ഈ വാക്കും തെക്കന്‍ തിരുവിതാംകൂറുകാരനാണെന്ന ഒരു പക്ഷമുണ്ട്. വേണമെങ്കില്‍ അതിന് അവര്‍ ഒരു കഥയും പറയും. കഥ കേള്‍ക്കുന്ന വടക്കന്‍ മലബാറുകാര്‍പോലും ശരിയെന്നു തലകുലുക്കി സമ്മതിക്കും കഥ ഇതാണ്. മഹാനായ അയ്യന്‍കാളി സവര്‍ണമേധാവികള്‍ക്കെതിരായ പോരാട്ടത്തിനിടെ വെള്ളായണിയില്‍ വന്നു. ഒരുപറ്റം പുലയക്കിടാങ്ങള്‍ ഉന്നതമായ വേദിയില്‍ കയറി നിന്ന് അയ്യന്‍കാളിക്ക് അഭിവാദ്യമര്‍പ്പിച്ച് ജാതിവ്യവസ്ഥയ്ക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു. അയ്യന്‍കാളി അവരെ താഴെയിറക്കിയിട്ട് പറഞ്ഞു; ചാമ്പിക്കോ. കുട്ടികള്‍ പിന്നെയും മുദ്രാവാക്യം മുഴക്കി. തുടങ്ങിക്കോ എന്നതിനു പകരം ചാമ്പിക്കോ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് മഹാത്മാ അയ്യന്‍കാളിയാണെന്ന് ചരിത്രം. നിങ്ങള്‍ ഇതു വിശ്വസിച്ചില്ലേ. എന്നാല്‍ അയ്യന്‍കാളി വെള്ളായണിയില്‍ പോയിട്ടുമില്ല, ചാമ്പിക്കോ എന്നു പറഞ്ഞിട്ടുമില്ല. അതാണ് മലയാള ഭാഷാ പ്രയോഗത്തിലെ അജ്ഞാതനാമാക്കളുടെയും അജ്ഞാതചരിത്രത്തിന്റെയും കഥ!
ഇതു പറഞ്ഞുവന്നത് ഭീഷ്മപര്‍വം സിനിമയ്ക്കുശേഷം രമേശ് ചെന്നിത്തല, ചാമ്പിക്കോയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഓര്‍ത്തുപോയതുകൊണ്ടാണ്. പാലക്കാട് എസ്ഡിപിഐയും ആര്‍എസ്എസും പരസ്പരം കൊലപാതകം നടത്തിയപ്പോള്‍ രമേശ് പറഞ്ഞു, ഇതു രണ്ടുകൂട്ടര്‍ക്കും ആയുധം നല്കിയശേഷം ചാമ്പിക്കോ എന്നു പറയുന്നതുപോലാണ്. ഇന്നലെ അദ്ദേഹം കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിനു മുന്നോടിയായി നടന്ന ഡല്‍ഹിയിലെ യോഗത്തില്‍ രാഹുലിനോട് പറഞ്ഞു. രാഹുല്‍ജി ഒരു ഭാരതദര്‍ശന്‍ യാത്ര ചാമ്പിക്കോ. കൂടെ ഞാനുണ്ട്. പണ്ട് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഇതുപോലൊരു ഭാരതയാത്ര നടത്തിയിട്ടുണ്ട്. ഒരുതരം പിരിവു പരിപാടി. ഭാരതയാത്രയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹം സമ്പന്നരില്‍ നിന്നും ഭൂമിയും രമ്യഹര്‍മ്യങ്ങളും സംഭാവനയായി സ്വീകരിച്ചു. എല്ലാം ഭാരതയാത്രാഭവനുകളാക്കി. പര്യടനം കഴിഞ്ഞപ്പോള്‍ കേരളത്തിലെ ഭവനുകളെല്ലാം ചന്ദ്രശേഖര്‍ക്കൊപ്പം പദയാത്രികയായിരുന്ന അവിവാഹിതയായ ഒരു പെണ്ണ് തട്ടിയെടുത്തെന്നാണ് കഥ! രാഹുലിനും കൂടെ അങ്ങനെ ഒരാളെ കൂട്ടാം. അതു തായ്‌ലന്റിലെ പട്ടായയില്‍ നിന്നാകാം, നേപ്പാളിലെ നിശാക്ലബ്ബില്‍ നിന്നാകാം. അതുമല്ലെങ്കില്‍ കൊളംബിയയിലെ പഴയ ചക്കരക്കുട്ടിയെത്തന്നെയാകാം. ഇതിനെല്ലാമിടയില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ വെമ്പിനില്ക്കുന്ന മച്ചമ്പി റോബര്‍ട്ട് വാദ്രയെക്കൂടി ഭാരതദര്‍ശന് കൂട്ടിയാല്‍ സംഗതി ജോറാകും. എല്ലാം റെഡി. ചാമ്പിക്കോ എന്ന് പറയാന്‍ രമേശ് മുഹൂര്‍ത്തം കുറിക്കേണ്ടതേയുള്ളു!
ഇന്ത്യക്കാര്‍ പോട്ടെ, മലയാളികളും ഇത്ര മരപ്പൊട്ടന്മാരായാലോ! കഴിഞ്ഞ ദിവസം കടന്നുപോയ അക്ഷയതൃതീയദിനത്തില്‍ മലയാളികള്‍ 40 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയതെന്ന് സ്വര്‍ണാഭരണ വ്യാപാരികളുടെ സംഘടന പറയുന്നു. ഇന്ത്യയൊട്ടാകെ വിറ്റഴിച്ചത് 300 ടണ്‍ പൊന്ന്. അതായത് ഏഴിലൊന്ന് മടയന്മാര്‍. ഈ പ്രബുദ്ധമനോഹര കേരളത്തില്‍ അക്ഷയതൃതീയദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ആ വര്‍ഷം മുഴുവന്‍ പൊന്നു വാങ്ങുന്നയാള്‍ പൊന്നു കൊണ്ട് ആറാട്ടു നടത്തുമെന്ന സ്വര്‍ണ വ്യാപാരികളുടെ മാര്‍ക്കറ്റിങ് തന്ത്രം ഇത്രയേറെ ഏശുന്ന മറ്റൊരു നാടുണ്ടോ. ഇനി അക്ഷയ ഈദ്, അക്ഷയ ഈസ്റ്റര്‍ എന്നിങ്ങനെയുള്ള ഡക്കുവേലകളും പിന്നാലെ പ്രതീക്ഷിക്കാം. എന്നാല്‍ അക്ഷയതൃതീയയുടെ അര്‍ത്ഥമറിയാതെയാണ് ഈ നാള്‍ പ്രേമികള്‍ അന്ധവിശ്വാസത്തോടെ സ്വര്‍ണമാളികകളില്‍ ഇടിച്ചു കയറുന്നതെന്നാണ് ഹിന്ദുപണ്ഡിതര്‍ പറയുന്നത്. അക്ഷയതൃതീയ നാളില്‍ സ്വര്‍ണമോ പശുവോ വാങ്ങി ദാനം ചെയ്യണമെന്നാണ് പ്രമാണമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ആദാനകര്‍മ്മത്തിലൂടെ ഐശ്വര്യവാനാകുമെന്നാണ് പണ്ഡിതപക്ഷം. പക്ഷേ മലയാളി സ്വര്‍ണം വാങ്ങി അലമാരയില്‍ പൂട്ടിവയ്ക്കുന്നു. അല്ലെങ്കില്‍ പണയംവച്ച് കൊള്ളപ്പലിശ നല്കുന്നു. ഋണഭാരവിഭൂഷിതനാവുന്നു. മലയാളി പൊളിയാണെന്ന് ആരാണ് ഈ കള്ളക്കഥ പറഞ്ഞു പരത്തുന്നത്. പൊളിയെന്നാല്‍ പൊളിയാന്‍ പിറന്നവനെന്ന് തിരുവിതാംകൂറില്‍ ഒരര്‍ത്ഥകല്പനയുണ്ട്!
സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലും വികാസത്തിലും നമുക്കുണ്ടാകുന്ന നേട്ടങ്ങളറിഞ്ഞ് മനുഷ്യന് കുളിരുകോരിയിടുന്ന കാലം. കോവിഡ് വന്നതോടെ എല്ലാം ഓണ്‍ലൈനായി. ഓണ്‍ലൈനിലൂടെ മൂത്രമൊഴിക്കുന്ന വിദ്യയേ ഇനി വരാനുളളു. ഉപ്പും മുളകും മല്ലിയുമെല്ലാം ഒരു വിരല്‍ത്തുമ്പില്‍ ഓണ്‍ലൈനിലൂടെ ലഭിക്കും. ഇതാവരുന്നു അത്യാധുനികമായ ഒരു മധുര സാങ്കേതികവിദ്യ. ഓണ്‍ലൈനിലൂടെ ചുംബിക്കാം. ഉമ്മവയ്ക്കുന്നതിന്റെ എല്ലാ അനുഭൂതിയുമുണ്ടാകും. ചുംബന ആപ്പുമാത്രം മതി. ചുംബനം ആപ്പാവുകയുമില്ല. പുകിലും പുക്കാറും പോക്സോ കേസുമൊന്നുമില്ലാത്ത ചുംബനത്തിന്റെ വസന്തകാലത്തിന് സുസ്വാഗതം. ഇതെല്ലാം കേട്ടു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ഒരു ആമസോണ്‍ ഓണ്‍ലൈന്‍ വര്‍ത്തമാനം. ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ ആമസോണ്‍ വഴി ഓണ്‍ലൈനില്‍ ലഭിക്കും. കല്യാണത്തിന് മുമ്പ് എത്ര ഗര്‍ഭഛിദ്രവുമാകാം. അവിഹിത സന്തതികളെ കരിയിലക്കാട്ടിലോ ശിശുക്ഷേമ സമിതിയുടെ പിള്ളത്തൊട്ടിലിലോ ഉപേക്ഷിക്കേണ്ട, കായലിലെറിയേണ്ട, കേസില്ല, വഴക്കില്ല, വക്കാണമില്ല. പണ്ടു കാലത്ത് സുഖപ്രസവം വീട്ടില്‍ നടക്കുന്നതുപോലെ വീട്ടില്‍ത്തന്നെ സുഖഗര്‍ഭഛിദ്രം. നമ്മുടെ കാലവും നാടുമങ്ങ് കളറാവുകയല്ലേ!
മദ്യമില്ലെങ്കില്‍ പിന്നെന്തുരസം! മദ്യത്തില്‍ ചാലിച്ചെടുത്ത എത്ര രസനിഷ്യന്ദികളായ വാര്‍ത്തകളാണ് നമ്മെ തഴുകിയെത്തുന്നത്. ഭാര്യ പ്രസവമുറിയില്‍, ടെന്‍ഷന്‍ മൂത്ത ഭര്‍ത്താവ്, ചെറിയ കുട്ടിയായ മകനെയുംകൂട്ടി ബാറില്‍ മദ്യപിക്കാന്‍ കയറി. കുടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പുറത്ത് എവിടെ കുട്ടിയെ നിര്‍ത്തിയെന്നുപോലുമറിയില്ല. ഒടുവില്‍ ഫുട്പാത്തില്‍ സുഖനിദ്രയില്‍. പെറ്റെണീറ്റ ഭാര്യ തിരക്കിയപ്പോള്‍ ഭര്‍ത്താവും മൂത്ത കുട്ടിയും എവിടെയെന്നറിയില്ല. മുംബൈയില്‍ ഒരു ട്രെയിന്‍ ഡ്രൈവര്‍ക്ക് ട്രെയിന്‍ നിര്‍ത്തിയ സ്റ്റേഷനടുത്ത് മദ്യഷാപ്പില്‍ നിന്ന് രണ്ടെണ്ണം വിടാന്‍ മോഹം. രണ്ടെണ്ണം നാലായി, പിന്നെ കുപ്പി ഒന്നായി പുറത്തിറങ്ങി വേച്ചു വേച്ചു നടന്നത് തന്റെ തീവണ്ടിക്കടുത്തേക്കല്ല. അടുത്ത ചന്തയിലേക്ക്. ബോധം കെട്ട് തക്കാളിവണ്ടിയില്‍ മറിഞ്ഞുവീണു. മറ്റൊരു കല്യാണ സംഭവം. വൈകിട്ട് നാലു മണിക്ക് മുഹൂര്‍ത്തം. ഭര്‍ത്താവ് ചങ്ങാതിമാരുമൊത്ത് മദ്യപാനം തുടങ്ങി. സന്ധ്യയായിട്ടും മദ്യപാനം തീരുന്നില്ല. കെട്ടുവിട്ടുണര്‍ന്നപ്പോള്‍ പെണ്ണിനെ മറ്റൊരുത്തന്‍ താലികെട്ടിക്കൊണ്ടുപോയി. മദ്യനിരോധനം വേണമെന്ന് വാശിപിടിക്കുന്നവരോര്‍ക്കുക, മദ്യമില്ലായിരുന്നുവെങ്കില്‍ ഈ രസികന്‍ കഥകള്‍ കേള്‍ക്കാനാവുമായിരുന്നോ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.