18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

റെയിൽവേ പദ്ധതികള്‍ ട്രാക്ക്‌ തെറ്റുന്നു; കണ്ണ് ലാഭത്തിൽ മാത്രം

ബേബി ആലുവ
കൊച്ചി
April 10, 2025 10:51 pm

ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കം റെയില്‍വേ തലപ്പത്ത് ശക്തമായതോടെ കേരളത്തിലെ പാതയിരട്ടിപ്പിക്കലുകളുടെ ഭാവിയിൽ ആശങ്ക. എറണാകുളം-ഷൊർണൂർ മൂന്നാം ലൈൻ, തീരദേശ പാതയിലെ അമ്പലപ്പുഴ‑തുറവൂർ റീച്ച് എന്നീ പ്രവൃത്തികളുടെ കാര്യമാണ് സംശയ നിഴലിൽ. 

യാത്രക്കൂലി ഇനത്തിൽ ഈ പദ്ധതികളിൽ നിന്ന് പ്രതീക്ഷിച്ച വരുമാനമുണ്ടാവില്ലെന്നും പണം മുടക്കി നഷ്ടക്കച്ചവടത്തിനിറങ്ങേണ്ടതില്ലെന്നുമാണ് ഉന്നതത്തിലെ ആലോചന. അതേസമയം, യാത്രക്കാരുടെ ബാഹുല്യം ഓരോ വർഷവും രണ്ട് ശതമാനം വീതം വർധിക്കുന്നുണ്ടെന്ന് റെയിൽവേ സമ്മതിക്കുന്നുമുണ്ട്. 

ഈ മാസം വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനിരിക്കുന്ന എറണാകുളം-ഷൊർണൂർ മൂന്നാം പാതയുടെ നിർമ്മാണച്ചെലവ് 12,000 കോടി രൂപയാണ്. തുറവൂർ‑അമ്പലപ്പുഴ റീച്ചിലെ ഇരട്ടിപ്പിക്കലിനായി 1200 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന ഡിപിആർ 2021ൽ തന്നെ സമർപ്പിച്ചതുമാണ്. 1000 കോടിക്ക് മുകളിൽ ചെലവ് വരുന്ന റെയില്‍വേ പ്രവൃത്തിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നിർബന്ധമായതിനാൽ വർഷങ്ങളായി തീരദേശ പാതയുടെ വികസനം വഴിമുട്ടിനില്‍ക്കുകയായിരുന്നു.
തീരദേശ പാതയുടെ അനിശ്ചിതത്വത്തിനും എറണാകുളം-ഷൊർണൂർ മൂന്നാം ലൈനിന്റെ നിർമ്മാണത്തെ സംബന്ധിച്ചുയർന്ന ആശങ്കയ്ക്കും ഏതാണ്ട് ബലം പകരുന്നതാണ് റെയിൽവേ വൃത്തങ്ങളിൽ നിന്ന് പുറത്തു വരുന്ന സൂചനകൾ. തുറവൂർ‑അമ്പലപ്പുഴ പാതയിരട്ടിപ്പിക്കലിന് കഴിഞ്ഞ ബജറ്റിൽ 500 കോടി രൂപ അനുവദിച്ചെങ്കിലും കേന്ദ്ര മന്ത്രിസഭ കനിയാത്തതിനാൽ തുക ത്രിശങ്കുവിലാണ്. ലൈൻ ലാഭകരമാവില്ല എന്ന കാരണത്താൽ എറണാകുളം-ഷൊർണൂർ മൂന്നാം പാതയ്ക്കായി റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിന് ബോർഡിന്റെ അംഗീകാരമെന്നതും വലിയ കടമ്പ തന്നെയാണ്. സേവനത്തിനും സ്ഥാപനത്തിന്റെ വളർച്ചയ്ക്കുമപ്പുറം ലാഭം മാത്രമാണ് റെയിൽവേയുടെ മുഖ്യ അജണ്ട എന്ന് വ്യക്തമാക്കുന്ന മറ്റ് ചില പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

തീവണ്ടികളിലെ എസി കോച്ചുകളുടെ നിലവിലെ എണ്ണം കുത്തനെ ഇരട്ടിയാക്കി കുറഞ്ഞ നിരക്ക് കിട്ടുന്ന കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ് പുതിയ തന്ത്രം. ഇങ്ങനെ ദക്ഷിണ റെയിൽവേയിലെ 26 ട്രെയിനുകളിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു. ഇതോടെ 77 ശതമാനമുണ്ടായിരുന്ന കുറഞ്ഞ കോച്ചുകൾ 54 ശതമാനത്തിലേക്ക് താഴ്ന്നു. എസി കോച്ചുകൾ 23 ശതമാനത്തിൽ നിന്ന് 46 ശതമാനത്തിലേക്ക് കുതിക്കുകയും ചെയ്തു. 

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം മെയിൽ, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-ആലപ്പുഴ, കൊച്ചുവേളി-നിലമ്പൂർ റോഡ് എക്സ്പ്രസ് തുടങ്ങി ചില തീവണ്ടികളിൽ നാല് വീതം ഉണ്ടായിരുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ രണ്ട് വീതമായി. കോവിഡിനുശേഷം ഓട്ടം അവസാനിപ്പിച്ചതും സാധാരണക്കാരുടെ ആശ്രയവുമായിരുന്ന ജൻ സാധാരൺ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ സംഘടനകളുടെ നിരന്തരമായ മുറവിളിക്ക് ഒരു വിലയും കല്പിക്കാതിരിക്കുന്നതിനിടയിലാണ് പുതിയ ഇരുട്ടടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.