24 April 2024, Wednesday

Related news

April 19, 2024
April 5, 2024
March 10, 2024
March 3, 2024
March 2, 2024
March 1, 2024
February 12, 2024
February 10, 2024
February 10, 2024
February 8, 2024

ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
December 13, 2022 5:46 pm

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്കരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 42 ആശുപത്രികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും അതിലൂടെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്), ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

മികച്ച സംവിധാനങ്ങളൊരുക്കുന്നതിലൂടെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും മികച്ച സൗകര്യങ്ങളും മികച്ച സേവനങ്ങളും ലഭ്യമാകുന്നു. ഇതിലൂടെ സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 148 ആശുപത്രികള്‍ക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 38 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 93 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെയാണ് കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുള്ളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ഇതും ആശുപത്രി വികസനത്തിന് ഏറെ സഹായിക്കും. പ്രസവം നടക്കുന്ന ആശുപത്രികളില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം മികച്ച സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിടുന്നു. 

Eng­lish Summary:raise hos­pi­tal to nation­al qual­i­ty: Min­is­ter Veena George
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.