16 April 2024, Tuesday

രാജസ്ഥാന് പ്ലേ ഓഫിലെത്താം; പക്ഷേ ഒരെണ്ണം പാളിയാല്‍ പുറത്ത്

Janayugom Webdesk
May 21, 2023 2:55 pm

ഐപിഎല്ലില്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെതിരെ വിജയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലെത്തണമെങ്കില്‍ മറ്റു ടീമുകളുടെ തോല്‍വികള്‍ ആശ്രയിക്കേണ്ടി വരും. മുംബൈ, ബാംഗ്ലൂർ ടീമുകൾ തോൽക്കുകയും ബാംഗ്ലൂരിന്റെ തോൽവി വൻ മാർജിനിൽ ആവുകയും ചെയ്താൽ മാത്രമേ രാജസ്ഥാന് പ്ലേഓഫിൽ എത്താനാകൂ. മികച്ച ടീമായിരുന്നിട്ടും സീസണിന്റെ തുടക്കം തലപ്പത്ത് നിന്നിട്ടും കയ്യാലപുറത്തായ അവസ്ഥയാണ് രാജസ്ഥാനിപ്പോഴുള്ളത്.

13 മത്സരങ്ങളില്‍ 14 പോയിന്റോടെ ബാംഗ്ലൂര്‍ നാലാം സ്ഥാനത്തുണ്ട്. മുംബൈയ്ക്കും 13 മത്സരങ്ങളില്‍ 14 പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ പിറകിലായതുകൊണ്ട് തന്നെ അവര്‍ രാജസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്താണ്. 13 കളികളില്‍ 12 പോയിന്റുമായി കൊല്‍ക്കത്തയും പ്ലേ ഓഫ് സാധ്യതകളില്‍ ബാക്കിയുണ്ട്. രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കില്‍ ലഖ്നൗ- കൊല്‍ക്കത്ത മത്സരത്തില്‍ ലഖ്നൗ ജയിക്കുകയോ കൊല്‍ക്കത്ത വലിയ മാര്‍ജിനില്‍ ജയിക്കാതിരിക്കുകയോ വേണം. 15 പോയിന്റുള്ള ലഖ്നൗ നിലവില്‍ മൂന്നാം സ്ഥാനത്താണ്, അതുകൊണ്ട് തന്നെ 14 പോയിന്റുള്ള രാജസ്ഥാനെ സംബന്ധിച്ച്‌ പോയിന്റ് ടേബിളില്‍ പരമാവധി എത്താന്‍ കഴിയുക നാലാം സ്ഥാനത്താണ്. അതുപോലെ ഹൈദരാബാദിനെ മുംബൈ തോല്പിച്ചാല്‍ ആര്‍സിബിക്ക് ഗുജറാത്തിനെ തോല്പിക്കാതെ പ്ലേ ഓഫിലെത്താനാവില്ല. 

എന്നാല്‍ ഹൈദരാബാദിനോട് മുംബൈ തോല്ക്കുകയും ആര്‍സിബി അവസാന മത്സരത്തില്‍ അഞ്ച് റണ്‍സില്‍ കുറഞ്ഞ മാര്‍ജിന് ഗുജറാത്തിനോട് തോല്ക്കുകയും ചെയ്താലും ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. ആദ്യ മത്സരത്തില്‍ മുംബൈ തോല്ക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍സിബിയെ ഗുജറാത്ത് അഞ്ച് റണ്‍സില്‍ കൂടുതല്‍ വിജയ മാര്‍ജിനില്‍ തോല്പിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തും. ഇനി രാജസ്ഥാന് മുമ്പിലുള്ളത് കാത്തിരുന്ന് കളി കാണുകയെന്നതുമാത്രമാണ്. അപ്രതീക്ഷിതമായ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രം പ്ലേ ഓഫിലേക്ക് രാജസ്ഥാനെയും കാണാം. സീസണിന്റെ ആദ്യം മികച്ച രീതിയില്‍ വിജയങ്ങള്‍ കൊയ്ത രാജസ്ഥാന് ഇടയ്ക്ക് വച്ച് വിജയിക്കാമായിരുന്ന മത്സരങ്ങളും കൈവിടേണ്ടി വന്നതാണ് തിരിച്ചടിയായത്.

ജോസേട്ടാ ഇരുന്നു നോക്കാം

ധരംശാല: പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ‘യുസി, ജോസേട്ട കുറച്ചുനേരം ഇരുന്നു നോക്കാം, ചെലപ്പോ ബിരിയാണി കിട്ടിയാലോ?’ എന്നായിരുന്നു പങ്കുവച്ച ചിത്രത്തിന് താഴെ സഞ്ജു നല്‍കിയ അടിക്കുറിപ്പ്. ജോസ് ബട്ലര്‍ക്കും യുസ്വേന്ദ്ര ചഹലിനുമൊപ്പം സഞ്ജു ഇരിക്കുന്ന ചിത്രത്തില്‍ അടിക്കുറിപ്പ് മലയാളത്തിലായതാണ് ആരാധകരെ ആവേശത്തിലാക്കിയത്. രാജസ്ഥാന്റെയും തന്റെ അവസ്ഥയെയും ട്രോളി സഞ്ജു ഇട്ട ഈ പോസ്റ്റിന് താഴെ നിരവധി മലയാളികള്‍ കമന്റുകളുമായെത്തി. ബട്ലര്‍ തന്നെ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ബിരിയാണിയല്ല, കിട്ടാന്‍ പോകുന്നത് ഡക്ക് പാന്‍കേക്ക് ആയിരിക്കുമെന്ന് കുറിച്ച് ഈ പോസ്റ്റിന് താഴെ ബട്‌ലര്‍ സ്വയം ഒന്ന് ട്രോളിയിട്ടുമുണ്ട്.

Eng­lish Sum­ma­ry; Rajasthan can make it to the play­offs; But one lay­er is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.