28 April 2024, Sunday

Related news

April 5, 2024
April 4, 2024
April 3, 2024
April 2, 2024
March 31, 2024
March 30, 2024
March 26, 2024
March 25, 2024
March 18, 2024
March 17, 2024

രൺജീത് ശ്രീനിവാസൻ വധകേസ്: പ്രതികൾ മൂന്ന് തവണ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

Janayugom Webdesk
മാവേലിക്കര
January 21, 2024 12:16 pm

ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ എസ് ഡി പി ഐ പ്രവർത്തകരായ പ്രതികൾ മൂന്ന് തവണ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം. 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവർ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രൺജീത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. 

വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. മണ്ണഞ്ചേരിയിൽ എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രൺജീത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു. അർധരാത്രി രൺജീത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. 

തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴ ഡി വൈ എസ് പി, എൻ ആർ. ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിൽപരം തൊണ്ടി മുതലുകളുമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ തെളിവായി ഹാജരാക്കിയത്. ഫിംഗർ പ്രിന്റുകൾ, സയൻ്റിഫിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പ് സഹായത്തോടെ തയ്യാറാക്കിയ റൂട്ടു മാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ പ്രോസിക്യൂഷൻ ആശ്രയിച്ചിരുന്നു. പ്രതികളുടെ തിരിച്ചറിയൽ പരേഡിൽ നടത്തിയ ജുഡീഷ്യൽ ഓഫീസർമാർ, ഡോക്ടർമാർ, പൊലിസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ, സാധാരണക്കാർ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരായ സാക്ഷികളെയാണ് കോടതിയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. 

കേസിലെ 15 പ്രതികളെ എകദേശം 6000 ത്തോളം പേജുകളിലായാണ് വിചാരണ കോടതി ജഡ്ജി ക്രിമിനൽ നടപടി നിയമം 313 വകുപ്പ് പ്രകാരം ചോദ്യം ചെയ്ത് മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പരമാവധി സാക്ഷികളെ വിസ്തരിച്ച് കേസിൽ തീർപ്പ് ഉണ്ടാക്കണം എന്നുള്ള ലക്ഷ്യത്തോടെയുള്ള സമീപനമാണ് പ്രോസിക്യൂഷൻ ഈ കേസിൽ തുടക്കം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. ഇതിനിടെ കേസ് വിചാരണ ജില്ലക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രതികൾക്ക് സുരക്ഷ കുറവാണ് എന്നും മറ്റും ഉള്ള ആരോപണങ്ങളും പ്രതിഭാഗത്തുനിന്നും ഉയരുകയുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് കേസ് വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റപ്പെട്ടത്. ആ വിധിക്കെതിരെ പ്രതികൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.

Eng­lish Sum­ma­ry: Ran­jeet Srini­vasan mur­der case: Accused con­spired three times in charge sheet

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.