മുൻ നിയമമന്ത്രി അശ്വനി കുമാർ പാർട്ടി വിട്ട സാഹചര്യത്തിൽ ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ജി 23. രാജ്യം ആഗ്രഹിക്കുന്ന രീതിയിൽ നിന്ന് കോൺഗ്രസ് നേതൃത്വം വഴിതെറ്റിയെന്ന് ആരോപിച്ചാണ് അശ്വനി കുമാർ രാജിവച്ചത്. നേതാക്കൾ ഒന്നിനുപുറകെ ഒന്നായി പുറത്തുപോകുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ്മ, ലോക്‌സഭാംഗം മനീഷ് തിവാരി എന്നിവർ പറഞ്ഞു.
നേതാക്കൾ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ നിലവിലെ നേതൃത്വം ആത്മപരിശോധനക്ക് തയാറാവണമെന്ന് ഗുലാം നബി ആസാദും ഒരു സാധാരണ പ്രവർത്തകൻ പാർട്ടി വിട്ടാലും അത് പരിശോധിക്കേണ്ടതാണെന്ന് മനീഷ് തിവാരിയും പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘രാജ്യത്തുടനീളം വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നു. നാലാമത്തെയോ അഞ്ചാമത്തെയോ മുൻ കേന്ദ്രമന്ത്രിയാണ് അശ്വനി കുമാർ. വ്യക്തിപരമായ കാരണങ്ങളല്ല, പാർട്ടിക്കുള്ളിലെ അസ്വാരസ്യമാണ് അവരെ അസ്വസ്ഥരാക്കുന്നത്’- ഗുലാം നബി പറഞ്ഞു.
കോൺഗ്രസിന് അധികാരത്തിൽ തിരിച്ചുവരാൻ കഴിയണമെങ്കിൽ പ്രത്യയശാസ്ത്രപരമായി ഉറച്ച ബോധ്യമുള്ളവർക്ക് നേതൃത്വം കൈമാറണം. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽനിന്ന് എന്തെല്ലാം പാഠങ്ങൾ പഠിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും 2024 ലെ ഫലം. 2019ൽ നിന്ന് പാഠം പഠിച്ചില്ല. പിന്നീടും കാര്യങ്ങൾ ശരിയാക്കാൻ മൂന്നു കൊല്ലമുണ്ടായിരുന്നു. പക്ഷേ, ഇതുവരെ ഒന്നും നടന്നില്ല. എന്നാൽ ഇതുവരെ ജി 23 ൽ നിന്ന് ഒരാൾപോലും മറ്റൊരു പാർട്ടിയിലേക്കും പോയിട്ടില്ല. അതേസമയം പുതിയ തലമുറയിലെ പലരും കിട്ടിയ അവസരം മുതലാക്കി പാർട്ടി മാറാനാണ് ശ്രമിച്ചിട്ടുള്ളത്. അവരാണ് അവസരവാദികൾ. സ്ഥാനമാനങ്ങൾക്കുവേണ്ടിയാണ് അവർ കോൺഗ്രസിലേക്കുവന്നത്. ജി 23 ഉൾപ്പെടുന്ന പഴയ തലമുറ എന്നും എപ്പോഴും കോൺഗ്രസിൽ ഉറച്ചുനിൽക്കുന്നവരാണ്. ആരെയാണ് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നതെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.
കൂറുമാറുന്നവരുണ്ടാക്കുന്ന ആഘാതമാണ് കൃത്യമായി വിലയിരുത്തേണ്ടത്. ജി 23 ഉൾപ്പെടെയുള്ള പഴയ തലമുറക്കാരാണ് യഥാർത്ഥ കോൺഗ്രസ്. മന്ത്രിസ്ഥാനമല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് തങ്ങളെ ആകർഷിച്ചത്. ഈ പ്രത്യയശാസ്ത്രത്തിന്റെ ശത്രുക്കളാണ് ബിജെപി എന്ന തിരിച്ചറിവാണ് തങ്ങളെ നയിക്കുന്നത്. എപ്പോഴും പാർട്ടിയിൽ ഉറച്ചുനില്ക്കേണ്ടതായുണ്ട്, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പരാജയമുണ്ടാവുമ്പോൾ‑നേതാക്കൾ പറഞ്ഞു.
പാർട്ടി നേതൃത്വം പൂർണമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് 2020 ഓഗസ്റ്റിൽ കത്തയച്ച കപിൽ സിബൽ, ശശി തരൂർ, പൃഥ്വിരാജ് ചൗഹാൻ, മിലിന്ദ് ദേവ്റ എന്നിവരുൾപ്പെടെ 23 നേതാക്കളാണ് ജി 23. പ്രതിസന്ധി പരിഹരിക്കാനായി ഡിസംബറിൽ സോണിയ ഗാന്ധി വിമതരുമായി ചർച്ച നടത്തി. ജൂൺ മാസത്തോടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് 2021 ജനുവരി 22 ന് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിക്കുകയും ചെയ്തു. എന്നാൽ 2022 ഫെബ്രുവരി പകുതിയായിട്ടും നേതൃത്വത്തിൽ തീരുമാനമായില്ല.
English Summary:Rebels again against national leadership; Congress has gone astray
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.