16 January 2026, Friday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

കിരാത ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കരുത്

Janayugom Webdesk
June 28, 2024 5:00 am

പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് 2023 ഡിസംബറിൽ പതിനേഴാം ലോക്‌സഭ പാസാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെ രാജ്യത്ത് പൊതുവിലും, അഭിഭാഷകരടക്കം നിയമവൃത്തങ്ങളിലും വ്യാപകമായ പ്രതിഷേധവും എതിർപ്പുമാണ് വളർന്നുവന്നിരിക്കുന്നത്. നിർദിഷ്ട നിയമങ്ങൾക്കെതിരെ കോടതി ബഹിഷ്കരണമടക്കം പ്രതിഷേധ പരിപാടികൾ നടത്താനുള്ള വിവിധ ബാർ അസോസിയേഷനുകളുടെ തീരുമാനത്തിൽ നിന്നും തല്‍ക്കാലം പിന്തിരിയണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. നിയമവൃത്തങ്ങൾ ഉയർത്തുന്ന ആശങ്കകൾ കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ച് ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് സംയമനം പാലിക്കാൻ ബാർ അസോസിയേഷനുകളോടും അഭിഭാഷക സംഘടനകളോടും ബിസിഐയുടെ അഭ്യർത്ഥന. 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, 1898ലെ ഇന്ത്യൻ ക്രിമിനൽ നടപടിക്രമം, 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കുപകരം ഭാരതീയ ന്യായസന്‍ഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബിഎസ്എ) എന്നിവ ജൂലൈ ഒന്നുമുതൽ നിലവിൽ വരുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. 2023 ഓഗസ്റ്റിൽ ലോക്‌സഭയുടെ മേശപ്പുറത്തുവച്ച കരട് ബിൽ പാർലമെന്റ് സ്ഥിരംസമിതി പരിഗണിക്കുകയും, നവംബർ 10ന് അംഗീകരിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ബില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം സഭയിൽ നിന്ന് സ­സ്പെൻഡ് ചെയ്ത് ഏകപക്ഷീയമായാണ് പാസാക്കിയത്. അത് നിയമമാക്കി നടപ്പാക്കാനാണ് മൂന്നാം മോഡി സർക്കാർ മുതിർന്നിരിക്കുന്നത്. മൗലികമായി ജനാധിപത്യ വിരുദ്ധമായ മൂന്ന് നിയമങ്ങളും ജനവിരുദ്ധവും കോളനികാല നിയമങ്ങളെക്കാൾ നിർദയവും പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് ഭീഷണിയുമാണെന്ന് പ്രമുഖ നിയമജ്ഞർ വിലയിരുത്തുന്നു. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപി­ൽ സിബൽ, അഭിഷേക് മനു സിംഘ്‌വി, മുകുൾ റോത്തഗി, വിവേക് തൻഖാ, ദുഷ്യന്ത് ദവെ, ഇന്ദിര ജെയ്സിങ് തുടങ്ങി അഭിഭാഷക പ്രമുഖരെല്ലാം നിയമങ്ങൾ അതേപടി നടപ്പാക്കുന്നതിനെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്.

2023 ഓഗസ്റ്റിൽ കോളനി കാലത്തെ ക്രിമിനൽ നിയമങ്ങൾക്ക് പകരമെന്ന പേരിൽ ലോക്‌സഭയിൽ അവതരിപ്പിച്ച പുതിയ കരടുനിയമത്തിനെതിരെ വ്യാപകമായ വിമർശനങ്ങളും എതിർപ്പും ഉയർന്നിരുന്നു. അതിനെത്തുടർന്ന് അപ്രതീക്ഷിതമായി ഡിസംബർ ഒമ്പതിന് അവ പിൻവലിക്കുകയും, തിടുക്കത്തിൽ 12-ാം തീയതി പുതുക്കിയ കരട് അവതരിപ്പിക്കുകയുമായിരുന്നു. ആദ്യ കരട് പരിഗണിച്ച, ബിജെപിക്ക് ആധിപത്യമുള്ള പാർലമെന്റ് സ്ഥിരംസമിതി പോലും ബില്ലിന്റെ താഴ്ന്ന നിലവാരവും അതിന്റെ ഭയജനകമായ സ്വഭാവവും കണക്കിലെടുത്ത് പല ഭേദഗതികളും നിര്‍ദേശിക്കാൻ നിർബന്ധിതമായി. സുപ്രധാനമായ പല നിർവചനങ്ങളിലുമുള്ള അവ്യക്തത ചൂണ്ടിക്കാണിക്കാനും സമിതി മുതിർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭേദഗതിചെയ്ത കരടാണ് പിന്നീട് പിൻവലിക്കേണ്ടി വന്നത്. ബില്ലിന്റെ ഈ ചരിത്രം തന്നെ പുതിയ നിയമങ്ങളെപ്പറ്റി നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും ആശങ്ക ഉയർത്തുക സ്വാഭാവികം മാത്രം. രാജ്യത്തെ ജനജീവിതത്തെ അപ്പാടെയും നിയമവാഴ്ചയെയും ബാധിക്കുന്ന നിയമനിർമ്മാണത്തിൽ ആവശ്യമായ അഭിപ്രായരൂപീകരണം ഉണ്ടായിട്ടില്ല. ഭരണകക്ഷിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടിന്റെയും ബോധ്യത്തിന്റെയും, എല്ലാക്കാലത്തേക്കും തങ്ങൾ തന്നെ അധികാരത്തിൽ തുടരുമെന്ന അമിത ആത്മവിശ്വാസത്തിന്റെയും, അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് മൂന്ന് നിയമങ്ങളും. നിർദിഷ്ട ഭാരതീയ ന്യായസന്‍ഹിതയിൽ ഭീകരവാദത്തെപ്പറ്റിയുള്ള ആദ്യ കരടിലെ ഭയജന്യമായ നിർവചനം, 1967ലെ കുപ്രസിദ്ധവും ഏറെ ദുരുപയോഗം ചെയ്യപ്പെട്ടതുമായ യുഎപിഎ നിയമത്തിന്റെ തലത്തിലേക്ക് മയപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയവും ആശയപരവുമായ വിമർശനങ്ങൾക്കും പ്രതിയോഗികൾക്കും എതിരെ ഭീകരവാദ മുദ്രകുത്തി ഭരണകൂടം നിരന്തരം ദുരുപയോഗം ചെയ്തുവരുന്ന ഈ നിയമം കോളനിവാഴ്ചയുടെ സംഭാവനപോലും അല്ലെന്നിരിക്കെ, അത് അപ്പാടെ പിൻവലിക്കാതെ നിലനിർത്തുകവഴി എന്ത് പരിഷ്കാരമാണ് അതിന്റെ വക്താക്കൾ വരുത്താൻ ശ്രമിക്കുന്നതെന്നത് വ്യക്തമാണ്. കോളനി നിയമങ്ങളെക്കാൾ കർക്കശവും കിരാതവുമായ ഒരു തിരിച്ചുപോക്കാണ് പുതിയ ക്രിമിനൽ നിയമങ്ങൾ ലക്ഷ്യംവയ്ക്കുന്നത്.

പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള അവസരം ജനാധിപത്യവിരുദ്ധമായി നിഷേധിച്ച്, പൊതുജനാഭിപ്രായം രേഖപ്പെടുത്താൻ ആവശ്യമായ സമയം അനുവദിക്കാതെ, അഭിഭാഷകരുടെയും നിയമജ്ഞരുടെയും അഭിപ്രായങ്ങള്‍ മാനിക്കാതെ സ്വേച്ഛാധിപത്യപരമായി പ്രാകൃത ക്രിമിനൽ നിയമങ്ങൾ രാജ്യത്തിന്റെയും ജനങ്ങളുടെയും മേൽ അടിച്ചേല്പിക്കാനാണ് മോഡി ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്ത് നിയമങ്ങൾ ദൈനംദിനം കൈകാര്യം ചെയ്യുന്ന അഭിഭാഷകരാണ് പുതിയ നിയമങ്ങളുടെ ജനവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും അവ പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും നേരെ ഉയർത്തുന്ന വെല്ലുവിളികളും തിരിച്ചറിഞ്ഞ് അവയെ ചെറുക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ മുന്‍കയ്യെടുത്ത് ആഭ്യന്തര, നിയമ മന്ത്രിമാരുമായി നടത്തുന്ന ചർച്ച പ്രശ്നപരിഹാരത്തിന് ഉതകുമെന്ന് പ്രതീക്ഷിക്കുക. അതുവരെ ഈ ജനവിരുദ്ധനിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കാനുള്ള രാഷ്ട്രീയ വിവേകം മോഡി ഭരണകൂടം കാണിക്കാൻ തയ്യാറാവണം. അതിന് ഭരണകൂടം സന്നദ്ധമാകുന്നില്ലെങ്കിൽ ജനവികാരം പാർലമെന്റിൽ പ്രതിഫലിപ്പിക്കാൻ പ്രതിപക്ഷവും, ശക്തമായ ചെറുത്തുനില്പിന് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസവും നീതിബോധമുള്ള ജനങ്ങളും മുന്നോട്ടുവരികതന്നെ ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.