27 July 2024, Saturday
KSFE Galaxy Chits Banner 2

കശുഅണ്ടി മേഖലയുടെ പുനരുദ്ധാരണം

പ്രൊഫ.ഡോ. കെ ആര്‍ രാധാകൃഷ്ണപിള്ള
March 25, 2022 7:00 am

കേരളത്തിന്റെ ഒരു പ്രധാന പരമ്പരാഗത മേഖലയാണ് കശുഅണ്ടി. അഖിലേന്ത്യാ തലത്തിൽ ഏകദേശം 5,25,000 പേര്‍ക്ക് തൊഴിൽ നൽകുന്ന ഒരു വ്യവസായ മേഖല. കേരളത്തിൽ മാത്രം മൂന്നരലക്ഷം പേര്‍ക്ക് തൊഴിൽ നൽകിയിരുന്നു. ഈ വ്യവസായത്തിന്റെ ഒരു പ്രത്യേകത 90 ശതമാനം സ്ത്രീ തൊഴിലാളികൾ ആണ് എന്നതാണ്. മാത്രമല്ല ഇക്കൂട്ടർ പ്രധാനമായും സാമൂഹികമായും സാമ്പത്തികമായും വളരെയധികം പിന്നാക്കം നിൽക്കുന്നവരാണ്. നിലവിലെ സ്ഥിതിവിവര കണക്ക് പ്രകാരം ദേശീയ തലത്തിൽ 9,000 ഫാക്ടറികൾ നിലവിലുണ്ട്. കേരളത്തിൽ 4,000 ഫാക്ടറികൾ. ഇതിൽ ഭൂരിപക്ഷവും പ്രവർത്തനരഹിതം. കാഷ്യുവിന്റേയും കൊക്കോ വികസന ഡയറക്ടറേറ്റിന്റേയും എസ്റ്റിമേറ്റ് പ്രകാരം 2015–16 കാലത്ത് കശുഅണ്ടിയുടെ ഉല്പാദനം 6,70,300 മെട്രിക് ടൺ. എന്നാൽ യാന്ത്രിക ശേഷി അഖിലേന്ത്യാ നിലവാരത്തിൽ 20 ലക്ഷം ടൺ. അതുകൊണ്ട് ഇറക്കുമതി 7,30,339 ടൺ. 2016ൽ ഇറക്കുമതി 5,01,809 ടൺ ആയി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് കശുഅണ്ടിയുടെ ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുന്നതിനുളള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ്. കേരളത്തിൽ അധികാരത്തിൽ വരുന്ന ഗവൺമെന്റുകൾ തുടർച്ചയായി ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുന്നതിനായി പണം നീക്കിവയ്ക്കുന്നു. എന്നാൽ ഉല്പാദനം വർധിക്കുന്നില്ല. കശുഅണ്ടിയുടെ ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യണം. ഈ ഫണ്ട് എങ്ങനെ, എവിടെ, ആര് ചിലവാക്കുന്നു എന്നതിനെപ്പറ്റിയും ഇതു വഴി എത്ര ഉല്പാദനം വർധിച്ചു എന്നതിന്റേയും കണക്ക് കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ഇവിടെ വിവിധ സ്ഥാപനങ്ങൾ തമ്മിൽ ഒരു സംയോജനം അനിവാര്യമാകുന്നു. അതായത് വിവിധ കശുഅണ്ടി വികസന ഏജൻസികൾ തമ്മിലുളള സംയോജനം. കശുമാവിൻ തോട്ടങ്ങളെ സംരക്ഷിക്കുന്നതിനുളള നയപരിപാടികൾ തയാറാക്കി ഈ തോട്ടങ്ങൾ നശിച്ചു പോകാതെ സംരക്ഷിക്കണം. വികസന പരിപാടികളിൽ വീഴ്ച വരുത്തുന്ന ബ്യൂറോക്രാറ്റുകളെ കർശനമായി കൈകാര്യം ചെയ്യുന്നതിനുളള ആർജ്ജവവും ഉണ്ടാകണം. സേവന വേതന ഘടന വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമാണ്. ഈ പശ്ചാത്തലത്തിൽ യുക്തിസഹജമായി ഒരേ വേതന ഘടന പ്രഖ്യാപിക്കേണ്ടത് അനിവാര്യം. ഇവിടെയാണ് ദേശീയവേതന നയത്തിന്റെ പ്രസക്തി. ഇത് പ്രായോഗികമായാൽ നമ്മുടെ മത്സര ശക്തി ആഗോള തലത്തിൽ ഔന്നത്യത്തിൽ എത്തിക്കാൻ കഴിയും.


ഇതുകൂടി വായിക്കാം; മൃഗസംരക്ഷണ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ


കേന്ദ്ര സർക്കാർ ടെക്സ്റ്റൈൽസ്, കയർ, കൈത്തറി, ഖാദി തുടങ്ങിയവയ്ക്ക് കോടിക്കണക്കിന് സാമ്പത്തിക സഹായം വാരിക്കോരി നല്കുന്നു. എന്തുകൊണ്ട് കശുഅണ്ടി മേഖലയ്ക്ക് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകിക്കൂട? ഇതിന്റെ തൊഴിൽസാധ്യത പ്രത്യേകിച്ച് വനിതകൾ, താഴ്ന്ന നിലയിൽ നിന്ന് വരുന്നവർ. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ കേന്ദ്രഗവൺമെന്റിന് ഈ മേഖലയെ സഹായിക്കാൻ കഴിയും. ഓട്ടോമാറ്റിക് പീലിങ് മെഷീനും, ഗ്രേഡിങ് മെഷീനും ഈ വ്യവസായത്തിൽ വ്യാപകമാക്കിയാൽ ഉല്പാദനവും ഉല്പാദനക്ഷമതയും ഗണ്യമായി ഉയർത്താൻ കഴിയും. പുത്തൻ സാങ്കേതിക ക്രമം ഈ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും. ഉന്നത നിലവാരത്തിലുളള കശുഅണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നത് കേരളത്തിലെ കശുഅണ്ടി ഉല്പാദകരാണ്. ആഗോള വിപണിയിൽ നാം നമ്മുടെ ഖ്യാതി ഉയർത്തിയിട്ടുണ്ട്. നിശ്ചിത സമയത്തുതന്നെ ഉയർന്ന ഗുണനിലവാരത്തിലുളള കശുഅണ്ടി പരിപ്പ് വിദേശത്ത് എത്തിക്കുന്നതിലുളള കീർത്തി. ഇപ്പോഴത്തെ നിയമാവലികൾ കർശനമാണ്. പ്രത്യേകിച്ച് ആഗോള കശുഅണ്ടി വിപണി യാഥാർത്ഥ്യം ആയതോടെ ഒരു ചെറിയ തകരാറു കാരണം അയച്ച ചരക്ക് തിരികെ വരുന്ന സാഹചര്യം, ഇതിന്റെ പരിണിതഫലം ചരക്ക് കയറ്റി അയച്ച ഉടമ കൂടുതൽ പ്രതിസന്ധിയിൽ ആകും എന്നതാണ്. ഈ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളേയും സർക്കാർ ഉടമയിലുളള ഗവേഷണ സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കണം. പ്രത്യേകിച്ച് പാക്കേജിങ്, സാങ്കേതിക ക്രമത്തിന്റെ വ്യാപനം എന്നിവയ്ക്ക്. ജെെവസുരക്ഷിതത്വവും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും പുതിയ നയസമീപനം അനിവാര്യമാകുന്നു. തോട്ടണ്ടിയുടെ ഇറക്കുമതി നിരവധി നടപടിക്രമങ്ങളാൽ സമ്മർദ്ദത്തിലാണ്. നിരവധി പ്രതിസന്ധികൾ നേരിടുന്നു. കശുഅണ്ടി കയറ്റുമതി കൗൺസിൽ വഴി ഈ തടസങ്ങൾ തരണം ചെയ്യാൻ കഴിയും. വൻതോതിലുള്ള തോട്ടണ്ടി സംഭരണം, അതിന്റെ മെച്ചം, പരിപ്പ് സപ്ലെെ ചെയ്യുന്നതിലുളള നിശ്ചയദാർഢ്യം, അതുപോലെ യഥാസമയത്തുളള കയറ്റുമതി. ഇതെല്ലാം ഈ വ്യവസായത്തിന് ഗുണം ചെയ്യും. ആഗോള വിപണിയിലെ ആവശ്യം, ലഭ്യമായ തോട്ടണ്ടിയുടെ സംസ്കരണം, ഈ കാര്യങ്ങളിൽ ഇന്ത്യ ശക്തമായ നടപടികൾ, കയറ്റുമതി വർധിപ്പിക്കുന്നതിനും ആഭ്യന്തര ഉപഭോഗം ഗണ്യമായി ഉയർത്തുന്നതിനും സ്വീകരിക്കണം. ഈ പശ്ചാത്തലത്തിൽ ഇന്ത്യ ഇതര കശുഅണ്ടി സംസ്കരണ രാജ്യങ്ങളുമായി ശക്തമായ സഹകരണം തുടങ്ങണം. ഈ സഹകരണം വഴി ഇടത്തട്ടുകാരെ നമുക്ക് ഒഴിവാക്കാൻ കഴിയും. മാത്രമല്ല, നമുക്ക് നേരിട്ട് ആഗോള വിപണിയുമായി കച്ചവടം നടത്താനും ഇതുവഴി വില നിലവാരത്തിൽ ഒരു സ്ഥിരത ഉറപ്പാക്കുവാനും കഴിയും. കേന്ദ്ര സർക്കാർ ഒരു പുത്തൻ സാങ്കേതിക ക്രമം വാർത്തെടുക്കുന്നതിന് ആരംഭിച്ചാൽ അത് ഈ വ്യവസായത്തിന് ഗുണകരമായിരിക്കും. ഒരു വ്യക്തമായ ഇറക്കുമതി നയം അനിവാര്യം. ഇക്കാര്യത്തിലും കേന്ദ്ര ഇടപെടൽ അനിവാര്യമാണ്.


ഇതുകൂടി വായിക്കാം; മഹാമാരിക്കിടയിലും ഇറക്കുമതിയുമായി മോഡിസര്‍ക്കാര്‍


ഇറക്കുമതി ചുങ്കത്തെപ്പറ്റി കേന്ദ്രം ഒരു പുനർചിന്തനം നടത്തണം. സര്‍ക്കാര്‍ പറയുന്നത് ഇറക്കുമതിയിൽ സംജാതമാകുന്ന മോശം പ്രവണത തടയാനാണ് പുതിയ ചുങ്കമെന്നാണ്. എന്നാൽ ഇതിന്റെ പ്രത്യാഘാതം വളരെ രൂക്ഷമാണ്. ഇപ്പോൾ വിയറ്റ്നാമാണ് മുഖ്യ കയറ്റുമതി രാജ്യം. അവിടെ പൂർണതോതിൽ യന്ത്രവൽക്കരണമുണ്ട്. ഇതുവഴി ഉല്പാദന ചിലവ് ഗണ്യമായി കുറയുന്നു. ഇക്കാരണത്താൽ അവരുടെ മത്സരശേഷി ആഗോള വിപണിയിൽ വളരെ ഉയർന്നുനില്‍ക്കുന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചുങ്കം നമ്മെ പ്രതിസന്ധിയിലാക്കുന്നു. നിലവിലെ സാഹചര്യത്തിൽ കശുഅണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന വ്യക്തിക്ക് അളവ് നിബന്ധനകള്‍ അതായത് 25ശതമാനം ഇറക്കുമതി ചെയ്യുന്ന അളവിൽ കയറ്റുമതിയും നടത്തണം. ഇത് അംഗീകരിക്കുവാൻ കഴിയില്ല. ഇതിന്റെ ഗുരുതരമായ പ്രശ്നം നാം അന്യരാജ്യങ്ങളെയാണ് തോട്ടണ്ടിക്കായി ആശ്രയിക്കുന്നതെന്നാണ്. പല ആഫ്രിക്കൻ രാജ്യങ്ങളിലേയും നിലവാരം വളരെ താഴെയാണ്. ഈ തോട്ടണ്ടിയിൽ നിന്ന് പത്തു ശതമാനമേ പരിപ്പ് ലഭിക്കുകയുളളു. ഈ പശ്ചാത്തലത്തിലാണ് അളവ് നിബന്ധന അംഗീകരിക്കാൻ പ്രയാസമുണ്ട് എന്ന് പറയുന്നത്. നയ രൂപീകരണത്തിൽ കമ്പോള പഠനം, ഗുണനിലവാര നിയന്ത്രണം. അതുപോലെ വിതരണ ശൃംഖല തുടങ്ങിയ മേഖലകളെ പരിഗണിക്കുന്നതേയില്ല. ഈ ഘടകങ്ങൾ പഠനവിധേയം ആകണം. കശുഅണ്ടിപ്പരിപ്പിന് വിശാലമായ ഒരു കമ്പോളം വിദേശത്തും ഇന്ത്യയിലും നിലനിൽക്കുന്നു. എന്നാൽ ഈ പുത്തൻ കമ്പോളം കണ്ടെത്തുന്നതിൽ നാം വളരെ പിന്നിലാണ്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാകുന്നു. അതായത് ഉല്പാദന വർധനയിൽ, സംസ്കരണത്തിൽ, വിപണനത്തിൽ എല്ലാം വളരെ സമഗ്രമായ നടപടികൾ അനിവാര്യമാകുന്നു. ആഗോളവിപണിയിൽ ഇന്ത്യ നിലനിൽക്കാൻ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. പ്രത്യേകിച്ച് കശുഅണ്ടി മേഖലയിൽ ഇന്ത്യയുടെ സ്ഥാനം സുസ്ഥിരമാക്കാൻ വേണ്ടി. ഇവിടെ ഗവൺമെന്റ് ഏജൻസികളുടെ പങ്ക് നിർണായകമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് കേന്ദ്രം ഒരു പുനർചിന്തനത്തിന് തയാറാകണം. ഈ വ്യവസായത്തിൽ ഘടനാപരമായ മാറ്റം വേണം. ഈ പശ്ചാത്തലത്തിൽ കേന്ദ്ര ഇടപെടൽ അനിവാര്യമാണ്. അഖിലേന്ത്യാ തലത്തിൽ അഞ്ച് ലക്ഷത്തോളം വരുന്ന ദരിദ്രനാരായണന്മാരുടെ മോചനത്തിനായി കേന്ദ്ര സംസ്ഥാന ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.