15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 8, 2024
November 7, 2024
October 30, 2024
October 30, 2024
October 29, 2024
October 28, 2024
October 22, 2024
September 30, 2024

വിസ്മയ കേസില്‍ പ്രതിയുടെ ബന്ധുക്കളും കൂറുമാറി

Janayugom Webdesk
കൊല്ലം
February 4, 2022 9:44 pm

വിസ്മയക്കേസില്‍ വിചാരണ അന്തിമഘട്ടത്തിലേയ്ക്കെത്തവെ പ്രതി കിരണിന്റെ ബന്ധുക്കളുടെ കൂറുമാറ്റം തുടരുന്നു. കിരണിന്റെ സഹോദരി കീര്‍ത്തി, കിരണിന്റെ വല്യച്ഛന്റെ മകന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി എന്നിവര്‍ വിസ്താരവേളയില്‍ മൊഴി മാറ്റിയതോടെ അവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദു എന്നിവര്‍ പൊലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞു. മരണം അറിഞ്ഞ് പത്മാവതി ആശുപത്രിയില്‍ ചെന്ന് കിരണിനെ കണ്ടപ്പോള്‍ ‘ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ’ എന്ന് ചോദിച്ചപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാണിച്ചുവെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മൊഴി നല്‍കി. കിരണും വിസ്മയയും തമ്മില്‍ വഴിക്കുണ്ടായതായി കിരണിന്റെ പിതാവ് സദാശിവന്‍പിള്ള അന്ന് രാത്രി തങ്ങളോട് പറഞ്ഞതായി അനില്‍കുമാറും വെളിപ്പെടുത്തി.
സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ യാതൊരു തര്‍ക്കവുമുണ്ടായിരുന്നില്ലെന്ന് കീര്‍ത്തി മൊഴി നല്‍കിയതോടെ ഇവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രസ്താവിച്ചു.

തുടര്‍ന്നുള്ള വിസ്താരത്തില്‍ 2021 ജൂണ്‍ 13ന് വിസ്മയ വാട്ആപ്പിലൂടെ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്നും താനത് ഡിലീറ്റ് ചെയ്തിരുന്നുവെന്നും കീര്‍ത്തി മൊഴി നല്‍കി. നാല് വാട്ആപ് മെസേജുകള്‍ വിസ്മയ തനിക്ക് അയച്ചതാണെന്ന് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ‘ചേച്ചി എന്നെ രക്ഷിക്കണം. കാലുപിടിക്കാം. അനിയത്തിയായിട്ട് കണ്ടിട്ടെങ്കിലും എനിക്കെന്റെ വീട്ടില്‍ പോകണം ചേച്ചി, എന്നെ ഒന്ന് കൊണ്ടാക്കാന്‍ പറ, എന്റെ മഹാദേവന്‍ സത്യമായിട്ടും പിന്നെ ഒരിക്കലും ഞാന്‍ ശല്യമായി വരില്ല’- തുടങ്ങിയ മെസേജുകള്‍ തന്നെ കബളിപ്പിക്കാന്‍ അയച്ചതാണെന്ന് വിസ്മയ പിന്നീട് പറഞ്ഞുവെന്നും കീര്‍ത്തി മൊഴി നല്‍കി. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു.

ലോക്കറില്‍ കൊണ്ടുവയ്ക്കാന്‍ പോകുന്നതിന് മുമ്പ് 60 പവനോളം സ്വര്‍ണമുണ്ടെന്ന് വിസ്മയ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ലോക്കറില്‍ വയ്ക്കാന്‍ കൊണ്ടുചെന്നപ്പോള്‍ 42 പവനേയുള്ളു എന്ന് അറിഞ്ഞുവെന്നും കിരണിന്റെ പിതാവ് സദാശിവന്‍പിള്ള മൊഴി നല്‍കി. ഇക്കാര്യം കിരണ്‍ വീട്ടില്‍ വന്ന് തന്നോട് പറഞ്ഞു. അതേ തുടര്‍ന്ന് വിസ്മയയും കിരണും തമ്മില്‍ വഴക്കായി. താന്‍ സ്വര്‍ണം ദുരുപയോഗം ചെയ്തതായി തെറ്റിദ്ധരിക്കുമെന്ന് കരുതിയായിരിക്കും കിരണ്‍ ഇപ്രകാരം പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍പിള്ളയുടെ എതിര്‍വിസ്താരത്തില്‍ കിരണിന്റെ പിതാവ് സദാശിവപിള്ള മൊഴി നല്‍കി. 2021 ഏപ്രില്‍ 18ന് വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കിരണ്‍ എറിഞ്ഞുടച്ചശേഷം രണ്ട് ദിവസം കഴിഞ്ഞ് കിരണ്‍ തന്നെ 17,000 രൂപ വിലയുള്ള ഫോണ്‍ വാങ്ങി നല്‍കിയെന്നും പിതാവ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കി.

വിസ്മയയുടെ കട്ടിലിലെ തലയണയുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസ് താന്‍ പൊലീസില്‍ ഏല്‍പ്പിച്ച കാര്യം ആരോടും പറയാതിരുന്നത് തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതിചേര്‍ക്കുമെന്ന് ഭയന്നാണെന്നും സാക്ഷി എതിര്‍വിസ്താരത്തില്‍ പറഞ്ഞു. വിസ്മയയെ ബന്ധുവായ ഒരു ആയൂര്‍വേദ ഡോക്ടറുടെ അടുത്ത് പരിശീലനത്തിന് വിട്ടുകൂടേയെന്ന് കിരണിന്റെ മാതാവ് കിരണിനോട് ചോദിച്ചപ്പോള്‍ വിസ്മയ പരീക്ഷ പാസ്സായിട്ടില്ലെന്ന് കിരണ്‍ പറഞ്ഞുവെന്നും സദാശിവന്‍പിള്ള മൊഴി നല്‍കി. തുടര്‍ വിസ്താരം തിങ്കളാഴ്ച നടക്കും.

സാക്ഷി വിസ്താരം തുടരുന്നു

വിസ്മയയെ മരിച്ച നിലയില്‍ ശാസ്താംകോട്ട പത്മാവതി ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ച മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ യശോധരന്‍, കിരണിന്റെ സഹപ്രവര്‍ത്തകനായിരുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ അജേഷ്, വിസ്മയയുടെയും കിരണിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്ത നിലമേല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രഭാകരന്‍പിള്ള, നിലമേല്‍ ഫെഡറല്‍ ബാങ്ക് ശാഖാ മനേജര്‍ രാജേഷ്, വിസ്മയയുടെ സഹോദരനെ കിരണ്‍ പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ഫാത്തിമ, എന്‍എസ് ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഇന്‍ക്വസ്റ്റ് നടത്തിയ കുന്നത്തൂര്‍ തഹസില്‍ദാര്‍ നിസാം എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു.

മരണം സ്ഥിരീകരിച്ചശേഷം പുറത്ത് വന്ന് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവ് എന്ന് പരിചയപ്പെടുത്തിയയാള്‍, തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതായും തുടര്‍ന്ന് വിസ്മയ ശുചിമുറിയില്‍ കയറി കതകടച്ചതായും കുറേ നേരം കഴിഞ്ഞ് ശബ്ദം കേള്‍ക്കാത്തതിനാല്‍ താന്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയെന്ന് പറഞ്ഞതായും ഡോ. അമല്‍ മൊഴി നല്‍കി. 2021 ജനുവരി മൂന്നിന് രാവിലെ കിരണിനെ ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചിരിക്കുന്നതായി അറിഞ്ഞ് അവിടെ ചെന്നുവെന്ന് അജേഷ് വെളിപ്പെടുത്തി. കിരണിന്റെ ജോലിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ താന്‍ കൂടി വിസ്മയയുടെ വീട്ടില്‍ ചെന്ന് വീട്ടുകാരുമായി സംസാരിച്ചു. തീരുന്ന പ്രശ്നമാണെങ്കില്‍ തീര്‍ക്കാന്‍ പറഞ്ഞു. കാറുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് വിസ്മയയുടെ സഹോദരന്‍ പറഞ്ഞുവെന്നും തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ച് പ്രശ്നപരിഹാരമായെന്നും അജേഷ് മൊഴി നല്‍കി. കിരണും അജേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.

ENGLISH SUMMARY:relatives also defect­ed in the vis­maya case

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.