20 December 2024, Friday
KSFE Galaxy Chits Banner 2

കഥകൾ ബാക്കിയാക്കിയ എഴുത്തമ്മ

ഡോ. എ മുഹമ്മദ്കബീർ
December 3, 2023 7:51 pm

അനുഭവങ്ങളുടെ പ്രകാശമേഖലയിൽ പ്രതിഭയുടെ പൊൻതിളക്കം തീർത്ത മലയാളത്തിന്റെ പ്രിയ കഥാകാരി പി വൽസല വിട പറഞ്ഞിരിക്കുന്നു. സ്ത്രീ, ദലിത് പ്രമേയങ്ങളെ പ്രണയിച്ച ഈ എഴുത്തമ്മ ഇനിമേൽ മലയാളികളുടെ ഹൃദയക്ഷേത്രത്തിലെ വിശുദ്ധബിംബം. സ്ത്രീയും ദലിതരും പ്രകൃതിയും പരസ്പരം പര്യായങ്ങളായി വൽസലയുടെ കഥകളിൽ ജീവിച്ചു. ഈ കഥാപാത്രങ്ങൾക്കെല്ലാം മുറിവേറ്റ മനസായിരുന്നു. ചിതലരിച്ച മുഖക്കോണുകളുടെ ഇറയത്തിരുന്ന് അവർ ഭൂതകാലത്തിന്റെ തെളിച്ചിത്രങ്ങൾ അയവിറക്കി. അവരിലൂടെ അട്ടപ്പാടിയിലെയും കൂമൻകൊല്ലിയിലെയും തിരുനെല്ലിയിലെയും ആദിവാസികളുടെ അടുക്കളച്ചൂര് നാമനുഭവിച്ചു. അവരിലെ നൊന്ത ഹൃദയങ്ങളുടെ ഏറ്റിറക്കമാർന്ന വിലാപവേഗങ്ങളെ ഗൗരവത്തോടെ നമ്മോട് പറഞ്ഞത് വൽസലയെന്ന എഴുത്തുദേവതയാണ്. ആ ശബ്ദത്തിന് പ്രതിബദ്ധതയുടെ മുഴക്കമുണ്ടായിരുന്നു. ഇടമുറിയാത്ത പ്രതിഷേധത്തിന്റെ പേമഴപ്പെയ്ത്തായിരുന്നു വൽസലയുടെ എല്ലാ രചനകളും. സ്വകീയമായ ദർശനവും അന്തസാർന്ന വീക്ഷണവും വൽസലയ്ക്ക് വഴിക്കൂട്ടായി. പ്രതിഷേധച്ചൂടിലും കനിവിന്റെ കടൽത്തിളക്കം അവരുടെ രചനകളിൽ നാം കണ്ടു. കലാപരമായ ഒതുക്കത്താൽ വൽസലക്കഥകൾ നാട്ടുമാമ്പഴം പോലെ എന്നും നമ്മെ കൊതിപ്പിച്ചു. വിഷാദത്തിന്റെ കരിമേഘപ്പടർച്ചയിലും സാന്ത്വനത്തിന്റെ സൂര്യവെട്ടം തീർക്കാൻ വൽസലയുടെ രചനകൾക്ക് കഴിഞ്ഞു. ഫെമിനിസത്തിന്റെ വഴിയിറമ്പുകളിൽ നിന്ന് കൊടുവാൾമൂർച്ചയാർന്ന വാക്കുകളുതിർത്ത് ഈ എഴുത്തുകാരി ആരെയും ഭയപ്പെടുത്തിയില്ല. ഫെമിനിസമെന്നാൽ എതിർലിംഗത്തിന് മേൽ തെറിക്കമ്പം തീർക്കലാണെന്നും കരുതിയില്ല. ആൺ‑പെൺ മനസുകളുടെ സഞ്ചാരലോകം വൽസലയ്ക്ക് മനപ്പാഠം മാത്രം. സ്ത്രീപക്ഷത്തിനുവേണ്ടി വാദിച്ചുകയറുമ്പോഴും പകയില്ലാത്ത പക്വമനസ് സൂക്ഷിക്കാനായിരുന്നു കഥാകാരിക്കിഷ്ടം. സമൂഹപക്ഷ ചിന്തയുള്ള പുരോഗമന എഴുത്തുകാരി — ഒറ്റവരിയിലൊതുങ്ങുന്ന ഈ വിശേഷണമാണ് വൽസല ടീച്ചര്‍ക്ക് ഏറ്റവും അനുയോജ്യം.
ഓരോ എഴുത്തുകാർക്കും മാസ്റ്റർപീസെന്ന് വിളിക്കാവുന്ന ഒരു രചനയുണ്ടാവും. വൽസലയ്ക്കുമുണ്ട് അത്തരമൊരു രചന, നെല്ല്. തിരുനെല്ലിക്കാട്ടിലെ അടിയാളജീവിതം പകർന്നിട്ട വിലാപചിത്രമാണത്. മൃഗങ്ങളും മനുഷ്യരും നടത്തുന്ന നിലനിൽപിനായുള്ള പോരാട്ടജീവിതം. അതാണ് നെല്ല്. അനുഭവമാണ് ആവിഷ്കാരമെന്ന് ഈ എഴുത്തുകാരി വിശ്വസിച്ചു. കോഴിക്കോടുനിന്ന് തിരുനെല്ലിയിലേക്കുള്ള യാത്രയ്ക്ക് ഈ വിശ്വാസം കൂട്ടായി. അകക്കണ്ണിൽ അളന്നെടുത്ത വാക്കുകൾക്കൊപ്പം ആദിവാസിപ്പൊരുത്തമാർന്ന തനതുവചനങ്ങളും ചേർത്തരച്ച മണ്ണിന്റെ മഷിക്കൂട്ടായിരുന്നു നെല്ല്. നെല്ലിലൂടെ എഴുത്തുഭൂപടത്തിൽ ടീച്ചർ ഒരു സ്വതന്ത്രരാജ്യം തീർത്തു. ഗോത്രവർഗ ജീവിതത്തിന്റെ പരിണാമഗുപ്തികളെ അച്ചടക്കത്തോടെ പൂരിപ്പിച്ചു. ഋതുപ്പകർച്ചയിൽ ഉലഞ്ഞുകത്തുന്ന ഗോത്രവിശ്വാസത്തിരിവെട്ടങ്ങളിൽ ചെറുകാറ്റായി അവർ താളമിട്ടു. മണ്ണും മനുഷ്യനും തമ്മിലുള്ള ഉടലുറപ്പിൽ സന്ദേഹങ്ങൾ മാഞ്ഞു. വട്ടം പിടിച്ച ചെവികളിൽ നെല്ലിന്റെ സംഗീതം മുളയിട്ടു. അങ്ങനെ നെല്ല് മലയാളി ഏറ്റെടുത്തു.
നെല്ലിന് ആഗ്നേയം തുണ വന്നു. നെഞ്ചിൽ വിപ്ലവക്കൊടുങ്കാറ്റെരിഞ്ഞ നാളുകളൊന്നിൽ ഉന്മത്തരായ യുവസമൂഹത്തിന് സഖാവ് വർഗീസ്. വഴികാട്ടിയായി നിന്നു. അപരജീവിതം ഹരിതാഭമാക്കാൻ പൊരുതുന്ന വർഗീസിനോട് ടീച്ചർക്കെന്നും വാൽസല്യം നിറഞ്ഞ സ്നേഹമായിരുന്നു. രണ്ടുപേരും രണ്ടുരീതിയിൽ മനുഷ്യവിമോചനത്തിനായി പൊരുതി. അക്ഷരമുരുകിയ വഴികളിലൂടെ വൽസല ടീച്ചറും രക്തപുഷ്പങ്ങളുടെ വിന്യാസത്തറയിലൂടെ വർഗീസും സമാന്തരസഞ്ചാരം നടത്തുകയായിരുന്നു. ഇരുവരുടെയും ലക്ഷ്യം ഒന്നു മാത്രം, ചൂഷണരഹിതസമൂഹം. വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടുണർന്നൊരു പാതിരാനേരത്ത് തീതുപ്പിയെത്തിയ വെടിയുണ്ടകൾ കരളെരിച്ചിട്ടും മരണത്തിലൂടെ വർഗീസ്. അമരത്വം നേടി. ഒരാൾ പൊരുതിവീഴുമ്പോൾ ആയിരം വിപ്ലവകാരികളുയിർക്കുമെന്ന രക്തസങ്കൽപത്തിൽ നിന്നാണ് ആഗ്നേയത്തിലെ പൗലോസിന്റെ പിറവി. പൗലോസിന് വർഗീസിന്റെ ഛായകലർന്നത് യാദൃച്ഛികമല്ല. കല്പിതകഥകൾ ചമയ്ക്കുന്ന പുതുപാണന്മാരുടെ വായ്പാട്ടിന് ഒത്താശ പാടുന്ന അധികാരികൾക്ക് നേരെ പക്ഷങ്ങളില്ലാതെ എഴുത്തിലൂടെ പൊരുതുകയായിരുന്നു പി വൽസല. ഇരുളൊച്ചകൾ കൊണ്ട് കലുഷിതമായ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ ശക്തമായി നേരിടുന്നു ആഗ്നേയത്തിലെ നങ്ങേമ അന്തർജനം. വിധവയായ നങ്ങേമയുടെ ഭാവികാലസ്വപ്നങ്ങളിൽ മകൻ ഉണ്ണിയുടെ ജീവിതം കരിനിഴൽപരത്തുന്നു. നക്സൽ ആശയങ്ങളിൽ ആകൃഷ്ടനായ ഉണ്ണി ജയിലിലാവുന്നെങ്കിലും നങ്ങേമ സാമൂഹ്യബോധ്യത്തിലൂന്നിയുള്ള തന്റെ പ്രവർത്തനം തുടരുന്നു. 

കൂമൻകൊല്ലി താഴ്‌വരയുടെ കഥപറയുന്നു പി വൽസലയുടെ കൂമൻകൊല്ലിയെന്ന നോവൽ. ആദിവാസികളെന്നും അധിനിവേശത്തിന്റെ ഇരകളാണ്. പുറംലോകത്തിന്റെ ദയാരാഹിത്യത്താൽ അന്യവൽക്കരിക്കപ്പെട്ട ആദിവാസി ജീവിത ദുരന്തകഥയാണ് കൂമൻകൊല്ലിയിലെയും പ്രമേയം. ആദിവാസി ജീവിതം കേന്ദ്രീകരിക്കുന്ന നോവൽത്രയ രചന അബോധപൂർവം സംഭവിച്ചതാണെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. അന്വേഷണത്തിന്റെ ഇരുണ്ട രാവുകളെ കൂട്ടുപിടിച്ച് ആദിവാസിജീവിതം സ്വയംവരിച്ച് യാഥാർഥ്യത്തിന്റെ അകംപൊരുളറിഞ്ഞാണ് വൽസല ടീച്ചർ മൂന്ന് നോവലുകളും പൂർത്തിയാക്കിയത്. നഗരജീവിതനാട്യങ്ങളിലാണ് മനുഷ്യജീവിതം സഫലമാകുന്നതെന്ന ഉപരിബോധ്യത്തെ തകർക്കാനാണ് ഈ നോവലുകളിലൂടെ അവർ ശ്രമിച്ചത്. ആണധികാരത്തിന്റെ കരിമ്പത്തി തകർക്കാൻ കെല്പുള്ളൊരു ഭാഷ കൊണ്ട് പൊതുസമ്മതിയാർന്ന രചനകൾ നടത്താൻ അവർക്ക് കഴിഞ്ഞു. തിരുനെല്ലിയുടെ കഥാകാരിയെന്നും പെൺപക്ഷ രചനകളുടെ പ്രണേതാവെന്നുമെല്ലാമുള്ള ഉപരിപ്ലവവിശേഷണങ്ങൾക്ക് വഴങ്ങുന്നതായിരുന്നില്ല പി വൽസലയുടെ എഴുത്തുജീവിതം. വ്യസനരാശിയിൽ മുങ്ങിപ്പോയ നിരാലംബജീവിതങ്ങൾക്ക് തണലൊരുക്കിയ വിപ്ലവകാരിയായിരുന്നു അവർ. ഇടയന്റെ ഇച്ഛകൾക്കനുസരിച്ച് മാത്രം ചലനസ്വാതന്ത്യ്രമുള്ള ആട്ടിൻപറ്റങ്ങളായി എല്ലാക്കാലവും ജീവിക്കുവാൻ ആദിവാസിജീവിതത്തെ വിട്ടുകൊടുക്കാൻ പി വൽസല തയാറായിരുന്നില്ല. വനഭംഗികളുടെ വർണക്കൂടാരത്തിൽ സഫലമാകുന്ന തൊഴിൽജീവിതം കൊണ്ട് വിശുദ്ധമാക്കപ്പെട്ട ആദിവാസിജീവിതം എഴുത്തുകാരിക്കെന്നും പ്രചോദനമായിരുന്നു. തിരുനെല്ലിയിൽ ബ്രഹ്മഗിരിക്കുന്നിന്റെ താഴ്‌വരയിൽ തീർത്ത വേനൽക്കാലവസതിയിലിരുന്ന് ആദിവാസിജീവിതം അനുഭവിച്ചറിഞ്ഞ ടീച്ചറുടെ രചനകൾക്കെന്നും മൺമണമുണ്ടായിരുന്നു. എല്ലാരുമൊരുപോലെ പുലരുന്നൊരു കാലത്തെക്കുറിച്ചുള്ള വിദൂരമെങ്കിലും സാധ്യമാകുന്നൊരു പൂങ്കിനാവിലാണ് അടിയുറച്ചൊരു കമ്മ്യൂണിസ്റ്റ് ബോധ്യം വൽസലടീച്ചർ പുലർത്തിയത്. അഭിപ്രായവ്യത്യസങ്ങൾ ഉറച്ച ശബ്ദത്തിൽ രേഖപ്പെടുത്താനും ഈ ഇടതുപക്ഷധീരത തുണയായി.
ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും പി വൽസലയിലൂടെ വായനക്കാരിലെത്തി. നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം വേനൽ, കനൽ, പാളയം, ഗൗതമൻ, റോസ് മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ പേരെടുത്ത നോവലുകൾ. കോഴിക്കോട് ഗവ. ട്രെയിനിങ് കോളജിലെ അധ്യാപനജീവിതത്തിനിടയിലും എഴുത്തുജീവിതത്തിൽ മികച്ച ഗ്രാഫിലെത്താൻ ടീച്ചർക്ക് കഴിഞ്ഞു. സംഭവബഹുലമായ സ്വന്തം ജീവിതകഥയ്ക്ക് കിളിക്കാലം എന്നാണ് അവർ പേരിട്ടത്. മനുഷ്യന്റെയും പ്രകൃതിയുടെയും ജൈവാവസ്ഥകളെ തുറന്നുകാട്ടുന്ന എഴുത്തുപുരകളാണ് നോവലും കഥയുമെന്ന വിശ്വാസമാണ് ടീച്ചർക്കുണ്ടായിരുന്നത്. നോവൽപ്രഭയിൽ ആസ്വാദകസമൂഹം മുങ്ങിപ്പോയതു കൊണ്ടാകാം വൽസലയെന്ന എഴുത്തുകാരിയുടെ കഥാലോകം വേണ്ടത്ര ചർച്ചചെയ്യപ്പെടാതെ പോയത്. കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്യ്രപ്രഖ്യാപനം നടത്തുന്ന സ്ത്രീകളെയാണ് അനുപമയുടെ കാവൽക്കാരൻ, അരുന്ധതി കരയുന്നില്ല എന്നീ കഥകളിൽ കാണാൻ കഴിയുന്നത്. കഥയിലൊരിടത്ത് അരുന്ധതി പറയുന്നൊരു വാക്യമുണ്ട്. എല്ലാ സ്ത്രീകളുടെയും പ്രതിനിധിയായാണ് അവളാ വാക്യം പറയുന്നത്. “ഞാനെത്ര നാളായി ഒരു പ്രഭാതം കണ്ടിട്ട്. ജീവിതത്തിന്റെ അടിയേറ്റ് അവശരായ സ്ത്രീകൾ, പ്രതിഷേധിക്കാൻ പോലും കഴിയാതെ, തെറ്റുകൾ പോലും ശരിയാക്കി ജീവിതത്തെ തിരുത്തി വായിക്കുന്നവർ, എത്രയെത്ര സ്ത്രീകൾ. അടിവാരങ്ങളിൽ നിന്നു വന്നവർ എന്ന കഥ വളരെ വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്. “അവനും അവളും വീണ്ടും കണ്ടുമുട്ടി. മുമ്പെന്നോ പാതിവച്ചുനിർത്തിയ ചിരി അവൾ പൂർത്തിയാക്കി, ഇന്നലെ പിരിഞ്ഞവരെപ്പോലെ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസുതുറന്നൊന്നു ചിരിക്കാനും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എല്ലായിടത്തും അവൾക്ക് അവഗണന മാത്രം. എല്ലാ സ്ത്രീകൾക്കും വിമോചനം സാധ്യമാണെന്ന സന്ദേശം പകരാനാണ് വൽസല തന്റെ കഥകളിലൂടെ ശ്രമിച്ചത്.
വായനയിലൂടെ വികസിച്ച ലോകക്കാഴ്ചയിലൂടെ ചുറ്റുപാടുകളെ അറിഞ്ഞ പി വൽസലയുടെ എഴുത്തുശീലം സ്കൂൾക്ലാസ് മുതലേ ആരംഭിച്ചതാണ്. ഗാന്ധിസത്തിലും മാനവികതയിലും വിപ്ലവത്തിലും കമ്മ്യൂണിസത്തിലുമെല്ലാം വൽസല തന്റെ സ്വപ്നങ്ങളെ തേടി. പോരാട്ടത്തിലാരംഭിച്ച് വിശ്വാസത്തിലേക്ക് പരിണമിക്കുന്നൊരു ജീവിതസഞ്ചാരമായിരുന്നു പി വൽസലയുടേത്. അപ്പോഴും പിന്നിട്ട വഴികളിലെ പോരാട്ടവീര്യം കാത്തുസൂക്ഷിക്കാൻ ടീച്ചർക്കായി. എഴുത്തിലൊരു സമരവീര്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഈ എഴുത്തമ്മയ്ക്കറിയാമായിരുന്നു. പരീക്ഷണതല്പരയായ ഈ കഥാകാരി പുതുമയുടെ നറുമണമുള്ള കഥകളാണ് എഴുതിയത്. ഇനിയുമെത്രയോ കഥകൾ പറയാൻ ബാക്കിവച്ചിട്ടാവും ടീച്ചർ അരങ്ങൊഴിഞ്ഞത്. പറഞ്ഞ കഥകളിലൂടെ പറയാനിരുന്ന കഥകളെ പൂരിപ്പിക്കുന്ന ദൗത്യം വായനക്കാരെ ഏൽപിച്ചാണ് ടീച്ചറുടെ മടക്കം. 

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.