17 November 2024, Sunday
KSFE Galaxy Chits Banner 2

പൊള്ളവാഗ്ദാനങ്ങളുടെ തനിയാവര്‍ത്തനം

സാമ്പത്തികകാര്യ ലേഖകന്‍
July 7, 2023 4:30 am

ഏവർക്കും വേഗത്തില്‍ നീതി ഉറപ്പാക്കുമെന്ന വാഗ്ദാനത്തില്‍ കേന്ദ്രീകൃതമായിരുന്നു 2014ല്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക. അപമാനിതരായ ഗുസ്തിതാരങ്ങളുടെ പ്രതിഷേധങ്ങളോട് പുറംതിരിഞ്ഞതും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വൺമാൻ ഷോ ഉദ്ഘാടനവും അടക്കം സമീപകാല സംഭവങ്ങൾ വീക്ഷിക്കുമ്പോള്‍ അധികാരത്തിലെത്താന്‍ നൽകിയ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും യാഥാർത്ഥ്യമാക്കിയോ എന്ന് കര്‍ശനമായി പരിശോധിക്കേണ്ടി വരുന്നു. പ്രത്യേകിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ.
വില പിടിച്ചുനിർത്തുമെന്നുള്ള പെരുമ്പറയും പണപ്പെരുപ്പത്തിന്റെയും ഉയർന്ന പലിശനിരക്കിന്റെയും ദുഷിച്ച ചക്രം തകർക്കുമെന്നുള്ള ആരവവും മുഴക്കിയവരുടെ ഭരണം, 2022 ഏപ്രില്‍ മാസമെത്തുമ്പോള്‍ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനത്തിലെത്തിയിരുന്നു. മൊത്തവ്യാപാര പണപ്പെരുപ്പം ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 15.08 ശതമാനത്തിലും.
സാങ്കേതിക പദപ്രയോഗങ്ങൾ ഉപേക്ഷിച്ച് ജനങ്ങളോട് ചോദിക്കൂ, അതിസമ്പന്നരൊഴികെ അടിസ്ഥാന വസ്തുക്കളുടെ വിലക്കയറ്റത്തെക്കുറിച്ച് അവര്‍ പറയും. തുടർച്ചയായി ഉയരുന്ന പണപ്പെരുപ്പം ഗാർഹിക സാമ്പത്തിക സമ്പാദ്യം 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽത്തന്നെ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. മോത്തിലാൽ ഓസ്വാൾ സെക്യൂരിറ്റീസ് നടത്തിയ ഒരു പഠന റിപ്പോർട്ട് അനുസരിച്ച് സമ്പാദ്യം ഉപഭോഗത്തിനായി ഉപയോഗിക്കേണ്ടി വരുന്നു. അവശ്യ ഉല്പന്നങ്ങള്‍ ആളുകൾ ഇപ്പോഴും വാങ്ങുന്നത് അവരുടെ സമ്പാദ്യം ഉപയോഗിച്ചാണ്. ഉയർന്ന വിലയ്ക്ക് അത്യാവശ്യ ഉല്പന്നങ്ങൾ വാങ്ങാൻ എല്ലാവർക്കും കഴിയില്ല. ഇരുചക്രവാഹന വില്പന മന്ദഗതിയിലാണ്. അതേസമയം, ആഡംബര ഉല്പന്നങ്ങളുടെ വില്പനയില്‍ വര്‍ധനവുണ്ട്. മോഡിയുടെ ഭരണകാലത്ത് അസമത്വവും ദാരിദ്ര്യവും വർധിക്കുന്നുവെന്നാണിത് തെളിയിക്കുന്നത്.


ഇതുകൂടി വായിക്കൂ: അഭ്യസ്തവിദ്യരുടെ തൊഴിലവസരങ്ങൾ നിഷേധിക്കുന്നു


തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും നിർണായകമാണ്.
യുവാക്കളെ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് എംപ്ലോയ‌്മെന്റ് എക്സ്ചേഞ്ചുകളെ കരിയർ സെന്ററുകളാക്കി മാറ്റുമെന്ന് ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. തൊഴിൽ വര്‍ധനവിന് ഉതകുന്ന രീതിയില്‍ നിർമ്മാണ മേഖലയിലും ടൂറിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറഞ്ഞു. ‘തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശരിയായ മാർഗം തൊഴിൽ വര്‍ധിപ്പിക്കുകയാണ്. ഇത് സാധ്യമായില്ലെങ്കില്‍, ഇത് രാഷ്ട്രീയമായി വിനാശകരമാകുന്ന സാമൂഹിക വിസ്ഫോടനത്തിലേക്ക് നയിക്കും’ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസർ അരുൺ കുമാർ ചൂണ്ടിക്കാട്ടുന്നു. ‘നിർഭാഗ്യവശാൽ, പ്രൊഡക്ഷൻ‑ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പോലുള്ള മൂലധന വര്‍ധനവിന് ഉതകുന്ന ജോലികൾ മാത്രമാണ് കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയിലെ തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് സൂക്ഷ്മ (48%), കാർഷിക മേഖല (46%) എന്നിവ ഉയർത്തേണ്ടതുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പോലെ ഒരു നഗര തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കണം’, പ്രൊഫസർ അരുൺ കുമാർ പറഞ്ഞു.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു അഭിമുഖത്തിൽ, പ്രധാനമന്ത്രി മോഡി പറഞ്ഞു: ‘നിങ്ങളുടെ ഓഫിസിന് മുന്നിൽ ആരെങ്കിലും പലഹാരക്കട തുറന്നാൽ, അത് തൊഴിലായി കണക്കാക്കില്ലേ? പ്രതിദിന വരുമാനമായ 200 രൂപ ഒരിക്കലും ഒരു പുസ്തകത്തിലോ അക്കൗണ്ടിലോ വരില്ല. എന്നാല്‍ ആളുകൾ തൊഴിലെടുക്കുന്നു എന്നതാണ് സത്യം’. തൊഴിലിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനെതിരെ 2018 ഫെബ്രുവരിയിൽ ഒരു കൂട്ടം പ്രൊഫഷണൽ ബിരുദധാരികൾ ലഖ്നൗവിൽ “അച്ചെ ദിൻ പലഹാര ഷോപ്പ്” സ്ഥാപിച്ച് പ്രതിഷേധിച്ചു. 2017–18ൽ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കി.


ഇതുകൂടി വായിക്കൂ: വനിതാ തൊഴിൽശക്തിയിൽ ഇന്ത്യ പിന്നില്‍


2015 ജൂണിൽ ആരംഭിച്ച സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ രണ്ട് സ്മാർട്ട് സിറ്റികൾ വീതം ആരംഭിക്കാന്‍ 100 നഗരങ്ങളെ കേന്ദ്രം തിരഞ്ഞെടുത്തു. ഓരോ സംസ്ഥാനവും ഒരു നിർദിഷ്ട മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത എണ്ണം നഗരങ്ങളെ നാമനിർദേശം ചെയ്തു. ജീവിതനിലവാരം, ശുചിത്വം, ഗതാഗതം, വൈദ്യുതി വിതരണം, ഭവന സൗകര്യം, ഡിജിറ്റൈസേഷൻ, സുസ്ഥിര പരിസ്ഥിതി, സദ്ഭരണം തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് നഗരങ്ങളെ തെരഞ്ഞെടുത്തത്. എന്നാൽ സ്മാർട്ട് സിറ്റി മിഷനിൽ പുതിയ നഗരങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടുന്നില്ല. പകരം, നിലവിലുള്ള നഗരങ്ങളെ രൂപാന്തരപ്പെടുത്താനും അവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. സർക്കാർ പറയുന്ന ‘സ്മാർട്ട്’ എന്നതിന്റെ നിർവചനം ഇപ്പോഴും അവ്യക്തമാണ്. സ്മാര്‍ട്ട് സിറ്റി ദൗത്യം 2023 ജൂൺ 30 വരെ നീട്ടിയിരുന്നു. ഇപ്പോള്‍ 2024 ജൂൺ വരെ നീട്ടിയിട്ടുണ്ട്. 100 നഗരങ്ങളിൽ കേവലം 20 നഗരങ്ങൾക്ക് മാത്രമേ സമയപരിധി പാലിക്കാൻ കഴിയൂ എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
2014 ജൂണിൽ ബിജെപി സർക്കാർ ‘നമാമി ഗംഗ’ പരിപാടി ആരംഭിച്ചു. ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാനും മലിനീകരണം ലഘൂകരിക്കാനുമുള്ള സംരക്ഷണ ദൗത്യമാണ് മുഖ്യം. 20,000 കോടി ബജറ്റിൽ, ഗംഗയെ ശുദ്ധീകരിക്കാനുള്ള ദേശീയ ദൗത്യം, മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് പദ്ധതി. എന്നാല്‍ 2020 ഓടെ ഗംഗ ശുദ്ധമാകില്ലെന്നും, അത് എന്തുകൊണ്ടെന്നും 2018ല്‍ തന്നെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ‘നദിയുടെ താഴത്തെ ഭാഗമാണ് ഏറ്റവും മലിനമായത്, പായൽ നിറയുന്നതിന്റെ വ്യക്തമായ തെളിവുകളും ഇവിടെയുണ്ട്. മധ്യഭാഗത്തെയോ മുകൾ മേഖലകളെയോ അപേക്ഷിച്ച് അമിതമാണത്. യുപി മലിനീകരണ നിയന്ത്രണ ബോർഡ് 2019ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, പ്രയാഗ്‌രാജിലെ ഗംഗാ നദിയില്‍ കുളിക്കുന്നതു പോലും സുരക്ഷിതമല്ലെന്നും വളരെ ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകൾ പ്രകടമെന്നും ചൂണ്ടിക്കാട്ടി.


ഇതുകൂടി വായിക്കൂ: തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്ന ഇന്ത്യ


തോട്ടിപ്പണി ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. എന്നാൽ പൊള്ളയായ വാഗ്ദാനങ്ങളുടെ മറ്റൊരു നീണ്ട നിരയിൽ, ഇതും കണ്ടെത്താം. 2017–2022 കാലഘട്ടത്തിൽ 330ഓളം പേർ മലിനജലത്തിന്റെയും സെപ്റ്റിക് ടാങ്കുകളുടെയും ശുചീകരണത്തിനിടെ മരിച്ചു. മലിനജല ലൈനുകളിൽ നിന്നോ സെപ്റ്റിക് ടാങ്കുകളിൽ നിന്നോ കൈകൊണ്ട് മനുഷ്യ വിസർജ്യങ്ങൾ നീക്കം ചെയ്യുന്ന രീതിയാണ് തോട്ടിപ്പണി. 2013ലെ ഈ തൊഴിൽ നിരോധിച്ചതുമാണ്. 2023 മാർച്ച് 22 മുതൽ ഏപ്രിൽ 26 വരെയുള്ള കാലയളവിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രം അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ എട്ട് പേർ മരിച്ചു. 1993 മുതൽ അഴുക്കുചാലുകളോ സെപ്റ്റിക് ടാങ്കുകളോ വൃത്തിയാക്കുന്നതിനിടയിൽ 1000ത്തിലധികം തൊഴിലാളികൾ മരിച്ചതായി ഔദ്യോഗിക ഡാറ്റ കാണിക്കുന്നു. തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും പല മരണങ്ങളും പുറത്തുവരുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.