21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

റിപ്പോര്‍ട്ടേഴ്സ് ഡയറി/ ഒറ്റയ്ക്കൊറ്റയ്ക്ക് വന്ന് ഒരു കൂട്ടമാകുന്ന കാഴ്ച

അരുണ്‍ ടി. വിജയന്‍
December 10, 2022 11:19 am

ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കുമ്പോള്‍ ചിലര്‍ കടുത്ത ഫുട്ബോള്‍ ആരാധകരാകുന്നത് പോലെയാണ് ചലച്ചിത്ര മേള ആരംഭിക്കുമ്പോള്‍ ചിലര്‍ സിനിമാ പ്രേമികള്‍ ആകുന്നതെന്ന് തോന്നും. ഇന്നലെ ഉദ്ഘാടന ചിത്രമായ ടോറി ആന്‍ഡ് ലോകിത കാണാന്‍ വൈകിട്ടത്തെ ഉദ്ഘാടന ചടങ്ങ് തീരുന്നതിന് മുമ്പേ പലരും ഓടിയെത്തി. എന്നാല്‍ അവിടെ കണ്ടത് സിത്താര്‍ വായന. അതിമനോഹരമായ സിത്താറില്‍ മുങ്ങി നില്‍ക്കുമ്പോള്‍ പിന്നില്‍ ഒരു പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നു. “ഇതെന്താ ചേച്ചീ.. ഇവിടെ സിനിമയൊന്നുമില്ലല്ലോ.. ഇതാണോ ഫിലിം ഫെസ്റ്റിവല്‍?” ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് കുട്ടിക്ക് പറഞ്ഞുകൊടുത്ത ഏതോ ചേച്ചിയോട് പരാതിപ്പെടുകയാണ്. കുട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഫെസ്റ്റിവല്‍ ഓളത്തെക്കുറിച്ച് ആരൊക്കെയോ പറഞ്ഞതുകേട്ട് തമ്പാനൂര്‍ക്ക് ടിക്കറ്റെടുത്തതാണ്. ഇത്തരം സാംസ്കാരിക പരിപാടികളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും എല്ലാം നിറഞ്ഞതാണ് ചലച്ചിത്രമേളയെന്ന് ആരും പറഞ്ഞിട്ടുണ്ടാകില്ല. പക്ഷെ കുട്ടിക്ക് സിനിമയോട് താല്‍പര്യമുണ്ട്.

ജീൻ പിയറി ഡാര്‍ഡെന്നെയും ലൂക്ക് ഡാര്‍ഡെന്നെയും ചേര്‍ന്ന് സംവിധാനം ചെയ്ത ഫ്രഞ്ച്, ബെല്‍ജിയം ചിത്രമായ ടോറി ആൻഡ് ലോകിത കറുത്തവര്‍ഗ്ഗക്കാരായ ടോറി കൊച്ചുകുട്ടിയുടെയും കൗമരക്കാരിയായ ലോകിതയുടെയും അസാധാരണ ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആഫ്രിക്കയിലെ കുടുംബത്തെ പോറ്റാൻ ബെല്‍ജിയത്തിലെത്തിയതാണ് ഗായികയായ ലോകിത. അവള്‍ക്ക് മതിയായ രേഖകളില്ല. സംഗീതമാണ് അവളെയും ടോറിയെയും അടുപ്പിക്കുന്നത്. അവളും അവനും എല്ലാവരോടും പറയുന്നത് തങ്ങള്‍ സഹോദരങ്ങളാണെന്നാണ്. അത് അവളുടെ രേഖകള്‍ ശരിയാകാൻ കൂടിയാണ്. അവര്‍ക്ക് അവിടെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ഈ സിനിമ.

ടോറി ആൻഡ് ലോകിതയായിരുന്നു ഉദ്ഘാടന ചിത്രമെങ്കിലും രാവിലെ തന്നെ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. കൈരളിയില്‍ രാവിലെ പത്തിന് മക്ബൂല്‍ മുബാറക്കിന്റെ ഓട്ടോബയോഗ്രഫിയും 12.30ന് ക്ലമന്റ് കൊഗിറ്റോറിന്റെ ഫ്രഞ്ച് സിനിമ സണ്‍സ് ഓഫ് റംസസും. കലാഭവനില്‍ രാവിലെ 10 മണിക്ക് മിഷേല്‍ ബ്ലാസ്കോയുടെ വിക്ടിമും 12 മണിക്ക് ലോല ക്വവോറോണിന്റെ ഫ്രഞ്ച് സിനിമ റോഡിയോയും. നിളയില്‍ രാവിലെ 10.30ന് ഫിലിപ്പെ ഗ്രിഗോറെയുടെ കനേഡിയന്‍ സിനിമ ദ നോയിസ് ഓഫ് എന്‍ജിന്‍സും 12.15ന് ഐറിന ഒബിഡോവയുടെ റഷ്യന്‍ സിനിമ ബോംബര്‍ നമ്പര്‍ ടൂവും. ശ്രീയില്‍ രാവിലെ 10.15ന് കാതെറിന മോണയുടെ സ്വിറ്റ്സര്‍ലൻഡ് സിനിമ സെമ്രെട്ടും 12.15ന് ഗബോര്‍ ബെനോ ബറാന്യിയുടെ ഹംഗറി സിനിമ സനോക്സ് റിസ്ക്സ് ആന്‍ഡ് സൈഡ് എഫക്ട്സും. ടാഗോറില്‍ രാവിലെ 10.15ന് കാര്‍ലോസ് ഈച്ചെല്‍മാന്‍ കെയ്സറിന്റെ മെക്സിക്കൻ, ഇറ്റാലിയൻ സിനിമ റെഡ് ഷൂസും 12.15ന് ടിയാഗോ ഗെയ്ഡസിന്റെ പോര്‍ച്ചുഗല്‍ ഫ്രഞ്ച് സിനിമ റിമെയ്ന്‍സ് ഓഫ് ദ വിൻഡും. ആദ്യ ദിവസമായിട്ടും എല്ലാം ഷോയും ഹൗസ് ഫുള്‍. എന്നാല്‍പ്പിന്നെ ടാഗോറിന്റെ പരിസരത്തെ ഓളം നോക്കാമെന്ന് കരുതി.

ആദ്യ ദിവസമല്ലേ ആളുകള്‍ വന്നു തുടങ്ങുന്നതേയുള്ളൂ. ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്ക് വന്ന് ഒരു കൂട്ടമാകുന്ന കാഴ്ച. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പലരും ഓടിയെത്തി കെട്ടിപ്പിടിക്കുന്നു. പലരും ഫിലിം ഫെസ്റ്റിവലില്‍ വച്ച് പരിചയപ്പെട്ടവരാണ്. വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലാത്തവര്‍. ചിലര്‍ മുമ്പ് ഒരുമിച്ചുണ്ടായിട്ട് ഇപ്പോള്‍ പലയിടങ്ങളിലായി ജീവിക്കുന്നവരാണ്. എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ് ഫിലിം ഫെസ്റ്റിവല്‍. അതുകൊണ്ടാണ് ചലച്ചിത്രമേള ആരംഭിക്കുമ്പോള്‍ ഇവര്‍ സിനിമാ പ്രേമികള്‍ ആകുന്നത്. സിനിമയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഈ ഓളമാണ് ഇവരെ ഇവിടേക്ക് എത്തിക്കുന്ന പ്രധാന ഘടകം.ചിലര്‍ ഫെബ്രുവരിയിലെ മേളയില്‍ കണ്ടതാണ്. ചിലര്‍ 2019ലെ മേളയ്ക്ക് ശേഷം ഇപ്പോഴാണ് പരസ്പരം കാണുന്നത്. അതിന്റെ സന്തോഷം ഓരോരുത്തരുടെയും മുഖത്തും സംസാരത്തിലും.

ഇന്നും നാളെയും അവധി ദിവസങ്ങളാണ്. സ്വാഭാവികമായും കൂടുതലാളുകള്‍ എത്തുമെന്ന് ഉറപ്പ്. പാസുള്ളവരും പാസില്ലാത്തവരും എല്ലാം. പാസില്ലാത്തവര്‍ ഒരു സിനിമയെങ്കില്‍ ഒരു സിനിമ കാണാന്‍ ശ്രമിക്കും. പാസുള്ളവര്‍ പരമാവധി സിനിമകളും. വരും ദിവസങ്ങളില്‍ മേളയുടെ മേളം കൊഴുക്കട്ടെ.

Eng­lish Sum­mery: Reporters Diary About IFFK 2022, The sight of every­one com­ing singly and becom­ing a group
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.