22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രിയ ഉണ്ണികൃഷ്ണന്റെ ‘പരിതാപം’ കവിത യുടെ വിശകലനം

ദീപ കോതമംഗലത്ത്
March 30, 2022 8:25 pm

ർത്തമാന കാലത്തിന്റെ മുഖമുദ്രയായ അകലം പാലിക്കലിന്റെ നോവുണ്ട് കവിതയിൽ. അതിന്റെ അലോസരങ്ങൾക്കും, ദുഖങ്ങൾക്കും ഇടയിലൂടെ പ്രണയ സന്തോഷത്തിന്റെ ചിത്രശലഭങ്ങൾ സമ്മോഹന ഭാവത്തിൽ പറന്നുയരുന്നു. ഇവിടെ ആശയങ്ങൾ ഭാവനയുടെ തേൻ നുകരുന്നു. വരാനിരിക്കുന്ന വസന്ത ഋതു വിതറുന്ന പൂമ്പൊടികളിൽ സുഗന്ധം പേറുന്ന കവിതകൾ വരാനിരിക്കുന്നതേയുള്ളൂ എന്ന് കവി പറയുമ്പോൾ പ്രതീക്ഷകൾ പൂക്കുന്നു.അഗാധ നിദ്രയിൽ പോലും ചുമരുകൾക്കിടയിൽ നിന്നും സ്വപ്നങ്ങൾ ചിറകു വിരിച്ചു വിടരുന്നു. നനുത്ത മഴ മണ്ണിലേക്ക് ആർദ്രമായി ഇറങ്ങി ചെല്ലുന്നതുപോലെ മനസ്സ് പ്രണയത്തിന്റെ മാസ്മരാനുഭൂതികൾ പകരുന്ന തിരയായി മാറുന്നു.
വേർപാടിന്റെ വേദനയിലും കവി കരയാൻ ഭയക്കുകയാണ്. കടൽ വിഴുങ്ങുന്ന അസ്തമയ സൂര്യൻ അപ്രത്യക്ഷനായിക്കൊ ണ്ടിരിക്കുമ്പോൾ കരളുരുകുന്നു. മറവിയുടെ കവചം മാറ്റി ഓർമ്മകൾ ഇറുകെ പുണരുമ്പോൾ വിരഹവും, വേർപാടും നൊമ്പരങ്ങൾ ബാക്കിയാക്കുന്നു.

ലോകമൊരു കുന്നിന്റെ മുകളിൽ നിന്നൊഴുകുന്ന ജല പ്രവാഹമാകുമ്പോൾ കവി ആ പ്രവാഹത്തിൽ നിന്നുയിരെടുത്ത ഭ്രാന്തൻ തിരയായി ആർത്തലയ്ക്കുന്നു,ചെറു നാരക മണമുള്ള തന്റെ പ്രണയിയുടെ ചാരെ, അവന്റെ ഏകാന്ത തീരത്ത് അങ്ങനെ ആവേശ ഭരിതമായ പ്രേമം ജന്മമെടുക്കുന്നു.
പ്രണയിക്കുന്ന രണ്ട് പേർ ഒരുമിച്ച് മരിക്കുന്നത് അപൂർവ്വം. ഒരാൾ മരിച്ച് മറ്റെയാൾ ബാക്കിയാവുമ്പോഴും പ്രണയം മരിക്കുന്നില്ല. ആർദ്രത തേടി നടക്കുന്ന ഭ്രാന്തൻ തിരയായി അഗ്നികുടിച്ച മണ്ണിൽ അവശേഷിക്കുന്നു.

ഇതെല്ലാം അനുഭവങ്ങൾ പഠിപ്പിയ്ക്കുമ്പോൾ,വിഷമങ്ങൾ, നൊമ്പരങ്ങൾ എല്ലാം കൂടുതൽ പരിചിതങ്ങൾ ആവുന്നു. അവ കൂടുതൽ അടുക്കാതെ സൂക്ഷ്മതയോടെയുള്ള അകലം പാലിച്ചു നിന്നെങ്കിൽ എന്നാണോ കവി ആഗ്രഹിക്കുന്നത്? എങ്കിൽ പരിതാപങ്ങൾ കുറഞ്ഞു കിട്ടുമെന്നാണോ?
ഓരോ എഴുത്തുകാരനും, എഴുത്തുകാരിയും രചനകൾ നടത്തുന്നത് തങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ വ്യത്യസ്തങ്ങളായ ഭാവങ്ങളോടെ ആയിരിക്കാം. മനസ്സിലെ പല ഭാവങ്ങൾക്കും മുമ്പിൽ വാക്കുകൾ അപൂർണ്ണങ്ങളായി തോന്നാറുണ്ട്.ദീപ്തങ്ങളും,മോഹനങ്ങളും ഭാവങ്ങളുടെ ആരോഹണങ്ങളിലുമെഴുതപ്പെടുന്ന രചനകൾ പോലെത്തന്നെ, ഗഹനങ്ങളും, ദുഃഖ‑നിരാശാ ഭരിതങ്ങളും, ആവേശങ്ങളുടെ അവരോഹണങ്ങളിലുമെഴുതപ്പെടുമ്പോഴും വാക്കുകളാൽ പകർന്നു കിട്ടുന്ന വായനാനുഭവം പലപ്പോഴും ഉദ്ദേശിക്കുന്ന രീതിയിൽ വിനിമയം ചെയ്യുക എന്നത് സാധ്യമാകാതെ വരുന്ന സന്ദർഭങ്ങളും അപൂർവ്വമല്ല. എനിയ്ക്ക് അനുഭവ വേദ്യമായ കാര്യങ്ങൾ ചെറിയ രീതിയിൽ കുറിക്കുക മാത്രം ചെയ്യുന്നു.കവയിത്രി പ്രിയ ഉണ്ണികൃഷ്ണന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഒരുപാട് കവിതകളുമായി വിളങ്ങി നിൽക്കട്ടെ.

പരിതാപം

അറിയില്ലെന്ന് പറയാതെ
ഈ വരുംകാല വസന്തത്തിന്റെ മേമ്പൊടികളിൽ
കവിതകളുടെ ഗന്ധമുള്ള ശലഭങ്ങൾ വരില്ലെന്ന്
ഉറക്കമുറിയുടെ ചുമരുകൾക്കുള്ളിൽ നിന്നും
ഒരു സ്വപ്നത്തിന്റെ ചിറകുകൾ വിടരുമെന്ന്
ഒരു മഴയപ്പാടെ മണ്ണിലേക്കിറങ്ങിച്ചെല്ലും പോലെ
കരളിനകം പ്രണയാനുഭൂതിയുടെ തിരയാകില്ലെന്ന്

കടൽ വിഴുങ്ങുമൊരസ്തമയത്തെക്കാണെ
കരയാനെനിയ്ക്ക് ഭയമാണ്
മറന്നുപോകാതോർമ്മകളിറുകെപ്പുണരുമ്പോൾ
വേർപാടുകളെനിയ്ക്ക് വേദനയാണ്

നമുക്കിരുവർക്കും സുപരിചിതമല്ലെന്നിരിയ്ക്കേ
ലോകമൊരു കുന്നിന്റെ മുകളിൽനിന്നിറങ്ങും
ജലപ്രവാഹം, കുളിർന്നും നനഞ്ഞുമൊഴുകിയൊഴുകി
ചെറുനാരകമണമുള്ളൊരുത്തന്റെയേകാന്തതീരത്താർ
ത്തലയ്ക്കുമൊരു ഭ്രാന്തൻ തിരയായെന്റെ പ്രേമപ്പിറവി

പോകെപ്പോകെ, ഞാൻ മരിയ്ക്കുമാദ്യം
പിന്നെ നീയുമെങ്കിലും
നനവ് തേടിയലറുമൊരു
ഭ്രാന്തൻ തിരയൊറ്റയാകുമീ
വെന്ത മണ്ണിലറിയില്ലെന്ന് പറയാതെ
പരിചിത വേദനകളെ,
സസൂക്ഷ്‌മം
നമുക്കകന്നു തന്നെയിരിക്കാം

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.