18 May 2024, Saturday

Related news

February 22, 2024
December 20, 2023
December 15, 2023
December 11, 2023
December 4, 2023
December 2, 2023
November 29, 2023
November 21, 2023
November 20, 2023
November 20, 2023

നവകേരള സദസ് അലങ്കോലപ്പെടുത്താന്‍ കലാപ നീക്കം

സ്വന്തം ലേഖിക
കണ്ണൂര്‍
November 20, 2023 11:01 pm

ജനഹൃദയങ്ങളിലൂടെ മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവകേരള സദസുകള്‍ അലങ്കോലപ്പെടുത്താന്‍ തെരുവില്‍ കലാപം അഴിച്ചുവിടാന്‍ യുഡിഎഫിന്റെ ആസൂത്രിത നീക്കം. ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും അണികളും സദസിന് പിന്തുണയുമായി എത്തുന്ന സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടാക്കി ശ്രദ്ധതിരിക്കാന്‍ ഗൂഢനീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി നവകേരള സദസ് കണ്ണൂരിലെത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി.
പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സദസിന്റെ കല്യാശേരി മണ്ഡലം സ്വീകരണത്തിനുശേഷം തളിപ്പറമ്പിലേക്ക് പോകവേ എരിപുരം കെഎസ്ഇബി ഓഫിസിന് മുൻവശത്താണ് വൈകിട്ട് അഞ്ച് മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. 

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, കല്യാശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ പൂങ്കാവ്, മാടായി കോളജ് ചെയർമാൻ സായിശരൺ, മിഥുൻ കുളപ്പുറം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം ഉണ്ടായത്. രാവിലെ മുതൽ തന്നെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശുന്നതിനായി പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ചിരുന്നു. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വിജയമായി മാറിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയ പരിഗണനകൾക്കെല്ലാം അതീതമായാണ് വന്‍ ജനസഞ്ചയം സദസുകളിലേക്ക് ഒഴുകിയെത്തുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ സദസില്‍ പങ്കടുത്തതോടെ വിറളിപൂണ്ടാണ് തെരുവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം തുടങ്ങിയത്.
നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും ഇടതുമുന്നണി പ്രവർത്തകര്‍ പ്രകോപിതരാകാൻ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചുവിടുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായി സർക്കാർ നടത്തുന്ന പരിപാടിയെ തകർക്കാൻ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സിപിഐ(എം) പ്രസ്താവനയില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Riot move to dis­rupt Navk­er­ala Sadas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.