24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 5, 2025

കോണ്‍ഗ്രസിലെ കലാപങ്ങള്‍ ഇനിയും കനക്കും; ശക്തിചോര്‍ന്ന് ഹൈക്കമാന്‍ഡ്

കെ രംഗനാഥ്
തിരുവനന്തപുരം
April 7, 2022 10:08 pm

സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ കൊടുമ്പിരിക്കൊള്ളുന്ന കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ഹൈക്കമാന്‍ഡിനു ത്രാണിയില്ലാതായെന്ന് വിലയിരുത്തല്‍. ഭിന്നതകളും അപസ്വരങ്ങളും മുളയിലേ നുള്ളാന്‍ ജാഗ്രത കാട്ടിയിരുന്ന ഹൈക്കമാന്‍ഡുതന്നെ ഒരു കലാപഭൂമികയായി മാറിയതാണ് ഈ പ്രതികരണശേഷി നഷ്ടത്തിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിലക്ക് ലംഘിച്ച് കെ വി തോമസ് കണ്ണൂരിലെ സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും തല്ക്കാലം പ്രതികരണമില്ലെന്നായിരുന്നു എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാകട്ടെ തോമസിനു പുനര്‍വിചിന്തനത്തിനു അവസരം നല്കിയിരിക്കുകയാണെന്ന് പറഞ്ഞ് തടിയൂരി.

അച്ചടക്കരാഹിത്യത്തിനെതിരെ നടപടിയെടുക്കാന്‍ ത്രാണിയില്ലാതായ കോണ്‍ഗ്രസില്‍ നിന്നുള്ള തോമസിന്റെ കൊഴിഞ്ഞുപോക്ക് ചെറിയൊരു കാര്യമായേ കണക്കാക്കേണ്ടതുള്ളു. കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ സ്വന്തം പ്രതിഛായയ്ക്ക് ആവോളം മങ്ങലേല്പിച്ചശേഷമാണ് തോമസിന്റെ പുറത്തേയ്ക്കൊഴുക്ക് എന്നതുതന്നെ കാരണം. സ്ഥാനമോഹി, സംഘടനയോട് നന്ദികേട് കാട്ടിയവന്‍, തിരുതത്തോമ എന്നീ ബഹുമതികള്‍ ചാര്‍ത്തിയാണ് കോണ്‍ഗ്രസുകാര്‍ സ്വഭാവഹത്യ നടത്തുന്നതെങ്കില്‍ ഇതേ കാരണങ്ങളാല്‍ സംസ്ഥാന നേതൃത്വത്തിനുള്ളില്‍ അന്തഃഛിദ്രത്തിനു തിരി കൊളുത്തുന്ന നേതാക്കളുടെ ഒരു കൂടാരമായി മാറിക്കഴിഞ്ഞിരിക്കുന്നു കോണ്‍ഗ്രസ് എന്നും വിലയിരുത്തലുണ്ട്. 

ഒരാഴ്ചയ്ക്കിപ്പുറം കോണ്‍ഗ്രസിനുള്ളില്‍ ഉരുണ്ടുകൂടിയ സംഭവവികാസങ്ങള്‍ തന്നെ അച്ചടക്കലംഘനത്തിന്റെ ആനപ്പുറത്തു കയറിയാണ് സഞ്ചാരമെന്ന് ഉദാഹരിക്കുന്നു. ഈ സംഭവങ്ങള്‍ തുടങ്ങിവച്ചതാകട്ടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ദേശീയ പണിമുടക്കില്‍ ഇടതുപക്ഷ ട്രേഡ് യൂണിയനുകളോടൊപ്പം പങ്കെടുത്ത ഐഎന്‍ടിയുസിയെ സതീശന്‍ തള്ളിപ്പറഞ്ഞതോടെയായിരുന്നു തുടക്കം. ഇതിനെതിരെ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ കടന്നാക്രമണം കടുപ്പിക്കുന്നു. സുധാകരന്‍ അനുനയത്തിനിറങ്ങുന്നു. ഇരുവരുമൊത്ത് ഡല്‍ഹിയില്‍ പോയി സതീശനെതിരെ പരാതി നല്കുന്നു. 

ഇതിനെല്ലാമിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ ഐഎന്‍ടിയുസിയെ തനിക്കെതിരെ ഇളക്കിവിടുന്നത് രമേശ് ചെന്നിത്തലയാണെന്ന സതീശന്റെ വെളിപ്പെടുത്തല്‍. താന്‍ അത്ര ചീപ്പല്ലെന്ന് രമേശിന്റെ പ്രത്യാക്രമണം. സതീശനെതിരായ പരാതിയുമായി രമേശ് ഹൈക്കമാന്‍ഡ് സമക്ഷം. നേതാക്കള്‍ തന്നെ അച്ചടക്കലംഘനത്തിന്റെ പതാകവാഹകരായി അരങ്ങുവാഴുന്നതിനിടയില്‍ സംസ്ഥാന കോണ്‍ഗ്രസിലെ അംഗത്വവിതരണ കാമ്പയിനും വടികുത്തിപ്പിരിഞ്ഞു. 

Eng­lish Summary:Riots in Con­gress will intensify
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.