27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 11, 2024
July 11, 2024
July 7, 2024
July 7, 2024
July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 3, 2024

റിയാസ് മൗലവി വധക്കേസ് : കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

Janayugom Webdesk
തിരുവനന്തപുരം
March 30, 2024 1:35 pm

സംസ്ഥാനത്തെ നടുക്കിയ കൊലപാതമായിരുന്നു റിയാസ് മൗലവിയുടേത്.പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു. പിന്നീട് കുറ്റപത്രത്തില്‍ അത് സ്ഥിരീകരിക്കപ്പെട്ടു. റിയാസ് മൗലവി വധക്കേസിൽ കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ. മൂന്ന് പ്രതികളെയും കാസര്‍ഗോഡ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി വെറുതെവിട്ടിരുന്നു. ഏറെ പ്രമാദമായ കേസിൽ വിധി കേൾക്കാൻ ഭാര്യയടക്കമുള്ളവർ എത്തിയിരുന്നു. കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്.

കോടതി വിധി ഞങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കൾ പറഞ്ഞു. പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലഭിച്ചില്ല. അതുകൊണ്ടുതന്നെ വളരെ ദുഃഖമുണ്ടെന്ന് സഹോദരൻ പറഞ്ഞു. കേസുമായി ബന്ധപ്പെ‌ട്ടവർ താനുമായോ പിതാവുമായോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. വൻജനത്തിരക്കായിരുന്നു കോടതി വളപ്പിൽ. പൊലീസ് കനത്ത സുരക്ഷയും ഒരുക്കി. വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റവരി വിധിയാണ് കോടതി പുറപ്പെടുവിച്ചത്.

ആർഎസ്എസ് പ്രവർത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച്‌ 20നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചാണ് റിയാസ് മൗലവിലെ കുത്തിക്കൊലപ്പെടുത്തിയത്. കുടക് സ്വദേശിയാണ് റിയാസ് മൗലവി. മൂന്ന് ദിവസത്തിനകം കുറ്റവാളികളെ പിടികൂടി. ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കേസിന്റെ ഗൗരവം കൂട്ടി. കൊല നടന്ന് 90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.

സംഭവസ്ഥലത്ത് നിന്ന് പ്രതികള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ രക്തസാമ്പിള്‍ അടക്കം ഇവിടെനിന്ന് കിട്ടിയിരുന്നു. ഡിഎന്‍എ പരിശോധനയിലും ഇക്കാര്യം വ്യക്തമായി. കേസില്‍ പഴുതടച്ച അന്വേഷണം നടന്നു. പ്രോസിക്യൂഷന് പിഴവ് പറ്റിയതായി സൂചനയും ലഭിച്ചിരുന്നില്ല. ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്നാണ് റിയാസ് മൗലവിയുടെ കുടുംബം ചോദിക്കുന്നത്. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. 

Eng­lish Summary:
Riyaz Moulav­i’s mur­der case: Riaz Moul­vi’s wife burst into tears after hear­ing the court verdict

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.