26 April 2024, Friday

കരള്‍ മാറ്റിവെയ്ക്കല്‍; വേദന കുറഞ്ഞതും മുറിവിന്റെ പാടുകള്‍ തീരെയില്ലാത്തതുമായ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് പ്രചാരമേറുന്നു

Janayugom Webdesk
കൊച്ചി
August 25, 2021 2:00 pm

കരള്‍ തകരാറിലായ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ വേണ്ടി സ്വന്തം കരള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ദാതാവിന് കടുത്ത വേദനയുള്ള ശസ്ത്രക്രിയയോ ഇതിനു ശേഷമുള്ള ദീര്‍ഘനാളത്തെ വിശ്രമമോ ഒന്നും കൂടാതെ തന്നെ ഇന്ന് കരള്‍ ദാനം ചെയ്യാന്‍ സാധിക്കും. കുറഞ്ഞ വേദനയിലും മുറിവിന്റെ പാടുകള്‍ ഇല്ലാതെയുമാണ് ഇത് സാധ്യമാകുന്നത്. ഇതിന് നന്ദി പറയേണ്ടത് റോബോട്ടിക് സഹായത്തോടെയുള്ള കീ ഹോള്‍ ശസ്ത്രക്രിയയ്ക്കാണ്. സാധാരണ ശസ്ത്രക്രിയയ്ക്ക് പകരമായി ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം യന്ത്രസഹായത്തോടെ നടത്തുന്ന ഈ ശസ്ത്രക്രിയയ്ക്ക് ശേഷം കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നതിനാല്‍ ദാതാവിനെ സംബന്ധിച്ച് ഇതൊരു വലിയ അനുഗ്രഹമാണ്.

മറ്റൊരാള്‍ക്ക് ദാനം ചെയ്താലും പിന്നെയും വളരുന്ന ചുരുക്കം അവയവങ്ങളിലൊന്നാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനം തകരാറിലായ ഒരു രോഗിക്ക് വേണ്ടി ദാതാവിന്റെ കരളിന്റെ 60 ശതമാനം വരെ മാറ്റി വെയ്ക്കാന്‍ സാധിക്കും. ശസ്ത്രക്രിയ കഴിഞ്ഞ് 3 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കരള്‍ സാധാരണ വലുപ്പത്തിലേക്ക് വളര്‍ച്ച പ്രാപിക്കുന്നതാണ്.

ഈ പുതിയ സാങ്കേതിക വിദ്യയുടെ സവിശേഷതകളെപ്പറ്റി കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോഇന്‍ടെസ്‌റ്റൈനല്‍ സര്‍ജറി ആന്‍ഡ് സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം പ്രൊഫസറും ചീഫ് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. എസ്. സുധീന്ദ്രന്‍ പറയുന്നു .‘റോബോട്ടിക് സഹായത്തോടെയുള്ള ഈ ശസ്ത്രക്രിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയാ രംഗത്ത് വലിയൊരു വഴിത്തിരിവാണ്. സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ ഓപ്പണ്‍ സര്‍ജറിക്ക് പകരം കൂടുതല്‍ ഫലപ്രദമാണ് ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം. വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കണ്‍സോളിന് സമാനമായ ഒരു കണ്‍ട്രോളര്‍ വഴിയാണ് സര്‍ജന്‍ റോബോട്ടിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. മനുഷ്യന്റെ കൈ കൊണ്ട് ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് റോബോട്ടിന്റെ പ്രവര്‍ത്തനം. ഈ കൃത്യതയും വൈദഗ്ധ്യവുമാണ് റോബോട്ടിക് സര്‍ജറിയെ മുന്‍നിരയിലെത്തിക്കുന്നത്.

കൃത്യതയ്ക്കും സൂക്ഷ്മതയ്ക്കും പുറമേ സാധാരണ ഓപ്പണ്‍ സര്‍ജറിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കീ ഹോള്‍ സര്‍ജറിയിലെ ഈ നൂതന രൂപത്തിന് സമാനതകളില്ലാത്ത സവിശേഷതകളാണുള്ളത്. വളരെ ചെറിയ മുറിവുകളിലൂടെ വലിയ ശസ്ത്രക്രിയകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കുന്നു. കുറഞ്ഞ വേദനയും വളരെ കുറച്ചു ദിവസത്തെ മാത്രം ആശുപത്രി വാസവും ദാതാക്കള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങി വരാന്‍ കഴിയുന്നതുമെല്ലാം ഇതിന്റെ സവിശേഷതകളാണ്. മാത്രമല്ല മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ടുകളും പേശികളിലുണ്ടാകുന്ന മുറിവുകളും ഇതിലുണ്ടാകുന്നില്ലെന്നതും പ്രധാനമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം തീരെ ചെറിയ മുറിവുകള്‍ മാത്രമേ ശരീരത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ശസ്ത്രക്രിയയ്ക്ക് ശേഷവും വേദന കുറവായിരിക്കുമെന്നതിനാല്‍ പെട്ടെന്നു തന്നെ ദാതാവിന് സുഖം പ്രാപിക്കാമെന്നതും മുറിവ് കാലക്രമേണ അപ്രത്യക്ഷമാകുമെന്നതും റോബോട്ടിക് സര്‍ജറിയുടെ നേട്ടങ്ങളാണ്.‘ശസ്ത്രക്രിയയുടെ നടപടിക്രമങ്ങളെക്കുറിച്ച് ഡോ.സുധീന്ദ്രന്‍ പറയുന്നത് ഇപ്രകാരമാണ്. ’ ആരോഗ്യവാനായ ഒരു മുതിര്‍ന്ന ദാതാവിനാണെങ്കില്‍ 5 മുതല്‍ 8 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനാകും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് കീ ഹോള്‍ സര്‍ജറി ദാതാവിന് കൂടുതല്‍ ആശ്വാസകരമാണ്. രോഗിക്ക് 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങാനും 2 മുതല്‍ 4 മാസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും സാധിക്കും. രണ്ടു മാസമെന്നത് പൂര്‍ണമായും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ സമയമാണ്. നാല് മാസത്തിന് ശേഷമേ കഠിനമായ ജോലികള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായ ശേഷം കുറച്ച് ആഴ്ചകള്‍ വേദനസംഹാരി പോലെയുള്ള മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.

നിരവധി വെല്ലുവിളികള്‍ ഉള്ളതിനാല്‍ തന്നെ റോബോട്ടിക് സാങ്കേതിക വിദ്യ വലിയ തോതില്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നില്ല. റോബോട്ടുകളെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുന്നതിനായി ഏറെ മണിക്കൂറുകള്‍ നീളുന്ന കഠിനമായ പരിശീലനം വേണ്ടി വരുന്നതാണ് സര്‍ജന്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ശസ്ത്രക്രിയകളില്‍ സര്‍ജന്‍മാര്‍ക്ക് നേരിട്ട് അവയവങ്ങളില്‍ സ്പര്‍ശിക്കാന്‍ സാധിക്കുന്നതിനാല്‍ അവയില്‍ എത്രത്തോളം സമ്മര്‍ദ്ദം ചെലുത്താമെന്ന് അവര്‍ക്ക് ഒരു നിശ്ചയമുണ്ടായിരിക്കും. എന്നാല്‍ ഒരു റോബോട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയില്‍ റോബോട്ട് വഴി അവയവങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായി വരും.‘എന്നിരുന്നാലും റോബോട്ടിക് ശസ്ത്രക്രിയകള്‍ ഇന്ന് കൂടുതല്‍ പ്രചാരത്തില്‍ വന്നു കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇതായിരിക്കും ഏറ്റവും കൂടുതല്‍ സ്വീകാര്യമാകുകയെന്നതിന്റെ വ്യക്തമായ സൂചനയാണിത്. 95 ശതമാനം രോഗികളിലും ഒരു തരത്തിലുമുള്ള സങ്കീര്‍ണതകളും ഉണ്ടാകുന്നില്ലെന്ന് തങ്ങളുടെ നിരീക്ഷണത്തില്‍ മനസ്സിലായെന്ന് രോഗമുക്തിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡോ.സുധീന്ദ്രന്‍ പറഞ്ഞു. എന്നിരുന്നാലും മറ്റുള്ള ശസ്ത്രക്രിയകളെ പോലെ തന്നെ വളരെ ചുരുക്കം രോഗികളില്‍ സങ്കീര്‍ണതകളുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം സങ്കീര്‍ണതകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി ഭൂരിഭാഗം ആളുകളിലും റോബോട്ടിക് സര്‍ജറി സാധ്യമാണ്. എന്നാല്‍ ചില വ്യക്തികളുടെ കാര്യത്തില്‍ അതിന് ചില യോഗ്യതകള്‍ കൂടി ആവശ്യമായി വരും. അത്തരം ആളുകള്‍ക്ക് റോബോട്ടിക് സര്‍ജറി അനുയോജ്യമാകുമോ എന്ന് ഡോക്ടറുമായി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതാണ് നല്ലത്. മെഡിക്കല്‍ ഹിസ്റ്ററിയും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് സര്‍ജറി നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു അന്തിമതീരുമാനം ഡോക്ടര്‍ സ്വീകരിക്കുക.
eng­lish sum­ma­ry; Robot­ic surgery for kid­ney transplantation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.