2022–23 വർഷം മുതൽ മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് (എംഎഎന്‍എഫ്) കേന്ദ്ര ഗവൺമെന്റ് നിർത്തലാക്കി എന്ന വാർത്ത വളരെ ലാഘവത്തോടെ വായിച്ചെടുക്കാവുന്നതല്ല. സ്കോളര്‍ഷിപ്പ് വിഷയത്തില്‍ ആശങ്കയുടെയും ഭീതിയുടെയും ഉള്ളില്‍ നില്‍ക്കുകയാണ് പല വിദ്യാര്‍ത്ഥികളും. തനിക്കു ലഭിക്കുന്ന ഫെലോഷിപ്പിനെക്കുറിച്ച് ആശങ്കയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾ. ഇന്ത്യയെ പോലൊരു രാജ്യത്ത് അങ്ങനെയൊരു നീക്കം അത്ര പെട്ടെന്നൊന്നും സാധ്യമല്ലെന്ന് പലപ്പോഴും നമ്മൾ കരുതിയിരുന്നു. ആശങ്കയുടെ മുൾമുനയിലാണ് ന്യൂനപക്ഷ വിദ്യാർത്ഥികൾ ഇന്ന് പലയിടത്തും പഠിക്കുന്നത്. അവരുടെ വാക്കുകളിലെ കനമില്ലായ്മ എല്ലായിടത്തും അനുഭവപ്പെടുന്നു. പ്രത്യാശയുടെ വെളിച്ചമാണ് ഇല്ലാതായിരിക്കുന്നത്. മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കിയെന്ന വാർത്ത കണ്ടപ്പോൾ എനിക്കും ഉള്ളിൽ ഒരു തീക്കനൽ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിലെ ഒരുപാടുപേരുടെ സാമൂഹിക അവസ്ഥ പരുങ്ങലിൽ ആവുന്ന മുൻകൂട്ടിയുള്ള അജണ്ടയുടെ ഭാഗമാണിത് എന്ന ഉത്തമ ബോധ്യമുണ്ട്. ഒരുപാട് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പലതും നഷ്ടമാവുന്നു. കേന്ദ്ര സർക്കാർ എംഎഎന്‍എഫ് നിർത്തലാക്കി എന്ന വാർത്ത പൗരത്വ ബില്ലടക്കമുള്ള കൺമുമ്പിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ചാലോചിച്ചും, ഭയം സൃഷ്ടിക്കുന്ന പലതും ഇനിയും സംഭവിക്കാൻ സാധ്യതയുള്ളതുകൊണ്ടും നടുക്കത്തോടെയാണ് നാം കാണേണ്ടത്.
കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള സ്മൃതി ഇറാനി എംഎഎന്‍എഫ് നിർത്തലാക്കുന്നത് പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അതിനു കാരണമായി ചൂണ്ടിക്കാട്ടിയത് ചില സാങ്കേതിക പ്രശ്നങ്ങളെയാണ്. എന്നാൽ ഇത് മുൻകൂട്ടിയുള്ള അജണ്ടയാണ് എന്നത് വ്യക്തമായിരുന്നു. നിലവിലുള്ള മറ്റു പല സ്കോളർഷിപ്പുകളുമായി അതായത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ സ്കോളർഷിപ്പുകൾ എന്നിവയുമായി എംഎഎന്‍എഫ് ഇടകലരുന്നു എന്നതാണ്. അത്തരമൊരു സാങ്കേതിക പ്രശ്നത്തെ ആലോചിക്കുവാനും പരിഹരിക്കാനും മറ്റു സാധ്യതകളുണ്ടെന്നിരിക്കെ എന്തിനാണ് ഒരു പദ്ധതി മൊത്തമായി നിർത്തലാക്കിയത് എന്നതാണ് പ്രധാന ചോദ്യം. ഇതിനെ പാർലമെന്റിൽ അർഹിക്കുന്ന വിധത്തിൽ ചെറുത്തത് ഇടതുപക്ഷം മാത്രമാണ്. അവിടെയും ന്യൂനപക്ഷം പാർശ്വവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. യുജിസി നിർദേശപ്രകാരം ഒരാൾക്ക് ഒരു സമയത്ത് ഒരേയൊരു ഫെലോഷിപ്പാണ് ലഭിക്കുക. അങ്ങനെയാണെങ്കിൽ എവിടെയാണ് മന്ത്രി പാർലമെന്റിൽ സൂചിപ്പിച്ച ഈ ഇടകലരൽ സംഭവിക്കുന്നത്? ഇത് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എന്നതിന് മറ്റൊരു ഉദാഹരണം ആവശ്യമുണ്ടോ?
സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ട മറ്റു രണ്ടു കേന്ദ്ര ഗവൺമെന്റ് തീരുമാനങ്ങളിലൂടെ വ്യക്തമാണ്, ഒന്ന്, ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളുടെ പ്രീമെട്രിക് സ്കോളർഷിപ്പ് നിർത്തലാക്കി, അടുത്തത് എൻഎഫ്-ഇബിസി എന്ന പേരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിലെ ഗവേഷകർക്ക് ഫെലോഷിപ്പുകൾ ഏർപ്പെടുത്താൻ പോകുന്നു എന്നതാണ്. അടുത്ത വോട്ടുബാങ്ക് തട്ടിപ്പ്. ഇന്ത്യയിലെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കുകയും പുതിയൊരു സ്കീമിന് തുടക്കം കുറിക്കുകയും ചെയ്യുന്നുവെന്നത് പുറമേ നോക്കുമ്പോൾ വലിയ ചില മാറ്റങ്ങളായി തോന്നാമെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ആഴങ്ങളിലാണ് ഈ മാറ്റം മുറിവേല്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. അത്തരമൊരു സന്ദർഭത്തിലാണ് ഇവയൊന്നും സാങ്കേതികം മാത്രമല്ലെന്ന് തെളിയുന്നത്. രാഷ്ട്രീയമായ പലതരം അജണ്ടകളുടെ ഭാഗമായാണ് എംഎഎന്‍എഫ് നിർത്തലാക്കിയതെന്ന് ബോധ്യപ്പെടുന്നു. സംവരണ തത്വങ്ങളെ മാറ്റികൊണ്ടു വരാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണിവയൊക്കെയും എന്നു കൂടി വരുന്നു. ജാതി, മതം എന്നീ സ്വത്വങ്ങളിൽ നിന്നും പുതിയ മാനദണ്ഡം സാമ്പത്തികമായി തീരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രപരമായ അവസ്ഥകളെ ബോധപൂർവം ഭരണകൂടം ഇവിടെ മറക്കുന്നു. ന്യൂനപക്ഷവിഭാഗങ്ങൾക്ക് നൽകുന്ന സംവരണങ്ങൾ പിൻവലിക്കുകയും പകരം മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ സംവരണാനുകൂല്യങ്ങൾ നൽകി അക്കാദമികമായ മേഖലകളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതോടെ സവർണവും ബ്രാഹ്മണികവുമായ മൂല്യങ്ങളെ പൊതു ഇന്ത്യൻ ജീവിത പരിസരമാക്കി തീർക്കുന്ന പ്രക്രിയ ഹിന്ദുത്വ ഗവൺമെന്റിന് കുറേക്കൂടി എളുപ്പമാകുന്നു. ഭരണഘടനാ ശില്പികൾ എഴുതിവച്ചവ നഗ്നമായി ലംഘിക്കുന്ന ഭീകരക്കാഴ്ചകൾ കാണാം. ബഹുഭൂരിപക്ഷം വരുന്ന വിശാല ഹിന്ദുക്കളുടെ വക്താക്കളാകാനാണ് ഇതിലൂടെ സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കുക എന്നത് പ്രയാസകരമായി തോന്നാം.
ഇവയ്ക്ക് ബദലുകൾ സാധ്യമാവാത്തിടത്തോളം കാലം, ഭീതിയുടെ കണ്ണുകൾ നമുക്ക് ചുറ്റും കാണാം. പിറന്നമണ്ണിൽ അസ്തിത്വത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലുകൾ കാണാം. കാവലായിരുന്നവർ കഴുകന്മാരായി മാറുന്ന സായാഹ്നങ്ങൾ കാണാം. ദേശീയ ജനാധിപത്യം എന്ന അടിസ്ഥാന ആശയം നവവിപ്ലവം സൃഷ്ടിക്കാൻ തയ്യാറെടുക്കേണ്ടതായി കാണാം. യുവത തീവ്രവാദം മുറുകെ പിടിച്ചു തെറ്റായ ദിശയിൽ പോകുന്നത് നിസഹായതയോടെ നോക്കി നിൽക്കാം. നമുക്ക് നമ്മുടെ മുൻതലമുറ നൽകിയത് അത്രയും കൊടുക്കാനായില്ലെങ്കിലും നമ്മളാലായത് അടുത്ത തലമുറയ്ക്ക് കൊടുക്കണം. അതിനു വേണ്ടി ഒന്ന് ചിന്തിക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.