21 December 2024, Saturday
KSFE Galaxy Chits Banner 2

സംഘപരിവാർ നടത്തുന്നത് ഇന്ത്യയുടെ പൗരാണിക കാലഘട്ടത്തെ 
തെറ്റായി അവതരിപ്പിക്കാനുള്ള നീക്കം: സത്യന്‍ മൊകേരി

Janayugom Webdesk
June 18, 2022 7:21 pm

ഹരിപ്പാട്: സിപിഐ ഹരിപ്പാട് മണ്ഡലം സമ്മേളനത്തിന് മഹാദേവികാട് പുളിക്കീഴ് തുടക്കമായി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പൗരാണിക കാലഘട്ടത്തെ തെറ്റായി അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് സംഘപരിവാർ രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ തയ്യാറാക്കിയ അജണ്ട പ്രകാരം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതുമുതൽ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നവലിബറൽ നയങ്ങൾ പൂർണമായും നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ എസ് രവി, എ ഷാജഹാൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം സോമൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി കെ കാർത്തികേയൻ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് സെക്രട്ടറി പി ബി സുഗതൻ രാഷ്ട്രീയ റിപ്പോർട്ടും ഒ എ ഗഫൂർ രക്തസാക്ഷി പ്രമേയവും സുഭാഷ് പിള്ളക്കടവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡി അനീഷ്, എ ശോഭ, ശ്രീജിത്ത് എസ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ഗുരുതരമായ തീരെ ശോഷണത്തിനു കാരണമാകുന്ന തോട്ടപ്പള്ളിയിലെ അശാസ്ത്രീയമായ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്നും പത്തര കോടി രൂപചെലവഴിച്ച് പൂർത്തിയാക്കിയ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കണമെന്നും കയർതൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.