ക്രിസ്മസ് — പുതുവത്സര സീസൺ അടുത്തിട്ടും സമുദ്രോല്പന്ന കയറ്റുമതി മേഖലയെ ബാധിച്ച സ്തംഭനാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. സാധാരണ കയറ്റുമതി ചെയ്യുന്നതിന്റെ പകുതിയിൽ താഴെ മാത്രം സമുദ്രോല്പന്നങ്ങളാണ് വിമാന — കപ്പൽ മാർഗം വിദേശത്തേയ്ക്ക് പോകുന്നുള്ളൂ എന്നാണ് കയറ്റുമതി വ്യാപാരികളുടെ സംഘടനകൾ വ്യക്തമാക്കുന്നത്. അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയിലെ മുഖ്യപങ്കും പോകുന്നത്. പണപ്പെരുപ്പവും ആഗോള വിപണികളിലെ മാന്ദ്യവും ഇന്ധന പ്രതിസന്ധിയും ചൈനയിലെ കോവിഡ് വ്യാപനവും വരെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ഓർഡറുകളിൽ വലിയ തോതിൽ ഇടിവ് വന്നിട്ടുണ്ട്. കോടികളുടെ ഉല്പന്നങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ കയറ്റുമതി മേഖലയുടെ ശീതീകരണികളിൽ കെട്ടിക്കിടക്കുന്നതിനാൽ പ്രതിദിന ഉല്പാദനത്തെയും സ്ഥിതി ദോഷകരമായി ബാധിച്ചിട്ടുണ്ട്.
ക്രിസ്മസ് — പുതുവത്സര സീസണിൽ സമുദ്രോത്പന്ന കയറ്റുമതിയിൽ സാധാരണയുള്ളതിന്റെ 40 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് തിരിച്ചടിയേറ്റതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മത്സ്യം ഇറക്കുമതിയിൽ ചൈന നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ഗുണനിലവാര പരിശോധനകൾക്കു ശേഷം ഉല്പന്നങ്ങൾ തടഞ്ഞുവയ്ക്കുന്നതും ആയിരക്കണക്കിന് ടൺ ചരക്കിന്റെ വില തോന്നുംപടി വെട്ടിക്കുറയ്ക്കുന്നതും ചൈന പതിവാക്കിയിരിക്കുകയാണ്.
700കോടി ഡോളറിനടുത്ത് കയറ്റുമതി വരുമാനമാണ് പുതിയ സാമ്പത്തിക വർഷം ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷ്യത്തിനടുത്ത് എത്താനുള്ള സാധ്യത പോലുമില്ലെന്നാണ് വിലയിരുത്തൽ.
2021–22 സാമ്പത്തിക വർഷം 776 കോടി ഡോളർ ( 57,586,48 കോടി രൂപ) മൂല്യമുള്ള 13,69,264 മെട്രിക് ടൺ സമുദ്രോല്പന്നങ്ങളാണ് രാജ്യം കയറ്റി അയച്ചത്. അതിൽത്തന്നെ വനാമി ചെമ്മീനാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ആകെ വരുമാനത്തിന്റെ 74.31 ശതമാനവും ഇതില്‍ നിന്നാണ്. കേരളത്തിൽ നിന്ന് കൂടുതലായി കയറ്റുമതി ചെയ്യുന്നതും വനാമി ചെമ്മീനാണ്. 2020 — 21ൽ 70 കോടി ഡോളറിന്റെ സമുദ്രോല്പന്നങ്ങളാണ് കേരളം കയറ്റുമതി ചെയ്തത്. അത് 2021–22ൽ 67.83 കോടി ഡോളറായി കുറഞ്ഞു. ഉല്പന്നങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ഫലമായി പ്രതിദിന ഉല്പാദനം കുറഞ്ഞത്, മറ്റ് നഷ്ടങ്ങളോടൊപ്പം ഉല്പാദനവും സംസ്കരണവും മറ്റുമായി ബന്ധപ്പെട്ട അനേകം തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും.
English Summary: Seafood export sector stagnated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.