2 May 2024, Thursday

Related news

March 6, 2024
January 25, 2024
December 28, 2023
December 20, 2023
December 8, 2023
October 28, 2023
October 13, 2023
August 10, 2023
August 5, 2023
July 28, 2023

കയറ്റുമതി നിരോധനം: പത്തുലക്ഷം ടണ്‍ അരി തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നു

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 10, 2022 10:36 pm

അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ നിലവില്‍ വന്നതോടെ കയറ്റുമതിക്കാര്‍ വെട്ടിലായി. വര്‍ധിപ്പിച്ച ചുങ്കം നല്‍കാന്‍ വാങ്ങാനുള്ളവര്‍ വിമുഖത കാണിച്ചതോടെ വിവിധ തുറമുഖങ്ങളില്‍ ഏതാണ്ട് പത്ത് ലക്ഷം ടണ്‍ അരി കെട്ടിക്കിടക്കുകയാണ്. ധാരണയായതിനപ്പുറം കൂടുതല്‍ നികുതി അരിക്ക് നല്‍കാനാകില്ലെന്ന ഇറക്കുമതിക്കാരുടെ നിലപാടും സഞ്ചാര പഥത്തിലുള്ള അരി കയറ്റുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ ബാധകമാക്കിയ സര്‍ക്കാര്‍ നിലപാടും കയറ്റുമതിക്കാര്‍ക്ക് വിനയായി. രണ്ട് ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്നും പ്രതിമാസം കയറ്റുമതി ചെയ്യുന്നത്. ആന്ധ്രയിലെ കാക്കിനട, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം അരി കയറ്റുമതി ചെയ്യുന്നത്.

നിരോധനം അടിയന്തരമായി നിലവില്‍ വന്നതോടെ കയറ്റുമതിക്കാര്‍ കപ്പലിലേക്ക് അരി കയറ്റുന്നത് നിര്‍ത്തി വച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യാ അരി കയറ്റുമതി അസോസിയേഷന്‍ അധ്യക്ഷന്‍ ബി വി കൃഷ്ണറാവു വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്‍. നേരത്തെ ഗോതമ്പു കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ആഗോള തല അഭ്യര്‍ത്ഥനകള്‍ മാനിച്ച് സൗഹൃദ രാഷ്ട്രങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങള്‍ക്കും ഗോതമ്പ് നല്‍കാന്‍ ഇന്ത്യ തീരുമാനമെടുത്തിരുന്നു. അരിയുടെ കാര്യത്തിലും ഇത്തരമൊരു തീരുമാനം ഉണ്ടായിക്കൂടെന്നില്ല എന്ന പ്രതീക്ഷയുമുണ്ട്.

ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം നുറുക്കരി ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. മൃഗങ്ങള്‍ക്കുള്ള ആഹാരത്തിനായാണ് ചൈന ഇത് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യാ-ചൈനാ ബന്ധത്തിലെ വിള്ളലും നുറുക്കരി കയറ്റുമതി നിരോധനത്തിനു പിന്നിലുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. അതിനിടെ അരി വിലവര്‍ധന മുന്നില്‍ കണ്ട് സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന തുടരണമെന്ന് വിവധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഈ പദ്ധതിയുടെ കാലാവധി ഈ മാസം അവസാനിക്കും. 2020 മാര്‍ച്ചില്‍ തുടങ്ങിയ പദ്ധതി പല തവണ നീട്ടിയിരുന്നു. പദ്ധതി തുടരണമെന്ന ആവശ്യം കേരളവും കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. രാജ്യത്തെ 71 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കേരളത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39 ലക്ഷത്തോളം പേര്‍ക്കാണ് പദ്ധതി പ്രകാരം അഞ്ചു കിലോ അരി വീതം ലഭിക്കുന്നത്. 2022 ജൂലൈ വരെ രാജ്യത്ത് 824 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് വിതരണം ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകമാണ്.

Eng­lish Sum­ma­ry: One mil­lion tons of rice is stuck at the ports

You may also like this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.