27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 17, 2024
July 14, 2024
July 13, 2024
July 13, 2024

സംസ്ഥാനത്ത് വെള്ളത്തില്‍ പൊലിഞ്ഞത് ഏഴ് ജീവന്‍

Janayugom Webdesk
വൈക്കം/നെടുങ്കണ്ടം/പാലക്കാട്
August 6, 2023 10:59 pm

സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി ഏഴുപേര്‍ മുങ്ങിമരിച്ചു. കോട്ടയം വെള്ളൂരില്‍ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തും പാലക്കാട് വാളയാറിലും രണ്ടുപേര്‍ക്ക് വീതം ജീവന്‍ നഷ്ടമായി. വെള്ളൂർ ചെറുകര പാലത്തിന് സമീപം രാവിലെ 11നായിരുന്നു അപകടം. അരയൻകാവ് മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദരൻ ജോബി മത്തായിയുടെ മകള്‍ മുണ്ടയ്ക്കൽ ജിസ്‌മോള്‍ (15), സഹോദരി സുനിയുടെ മകന്‍ വരിക്കാംകുന്ന് പൂച്ചനാട്ടിൽ അലോഷി (16) എന്നിവരാണ് മരിച്ചത്. ഇറ്റലിയിൽനിന്ന് നാട്ടിലെത്തിയ ഏഴ് പേരടങ്ങുന്ന കുടുംബം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു. കാൽവഴുതി പുഴയിൽ വീണ ജിസ്‌മോളെ രക്ഷിക്കാൻ ജോൺസണും പിന്നാലെ അലോഷിയും ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പുഴയിലുണ്ടായിരുന്ന ജോബി മത്തായി, ഭാര്യ സൗമ്യ, മുണ്ടയ്ക്കൽ മിനി, സുനി എന്നിവരെ കരയ്ക്ക് കയറ്റിയത്. കടുത്തുരുത്തിയിൽ നിന്നും പിറവത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

അലോഷിയും, ജിസ്‌മോളും നാളെ പഠനത്തിനായി യുകെയിലേക്ക് പോകാനിരിക്കെയാണ് മരണം കവർന്നെടുത്തത്. അപകടസ്ഥലത്തും പൊതി ആശുപത്രിയിലും എംഎൽഎമാരായ സി കെ ആശ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുള്‍പ്പെടെ ജനപ്രതിനിധികളും വൻ ജനാവലിയും എത്തിയിരുന്നു. അലോഷിയുടെ പിതാവ് സാബു ഇറ്റലിയിൽ നിന്നെത്തിയ ശേഷമായിരിക്കും സംസ്കാരം. ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രമായ തുവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിൽ വീണ് നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല വീട്ടില്‍ അനില (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പാറക്കെട്ടിലിറങ്ങിയ ഇവര്‍ വെളളച്ചാട്ടത്തില്‍ അകപ്പെടുകയായിരുന്നു. രാത്രിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുങ്കണ്ടം എംഇഎസ് കാേളജ് വിദ്യാർത്ഥിയാണ് സെബിന്‍. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ് അനില. 

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ ധനലക്ഷ്മി കോളജിലെ വിദ്യാർത്ഥികളായ നാമക്കൽ സ്വദേശി ഷൺമുഖം (19), പൊള്ളാച്ചി സ്വദേശി തിരുപ്പതി (18) എന്നിവരാണ് മരിച്ചത്. ഡാമിലെ നവക്കരയിലുള്ള മാവുത്താംപടിയിൽ ഇന്ന് ഉച്ചയ്ക്ക് 12നാണ് അപകടം. സംഘത്തിലുണ്ടായിരുന്ന മൂന്നാമനും അപകടത്തില്‍പ്പെട്ടെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു വിദ്യാർത്ഥികള്‍ രക്ഷപ്പെടുത്തി. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നു തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

Eng­lish Sum­ma­ry; Sev­en lives were lost in the water in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.