24 April 2024, Wednesday

കടുവ സിനിമയിലെ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും

Janayugom Webdesk
July 10, 2022 7:35 pm

‘കടുവ’ സിനിമയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസും നടന്‍ പൃഥ്വിരാജും. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സിനിമയില്‍ പൃഥ്വിരാജിന്റെ നായകകഥാപാത്രം പറയുന്ന ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും വേദനിപ്പിക്കുന്നതാണെന്ന് വ്യാപകമായി വിമര്‍ശങ്ങളുണ്ടായിരുന്നു.
ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നും ഷാജി കൈലാസ് അഭ്യര്‍ത്ഥിച്ചു. “കടുവയിലെ വാക്കുകൾ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകൾ കാണാനിടയായി. നിങ്ങൾക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവർക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ.… മാപ്പ്.… നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കൽക്കൂടി ക്ഷമാപണം..” എന്ന് ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഷാജി കൈലാസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. തെറ്റ് പറ്റിപ്പോയെന്ന വാക്കുകളോടെയാണ് പൃഥ്വിരാജ് പോസ്റ്റ് സ്വന്തം പേജില്‍ പങ്കുവച്ചത്.

prithviraj

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ.…മാപ്പ്.…
നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..

Eng­lish Sum­ma­ry: Sha­ji Kailas and Prithvi­raj apol­o­gize for the ref­er­ence in Kadu­va movie

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.