8 May 2024, Wednesday

എന്ത് മേനോന്‍ ആയാലും നായരായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം; സംയുക്തയ്ക്കെതിരെ ഷൈന്‍

Janayugom Webdesk
കൊച്ചി
February 21, 2023 12:22 pm

നടി സംയുക്തയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ബൂമറാംഗ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു നടിക്കെതിരെ ഷൈന്‍ വിമര്‍ശനമുന്നയിച്ചത്. ഇരുവരും അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ബൂമറാംഗിന്റെ പ്രമോഷനില്‍ സംയുക്ത പങ്കെടുക്കാത്തെതിനെ തുടര്‍ന്നായിരുന്നു വിമര്‍ശനം. തന്റെ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ അടുത്തകാലത്ത് വന്ന പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം.
എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം എന്നായിരുന്നു ഷൈൻ തുറന്നടിച്ചത്.

“ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്മെന്‍റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്” — ഷൈന്‍ ടോം ആരോപിച്ചു.

സിനിമയുടെ നിര്‍മ്മാതാവും സംയുക്തയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന സംയുക്ത പ്രമോഷനെത്താത്തതിലാണ് നിർമ്മാതാവിന്‍റെ വിമര്‍ശനം. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്കെന്ന് നിര്‍മ്മാതാവ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിക്കിടെയാണ് നിർമ്മാതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി അതൃപ്തി അറിയിച്ചത്.

ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: shine tom chacko slams samyuk­tha menon
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.