17 November 2024, Sunday
KSFE Galaxy Chits Banner 2

ബ്രാഹ്മണ്യം മോഷ്ടിച്ച ഇന്ത്യൻ മനസ്

അജിത് കൊളാടി
വാക്ക്
November 6, 2022 5:30 am

വിവിധങ്ങളായ സംസ്കാരങ്ങളും ചിന്തകളും ഇവിടെ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം നമ്മുടെ പൂർവസ്വത്താണെന്ന് ധരിക്കുന്നവർ ധാരാളം. എന്നാൽ പൂർവാചാരപ്രസക്തികൊണ്ട് നമുക്ക് മുൻപോട്ടു പോകാനാകുമോ? ലോകത്തിൽ അനുദിനം സംഭവിക്കുന്ന പുരോഗതിയുമായി ബന്ധപ്പെടാനാകുന്നില്ലെങ്കിൽ പിന്നെ അതുകൊണ്ട് പ്രയോജനമുണ്ടോ? വിചാരത്തിലും പ്രവർത്തനത്തിലും വാക്കിലും നാം ഇന്നോളം പുലർത്തിപ്പോന്ന ധാരണകൾ മാറ്റിവച്ച് പുതിയ ജീവിത ചൈതന്യം ഉൾക്കൊള്ളാൻ തയാറാകാത്തവർ പിന്തള്ളപ്പെടും. പാരമ്പര്യം എന്നു പറയുമ്പോൾ വിവക്ഷിക്കുന്നതെന്താണ്? തലമുറകളായി കൈക്കൊണ്ടു പോരുന്ന ചിട്ടപ്പെടുത്തിയ ജീവിതരീതി എന്നാണ് അതിനർത്ഥം. അനുദിന ജീവിതത്തിന്റെ നന്മതിന്മകളെ, രുചിഭേദങ്ങളെ, വൈഷമ്യങ്ങളെ വിമർശിക്കുവാനും വിലമതിക്കുവാനും മാറ്റിമറിക്കുവാനും ഒരു വ്യക്തിക്കുണ്ടാവേണ്ട സ്വാതന്ത്ര്യം ഒരദൃശ്യ ബോധത്താൽ തടയപ്പെടുന്നു. ഈ അനുസരണ സ്വഭാവത്തിന്റെ പേരാണ് അടിമത്തം. ഇത്തരം അടിമകൾ മനുഷ്യൻ അധിവസിക്കുന്ന എല്ലായിടത്തും ഉണ്ട്. മതപ്രസ്ഥാനങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും അവരെ കാണാം. അനീതി, യാഥാസ്ഥിതികത്വം എന്നിവയെ ചോദ്യം ചെയ്യാൻ അവർക്ക് ധൈര്യമില്ല. മാർക്സ് അടക്കമുള്ള തത്വചിന്തകന്മാരും പ്രവാചകന്മാരും അധാർമ്മികതയെ, അനീതിയെ ചോദ്യം ചെയ്യാനാണ് പറഞ്ഞത്.

ചോദ്യം ചെയ്തില്ലെങ്കിൽ അടിമത്തം വാണരുളും. ഈ അടിമത്തം വാർത്തെടുത്ത ചട്ടക്കൂടാണ് പാരമ്പര്യം. മനുഷ്യജീവിതത്തിന്റെ നാനാതുറകളിലും പരിവർത്തനത്തിന്റെ ആവശ്യം അത്യന്തം നേരിടുന്ന കാലഘട്ടമാണിത്. എല്ലാത്തിനെയും വിമർശന വിധേയമാക്കണം. ഈ പ്രക്രിയ ചരിത്രത്തിൽ പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. അത്തരം പരിണാമ ഘട്ടങ്ങൾക്ക്, നവോത്ഥാനത്തിന്റെ ആയുധമാണ് ആവശ്യം. നവോത്ഥാനത്തിന്റെ ആയുധങ്ങൾ ആശയങ്ങളാണ്. അടരാടേണ്ടത് ആചാരങ്ങളോടാണ്. കേരളത്തിലെ ജാത്യാചാരങ്ങളെപ്പറ്റി പരാമർശിക്കേണ്ടിവരുമ്പോൾ ചാതുർവർണ്യത്തിന്റെ ചട്ടക്കൂട് തെളിയുന്നത് കാണാം. ജാതി വ്യവസ്ഥയുടെ പ്രഭവസ്ഥാനമാണത്. ‘ബ്രാഹ്മണോ സ്യ മുഖമാസിൻ ബാഹു രാജന്യഃ കൃതഃ ഊരു തദസ്യ യദ് വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത’. ഈ വേദമന്ത്രം ചാതുർവർണ്യത്തെ സാധൂകരിക്കുന്നു. ബ്രാഹ്മണ്യം കായികാധ്വാനത്തെ പുച്ഛിക്കുകയും മാനസിക അധ്വാനത്തെ പുകഴ്ത്തുകയും ചെയ്യുന്നു. അതു വഴി കായികവും മാനസികവുമായ അധ്വാനങ്ങൾ തമ്മിലുള്ള വിഭജനത്തെ പുനഃസൃഷ്ടിച്ചു നിലനിർത്തും.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം


എല്ലാ ചൂഷക സമൂഹങ്ങളിലും കാണുന്ന പ്രമുഖ സവിശേഷതയാണിത്. ബ്രാഹ്മണ്യം ഉണ്ടാക്കിയ വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും അതിയായ സ്വാധീനം ചെലുത്തുന്നു. അത് സ്ത്രീകളെ അശുദ്ധരാക്കി അവഹേളിക്കുന്നു. യാതൊരു കർതൃത്വമില്ലാത്ത സേവകർ മാത്രമായി അപമാനിക്കുന്നു. അതുവഴി പുരുഷാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. ഉപനിഷദ് കൃതികളിൽ പണ്ഡിതകളെക്കുറിച്ച് ചിലയിടങ്ങളിൽ പറയുന്നുണ്ടെങ്കിലും പിന്നീട് വന്ന മനുസ്മൃതി പോലുള്ളവയില്‍ സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും ഖണ്ഡിതമായി തന്നെ നിഷേധിക്കപ്പെട്ടു. ബ്രാഹ്മണ്യത്തിന്റെ എല്ലാ സവിശേഷതകളിലും വ്യാഖ്യാനങ്ങളിലും എടുത്തു നിൽക്കുന്നത് അതിന്റെ പിന്തിരിപ്പൻ സ്വഭാവമാണ്. നൂറ്റാണ്ടുകളായി വിവിധ സാമൂഹ്യ വ്യവസ്ഥകളിലൂടെ, വ്യത്യസ്ത ഭരണങ്ങൾക്ക് കീഴെ, വിവിധങ്ങളായ മതസമുദായങ്ങളിലൂടെ, ദക്ഷിണേഷ്യയിലെ പിന്തിരിപ്പിൻ ആശയ ശാസ്ത്രങ്ങളുടെ ആണിക്കല്ലായി ബ്രാഹ്മണ്യം തുടർന്നിട്ടുണ്ട്. അവർ ജനതയ്ക്ക് അറിവ് നിഷേധിച്ചു. മനുസ്മൃതിയിലും മറ്റും വ്യക്തമാക്കുന്ന ജാതി ജന്മിത്ത കാലത്തെ ബ്രാഹ്മണ്യ നിയമ‑നൈതിക ചട്ടങ്ങൾ, ശൂദ്രൻ വേദങ്ങൾ കേൾക്കുന്നതു പോലും അപരാധമായി വിധിച്ചു.

ഇത്തരത്തിലുള്ള പിന്തിരിപ്പൻ സമീപനങ്ങൾ കായികവും മാനസികവുമായ അധ്വാനങ്ങൾ തമ്മിൽ അപരിഹാര്യ വിടവ് സൃഷ്ടിച്ചു. ഇന്നും രാജ്യത്ത് നിലനിൽക്കുന്ന പ്രാകൃതമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങളെ ഗുണാത്മകമായ ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ജീവിതത്തിൽ പെട്ടെന്ന് സന്തോഷം നേടാൻ, സാമ്പത്തികാഭിവൃദ്ധി നേടാൻ, മന്ത്ര‑തന്ത്ര പ്രക്രിയകളിലും ബലികളിലും ഏർപ്പെടുന്നു. പഴകിദ്രവിച്ച ആചാരങ്ങളെ വീണ്ടും പുനരുദ്ധരിപ്പിക്കുന്നു. മാക്സിം ഗോർക്കി പറഞ്ഞതുപോലെ ‘ആൾക്കൂട്ടം കാണുകയും കേൾക്കുകയും മാത്രമെ ചെയ്യുന്നുള്ളു. വൈകാരികാനുഭൂതികളെ ചിന്തകളായി മാറ്റാൻ അതിനു കഴിയില്ല. അതിന്റെ ആത്മാവും ഹൃദയവും മരവിച്ചു പോയിരിക്കുന്നു’. ഒരു ഘട്ടത്തിൽ മതപരവും സാമൂഹ്യവുമായ ആചാരാനുഷ്ഠാനങ്ങളിൽ ഉൾച്ചേർന്ന മാനുഷിക ദുരിതങ്ങളോടുള്ള പ്രതികരണമായിരുന്നു ഇന്ത്യയിൽ നവോത്ഥാനം. പക്ഷെ അത് രാഷ്ട്രീയ അടിമത്തത്തിന്റെ പ്രശ്നത്തോട് വേണ്ടത്ര പ്രതികരണ ക്ഷമമായിരുന്നില്ല. നവോത്ഥാനം മുന്നോട്ടുവച്ച മനുഷ്യന്റെ പുനർജന്മം എന്ന സങ്കല്പം ഇവിടെ സാക്ഷാത്ക്കരിച്ചില്ല. യഥാർത്ഥത്തിൽ നവോത്ഥാനം ഇന്ത്യൻ സമൂഹത്തിന് അനുഭവവേദ്യമായോ എന്ന ചോദ്യം അവശേഷിക്കുന്നു.


ഇതുകൂടി വായിക്കൂ: ചില നവോത്ഥാന ചിന്തകൾ


ഇന്ത്യയിൽ കണ്ടത് സാമൂഹികവും മതപരവുമായ പരിഷ്കരണമാണ്. പാരമ്പര്യത്തിനും കൊളോണിയൽ ആധുനികതയ്ക്കും ഇടയിൽപ്പെട്ട ഈ പരിഷ്കരണത്തിന് അതിന്റെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നവോത്ഥാന നായകർ, മനുഷ്യത്വപൂർണമായ ഒരു സമൂഹം എന്ന അവരുടെ സ്വ പ്ന സാഫല്യത്തിനു വേണ്ടി വീറോടെ പോരാടി. പക്ഷെ തങ്ങളുടെ അധീനതയിലല്ലാത്ത ശക്തികൾ അവരെ തോല്പിച്ചു. സാമ്പത്തിക അവകാശങ്ങളായിരുന്നില്ല അവരുടെ പ്രധാന മുദ്രാവാക്യം; സാമൂഹ്യമായ മാന്യതയും രാഷ്ട്രീയ അവകാശങ്ങളും നേടുകയെന്നതായിരുന്നു. അവ നേടാൻ കഴിയാത്ത കോടിക്കണക്കിനു ജനത ഇന്നും രാജ്യത്ത് ജീവിക്കുന്നു. ജാതി മേധാവിത്തമുള്ള നമ്മുടെ സമൂഹത്തിൽ മതാനുഭവങ്ങളും അതിന്റെ സാമൂഹ്യസ്ഥാനവും മറ്റെവിടെയും കാണുന്നതിൽ നിന്നു വ്യത്യസ്തമാണ്. മതമേതായാലും ശരി, വിശ്വാസം, ആചാരം, ആരാധന, സമുദായം മുതലായ എല്ലാ സൂക്ഷ്മാംശങ്ങളിലും അതുമായി വ്യക്തിക്കുള്ള ബന്ധം ജാതിയിലൂടെയാണ് അനുഭവവേദ്യമാകുന്നത്.

മതത്തിന്റെ അനുയായി, മതത്തിന്റെ വിശ്വാസങ്ങൾ സ്വായത്തമാക്കുന്നതും മതത്തിൽ ജീവിക്കുന്നതും ജാതിയിലൂടെയാണ്. സ്വന്തമായുള്ള ഏറ്റവും പുതിയ ബ്രാൻഡഡ് ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും കൈവശമുള്ള വാഹനങ്ങളുടെയും ബാങ്ക് ബാലൻസിന്റെയും വീടുകളുടെയും എണ്ണം നോക്കിയാണല്ലോ വ്യക്തിയുടെ നിലയും ജീവിതത്തിന്റെ പൂർണതയും അളക്കുന്നത്. ഇതോടൊപ്പം മതങ്ങളുടെ പ്രവൃത്തി മണ്ഡലവും വളർന്നു. ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവ എല്ലാ വർഷവും പെരുകുന്നു. പൂജകൾ, വഴിപാടുകൾ, യജ്ഞങ്ങൾ, ധ്യാനം, ഉറൂസ്, തീർത്ഥാടനം തുടങ്ങി സകല ആചാരങ്ങളും കൊഴുക്കുന്നു. യഥാർത്ഥ ഭക്തി എന്താണെന്ന് ഭക്തജനങ്ങൾക്ക് ഇന്നും മനസിലാകുന്നില്ല. മതവും ഒരു ചരക്കു പോലെ ഉപയോഗിക്കപ്പെടുകയാണ്. പ്രകടനപരതയിലാണ് ഊന്നൽ; മതപരത കുറവും തിളക്കവും ആ‍‍‍ഡ‍ംബരവും കൂടുതലും. എത്ര മോടി പിടിപ്പിക്കാനാവുമോ അത്രയും നല്ലത് എന്ന ഭാവം, ആഘോഷ കമ്മിറ്റിക്കാർക്കും ഉത്സവകമ്മിറ്റിക്കാർക്കും. മതപരമായ ചടങ്ങുകളെ ഇപ്പോൾ ‘ഇവന്റ് മാനേജ്’ ചെയ്യുന്നു. തീർത്തും സ്വകാര്യവൃത്തിയാകേണ്ട പ്രാർത്ഥനയ്ക്കു പോലും പുതിയ അനുബന്ധങ്ങളുടെ അകമ്പടി വേണം. മിന്നുന്ന വിഗ്രഹങ്ങൾ, വർണാഭമായ ഘോഷയാത്രകൾ, എൽഇഡി വിളക്കുകൾ, ത്രീഡി ഫോട്ടോകൾ, അങ്ങനെ പലതും. ഉയർന്ന ആത്മീയത അവകാശപ്പെടുന്നവരിൽ പോലും പ്രകടനപരത മുഴച്ചു കാണാം. ഇന്ന് ജീവിക്കുന്ന വ്യത്യസ്തമതങ്ങളിലെ ആത്മീയാചാര്യന്മാർ എന്ന് അവകാശപ്പെടുന്നവരുടെ പ്രവൃത്തിയും പ്രാർത്ഥനാ രീതിയും വർണാഭമായ ജീവിതവും നിരീക്ഷിച്ചാൽ പ്രകടനപരത തെളിഞ്ഞു കാണാം.


ഇതുകൂടി വായിക്കൂ: വിപണിയിടപെടലിന്റെ മറ്റൊരു മാതൃക


രാജ്യത്ത് ഇല്ലാത്തത് ആത്മീയ സംതൃപ്തിയാണ്. ഭൗതിക സംതൃപ്തിയാണെങ്കിലോ എത്ര കിട്ടിയാലും പോരാ താനും. സംതൃപ്തി നൽകാൻ ദേവാലയങ്ങൾക്ക് സാധിക്കാതെ വരുമ്പോൾ, ഭൂരിഭാഗം വരുന്ന ചഞ്ചലമനസുകൾ, പെട്ടെന്ന് സ്വാന്ത്വനം ലഭിക്കുമെന്ന വിശ്വാസത്തിൽ ആൾദൈവങ്ങളെയും മന്ത്രവാദികളെയും ആശ്രയിക്കും. യഥാർത്ഥ ഭക്തി സമ്പൂർണാർപ്പണമാണ്. അത് പൗരോഹിത്യം പഠിപ്പിക്കില്ല. ചരക്കുകളോടുള്ള അത്യാർത്തിയും പ്രാർത്ഥനകളുടെ തീവ്രതയും എത്രത്തോളം വർധിക്കുന്നുവോ, അന്യവല്ക്കരണവും അതോടൊപ്പം വർധിക്കുന്നു. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥ പുലരുന്നൊരു രാജ്യത്ത്, സ്ത്രീ വിമോചന മനുഷ്യാവകാശ പ്രസ്ഥാനങ്ങളും രാഷ്ട്രീയ സാമൂഹ്യ, വിദ്യാഭ്യാസ, സംസ്കാരിക പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന (പ്രവൃത്തിക്കുന്നുണ്ടോ?) രാജ്യത്ത്, പുരുഷകേന്ദ്രീകൃതമായ അധികാരത്തിന്റെ അടിയൊഴുക്കുകൾ എത്രമാത്രം ശക്തമാണെന്ന് അനുദിനം സ്ത്രീകൾക്കുണ്ടാകുന്ന അനുഭവങ്ങൾ തെളിയിക്കുന്നു. ചില ഘട്ടങ്ങളിൽ സംഹാരരുദ്രകളായ സ്ത്രീകൾ നടത്തുന്ന ബീഭത്സ കൃത്യങ്ങളും ആചാരത്തിന്റെ പേരിൽ അരങ്ങേറുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചലനാത്മകതയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു സവർണ പ്രത്യയശാസ്ത്രങ്ങൾ. ജാതി പ്രശ്നം എന്നത് ജാതിമേൽക്കോയ്മയാണ്. ജാതിമേൽക്കോയ്മ എന്ന പ്രത്യയശാസ്ത്രം എത്രകണ്ട് അദൃശ്യമാകുന്നുവോ അത്രകണ്ട് അത് അജയ്യമാകുമെന്ന് അന്റോണിയോ ഗ്രാംഷി പറയുന്നുണ്ട്. നാം സ്വാഭാവികമാണെന്ന രീതിയിലാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. പക്ഷെ സ്വാഭാവികമായി തോന്നുന്ന ആചാരങ്ങൾക്ക് പ്രത്യയശാസ്ത്രമുണ്ട്. ആചാരങ്ങൾ ദൃശ്യമാണെങ്കിലും ഈ പ്രത്യയശാസ്ത്രം അദൃശ്യമാണ്. അവിടെയാണ് ജാതിമേൽക്കോയ്മയുടെ സാന്നിധ്യം കടന്നുവരുന്നത്. സവർണ ആചാരങ്ങളെ, അനുഷ്ഠാനങ്ങളെ, സംസ്കാരത്തെ മാതൃകകളായി കാണുന്നു, മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും. കീഴാള ആചാരാനുഷ്ഠാനങ്ങൾ രണ്ടാംതരമോ, മൂന്നാംതരമോ ആണ് അവർക്ക്. ഇന്നും കൃത്യമായി സവർണവല്ക്കരണം നടക്കുന്നു. അതിൽ നിന്ന് കുതറിമാറാൻ വലിയൊരു ആന്തരിക സമരം ആവശ്യമാണ്. നമുക്ക് പുതിയൊരു സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയും എന്നുള്ളതിന്റെ പല ഉറപ്പുകളിലൊന്ന്, നിലവിൽ വരാൻ സാധ്യതയുള്ള, ആ സാമൂഹ്യ വ്യവസ്ഥയിൽ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പുതിയ കർതൃത്വത്തിന്റെ രൂപീകരണം ആരംഭിക്കാനാവും എന്നുള്ളതാണ്. ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കുവേണ്ടിയുള്ള സമരം ആ സാമൂഹ്യ വ്യവസ്ഥ സാധ്യമായാൽ മാത്രം നിലവിൽ വരുന്ന കാര്യമല്ല. സാമൂഹ്യവ്യവസ്ഥ രൂപപ്പെടാൻ വേണ്ടി നടത്തുന്ന സമരം ആ സാമൂഹ്യ വ്യവസ്ഥയിൽ രൂപപ്പെടുന്ന കർതൃത്വത്തിന്റെ സമരം കൂടിയാണ്. അങ്ങനെ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരും. മാറ്റം വരുന്നില്ലെങ്കിൽ, അതിനർത്ഥം നമ്മൾ ആന്തരിക സംഘർഷങ്ങളിൽ കൂടി കടന്നു പോകുന്നില്ല എന്നും നവീകരിക്കപ്പെടാൻ തയാറില്ല എന്നുമാണ്. ബ്രാഹ്മണ്യം അങ്ങേയറ്റം വിഭജനാത്മകമായ ഒരു ആശയ ശാസ്ത്രമാണ്.


ഇതുകൂടി വായിക്കൂ:കരുതല്‍ വേണം, സഹകരണത്തെ രക്ഷിക്കാന്‍  


സംഘ്പരിവാർ ഭരണം അതിനു തെളിവാണ്. പക്ഷെ എത്രത്തോളം അത് അക്രമാസക്തമാകുന്നുവോ അത്രത്തോളം വിശാലവും തീഷ്ണവുമായ ചെറുത്തുനിൽപും അതിനെതിരെ ഉയർന്നുവരുന്നുണ്ട് എന്നത് ആശ്വാസജനകമാണ്. ജനാധിപത്യ അഭിലാഷങ്ങളുടെ വലിയൊരു ഇളകിമറിച്ചിലാണ് നമുക്ക് ചുറ്റും കാണുന്നത്. എല്ലാവിധ ജാതീയ, വർഗീയ, പുരുഷാധിപത്യ, വംശീയ ഭാവങ്ങളോടും കൂടിയുള്ള ബ്രാഹ്മണ്യത്തിന്റെ സ്പഷ്ടവും അക്രമാസക്തവുമായ ഉറപ്പിക്കലാണ് ഹിന്ദുവാദി രാഷ്ട്രത്തെ നിർവചിക്കുന്ന സവിശേഷത. മർദ്ദിക്കപ്പെടുന്ന ജനത അവരുടെ ധീരതയാലും പോരാട്ടത്താലും ബ്രാഹ്മണ്യ മർദ്ദകരെ പരാജയപ്പെടുത്തിയ ചരിത്രം ഈ നാട്ടിലുണ്ട്. ആ സമരങ്ങൾ കാണിച്ചുകൊടുത്തത് മർദ്ദിതർ നിവർന്നു നിന്ന് എതിരിടുകയാണെങ്കിൽ, ബ്രാഹ്മണ്യത്തിന്റെ നശീകരണം സാധ്യമാണ് എന്നതാണ്. സാമൂഹിക വിവേചനങ്ങൾക്കെതിരെയുള്ള സമരം, സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള സമരത്തോളമോ, ചിലപ്പോൾ അതിലധികമോ പ്രധാനമാകുന്ന ആർഎസ്എസ് കാലത്താണ് നാം ജീവിക്കുന്നത്. ഭരണാധികാരികൾ തന്നെ പ്രത്യക്ഷത്തിൽ പൗരോഹിത്യ വേഷം ധരിക്കുന്നു. ബ്രാഹ്മണമേധാവിത്വവും മൂലധനശക്തികളും അതിഗാഢമായ ബന്ധത്തിലാണ്. ഇന്ത്യൻ ദേശീയതയുടെ ഉള്ളടക്കമായി ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെ നിലനിർത്താൻ അവർ ശ്രമിക്കുന്നു. സകല മേഖലയും യാഥാസ്ഥിതിക ചിന്തകളെക്കൊണ്ട് നിറയ്ക്കണം. ജനങ്ങളുടെ ഓർമ്മ നഷ്ടപ്പെടുത്താൻ അവർ കഠിനാധ്വാനം ചെയ്യുന്നു. ഓർമ്മകൾ നഷ്ടപ്പെടുത്തരുത്. മറവികൾക്ക് അടിമകളായിക്കൂടാ നാം.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.