14 April 2024, Sunday

Related news

April 2, 2024
March 30, 2024
March 22, 2024
March 19, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024

ഡല്‍ഹിയെ മൂടി പുകമഞ്ഞ്; ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2023 9:16 am

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അഞ്ച് ദിവസമായി വളരെ മോശമായി തുടരുകയാണ്. ഇന്നലെ കനത്ത പുകമഞ്ഞ് മൂടിയതോടെ പലര്‍ക്കും ശ്വാസതടസം അനുഭവപ്പെടുകയും ചികിത്സ തേടേണ്ടതായും വന്നു.  ഇന്നലെ രാവിലെ ശരാശരി വായു ഗുണനിലവാര സൂചിക 378 ആണ് രേഖപ്പെടുത്തിയത്. ഇത് സീസണിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. താപനില 16.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സഫ്ദര്‍ജംഗ് മേഖലയില്‍ കാഴ്ചപരിധി 500 മീറ്ററായി കുറഞ്ഞു. അടുത്ത രണ്ടാഴ്ച ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു. വായു മലിനീകരണ സൂചിക ശരാശരി 400 കടക്കുമെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര സര്‍ക്കാരിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയിട്ടും മലിനീകരണ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നെഹ്രുനഗര്‍ (402), സോണിയ വിഹാര്‍ (412), രോഹിണി (403), വസീര്‍പൂര്‍ (422), ബവാന (403), മുണ്ട്ക (407), ആനന്ദ് വിഹാര്‍ (422), ന്യൂ മോത്തി ബാഗ് (435) തുടങ്ങിയ പ്രദേശങ്ങള്‍ രൂക്ഷമായ വായു മലിനീകരണം നേരിടുന്നുണ്ട്.  പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ മലിനീകരണത്തിന്റെ ഒരു പ്രധാന കാരണം. ദേശീയ തലസ്ഥാന പ്രദേശത്ത് ഡീസല്‍ ബസുകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തേക്കാണ് നിരോധനം. സിഎൻജി ബസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഡീസല്‍ ബസുകള്‍ കുറയ്ക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
മുംബൈയിലും അന്തരീക്ഷമലിനീകരണം രൂക്ഷമായി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ടാറ്റാ പവര്‍ എന്നീ കമ്പനികളോട് പ്രവര്‍ത്തനം 50 ശതമാനം ചുരുക്കാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടു. നഗരത്തിലെ രണ്ട് കോണ്‍ക്രീറ്റ് മിക്സിങ് കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായി വിലക്കുകയും ചെയ്തു.

ടൈപ്പ് 2 പ്രമേഹത്തിന് കാരണം

മലിനവായു ശ്വസിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഡല്‍ഹിയിലും ചെന്നൈയിലുമായി ബിഎംജെ ഓപ്പണ്‍ റിസര്‍ച്ച് ആന്റ് കെയറാണ് പഠനം നടത്തിയത്.  പിഎം2.5 കണികകള്‍ കൂടുതലായി ശ്വസിക്കുന്നത് രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഒരു മുടിനാരിനേക്കാള്‍ 30 തവണ ചെറുതാണ് പിഎം2.5 കണികകള്‍. ഇത് രക്തത്തില്‍ ചേരുന്നതോടെ ഗുരുതരമായ ശ്വാസകോശ, ഹൃദയസംബന്ധ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായും പഠനത്തില്‍ പറയുന്നു.

2010 മുതല്‍ ആരംഭിച്ച ഗുരുതര രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പഠനം നടത്തിയത്. പിഎം2.5 കണികകളും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയെന്നാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം.  നേരത്തെയുള്ള കണക്കുകളെക്കാള്‍ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചതായി ലാന്‍സെറ്റ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരങ്ങളിലേതിനേക്കാള്‍ ഗ്രാമങ്ങളിലാണ് പ്രമേഹരോഗികളുടെ എണ്ണം കൂടുതലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Smog cov­ers Del­hi; Warn­ing that you may expe­ri­ence health problems
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.