27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 5, 2025
March 1, 2025
February 20, 2025
February 4, 2025
January 28, 2025
December 22, 2024
November 23, 2024
November 8, 2024
September 5, 2024

കാൻസർ വാർഡിലെ കുരുന്നുകൾക്കായി ’ സ്നേഹവർണങ്ങൾ’

കെ കെ ജയേഷ്
കോഴിക്കോട്
January 17, 2024 9:04 pm

മനുഷ്യനും പ്രകൃതിയും സ്ത്രീ ജീവിതവും ദൈവങ്ങളുമെല്ലാം നിറയുന്ന വർണ ചിത്രങ്ങൾ.… ഈ വർണങ്ങളിൽ സ്നേഹവും നന്മയുമുണ്ട്.… വേദനിക്കുന്ന കുരുന്നുകൾക്ക് വേണ്ടിയാണ് ഈ ചിത്രങ്ങളെല്ലാം. കലാകാരികളായ 101 സ്ത്രീകൾ ചേർന്നൊരുക്കിയ ‘സ്നേഹവർണങ്ങൾ’ പത്ത് വർഷം പിന്നിടുമ്പോൾ മാനവികതയുടെ മഹത്തായ കാഴ്ചാനുഭവമായി മാറുകയാണ്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന തുക കാൻസർ വാർഡിലെ കുരുന്നുകൾക്ക് പഠന സ്കോളർഷിപ്പ് നൽകാൻ വേണ്ടിയുള്ളതാണ്.

കലയിലൂടെ കരുതൽ എന്ന ആശയവുമായാണ് വർഷങ്ങൾക്ക് മുമ്പ് നഗരത്തിലെ പത്ത് സ്ത്രീകൾ ചേർന്ന് സ്നേഹവർണങ്ങൾ ചിത്രപ്രദർശനം ആദ്യമായി ഒരുക്കിയത്. തുടർന്നിങ്ങോട്ട് പത്ത് വർഷം പിന്നിടുമ്പോൾ നിരവധി എക്സിബിഷനുകളിലൂടെ ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായി കൂട്ടായ്മയിലെ അംഗമായ ഗീത വാസുദേവ് പറഞ്ഞു.

21 വരെ നടക്കുന്ന പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന തുക കോഴിക്കോട് മെഡിക്കൽ കോളെജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കുട്ടികൾക്ക് സ്നേഹസ്പർശം സ്കോളർഷിപ്പായി നൽകും. കളിച്ചും ചിരിച്ചും ബാല്യം ആഘോഷിക്കേണ്ട കാലത്ത് കാൻസറിന്റെ പിടിയിൽ അകപ്പെട്ട് ദുരിതം പേറുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നത്തിന് നിറം പകരുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ കോഴിക്കോട് മെഡിക്കൽ കോളെജിലെ കുട്ടികളുടെ കാൻസർ വാർഡിലെ അമ്പത് കുട്ടികൾക്ക് സഹായം നൽകിയിരുന്നു. കൂടുതൽ കുട്ടികൾക്ക് സഹായമെത്തിക്കാനാണ് ഇത്തവണ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

ജീവതത്തിന്റെ പല മേഖലകളിൽ ജോലി ചെയ്യുന്നവരാണ് കൂട്ടായ്മയിലുള്ളവരെല്ലാം. സമൂഹത്തിന് വേണ്ടി തങ്ങളുടെ കലാവൈഭവം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയത്തിന് തുടക്കം. ചിത്രം വരയ്ക്കുന്നവർ, ചിത്രങ്ങൾ തുന്നുന്നവർ, ടെറാക്കോട്ടയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവർ എന്നിങ്ങനെ കലയെ ജീവിതത്തിനൊപ്പം ചേർത്തവരായിരുന്നു ഇവരെല്ലാവരും. പലരും കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. എങ്കിലും സ്നേഹവർണങ്ങൾക്കായി തിരക്കുകൾ മാറ്റിവെച്ച് ഇവരെല്ലാം ഒത്തുചേരും.

പെയിന്റിംഗുകളുടെയും കരകൗശ ഉത്പന്നങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന പ്രതിഫലമാണ് ഇവർ സഹായ പദ്ധതികൾക്ക് ഉപയോഗിക്കുന്നത്. തുടക്കം പത്തു പേരിലായിരുന്നെങ്കിൽ പിന്നീട് താത്പര്യമുള്ള പലരും ഇവർക്കൊപ്പം ചേരുകയായിരുന്നു. തുടർന്നിങ്ങോട്ട് പത്ത് വർഷമായി ഇവരുടെ ചിത്രങ്ങൾ പലർക്കും സ്നേഹസ്പർശമാകുകയാണ്. വിവിധ വർഷങ്ങളിലായി മെഡിക്കൽ കോളെജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്ന കുട്ടികൾക്കായി ഒരു പാർക്ക് ഉൾപ്പെടെ നിർമിച്ചു നൽകി.

ആശുപത്രികളിൽ വിവിധ ഉപകരണങ്ങൾ, കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കി നൽകാൻ ചിത്രപ്രദർശനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് കൂട്ടായ്മയിലുള്ള പ്രേംജ ബാബുരാജ്, പ്രണിത ദിവാകരൻ എന്നിവർ പറഞ്ഞു. കുട്ടികൾക്ക് സഹായം നൽകുന്നതിനൊപ്പം കലാരംഗത്ത് സ്ത്രീകൾക്ക് വേദിയൊരുക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

Eng­lish Sum­ma­ry: snehavarnangal
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.