തായ്‌വാനെ ഉപയോഗിച്ച് ചൈനയ്ക്കും ദക്ഷിണ കൊറിയയെ ഉപയോഗിച്ച് ഉത്തരകൊറിയയ്ക്കും നേരെ പ്രകോപനമുണ്ടാക്കി മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങള്‍ യുഎസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങള്‍ക്കെതിരെ സ്വാഭാവിക നടപടികള്‍ ചൈനയുടെയും ഉത്തര കൊറിയയുടെയും ഭാഗത്തുനിന്നുണ്ടാകുന്നുമുണ്ട്. ചൈനയും തായ്‌വാനും തമ്മിലോ ഇരു കൊറിയകളും തമ്മിലോ ഉള്ള പ്രശ്നങ്ങളില്‍ പക്ഷം ചേര്‍ന്ന് മുതലെടുക്കുവാനുള്ള ശ്രമങ്ങള്‍ യുഎസ് വളരെക്കാലമായി നടത്തി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈന കടല്‍ മേഖലയില്‍ വളരെ കാലമായി അസ്വസ്ഥതകള്‍ നിലനില്ക്കുകയാണ്. വിപ്ലവത്തിനുശേഷം രൂപംകൊണ്ട ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാഗമായാണ് തായ്‌വാനെ ചൈന പരിഗണിക്കുന്നത്. അതേസമയം സ്വന്തമായ നാണയം, പാസ്പോര്‍ട്ട്, തപാല്‍ സ്റ്റാമ്പ് എന്നിവയുള്ള ഭൂപ്രദേശം കൂടിയാണ് തായ്‌വാന്‍. പ്രത്യേക സൈനിക വിഭാഗവും തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും പ്രദേശത്തിന് സ്വന്തമായുണ്ട്. ഇങ്ങനെയാണെങ്കിലും ഇരുപ്രദേശങ്ങളും തമ്മിലുള്ള ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മെയിന്‍ലാന്‍ഡ് അഫയേഴ്സ് കൗണ്‍സില്‍, തായ്‌വാന്‍ അഫയേഴ്സ് ഓഫിസ് എന്നിവയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. വിനിമയങ്ങള്‍ നടത്തുന്നതിന് തായ്‌വാന്റേതായി എസ്ഇഎഫ്, ചൈനയുടേതായി എആര്‍എടിഎസ് എന്നീ സംരംഭങ്ങളും നിലവിലുണ്ട്. 1992 നവംബറില്‍ ഇരുസംഘടനകളും യോഗം ചേരുകയും പല കാര്യങ്ങളിലും പരസ്പര ധാരണയിലെത്തുകയും ചെയ്തു.
പേരിനെയും നിര്‍വചനത്തെയും സംബന്ധിച്ച അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെട്ടില്ല. എന്നാല്‍ ഇരു പ്രദേശങ്ങളും ഏകീകൃത ചൈനയായി അറിയപ്പെടുമെന്ന് അംഗീകരിച്ചതായി എആര്‍എടിഎസ് പ്രഖ്യാപിച്ചിരുന്നു. ഏകീകൃത ചൈനയെ അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം തായ്‌വാനിലുള്ളപ്പോള്‍ തന്നെ ചില വിഭാഗങ്ങള്‍ അതിന് എതിരാണെന്നത് വസ്തുതയാണ്. ചില കക്ഷികള്‍ അനുകൂലമാകുമ്പോള്‍ അനുയായികളില്‍ ചിലര്‍ ചൈനയോട് ചേര്‍ന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു. അതെന്തായാലും അത് തികച്ചും പ്രാദേശികമായ പ്രശ്നമാണ്. അതേസമയം ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കിനെയും തായ്‌വാനെയും ഒരുപോലെ അംഗീകരിക്കുന്ന സമീപനമാണ് യുഎസും സഖ്യ കക്ഷികളും സ്വീകരിച്ചുപോരുന്നത്. ഇതിന് പിന്നില്‍ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ആയുധ വില്പനയാണ് ലക്ഷ്യമെന്നത് സ്പഷ്ടമാണ്. ഇതേസമീപനം തന്നെയാണ് കൊറിയന്‍ ഉപദ്വീപ് സംബന്ധിച്ചും പടിഞ്ഞാറന്‍ ശക്തികള്‍ സ്വീകരിക്കുന്നത്. ഇരുകൊറിയകള്‍ക്കുമിടയില്‍ സംഘര്‍ഷം വളര്‍ത്തുന്നതിന് ആകാവുന്നതെല്ലാം അവര്‍ ചെയ്തുകൊണ്ടിരിക്കുന്നു. യുഎസിന്റെ പിന്തുണയോടെ ദക്ഷിണകൊറിയ സൈനികാഭ്യാസം നടത്തുകയും പ്രകോപനം സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജപ്പാന്‍ കടലില്‍ ഇപ്പോള്‍തന്നെ സ്വാധീനം നേടിക്കഴിഞ്ഞ യുഎസിന് ദക്ഷിണ കൊറിയയുടെ സഹായത്തോടെ കിഴക്കന്‍ ചൈന കടലിലും തായ്‌വാനെ ഉപയോഗിച്ച് ദക്ഷിണ ചൈന കടലിലും കടന്നുകയറുകയെന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ട്.
ജപ്പാന്‍ കടലില്‍ നിലവിലുള്ള സൈനിക സാന്നിധ്യമാണ് ദക്ഷിണ കൊറിയയുടെ നീക്കങ്ങള്‍ക്ക് പിന്തുണ നല്കുന്നതിന് യുഎസ് ഉപയോഗിക്കുന്നത്. ചൈനയും ഉത്തര കൊറിയയും സൈനിക ശക്തിയിലും ആയുധശേഷിയിലും ചെറിയ ശക്തികളല്ല. അതുകൊണ്ടുതന്നെ അനാവശ്യപ്രകോപനങ്ങളോട് അതേ നാണയത്തില്‍ അവരും പ്രതികരിക്കുന്നു. തായ‍്‍വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചതും തായ്‌വാനുചുറ്റും സൈനികാഭ്യാസ പ്രകടനം നടത്തുവാന്‍ പ്രേരിപ്പിച്ചതും. തിങ്കളാഴ്ച 12 യുദ്ധക്കപ്പലുകള്‍, 91 വിമാനങ്ങള്‍, മറ്റ് സജ്ജീകരണങ്ങള്‍ എന്നിവയാണ് അഭ്യാസത്തില്‍ പങ്കെടുത്തത്. മൂന്ന് ദിവസത്തേയ്ക്കെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച സൈനികാഭ്യാസം തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനായിരുന്നു. അത് അവസാനിച്ചുവെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെയും ചില യുദ്ധക്കപ്പലുകള്‍ പ്രദേശത്ത് തുടരുന്നുവെന്ന് തായ്‌വാന്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും തങ്ങളുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടികള്‍ ഉണ്ടാകില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. ദക്ഷിണകൊറിയയെ മുന്നില്‍ നിര്‍ത്തി യുഎസ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് ഉത്തരകൊറിയയുടെ നടപടികള്‍.
യുഎസ്, ജപ്പാന്‍ എന്നിവയ്ക്കൊപ്പം ചേര്‍ന്ന് പ്രകോപനം സൃഷ്ടിക്കുന്നതാണ് ഉത്തര കൊറിയന്‍ നടപടികള്‍ക്ക് കാരണമായത്. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ശക്തിയുള്ള ഡ്രോണ്‍ ഉള്‍പ്പെടെയാണ് ഉത്തരകൊറിയ പരീക്ഷണത്തിനുപയോഗിച്ചത്. നാറ്റോയെയും ഉക്രെയ്‌നെയും ഉപയോഗിച്ച് റഷ്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും യുദ്ധമാരംഭിക്കുകയും ചെയ്ത അതേസാഹചര്യം ചൈന കടലിലും മേഖലയിലും സൃഷ്ടിക്കുന്നതിനാണ് യുഎസ് ശ്രമിക്കുന്നത്. ഉക്രെയ്‌നില്‍ നാറ്റോയാണ് സഖ്യശക്തികളെങ്കില്‍ ഇവിടെ തായ്‌വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയവയെ ഉപയോഗിക്കുവാനാണ് യുഎസ് ശ്രമിക്കുന്നത്. സൈനിക സാന്നിധ്യത്തിലൂടെ ആയുധവില്പന മാത്രമല്ല പടിഞ്ഞാറന്‍ ശക്തികള്‍ ലക്ഷ്യമിടുന്നത്. മറിച്ച് കടല്‍ സമ്പത്തില്‍ കൂടി അവര്‍ കണ്ണുവയ്ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ചൈനയും ഉത്തരകൊറിയയും ചെയ്യുന്നതെല്ലാം ശരിയല്ലെങ്കിലും അനാവശ്യ പ്രകോപന ശ്രമങ്ങളും പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാനുള്ള യുഎസ് നീക്കങ്ങളും അപലപനീയം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.