ചാരുകസേരയും മാംഗോസ്റ്റിൻ മരവും റെക്കോർഡ് പ്ലയറും തുടങ്ങി വിശ്വവിഖ്യാതനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ സ്പീക്കർ എ എൻ ഷംസീർ. നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം സന്ദർശിക്കുകയായിരുന്നു സ്പീക്കർ.
ബഷീറിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞിനെയും പാത്തുമ്മയുടെ ആടിനെയും കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ സ്കൂൾ കാലഘട്ടത്തിലെ പാഠപുസ്തകത്തിൽ പഠിച്ച ‘ഭൂമിയുടെ അവകാശികൾ’ എന്ന കൃതിയെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ചു. മലയാളികൾ ജീവിച്ചിരിക്കുന്നിടത്തോളം മറന്നുപോകാത്ത ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിച്ച വിശ്വവിഖ്യാതനായ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സ്പീക്കർ പറഞ്ഞു.
ബാല്യകാലസഖി, ശബ്ദങ്ങൾ, പ്രേമലേഖനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, മതിലുകൾ എന്നിങ്ങനെ അനേകം സാഹിത്യ കൃതികൾക്ക് ജന്മം നൽകിയ കലാകാരന്റെ കണ്ണടയും പുരസ്കാരങ്ങളും തുടങ്ങി നിരവധി ഓർമ്മകൾ ഉറങ്ങുന്ന വീടിനകത്തുള്ള സൂക്ഷിപ്പുകളോരോന്നും സ്പീക്കർ നോക്കി കണ്ടു. ബഷീറിന്റെ മക്കളായ ഷാഹിന ഹബീബ്, അനീസ് ബഷീർ എന്നിവരോടും മറ്റു കുടുംബാംഗങ്ങളോടും സംസാരിച്ച സ്പീക്കർ ആദരവ് കൈമാറി. കുടുംബം ബഷീറിന്റെ പുസ്തകം സ്പീക്കർക്ക് നൽകി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ലൈബ്രറി ഉപദേശക സമിതി ചെയർമാൻ തോമസ് കെ. തോമസ് എംഎൽഎ, ഡോ. എം കെ മുനീർ എംഎൽഎ, നിയമസഭാ സെക്രട്ടറി എ എം ബഷീർ, സ്പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താൻ, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയൻ എ. എസ് ലൈല, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനത്തിൽ സ്പീക്കറുടെ ഒപ്പമുണ്ടായിരുന്നു.
English Summary: Speaker visits the memorial of Vaikom Muhammad Basheer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.