28 April 2024, Sunday

അരങ്ങിലെ ഇതിഹാസം @75

ഡോ. എ റസലുദീന്‍
February 25, 2024 2:01 am

കേരള ചരിത്രത്തിലും കമ്മ്യൂണിസത്തിലും സാ­ഹിത്യത്തിലും കലയിലും സമൂഹത്തിലും മാറ്റത്തിന്റെ കാറ്റായി വളര്‍ന്ന് വീശുന്ന ഒരു ശക്തിചൈതന്യമാണ് ഇന്നും കെപിഎസി. ഈ ശക്തിപ്രയോഗത്തിന്റെ മാധ്യമം നാടകമായിരുന്നു. നാടകം, കാണികളുടെ കലയാണ്. കാഴ്ചക്കാരും നാടകകൃത്തും അഭിനേതാക്കളും ഒത്തുചേർന്നാലേ നാടകം പൂർണമാകൂ. നാടകം വേദിയുടെ കലയാണ്. ഇല്ലെങ്കിൽ നാടകം വെറും സ്ക്രിപ്റ്റ് മാത്രമായി തീരും. കാണികളോട് നേരിട്ട് സംവദിക്കുന്ന ഒരു കലാരൂപമാണ് നാടകം. അവരുടെ തരളിത വികാരങ്ങളെ ഉണർത്തി, അവരിൽ അമര്‍ഷത്തിന്റെ അഗ്നി പകർത്തി, വിപ്ലവത്തിന്റെ വെളിച്ചം നിറച്ച ഒരു പ്രസ്ഥാനമാണ് കെപിഎസി. ഇന്ന് ഈ പ്രസ്ഥാനം പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ നിറവിലാണ്.

കാലത്തിന്റെ ചലനങ്ങൾ

മനുഷ്യൻ നാൽക്കാലികളെ പോലെ കഴുത്തിൽ കലപ്പയും പേറി നിലമുഴുത കാലം, മാറുമറയ്ക്കാൻ കഴിയാത്ത, മാറു നോക്കി തമ്പ്രാക്കന്മാർ ആനന്ദം കൊണ്ട കാലം. പുലയക്കുടിയിലെ കൊലവെട്ടി തമ്പ്രാൻ കൊണ്ടുപോയ കാലം. നീചനാരിതൻ കയ്യാല്‍ ജലം വാങ്ങി കുടിക്കാനറയ്ക്കുന്ന കാലം. പുലയന്റെ ബീജം സവർണ നാരിമാർക്ക് ഊഷരമായിരുന്ന സാമൂഹ്യാന്തരീക്ഷം. ജീവിതം മാത്രമല്ല കലയും സാഹിത്യവും കയ്യടക്കിയിരുന്നതും സവർണ തമ്പ്രാക്കന്മാർ തന്നെയായിരുന്നു.

രാജകഥകളും പുരാണങ്ങളും നിറഞ്ഞാടിയ നാടകവേദി. സാഹിത്യവും മറ്റൊരു വഴിയിലായിരുന്നില്ല. ആഢ്യന്മാർ തന്നെ അധികാരികൾ. കീഴാളന്മാരുടെ പുരോഗതി പ്രസംഗിക്കുകയും എഴുതുകയും ചെയ്യുമ്പോൾ കീഴാളക്കുട്ടികളെ ഒപ്പമിരുത്തി പഠിപ്പിക്കുന്നത് പാപം എന്ന് വിശ്വസിച്ചിരുന്ന പണ്ഡിതന്മാർ. രാജനീതിയെ എതിർക്കുമ്പോൾ പോലും ഒപ്പം കീഴാളന്മാരുടെ വിദ്യയെ എതിർത്തിരുന്ന പണ്ഡിതര്‍. ഇതായിരുന്നു നമ്മുടെ സാമൂഹ്യ സ്ഥിതി. അധികാരങ്ങൾ കൈയാളിയിരുന്നതും മേലാളന്മാർ തന്നെ. ‘തിരുവായ്ക്ക് എതിർവാ’ ഇല്ലാത്ത കാലം. സ്വാതന്ത്ര്യ സമരത്തിന്റെ പെരുമഴക്കാലം നിറഞ്ഞ രാഷ്ട്രീയ പശ്ചാത്തലം.
ഈ പശ്ചാത്തലത്തിലാണ് സമത്വ ജീവിത സ്വപ്നം വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റു കാലത്തിന്റെ പിറവി. ജീവിതത്തിന്റെ സകല മേഖലകളിലും ചെറുപ്പത്തിന്റെ ഊർജം മാറ്റത്തിന്റെ കാറ്റായി വീശിത്തുടങ്ങിയ ഒരു കാലത്തിലെ പുതുമയുടെ തുടക്കം

കെപിഎസിയുടെ പിറവി

ഇവിടെയാണ്, മനുഷ്യസ്നേഹത്തിന്റെയും അടിമത്വ മോചനത്തിന്റെയും സ്വാതന്ത്ര്യാഭിനിവേശത്തിന്റെയും അഗ്നിചിന്തകൾ ഹൃദയത്തിൽ കത്തിക്കയറിയ യുവത്വം ഒത്തുചേർന്നത്. അങ്ങനെ ഒത്തുചേർന്ന ഒരു സംഘം യുവാക്കളുടെ ഇച്ഛാശക്തിയുടെ സൃഷ്ടിയാണ് കെപിഎസി. അങ്ങനെയാണ് ജീവിതഗതികളിൽ അധികാരവാഴ്ചയിൽ, സാഹിത്യ കോയ്മയിൽ, പ്രണയ സങ്കല്പത്തിൽ, ഒക്കെ മാറ്റം വരുത്തിയ, ശക്തിചൈതന്യമുള്ള ഒരു ദൃശ്യ കലാസംഘമായി കെപിഎസി മാറുന്നത്.
പുരോഗമനാശയ സ്വാധീനം കീഴടക്കിയ ഉല്പതിഷ്ണുക്കളായ രണ്ട് യുവാക്കൾ എറണാകുളത്ത് ലോ കോളജിൽ കണ്ടുമുട്ടി. അവർ പരസ്പരം താങ്ങായി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഉറച്ചു. ജനാർദ്ദനക്കുറുപ്പും രാജഗോപാലൻ നായരും കോളജിന്റെ വാർഷിക ആഘോഷത്തിലെ കലാപരിപാടികളുടെ അവതരണം ചിന്തയും ചർച്ചയുമായി. ‘കൊറിയൻ യുദ്ധ’കാലത്ത് യുദ്ധവിരുദ്ധ ആശയങ്ങളും അതിന്റെ ആവശ്യകതയും, ചെറുപ്പക്കാരായ സഹപാഠികളുടെ മനസിൽ വിത്തായി വിതറാൻ അവർ വഴികൾ തേടി. മനസിൽ തെളിഞ്ഞത് നിഴൽനാടകത്തിന്റെ അരങ്ങായിരുന്നു. ‘പൊരുതുന്ന കൊറിയ’ നാടകത്തിന്റെ സ്ക്രിപ്റ്റായി. ജനാർദ്ദനക്കുറുപ്പിന്റെ സംഘടനാ മികവും രാജഗോപാലൻ നായരുടെ രചനാ വൈഭവവും ഒത്തുചേർന്നപ്പോൾ അതൊരു ഉത്തമ കലാരൂപമായി. മറ്റു ചില കൂട്ടുകാരും പ്രോത്സാഹനവുമായി ഒപ്പം കൂടി.
നാടകത്തിന്റെ സ്വാധീനശക്തിയും ആവശ്യകതയും അവരിൽ ചിന്തയായി. ജനാർദ്ദനക്കുറുപ്പിന്റെ എറണാകുളത്തെ വാടക മുറിയിൽ ഇവർ ഒത്തുചേർന്നു. അവരുടെ ചർച്ചയിൽ ഒരു കലാസമിതിയുടെ ആവശ്യം ബോധ്യമായി. പേരിന്റെ കാര്യം ഉയർന്നു. ജനകീയ കലാസമിതി എന്ന ആശയം ശക്തമായി. അങ്ങനെ അത് കെപിഎസി (കേരള പീപ്പിൾ ആർട്സ് ക്ലബ്ബ്) ആയി രൂപം കൊണ്ടു. ആദ്യ നാടകാവതരണത്തിന്റെ നോട്ടീസ് അച്ചടിച്ചു. പക്ഷേ അത് വേദിയിൽ എത്തിക്കാനായില്ല. കൂട്ടായ്മയുടെ ആള്‍ബലം പലവഴിയായി പിരിഞ്ഞു. പിന്നീട് ജനാർദ്ദനക്കുറുപ്പും രാജഗോപാലൻ നായരും പാർട്ടിയുടെ ഉച്ചഭാഷിണികളായി. 51ല്‍ രാജഗോപാലൻ നായർ തിരു-കൊച്ചി നിയമസഭയിൽ അംഗമായി.

എന്റെ മകനായിരുന്നു ശരി

വീണ്ടും ഈ യുവാക്കള്‍ തലസ്ഥാന നഗരിയിൽ ഒത്തുകൂടുന്നു. നിയമനിർമ്മാണ വേദിയുടെ ചുമരുകൾക്കുള്ളിൽ ഇവരുടെ ഉല്പതിഷ്ണത്വം ഒതുങ്ങിയിരുന്നില്ല. മനുഷ്യസ്നേഹത്തിന്റെ അപാരതയിലേക്കിവരുടെ ചിന്തകൾ മോഹമായി പറന്നു. വീണ്ടുമവർ നാടക ചിന്തകളിൽ ചേക്കേറി. നാടകത്തിന്റെ കൂട്ടായ്മയും ജീവിത ബുദ്ധിമുട്ടുകളും റിഹേഴ്സലിന്റെയും വേദിയൊരുക്കലിന്റെ ചെലവുകളുടെ ഭാരവും ഇവരെ നിരാശരാക്കി. അപ്പോഴാണ് സമ്പന്നനും സന്മനസുള്ളവനുമായ, മദ്രാസ് ലോകോളജിൽ ജനാർദ്ദനക്കുറുപ്പിന്റെ സഹപാഠിയുമായ രാജാമണി എന്ന സുഹൃത്തിനെ നിറഞ്ഞ സന്തോഷത്തോടെ ഇവർ കണ്ടുമുട്ടുന്നത്. ഈ ആത്മസുഹൃത്തുക്കളുടെ ഒരു രാത്രിയിലെ ഉറക്കം ഇല്ലാത്ത ചർച്ചകളിൽ ‘എന്റെ മകനാണ് ശരി’ എന്ന നാടകാവതരണത്തിന്റെ ഉറപ്പിൽ നേരം പുലർന്നു. പിന്നീട് അരങ്ങേറ്റം വരെയുള്ള ചെലവുകൾ രാജാമണിയുടെ സന്മനസായിരുന്നു.
ധനാഢ്യനും ജന്മിയുമായ പിതാവ് തന്റെ തീരുമാനങ്ങളില്‍ ശാഠ്യം പിടിക്കുന്ന, പഴമയുടെ ആചാര വിശ്വാസങ്ങളിൽ മുഴുകി ജീവിക്കുന്ന ആജാനുബാഹുവായ അച്ഛൻ.
യുക്തിസഹമല്ലാത്ത അനാചാരങ്ങളെ ധിക്കരിക്കുന്ന, ഉല്പതിഷ്ണുവായ, കമ്മ്യൂണിസ്റ്റാദര്‍ശങ്ങളില്‍ സ്വപ്നം മെനയുന്ന മകൻ. ഇവർ തമ്മിലുള്ള സംഘർഷങ്ങളുടെ അരങ്ങാണ് എന്റെ മകനാണ് ശരി. ഇവിടെ, മാറ്റമൊഴിച്ച്, എല്ലാം മാറുന്ന മാറ്റത്തിന്റെ സത്യമൊഴികൾ അച്ഛന്റെ മനസ് മാറി മകന്റെ വിശ്വാസങ്ങളിൽ ഒത്തുചേരുന്നു. ഈ ഉദ്യമത്തിന്റെ കൂട്ടായ്മയിൽ പൂജപ്പുര കൃഷ്ണൻനായരും കാമ്പിശേരി കരുണാകരനും ഒപ്പം ചേർന്നു. അവർ കഥാപാത്രങ്ങളുമായി. അവർക്കൊപ്പം ടി എ മൈതീന്‍ കുഞ്ഞ് എംഎൽഎയും എം പി കുട്ടപ്പനും കൂടി.

മറ്റു കഥാപാത്രങ്ങളെ തേടി

പിന്നീട് പ്രധാന സ്ത്രീകഥാപാത്രങ്ങൾക്ക് വേണ്ടി പരക്കംപാച്ചിലായി. രാജദാസനും ഭക്തനുമായ ഒരു പൊലീസുകാരന്റെ, പാട്ടുപാടുന്ന മകളുടെ വീട്ടിലെത്തി. മുൻപറഞ്ഞ മൂന്നു സുഹൃത്തുക്കളും പെൺകുട്ടിയുടെ ശ്രുതിമധുരമായി വികാരഭരിതമായി പാടിയ പാട്ട് കേട്ട് സ്തബ്ധരായി. ‘ഞങ്ങളുടെ ഹൃദയം പരമാനന്ദം കൊണ്ട് ഓളം വെട്ടി’ മൂവർ സംഘത്തിലെ ജനാർദ്ദനക്കുറുപ്പിന്റെ ഓർമ്മക്കുറിപ്പ്. ആ പെൺകുട്ടിയാണ് സഹൃദയർ ഇന്നും ഹൃദയത്തിൽ പേറുന്ന കെപിഎസി സുലോചന. തെരഞ്ഞെടുപ്പ് വേദിയിൽ പാടാന്‍ അനുവാദം തേടിവന്ന കുമാരനായിരുന്നു നമ്മുടെ കെ എസ് ജോർജ്. അദ്ദേഹത്തെയും നാടകത്തില്‍ കൂട്ടി. അങ്ങനെ വിജെടി ഹാളിൽ ആ നാടക വേദി സാഫല്യം നേടി.

ഭാസിയുടെ വരവ്

ശൂരനാട് കലാപക്കേസിലെ പ്രതിയായി ഭരണകൂടായുധങ്ങളുടെ മരണഭയം കൊണ്ട് ഓടിയും ഒളിച്ചും ജീവിതം തള്ളിനീക്കിയ ഭാസിയുടെ ലക്ഷ്യം കീഴാളന്മാരുടെ മോചനം തന്നെയായിരുന്നു. പേര് പോലും സോമനെന്ന മറ്റൊരു ചട്ടയിലൊളിപ്പിച്ചു കൊണ്ടാണ് ഭാസി നാടകം എഴുതിയത്. ആ നാടകമായിരുന്നു ‘മുന്നേറ്റം’. അതിന്റെ വികസിത രൂപമായിരുന്നു ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം. അരങ്ങേറ്റ രാത്രിയിൽ തന്നെ 35 ബുക്കിങ്. ആ നാടകം പതിനായിരത്തിലധികം അരങ്ങുകൾ.

കെപിഎസി വളർത്തിയവരും  ഒപ്പം വളർന്നവരും

സുലോചന, കെ എസ് ജോർജ് എന്നിവർ ശബ്ദത്തിന്റെയും രാഗശ്രുതിലയങ്ങളിലൂടെയും അരങ്ങും ജനഹൃദയങ്ങളും കീഴടക്കിയവരായി. ഗാനരചനയും സംഗീതസംവിധാനവും കൊണ്ട് അരങ്ങുണര്‍ത്തിയവരാണ് ഒഎൻവി, ദേവരാജൻ, പുനലൂർ ബാലൻ, കെ കേശവൻ പോറ്റി, എം ബി ശ്രീനിവാസൻ, കെ രാഘവൻ, എല്‍ പി ആർ വർമ്മ, എം എസ് ബാബുരാജ്, ദക്ഷിണാമൂർത്തി, എം കെ അർജുനൻ തുടങ്ങിയവർ.
അഭിനയരംഗത്ത് ചരിത്രം സൃഷ്ടിച്ചവരാണ് കാമ്പിശേരിയും ഒ മാധവൻ, വിജയകുമാരി, സുധർമ്മ, തോപ്പിൽ കൃഷ്ണപിള്ള, കവിയൂർ പൊന്നമ്മ, ലളിത, ലീല, ബിയാട്രീസ്, പി ജെ ആന്റണി, ശ്രീനാരായണപിള്ള എന്നിവര്‍.

സിനിമാ നാടകവേദികളിലെ പ്രശസ്ത കലാകാരന്മാരില്‍ പലരും കെപിഎസി അനുഭവങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. നാടകം എഴുതിയവർ ഇന്നും കാലത്തെ അതിജീവിച്ച് ഓർമ്മയിൽ തിളങ്ങുന്നു. തോപ്പില്‍ ഭാസിയെ കൂടാതെ പൊൻകുന്നം വർക്കി, ഏരൂ‍ര്‍ വാസുദേവ്, വൈക്കം ചന്ദ്രശേഖരൻ നായർ, എ എന്‍ ഗണേശ്, കണിയാപുരം രാമചന്ദ്രൻ, എൻ എന്‍ പിള്ള, കെ ടി മുഹമ്മദ് എന്നിവരെയും ഓർമ്മിക്കാതെ ലേഖനം നിർത്താനാവില്ല.

കാലത്തിന്റെ ദൗത്യമേറ്റെടുത്ത് ജൈത്രയാത്ര തുടങ്ങിയിരുന്ന കെപിഎസിയുടെ മുന്നിൽ ജാതിപ്പകയുടെയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും ക്രൗര്യത്തിൽ അറ്റുവീണ ശിരസുകളെ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. മനുഷ്യനെ കൊന്നിട്ട് സ്ഥാപിച്ചെടുക്കാനുള്ള ഒരു മൂല്യവും ഇന്ന് ഭൂമിയിലില്ല. മനുഷ്യൻ മാത്രമാണ് മാനദണ്ഡം. വിഭാഗീയതകളില്ലാത്ത മനുഷ്യസ്നേഹം കമ്മ്യൂണിസ്റ്റുകാരന്റെ സ്വപ്നമാണ്. ഇന്നും 40ലധികം കലാകാരന്മാരുടെ കൂട്ടായ്മ മൂന്നു നാടകങ്ങളുമായി സജീവമായി രംഗത്തുണ്ട്. കാലാനുസൃതമായി ലക്ഷ്യവും കർമ്മവും ശക്തിപ്പെടുത്തേണ്ടവരാണ് കലാകാരന്മാരും കമ്മ്യൂണിസ്റ്റുകാരും എന്ന ആശയം കേരള മനഃസാക്ഷിയെ ഉണർത്തേണ്ടത് നമ്മുടെ കടമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.