14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024

പട്ടിണിയും ചൊറിയും സന്തത സഹചാരികള്‍

ഇ ഗോപാലകൃഷ്ണന്‍
September 24, 2022 5:30 am

രമാവധി ത്യാഗത്തിനു തയാറുള്ള ഒരാൾക്ക് മാത്രമേ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റാകാൻ കഴിയുകയുള്ളൂ. ആയിരമായിരം പ്രവർത്തകരുടെ സ്വാർത്ഥ രഹിതവും ത്യാഗസുരഭിലവുമായ പ്രവർത്തനം കൊണ്ടാണ് മറ്റ് ഏതു രാജ്യത്തിലുമെന്നപോലെ ഇന്ത്യയിലും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തിരിക്കുന്നത്. പലപ്പോഴും നിയമവിരുദ്ധമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരുന്നു. പാർട്ടി പൊലീസിന്റെ കഠിനമായ മർദ്ദനങ്ങൾ പാർട്ടി പ്രവർത്തകർക്ക് ഏൽക്കേണ്ടിവരുന്നു. പട്ടിണിയും ദാരിദ്ര്യവും സഹിക്കേണ്ടിവരുന്നു.
ഈ വിധത്തിലുള്ള എല്ലാ ക്ലേശങ്ങളും പ്രതിബന്ധങ്ങളും നിസാരമായി തള്ളിക്കൊണ്ട് ആയിരമായിരം ആദർശ ധീരരായ വിപ്ലവകാരികൾ നടത്തിയ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിൽക്കൂടിയും സമരങ്ങളിൽക്കൂടിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നിട്ടുള്ളത്.
കുന്നംകുളത്ത് പാര്‍ട്ടി ചുമതല നിര്‍വഹിക്കുന്നതിന് പോയതിന്റെ അനുഭവങ്ങള്‍ നിരവധിയാണ്. തൃശൂർ പാർട്ടി ഓഫീസിൽ നിന്ന് ചെലവിന് രണ്ട് രൂപയും സഹായത്തിന് സമീപിക്കാവുന്ന രണ്ട് പേരുകളും കുറിച്ചുതന്നുവിട്ടു. പേരുകൾ കുന്നംകുളത്ത് ബാങ്കിൽ ക്ലാർക്കായിരുന്ന സി എസ് വാര്യരുടേതും പഴഞ്ഞിയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന പി കെ മുഹമ്മദ് കുഞ്ഞിയുടേതുമായിരുന്നു. മുഹമ്മദ് കുഞ്ഞ് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ഉശിരനായ ഒരു പ്രവർത്തകനായിരുന്നു. അന്നു പഴഞ്ഞിയിൽ ഒരു മുറി വാടകയ്ക്കെടുത്ത് താമസിച്ചു പഠിക്കുകയായിരുന്നു. അവിടെ നിന്നുപറ്റാൻ ഇവർ രണ്ടു പേരുടെയും സഹായം വളരെയേറെ ഉപകരിച്ചു.കുന്നംകുളത്തു നിന്നു രാവിലെ സി എസ് വാരിയരുടെയോ ദാമോദര മേനോന്റെയോ വക ഒരു ചായ കുടിച്ച് പഴഞ്ഞിക്ക് നടക്കും. അഞ്ചുനാഴിക നടന്നു പത്തു മണിയാകുമ്പോഴേക്കും പഴഞ്ഞിയിലെത്തി മുഹമ്മദു കുഞ്ഞിയെ കണ്ട് അവിടത്തെ പരിപാടികൾ നിർവഹിക്കും. ഉച്ച തിരിഞ്ഞാൽ അവിടെ നിന്ന് കാട്ടകംപാലയിലേക്ക്, അല്ലെങ്കിൽ പെരുമ്പിലാവിലേക്ക് നടക്കും. ഈ സ്ഥലങ്ങളിലെല്ലാം അത്യാവശ്യം കയറിച്ചെല്ലാനും ഒരു രാത്രി കഴിച്ചുകൂട്ടാനും ഏതാനും ദിവസം കൊണ്ട് ചില വീടുകൾ കണ്ടുപിടിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഭാവിയിലേക്കുള്ള വഴികൾ


വീടുതോറും കയറിയിറങ്ങിയുള്ള സ്ക്വാഡ് പ്രവർത്തനമായിരുന്നു ആദ്യഘട്ടത്തിലെ പ്രധാന പരിപാടി. പൊതുയോഗങ്ങളും ഘോഷയാത്രകളുമെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. പിന്നീട് തൊഴിലാളികളുടെയും കർഷകരുടെയും സംഘടന ഉണ്ടാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഒന്നുരണ്ട് മാസംകൊണ്ടു കുന്നംകുളത്ത് അങ്ങാടിയിലുള്ളവർക്ക് വളരെ സുപരിചിതനായിത്തീർന്നു. ഖദർ ജൂബ്ബയും ഷാളും ധരിച്ച കാത്തിഖദർ കൊണ്ടുള്ള ഒരു ബാഗും തോളിലിട്ട് ഒരു പഴയ കുടയുമായി അങ്ങാടിയിൽക്കൂടി മിക്ക ദിവസങ്ങളിലും നടന്നുപോകുന്ന മേനോന്‍ അവരുടെ പ്രത്യേക ശ്രദ്ധയെ ആകർഷിച്ചു. ഒരു മിഷനറിയെപ്പോലെയാണ് അവരിൽ പലരും അദ്ദേഹത്തെ നോക്കിക്കണ്ടത്. കുന്നംകുളത്തങ്ങാടിയിൽ തൊഴിലാളി സംഘടനകൾ കെട്ടിപ്പടുക്കാൻ ശ്രമിച്ചതോടൊപ്പം തന്നെ പെരുമ്പിലാവ്, തിപ്പിലശേരി, പഴിഞ്ഞി, കാട്ടകാംപാൽ, എയ്യാല്‍, ചെമ്മന്തിട്ടം, കണ്ടാണശേരി, കേച്ചേരി, ആളൂർ, കൂനമ്മുച്ചി തുടങ്ങിയ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിൽ കർഷകസംഘം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനവും നടത്തുകയുണ്ടായി.
കർഷകസംഘം രൂപീകരിക്കാനുള്ള പരിശ്രമത്തിനിടയിൽ ഉണ്ടായിട്ടുള്ള പല അനുഭവങ്ങളും ചിരിക്കാൻ വകനല്കുന്നവയാണ്. പെരുമ്പിലാവ് എന്ന സ്ഥലത്ത് പാർട്ടിയോട് അനുഭാവമുള്ള ചില നമ്പൂതിരി യുവാക്കളുണ്ടായിരുന്ന ഒരു ഇടത്തരം ജന്മി ഗൃഹമാണ് മുല്ലപ്പിള്ളി മന. മലബാറിൽ പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്ന മുല്ലന്റെ ഗൃഹവുമാണിത്. ഇടയ്ക്ക് ഒരു നേരത്തെ ഭക്ഷണത്തിനും രാത്രി കഴിച്ചുകൂട്ടാനും കയറിച്ചെല്ലാവുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടെ ഒരു കർഷക സംഘം ഉണ്ടാക്കേണ്ട കാര്യത്തെ പറ്റി മനക്കിലെ ചെറുപ്പക്കാരായ നമ്പൂതിരിമാരോട് ഒരു ദിവസം മേനോന്‍ സംസാരിച്ചു. ഉടനെതന്നെ മനക്കലെ കാര്യസ്ഥന്മാരും സ്ഥിരം ജോലിക്കാരുമായ രണ്ടു മൂന്ന് ആളുകളെ വിളിച്ച് ഈ കാര്യം നമ്പൂതിരിമാർ സംസാരിച്ചു. കുറേ നേരം കഴിഞ്ഞപ്പോൾ കുറച്ച് പണികൾ ഉണ്ടെന്നു പറഞ്ഞ് അവർ രക്ഷപ്പെട്ടു. അന്ന് മേനോന്‍ പറയുന്നത് കേൾക്കാൻ ആ കർഷകർ തയാറായത് ജന്മിത്വം അവസാനിപ്പിക്കാനോ, കർഷക സംഘം ഉണ്ടാക്കാനോ ഉള്ള താല്പര്യം കൊണ്ടായിരുന്നില്ല. ജന്മി കുട്ടികൾക്ക് വിഷമം തോന്നരുതെന്ന് കരുതി മാത്രമായിരുന്നു.
പിന്നീട് പെരുമ്പിലാവിലും തൊട്ടടുത്തുള്ള തിപ്പിലശേരിയിലും കൃഷിക്കാരുടെ വീടുകളിൽ കയറിയിറങ്ങി അവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് അവരുടെ വീടുകളിൽ താമസിച്ച് സുശക്തമായ ഒരു കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കാൻ സാധിച്ചു. അപ്പോഴേക്കും പാർട്ടി കേന്ദ്രത്തിൽ നിന്ന് നാലഞ്ചു സഖാക്കളെക്കൂടി അയച്ചു. അന്നത്തെ സാഹചര്യത്തിൽ ഒരാൾക്കുതന്നെ നിന്നു പിഴയ്ക്കാൻ വിഷമമുള്ള ഒരു പ്രദേശത്ത് ആറു സഖാക്കൾ വന്നാൽ അവരെ എങ്ങനെ നിലനിർത്തുമെന്ന പ്രശ്നം വല്ലാതെ വിഷമിപ്പിച്ചു. കുന്നുംകുളത്ത് എത്താനുള്ള ബസ് കശും കൊടുത്താണ് തൃശൂരിൽ നിന്നും അവരെ വിട്ടിട്ടുള്ളത്. അടുത്ത ദിവസം ഓരോരുത്തരെയും കൂട്ടി ഓരോ വില്ലേജിലേക്കു പോയി. അല്പം പരിചയമുള്ള ഓരോ വീട്ടിലും ഒന്നുരണ്ട് ദിവസം താമസിപ്പിക്കണമെന്ന അപേക്ഷയോടുകൂടി ഒരോരുത്തരെയും ഏല്പിച്ചു. രണ്ട് ദിവസം കൊണ്ട് കൂടുതൽ ആളുകളുമായി ബന്ധം വച്ച് പുതിയ താവളങ്ങൾ അവർ കണ്ടുപിടിച്ചുകൊള്ളണം. അതാണ് വ്യവസ്ഥ. രണ്ടുപേര്‍ ഒഴിച്ച് ബാക്കിയുള്ളവർ പിടിച്ചുനിൽക്കാൻ കഴിയാതെ ഒന്നുരണ്ട് ആഴ്ചയ്ക്കകം സ്ഥലംവിട്ടു. അർധ പട്ടിണിയിലും മുഴുപട്ടിണിയും കഴിച്ച ദിവസങ്ങൾ നിരവധിയാണ്. എന്നാലും പാർട്ടിയോടുള്ള അചഞ്ചലമായ കൂറുകൊണ്ട് പാർട്ടി നല്കിയ കടമകൾ അക്ഷരംപ്രതി അവർ നിറവേറ്റി. അക്കൂട്ടത്തില്‍ പ്രദേശത്ത് അവശേഷിച്ച സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ഏതാനും മാസങ്ങൾക്കുശേഷം ചൊറിപിടിച്ച് പഴുത്തു. വളരെയേറെ അവശനായ അവസരത്തിൽ പാർട്ടിയുടെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് പോയി. പിന്നീട് അദ്ദേഹം തിരിച്ചെത്തിയില്ല.


ഇതുകൂടി വായിക്കൂ: ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


പട്ടിണിയും ചൊറിയും ആ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ സന്തതസഹചാരികളായിരുന്നു. ദിവസവും രണ്ടുനേരം കൃത്യമായി ഭക്ഷണം കഴിക്കുന്ന പാർട്ടി പ്രവർത്തകർ അന്ന് വളരെ ചുരുക്കമായിരുന്നു. പകൽ മുഴുവൻ അലഞ്ഞുതിരിയുക, രാത്രി ഏതെങ്കിലും ഒരു വീട്ടിൽ അല്പം ഭക്ഷണത്തിനും ഒന്ന് തലചായ്ക്കാനും വേണ്ടി കയറിപ്പറ്റും. ഇതാണ് പല ദിവസങ്ങളിലെയും പരിപാടി. രാവിലെ ഒരു ചായയും കുടിച്ച് കുന്നുംകുളത്ത് നിന്ന് പുറപ്പെട്ടാൽ പല സ്ഥലങ്ങളിലും ചുറ്റി ഉച്ചയ്ക്ക് മുമ്പായി ആറേഴ് നാഴിക നടന്ന് പഴഞ്ഞിയിലെത്തും. കയ്യിൽ ഒന്നോ രണ്ടോ അണ ചിലപ്പോൾ ഉണ്ടാകും. ഏതെങ്കിലും ഒരു പീടികയിൽ നിന്ന് ഒരണ ചെലവാക്കി ഒരു കഷ്ണം പുട്ട്, രണ്ട് ചെറുപഴം, ഒരു ഗ്ലാസ് പച്ചവെള്ളം. അങ്ങനെ ഉച്ചഭക്ഷണം കഴിയും. അവിടത്തെ അത്യാവശ്യ പരിപാടികൾ കഴിഞ്ഞ് ഉച്ചതിരിയുന്നതോടുകൂടി പെരുമ്പിലാവിലേക്ക് ഒരു നടത്തമാണ്. അതൊരഞ്ചു നാഴിക. ബസിൽ യാത്ര ചെയ്യുന്ന പതിവ് അന്നില്ല. ആ കാശ് ഉണ്ടെങ്കിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാം. മുല്ലപ്പള്ളിമനയിൽ സന്ധ്യക്കു മുമ്പായി ചെന്നെത്തിയാൽ അല്പം നല്ലെണ്ണ തേച്ച് മനവളപ്പിലെ കൊക്കർണിയിലെ തണുത്ത വെള്ളത്തിൽ സുഖമായി ഒരു കുളി. മനയ്ക്കലെ അടുക്കളയ്ക്ക് സമീപമുള്ള ഇടനാഴിയിൽ സമൃദ്ധിയായ ഭക്ഷണം. നല്ല പഴയരി ചോറ്, മാങ്ങാ കൂട്ടാൻ, കടുമാങ്ങാ കറി, ചെറുകായ് അരിഞ്ഞ് ഉപ്പേരി, മോര്. പകൽമുഴുവൻ പട്ടിണി കിടന്ന്, നടന്ന് വലഞ്ഞുവരുന്ന ഒരാൾക്കേ ആ ഊണിന്റെ രുചി എന്തെന്ന് ശരിക്കും അറിയുകയുള്ളു. വയറ് നിറഞ്ഞാലും പിന്നെയും ഉണ്ണണമെന്ന കൊതി. ഭക്ഷണത്തിനു ശേഷം പഠിപ്പുര മാളികയിൽ വച്ചിട്ടുള്ള മെത്തപ്പായ് വിരിച്ച് ഒരു കിടപ്പാണ്. നേരം വെളുക്കുന്നതുവരെ സുഖസുഷുപ്തി! ഭക്ഷണത്തിന് ഇത്രമാത്രം രുചിയും ഉറക്കത്തിന് ഇത്ര സുഖവും ജീവിതത്തിൽ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല.

(ജനയുഗം സ്മരണിക 1975)

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.