22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ഇന്ധന വിലവർധനവ് ബിജെപിയെ ജനങ്ങളിൽ നിന്ന് അകറ്റുന്നുവെന്ന് സംസ്ഥാന നേതാക്കൾ, ജനകീയ മുന്നേറ്റമില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി

സുരേഷ് എടപ്പാൾ
മലപ്പുറം:
November 3, 2021 7:47 pm

സുരേഷ് എടപ്പാൾ

ലോക്‌സഭാ- നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വൻ തിരിച്ചടി ഉണ്ടാകാൻ കാരണം ഇന്ധവിലവർധനവും പണപ്പെരുപ്പവുമാണെന്ന് പാർട്ടിയുടെ ദേശീയനേതാക്കൾ തന്നെ തുറന്നടിച്ചതിനു പിന്നാലെ കേന്ദ്രഭരണത്തിനെതിരെ കേരളത്തിലെ നേതാക്കളുടേയും വിമർശനം. ജനജീവിതത്തെ പൊറുതിമുട്ടിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവിനെതിരേ ദേശീയനേതൃത്വത്തിന് മുന്നിൽ വൻ സമ്മർദ്ദങ്ങളെ തുടർന്ന് പരാതിപ്പെടാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗത്തിലായിരുന്നു മുതിർന്ന നേതാക്കൾ പരാതിയുടെ കെട്ടഴിച്ചത്. ഇന്ധന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകർക്കും നേതാക്കൾക്കും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാത്ത സ്ഥിതിവിശേഷമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഇന്ധനവില വർധന പ്രവർത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുകയാണ്. പാർട്ടി പ്രവർത്തനത്തിനായി ഇറങ്ങുന്നിടത്തൊക്കെ ജനങ്ങൾ ഇന്ധനവില വർധനവ് പ്രതിരോധമായി ഉയർത്തുകയാണ്. അടിക്കടിയുണ്ടാവുന്ന ഇന്ധനവില വർധനയും പാചകവാതക സിലിണ്ടറുകളുടെ വിലക്കുതിപ്പും ജനങ്ങൾക്കിടയിൽ കനത്ത രോഷമുയർത്തിയിരിക്കുകയാണെന്ന് നേതാക്കൾ ബി എൽ സന്തോഷിനെ അറിയിച്ചു. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ഇന്ധന വിലവർധന കേരളത്തിലെ ജനങ്ങളെയാണ് ആകെ ബാധിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയങ്ങളിൽ പ്രതികരിക്കാനും പ്രവർത്തിക്കാനും ഇറങ്ങുമ്പോൾ ഇന്ധനവില വർധനയെക്കുറിച്ചാണ് ജനം ചോദിക്കുന്നത്. ജിഎസ്‌ടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും തുറന്നെതിർത്തതും ആളുകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയതായും നേതാക്കൾ ചർച്ചയിൽ വ്യക്തമാക്കി.

അതേസമയം ഇന്ധനവിലയിലെ വർധനവ് താത്കാലികം മാത്രമാണെന്നും ഉടൻ തന്നെ ഇതിനു പരിഹാരമുണ്ടാകുമെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് നൽകിയ മറുപടി. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും കുത്തനെ വില വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നതിനെ പ്രതിരോധിക്കാനാകാതെ ബിജെപി നേതൃത്വം കുഴയമ്പോഴാണ് പാർട്ടിക്കുള്ളിലെ അമർഷം മറനീക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിമാചലിലും രാജസ്ഥാനിലും കർണ്ണാടകയിലുമൊക്കെയുണ്ടായ ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തിനും കാരണമായി അതത് സംസ്ഥാനങ്ങളിലെ നേതാക്കൾ ചൂണ്ടിക്കാണിച്ചതും ഇന്ധന‑പാചകവാതക വിലവർധവുതന്നെയായിരുന്നു. സാധാരണക്കാർ ബിജെപിയിൽ നിന്ന് അകന്നുതുടങ്ങിയതായി നേതാക്കൾ സമ്മതിക്കുന്നുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേരളത്തിലെ നേതാക്കൾ കേന്ദ്രനേതൃത്വത്തിനെതിരെ വിമർശനം നടത്തിയത്. എന്നാൽ കേരളത്തിലെ പാർട്ടിയിലെ പ്രശ്നം ഇതൊന്നുമല്ലെന്നും ഇവിടെ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നുമുള്ള മറുപടിയാണ് ദേശീയ ജനറൽ സെക്രട്ടറി നൽകിയത്. സംസ്ഥാന നേതൃത്വത്തിനെതിരേയും ഗ്രൂപ്പ് കളിക്കെതിരെയും സന്തോഷ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പാർട്ടിയെ നന്നാക്കാനെന്ന പേരിൽ നേതൃത്വത്തിനെതിരേ പ്രസ്താവനകളും സമൂഹമാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കും. നേതാക്കൾ സംഘടനാ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിൽ നേതാക്കൾ ജനകീയ മുന്നേറ്റങ്ങൾക്കു നേതൃത്വം വഹിക്കുന്നു. അതുകൊണ്ടാണ് അവിടെ ബിജെപി വളർന്നത്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുവേണം നേതാക്കൾ മുന്നേറാനെന്നും ഓർമ്മപ്പെടുത്തിയാണ് ഇന്ധന വിലവർധനവ് മുൻനിർത്തി ചർച്ച വഴിതിരിച്ചുവിടാൻ ശ്രമിച്ച കേരളത്തിനെ നേതാക്കളുടെ വിമർശനത്തിന്റെ മുന ബി എൽ സന്തോഷ് ഒടിച്ചത്.

ബൂത്ത് തലത്തിൽ കാര്യമായ ഒരു പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ലെന്നും മാസത്തിന്റെ അവസാനയാഴ്ച എല്ലാ നേതാക്കളും ബൂത്തുകളിൽ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുതർക്കത്തെ തുടർന്ന് മുതിർന്ന നതാക്കളായ എ എൻ രാധാകൃഷ്ണനും എം ടി രമേശും കോർ കമ്മിറ്റിയിൽനിന്ന് വിട്ടുനിന്നു. സംസ്ഥാന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രനും പങ്കെടുത്തില്ല.

ENGLISH SUMMARY: State lead­ers say fuel price hike is keep­ing BJP away from peo­ple, says Nation­al Gen­er­al Secretary

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.