21 April 2024, Sunday

സ്ഥിതിസമത്വ‑മതനിരപേക്ഷതയും ആധുനിക ഇന്ത്യയും

സഫി മോഹന്‍ എം ആര്‍
January 12, 2023 4:30 am

ന്ത്യ ലോകത്തിന് സമ്മാനിച്ച ക്രാന്തദർശിയായ തത്വചിന്തകൻ സ്വാമി വിവേകാനന്ദന്റെ 161-ാം ജന്മദിനം രാഷ്ട്രം ആഘോഷിക്കുകയാണ്. വളരെ കുറഞ്ഞകാലം മാത്രം ജീവിച്ചിരുന്ന അദ്ദേഹത്തെ ശ്രീരാമകൃഷ്ണ പരമഹംസൻ എന്ന ഗുരുവും ആദിശങ്കരന്റെ അദ്വൈതവേദാന്തവും ഇന്ത്യൻ സംസ്കാരവുമെല്ലാം വളരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഹിന്ദുമതത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് 1893 സെപ്റ്റംബർ 11ന് ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ഇന്ത്യൻ സംസ്കാരത്തിന്റെ വിളംബരമായി ഇന്നും നിലനിൽക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പഠിക്കാൻ ലോകത്തിലെ മിക്ക തത്വചിന്തകരും ശ്രമിച്ചിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനും നൊബേൽസമ്മാന ജേതാവുമായ റൊമേൻ റോളണ്ടിന്റെ കൃതികൾ. സ്വാമി വിവേകാനന്ദനെക്കുറിച്ച് അദ്ദേഹം എഴുതിയ ജീവചരിത്രം വിശ്വപ്രസിദ്ധമാണ്.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യം അർദ്ധരാത്രിയായ് തുടരുമ്പോൾ


ശ്രീരാമകൃഷ്ണന്റെ മരണത്തിന് ശേഷം വിവേകാനന്ദൻ സ്ഥാപിച്ച രണ്ട് മഹാപ്രസ്ഥാനങ്ങളാണ് ശ്രീരാമകൃഷ്ണ മിഷനും ശ്രീരാമകൃഷ്ണ മഠവും. മാനവരാശിയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നതിലാണ് ദൈവികചൈതന്യം എന്ന തിരിച്ചറിവിന്റെ കൂടി ഭാഗമായിട്ടാണ് ഈ പ്രസ്ഥാനങ്ങൾ ഉടലെടുത്തത്. പിറന്ന നാടിന്റെ ഉന്നമനത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച വിവേകാനന്ദൻ രാജ്യം മുഴുവൻ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ ചർച്ചചെയ്യുകയും ചെയ്തിരുന്നു. ആ യാത്രകളുടെ ഒരു സംക്ഷിപ്തരൂപമാണ് ലക്ചർ ഫ്രം കോളംബോ ടു അൽമോറ എന്ന പുസ്തകത്തിൽ കാണാൻ കഴിയുക. സ്ഥിതിസമത്വ മതനിരപേക്ഷ രാഷ്ട്രം എന്ന സങ്കല്പങ്ങൾ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ ഉടനീളം ഉയർന്നിരുന്നു. സ്ത്രീകളുടെയും വിവേചനങ്ങൾക്ക് വിധേയരായിരുന്ന പട്ടികവിഭാഗ, പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തോടുകൂടിയേ രാഷ്ട്രത്തിന് യഥാർത്ഥ അർത്ഥത്തിൽ ഉയരുവാൻ കഴിയുകയുള്ളൂ എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. വിവേചനരഹിതവും ചൂഷണരഹിതവുമായ ഇന്ത്യക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ഈ പുസ്തകത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ മതങ്ങളുടെയും മഹത്വത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം മതനിരപേക്ഷതയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയാണ് എന്ന വസ്തുതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ജി-20 പ്രസക്തിയും ബാലി സമ്മേളനവും


സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ മുഖമുദ്രയായ സ്ഥിതിസമത്വ മതനിരപേക്ഷ രാഷ്ട്രം എന്ന സങ്കല്പം ഭരണഘടനയുടെ ആമുഖത്തിലെ അടിസ്ഥാന ശിലയാണ്. ഇന്ത്യൻ യുവജനങ്ങളുടെ പ്രതീകമായി അറിയപ്പെടുന്ന സ്വാമി വിവേകാനന്ദനും ഇന്ത്യയെക്കുറിച്ച് ഇതേ സ്വപ്നമുണ്ടായിരുന്നു. ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭരണഘടന നിലനിൽക്കുന്ന രാഷ്ട്രത്തിൽ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പാർശ്വവൽക്കരിക്കപ്പെട്ടവര്‍ നിരന്തരം സമരങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കർഷകവിരുദ്ധ‑തൊഴിലാളിവിരുദ്ധ നിയമങ്ങളും മറ്റ് ജനവിരുദ്ധ സമീപനങ്ങളും കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ട്കൊണ്ട് നേരിടേണ്ടി വന്ന പ്രതിസന്ധികൾ ചെറുതല്ല. ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ഭാഗമായി ഇത്തരം ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളിലേക്ക് നഗ്നമായ കടന്നുകയറ്റമാണ് സംഭവിച്ചിരിക്കുന്നത്. സ്ഥിതിസമത്വ രാഷ്ട്രം എന്ന ആശയം ഭരണഘടനയിൽ നിന്നും എടുത്ത് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപിയും മലയാളിയുമായ അൽഫോൺസ് കണ്ണന്താനം രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചത് കേന്ദ്ര സർക്കാർ ഒരു സ്ഥിതിസമത്വ രാഷ്ട്രത്തിന് എതിരാണ് എന്നതിന് ഒരു ഉദാഹരണം മാത്രമാണ്. സർക്കാരിന്റെ ഈ സമീപനം വിവേകാനന്ദ ദർശനങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണ്.


ഇതുകൂടി വായിക്കൂ: ചുവപ്പിനെ കാവികൊണ്ട് മായ്ക്കാനാകില്ല


ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രഭാഷണങ്ങൾ നടത്തിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദൻ. ഭാരതം ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്നും ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു മതവിശ്വാസികൾ സഹിഷ്ണുതയുടെയും സാർവത്രിക സ്വീകാര്യതയുടെയും വക്താക്കൾ ആണെന്നും അഭിമാനം കൊള്ളുന്നു എന്ന് തന്റെ ചിക്കാഗോ പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാ മതവിഭാഗത്തിലെ ജനങ്ങൾക്കും അഭയം നൽകിയ ചരിത്രമാണ് ഇന്ത്യക്കുള്ളത് എന്ന സത്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മതനിരപേക്ഷ ആശയം രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനശിലയായി നിൽക്കുമ്പോഴാണ് ചില മതവിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥയിലേക്ക് രാജ്യം കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് എത്തിച്ചേർന്നത്. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കുകയും തകർക്കുകയും ചെയ്യുന്നതിനോടൊപ്പം ആ സ്ഥലങ്ങളിൽ ഹൈന്ദവ ക്ഷേത്രങ്ങൾ പണിയുന്ന അപരിഷ്കൃതമായ സമീപനത്തിൽ രാഷ്ട്രം എത്തിച്ചേർന്നിരിക്കുന്നു. സ്ഥിതിസമത്വ‑മതനിരപേക്ഷ ആശയങ്ങൾ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ യുവജനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വിവേകാനന്ദ ജയന്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.